
വരേണ്യസംസ്കാരത്തിന്റെ സാഹിത്യപാരമ്പര്യങ്ങളിൽ നിന്നും അകറ്റി നിർത്തപ്പെടുന്ന ജനപ്രിയസാഹിത്യത്തിൽ ഉണർവ്വിൻ്റെ ചരിത്രം രചിക്കുന്ന ഒരു എഴുത്തുകാരനാണ് ബിനീഷ് പുതുപ്പണം. വൻതോതിൽ അച്ചടിച്ച് പുറത്തിറക്കുന്ന പൾപ്പ്ഫിക്ഷനിലൂടെ അത്ഭുതം സൃഷ്ടിക്കുകയാണ് ഈ എഴുത്തുകാരൻ. പ്രേമനഗരം, മധുരവേട്ട, സുന്ദരജീവിതം എന്നിങ്ങനെ മൂന്നു പൾപ്പ് ഫിക്ഷനുകൾ അദ്ദേഹത്തിൻ്റെ എഴുത്തിലെ കേമത്തം വെളിപ്പെടുത്തുന്നു.
മൂന്നു നോവലുകളും വായനയിൽ വലിയ വിസ്ഫോടനമാണുണ്ടാക്കിയത്. പ്രേമനഗരം അതിവേഗം ഇരുപത്തിയാറാം പതിപ്പിലെത്തി. മധുരവേട്ട അഞ്ചും സുന്ദരജീവിതം മൂന്നും പതിപ്പിലെത്തിയതും പ്രസിദ്ധീകരിച്ച അതേ വർഷം തന്നെയാണ്. എന്താണവയുടെ വിജയത്തിനും പുതുമയ്ക്കും പിന്നിലുള്ള രഹസ്യം എന്ന് അന്വേഷിക്കേണ്ട ബാധ്യത വിമർശകർ ഏറ്റെടുക്കുന്നുമില്ല. പതിപ്പ് ഒരു പെരുപ്പിക്കപ്പെട്ട മിഥ്യയല്ല. മായികമായി വന്നു ചേരുന്ന വിജയപ്രഭയ്ക്കു പിന്നിൽ എന്തു സൗന്ദര്യോജ്ജമാണുള്ളത്?. എന്തു മന്ത്രികതയാണ് അവ സൃഷ്ടിച്ചത്?.
ഏറ്റവും വിലകുറഞ്ഞതരം പൾപ്പ് വുഡ് പേപ്പറിൽ നിന്ന് ഉരുത്തിരിഞ്ഞ “പൾപ്പ്” എന്ന വാക്ക്, താഴ്ന്ന നിലവാരത്തിലുള്ള ഫിക്ഷന്റെ ഒരു വിഭാഗത്തെ സൂചിപ്പിക്കുവാനാണ് പണ്ട് ഉപയോഗിച്ചിരുന്നത്. സാധാരണക്കാരോ കീഴാളരോ ആയ കുറഞ്ഞ വിദ്യാഭ്യാസമോ സാഹിത്യതാൽപര്യമോ ഉള്ള വായനക്കാർക്കു വേണ്ടി നിർമ്മിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന, ഭാവനാത്മകമായ വായനയുടെ ഒരു വിഭാഗമെന്ന നിലയിൽ, പൾപ്പ് ഫിക്ഷൻ പരിഗണിക്കപ്പെട്ടു. കർഷകർ, അലക്കുകാർ, തുന്നൽക്കാർ, വീട്ടുജോലിക്കാർ, ഫാക്ടറി തൊഴിലാളികൾ തുടങ്ങിയവർക്ക് വേണ്ടി എഴുതപ്പെട്ട സാഹിത്യം എന്നും അത് അറിയപ്പെട്ടു. വിരസതയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി വായനക്കാരന് സന്തോഷകരമായ ഉള്ളടക്കം പൾപ്പ് ഫിക്ഷൻ വാഗ്ദാനം ചെയ്തു. പൾപ്പ് ഫിക്ഷൻ 19-ാം നൂറ്റാണ്ടിലെ വിപ്ലവകരമായ മുന്നേറ്റങ്ങളോട് കടപ്പെട്ടിരിക്കുന്നു. ബഹുജനങ്ങളുടെ ഭാവുകത്വപരമായ താഴ്ന്ന അഭിരുചികൾക്കനുസരിച്ചു സൃഷ്ടിക്കപ്പെട്ട ഒരു ഉൽപ്പന്നമെന്ന നിലയിൽ, പതിനെട്ടാം നൂറ്റാണ്ടിലെ ‘ദി സ്റ്റോറി വുഡീസ്’ മുതൽ ഇംഗ്ലണ്ടിൽ ‘ദി സീരീസ്’ എന്നറിയപ്പെട്ട പരമ്പരകൾ വരെ, മെലോഡ്രാമ, ഹൊറർ, ക്രൈം, റൊമാൻസ് എന്നിവയുടെ ഏകദേശം ഒരു പ്രത്യേക വിഭാഗമായി പൾപ്പ് ഫിക്ഷൻ മാറി.

