പ്രിയപ്പെട്ടവളേ

വിഷാദം പൂക്കുമ്പോള്‍
ഹൃദയം വിങ്ങാറുണ്ട്, പെയ്യാറുണ്ട്.
കൂച്ചുവിലങ്ങിട്ട, ഇരച്ചു വരുന്ന പെരുമഴ പോല്‍
കോപതാപങ്ങളാൽ ആര്‍ത്തലയ്ക്കാറുണ്ട്.
കാടും പടലയും പായലും പിടിച്ചൊരു
കൂട്ടിച്ചേരലില്‍ ലയിക്കാറുണ്ട്.
പൊട്ടിയടര്‍ന്ന മൺചട്ടിയിലൂടെ…
അരിച്ചിറങ്ങിയ ജലകണത്തിലൂടെ…
ഹൃദയധമനികളിലേക്ക് വേരിറക്കാറുണ്ട്.
ചിലനേരം ആ വേരിറക്കങ്ങളുടെ
ബന്ധനത്തിലേതോയുൾ പ്രേരണയാല്‍
എടുത്തെറിയപ്പെടുന്നവിഷാദങ്ങള്‍
ഇലകള്‍ കൊഴിക്കാറുണ്ട്.

വിഷാദം പൂക്കുന്ന താഴ്‍‍വരയില്‍ നീ പോയീട്ടുണ്ടോ?
ഒറ്റപ്പെട്ടൊരു തുരുത്താണത്.
നിറയെ കാട്ടുവള്ളിപ്പടര്‍‍പ്പുകള്‍ നിറഞ്ഞ ഇടങ്ങളെന്നെ
മാടിവിളിക്കാറുണ്ട്..
ആ ദിനങ്ങളില്‍ തോറ്റു പോകാതെ
ഞാനെന്നോട് തന്നെ കലഹിച്ച് കലഹിച്ച്
ആര്‍ത്തലച്ച് പെയ്യാറുണ്ട്.

താഴ്‍‍വാരത്ത് ഞാൻ പെയ്തു തീരുമ്പോള്‍
നിറയെ പൂക്കളാല്‍ അലംകൃതമായൊരുദ്യാനം പ്രതൃക്ഷപ്പെടും
ആ ഉദ്യാനത്തിലെ സുഗന്ധം നുകരാന്‍ നീ വരുമോ
അന്ന് നമുക്കൊന്നിച്ച് ഒരിക്കലും
അവസാനിക്കാത്ത സ്വപ്നങ്ങളെ കോർത്തിണക്കാം.
സ്ലേറ്റും, കല്ലോലും, കോലുമഷിയും കൊണ്ട്
വീണ്ടും അക്ഷരങ്ങളെ ചേർത്ത് വെയ്ക്കാം.
നിന്റെ വിഷാദങ്ങൾ പൂവിടുമ്പോള്‍,
ഞാനവയെയെൻ്റെ കൈക്കുമ്പിളിലേക്കാവാഹിച്ച്
തെക്കന്‍കാറ്റിന് നല്‍കാം
നമുക്കൊന്നിച്ച് ആ താഴ്‍‍വാരത്തിലെ
നേര്‍ത്ത വെളിച്ചത്തില്‍ കൈകള്‍‍കോര്‍ത്ത്
തിരികെ നടക്കാം.