
കാലങ്ങൾക്കു മുമ്പ്
കൊല്ലത്തിക്കാവിലെ
മുതുവാക്കുടിയുടെ മുറ്റത്ത്
പാതിരാ നേരത്ത്
എരിഞ്ഞാളുന്ന തീജ്വാലയിൽ
കനിമൊഴിയുടെ കാലിലെ
ചങ്ങലക്കണ്ണികൾ തിളങ്ങി
ആയംപനയിൽ നിന്ന്
ചെത്തിയെടുത്തു
കുടം നിറച്ചകള്ളുപതഞ്ഞു .
ഉപ്പൂറ്റി നിലത്തൂന്നി
പെരുവിരൽ കൊണ്ടു വരച്ച
വൃത്തക്കളത്തിൽ കനിമൊഴി
ചെമ്പരത്തിപോൽ ചുവന്നിരുന്നു.
മണിയൊച്ചയും കുരവയും
മന്ത്രവാദ കളത്തിലെ
എലുപ്പംപെട്ടി* യുടെ കിലുക്കത്തിൽ
ചേർന്നലിഞ്ഞു ‘
മലങ്കാടിൻ്റെ കൂടിളകിയതു പോൽ
വീശിയെറിയുന്ന കാറ്റിൽ
അവളുടെ നെടുവീർപ്പുലഞ്ഞു!!
മുതുവാ പേയോ ?
മന്നാ ചാവറോ ?
ഊരാളി ബാധയോ?
കറുത്തവാവ് ഊറ്റിക്കുടിച്ച രാവിൻറെ
ലഹരിയിൽ മന്ത്രവാദി ഉറഞ്ഞുതുള്ളി !
വർഷങ്ങൾക്കു മുമ്പ്
കാടു കാണാൻ വന്നവൻ
പ്രണയം നടിച്ച്
വനമധ്യത്തിൽ ഊരാളിക്കൂത്തിന്റെ
കടുംതാളത്തിൽ
നാഗക്കലിയുറഞ്ഞ്
കനിമൊഴിയെ കാടിൻറെ
വന്യതയിലേക്ക് വലിച്ചെറിഞ്ഞന്നു മുതൽ
അവൾ കൊല്ലത്തിക്കാവിന്റെ
ഭ്രാന്തത്തിയാണ്!
കടും നിറത്തിൽ ആ പേക്കാഴ്ച
തലച്ചോറിൽ മിന്നിത്തെളിയുമ്പോഴൊക്കെ
കാവിന്റെ അറുകൊലപ്പാത്തികളിൽ
അവൾ മലങ്കാറ്റു പോലെ അലറിപ്പാഞ്ഞു
കുടപ്പാല പൂത്തപ്പോൾ
കൂരിരുട്ടിന്റെ പച്ചത്തഴപ്പുകളിൽ
നിലാവു പോലെ അലഞ്ഞു
ഉൾക്കാടിൻ്റെ മുളങ്കൂട്ടങ്ങളിൽ
ഉന്മാദിനിയായി നൃത്തം ചെയ്തു
കാടുകാണാൻ വീണ്ടും കാടുകയറിയവർ
കൊല്ലത്തിക്കാവിന്റെ ഭ്രാന്തത്തിയെ
ചിലപ്പോൾപേടിച്ചു….
ചിലപ്പോൾ കല്ലെറിഞ്ഞു …
ചിലപ്പോൾ ഭോഗിച്ചു…..
മന്ത്രവാദക്കളത്തിൽ
ഇടിമിന്നലിൽ തെളിഞ്ഞ
കനിമൊഴിയുടെ തിരുനെറ്റി മുറിച്ചു
ബാധയൊഴിച്ചു.
ഇലകൊഴിഞ്ഞമരുതിൻ്റെ കൊമ്പിൽ
ഇണയില്ലാതിരുന്ന
വേഴാമ്പലിനുമേൽ
പെരുമഴ പെയ്തിറങ്ങിയതു
കണ്ട കനിമൊഴി ചോര നനവിൽ
ഒടുവിലായ് പുഞ്ചിരിച്ചു
അവസാന ചോരത്തുള്ളിയുമിറ്റിച്ച്
ഊരുകൂട്ടം കൊല്ലത്തിക്കാവിലൊരു
അമ്മദൈവത്തെ
കല്ലിൽ കുടിയിരുത്തി.
ഇന്ന് കൊല്ലത്തിക്കാവിൻ്റെ സുരക്ഷ
പ്രാന്തി മുത്തിയുടെ തേരോട്ടത്തിലാണത്രേ
കാടുകാണാൻ വന്ന് വഴിതെറ്റിയവർ
കൊല്ലത്തിക്കാവിൻ്റെ മരക്കാനങ്ങളിൽ
മരവിച്ചു കിടന്നിട്ടുണ്ട്.
പൊന്നീറ്റ പടർപ്പുകളിൽ
കുരുങ്ങി ശ്വാസമില്ലാതെ
പിടഞ്ഞു തീർന്നിട്ടുണ്ട്.
തളിർവെറ്റിലയിൽ നൂറും മഞ്ഞളും
ചേർത്തരച്ച് കുറിക്കൂട്ടു ചാർത്തി
പ്രാന്തിമുത്തിക്കു കാണിക്കയിട്ടു
കൊല്ലത്തിക്കാവുകാർ പ്രാർത്ഥിക്കും
പ്രാന്തിമുത്തി …… കാടുകാണാൻ വന്ന്
കാവു തീണ്ടുന്നവനെ നീ
ഇടുകാടു* കേറ്റണം..
* എലുപ്പംപെട്ടി – മന്ത്രവാദത്തിനുപയോഗിക്കുന്ന ചെപ്പ്
*ഇടുകാട് – ചുടുകാട്