ആനുകാലികപ്രസിദ്ധീകരണങ്ങൾ ഉയർന്ന വിൽപ്പന നിലനിർത്തുന്നതിനു വേണ്ടി പരിചിതമായ കഥാപാത്രങ്ങളെ ആവർത്തിച്ച് അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. പൾപ്പ് ഫിക്ഷന്റെ ഒരു പ്രത്യേകതയായി അതു പിന്നീടു മാറുകയാണ് ഉണ്ടായത്. അതുപോലെ, ചേരികളിലെ ജീവിതത്തെക്കുറിച്ചുള്ളതോ വന്യസാഹസികതകളെക്കുറിച്ചുള്ളതോ ആയ കഥകൾ, തൊഴിലാളികളുടെയും സാധാരണക്കാരുടെയും സാംസ്കാരികതാൽപ്പര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് അവർ നിർമ്മിച്ചു. അവരുടെ പ്രശ്‌നങ്ങൾ, ഒറ്റപ്പെടൽ, വിരസത, സാമ്പത്തിക പ്രതിസന്ധികൾ, ആരോഗ്യ സംബന്ധമായ ആശങ്കകൾ എന്നിവയ്‌ക്കായിരുന്നു പൾപ്പ് ഫിക്ഷൻ ഊന്നൽ നൽകിയത്. ഇത്തരത്തിലുള്ള സാഹിത്യം വായിക്കുമ്പോൾ, വായനക്കാർക്ക് അവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങളിൽ നിന്ന് ഒരു വിടുതൽ കണ്ടെത്താനും ആശ്വാസം നേടാനും കഴിഞ്ഞു. വായനക്കാരുടെ തെറ്റുകൾക്കും, തെറ്റിദ്ധാരണകൾക്കും, വന്യമായ ഇഷ്ടങ്ങൾക്കും അനുസൃതമായി അവരുടെ ലോകത്തെ, അവരുടെ വാക്കുകളിൽ തന്നെ വിവരിച്ചുകൊണ്ട് അവ എഴുതപ്പെട്ടു.
സാഹസികത, പ്രണയം, നിഗൂഢത, ദുരന്തങ്ങൾ, വിചിത്രമായ ലൈംഗികത, പുനർജന്മം, മരണം, പുരാതനവും കുലീനവുമായ തൊഴിലുകൾ, അടിമത്തം, പോലുള്ള വിഷയങ്ങൾ അവയിൽ ആവിഷ്കരിക്കപ്പെട്ടു. അശ്ലീലവാക്കുകളും അശ്ലീലത (obscenities) നിറഞ്ഞ പ്രയോഗങ്ങളും പിന്നീട് ഇത്തരം കൃതികളുടെ മുഖമുദ്രയായി. വരേണ്യസംസ്കാരത്താൽ (elite culture) നിരാകരിക്കപ്പെട്ട ഉപോൽപ്പന്നങ്ങളെ (by-products) പൾപ്പ് പുനരുപയോഗം ചെയ്യുന്നതായി തോന്നാം എന്ന നിരീക്ഷണം അങ്ങനെ ഉണ്ടായതാണ്. നിഗൂഢവും അപ്രതീക്ഷിതവുമായ ഒരു നാർസിസിസ്റ്റിക് (narcissistic) സംതൃപ്തിയാൽ പ്രചോദിതമായേക്കാം അത്തരമെഴുത്ത് എന്നു വന്നു ചേർന്നു. ആ പശ്ചാത്തലത്തിൽ വേണം മലയാളത്തിൽ പൾപ്പ് ഫിക്ഷൻ്റെ പുതിയ വരവിനെ വിലയിരുത്തേണ്ടത്. ഒരു തിരക്കഥ വായിക്കുന്നതുപോലെയോ സിനിമ കാണുന്നതുപോലെയോ ഉള്ള വേഗതയും ദൃശ്യവൽക്കരണവും നൽകുന്ന രചനാരീതിയാണ് മലയാളത്തിലെ പുതിയ പൾപ്പ് ഫിക്ഷനുകൾ പിന്തുടരുന്നത്.
ബിനീഷ് പുതുപ്പണത്തിൻ്റെ മൂന്നു നോവലുകളുടെ ശീർഷകങ്ങളിലും പ്രേമം, വേട്ട , ജീവിതം എന്നിങ്ങനെ പ്രമേയത്തിൻ്റെ പൂട്ടുതുറക്കുന്ന ഓരോ താക്കോൽ വാക്കുകളുണ്ട്. 2021 ൽ പ്രസിദ്ധീകരിച്ച പ്രേമനഗരം രതിയും ഭ്രാന്തും പ്രണയവും എല്ലാം കൂടിക്കലർന്ന ഒരു പൾപ്പ് ഫിക്ഷനാണ്. പ്രണയത്തെ സംബന്ധിച്ചു മലയാളികൾ പേറുന്ന അധമബോധത്തിനുമേൽ ഉരുകിയൊഴുക്കുന്ന ലാവയായി ഈ നോവൽ മാറുന്നു. സദാചാരത്തെക്കാൾ വലിയ സാമൂഹ്യരോഗം വേറെയില്ലെന്നു വിശ്വസിക്കുന്നവനാണ് പ്രേമനഗരത്തിലെ നായകൻ. ഒരാൾ പ്രേമത്തിലകപ്പെടുന്നതോടെ സ്വാതന്ത്ര്യത്തിൻ്റെ ചിറകു മുളയ്ക്കുന്നു എന്നു അയാൾ വിശ്വസിക്കുന്നു. ആ ചിറകിൽ അയാൾ കഴിയാവുന്നിടത്തോളം പറക്കുകയും പിന്നെ ചിറകു തളർന്നു വീഴുകയും ആ പറക്കലിൻ്റെ ഓർമയിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. നിരുപാധിക സ്നേഹം എന്തെന്നറിഞ്ഞ് അയാൾ സന്തോഷിക്കുന്നു.

നീലു എന്ന മറ്റൊരാളുടെ ഭാര്യയാണ് അയാളുടെ കാമുകി. അവൾക്ക് ഭർത്താവും കാമുകനുമുണ്ട്. അവരുടെ നിരുപാധിക പ്രേമത്തിൻ്റെ കഥയാണ് പ്രേമനഗരം. നീലു പരാതിക്കാരിയും അയാൾ കേൾവിക്കാരനുമായി. പ്രണയത്തിൽ പരുഷൻ ഭീരുവും സ്ത്രീ അതിധീരയുമാകുന്നു. അവർ തമ്മിൽ ഫോണിലൂടെ തരംഗരതിയിലാദ്യം ഏർപ്പെടുന്നു. രതി പിടിച്ചുകെട്ടാനാവാത്ത കുതിരയാണ്. അവരുടെ കഥ പറച്ചിലും രതിയും വർണ്ണിക്കുന്ന പ്രേമനഗരം ഒരു പരിപക്വമായ നോവലല്ല, പൾപ്പ് ഫിക്ഷനാണ്.
മധുരവേട്ട അഞ്ചു പെൺപുലികളുടെ കഥയാണ്. സ്ത്രീകളെ പരസ്യമായി ഉപദ്രവിക്കുന്നവരെ അവർ പരസ്യമായി അപമാനിക്കുന്നതാണ് വേട്ട. ആണാനന്ദം അറിയാൻ അവർക്കുമുണ്ടായി കൊതി. പ്രേമനഗരത്തിലേതുപോലെ യഥേഷ്ടം ഫിലോസഫി മധുരവേട്ടയിലുമുണ്ട്. ഒട്ടും ദുർഗ്രഹമല്ലാത്ത ഫിലോസഫിയാണ് പുതുപ്പണത്തിൻ്റേത്. സുന്ദര ജീവിതം ആ പേരിൽ എല്ലാ വ്യാഴാഴ്ചയും അവതരിപ്പിക്കാനുള്ള പരിപാടിയുടെ രൂപരേഖ തയ്യാറാക്കുന്ന അവിനാശിൻ്റെ കഥയാണ്. അയാൾക്കു തയ്യാറാക്കേണ്ടത് അരമണിക്കൂർ ആളുകൾക്ക് ഒരു ബോറടിയുമില്ലാതെ ആസ്വദിക്കാനാവുന്ന ഒരു റേഡിയോ പരിപാടിയാണ്. അതു തന്നെയാണ് ബിനീഷ് പുതുപ്പണത്തിൻ്റെ നോവലുകളുടെയും സ്വഭാവം. ടെലിവിഷൻ സജീവമായിത്തീർന്ന കാലത്ത് ആരെങ്കിലും റേഡിയോ കേൾക്കുമോ എന്നതാണ് ചോദ്യം. സമൂഹമാധ്യമങ്ങൾ സജീവമായിത്തീർന്ന കാലത്ത് ആരെങ്കിലും നോവൽ വായിക്കുമോ എന്നതാണ് നോവലിസ്റ്റുകളുടെ മുന്നിലെ ചോദ്യം. അതിനുള്ള ഉത്തരമാണ് ബിനീഷ് പുതുപ്പണത്തിൻ്റെ നോവലുകൾ.








