പ്രശസ്ത കന്നഡ കവിയും രാജ്യത്തെ അറിയപ്പെടുന്ന ദലിത് എഴുത്തുകാരിൽ ഒരാളുമായ ഡോ. സിദ്ധലിംഗയ്യ കോവിഡ് -19 ന് കീഴടങ്ങി. 67 വയസ്സായിരുന്നു. കർണാടകയിലെ ദലിത് സംഘർഷ് സമിതിയുടെ സ്ഥാപകരിലൊരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ വേർപാടോടെ ഇന്ത്യയിലെ ഏറ്റവും വലിയ ദലിത് എഴുത്തുകാരിൽ ഒരാളാണ് നമുക്ക് നഷ്ടമാവുന്നത്. അദേഹത്തിന്റെ സംഭാവനകളെ CPAC പ്രവർത്തകർ അനുസ്‌മരിക്കുന്നു.
ഞങ്ങളുടെ പ്രിയ കവി ഡോ.സിദ്ധലിംഗയ്യ വിട പറഞ്ഞു
CPAC പ്രവർത്തകർക്ക് സിദ്ധലിംഗയ്യയുടെ ഒട്ടു മിക്ക കവിതകളും പരിചിതമാണ്. ആവർത്തിച്ചാവർത്തിച്ചു ബാംഗ്ലൂർ തെരുവീഥികളിൽ പാടി പാടി അത് ഞങ്ങളുടെയൊക്ക ജീവിതമായിത്തീർന്നു. പാവപ്പെട്ട ദലിത് കുടുംബത്തിൽ ജനിച്ചത് കൊണ്ട് അദ്ദേഹത്തെ ദലിത് കവി എന്ന് ബ്രാൻഡ് ചെയ്തു. ഇവിടെ അങ്ങനെയാണ്. എത്ര മികച്ച എഴുത്തുകാരനാണ് ദേവനൂർ മഹാദേവ്. അദ്ദേഹത്തെയും ദലിത് സാഹിത്യകാരനാക്കി.
പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്. കന്നഡയിൽ ജ്ഞാനപീഠം നേടിയ ഏത് എഴുത്തുകാരനെയും വെല്ലാവുന്ന സംഭാവനകൾ നൽകിയിട്ടും അങ്ങനെ ഒരു പരിഗണന ലഭിക്കാതെ പോയത് അദ്ദേഹം എഴുതിയത് പൊലയ പാട്ട് (ഹൊല മാദികര ഹാഡു) ആയത് കൊണ്ടാവാം. അദ്ദേഹത്തിന്റെ കവിതകൾ പോരാട്ടക്കടലിലേക്കുള്ള ആയിരക്കണക്കിന് നദികൾ (ഹോരാട്ടദ സാഗരക്കെ സാവിരാറു നദിഗളു) ആയത് കൊണ്ടാകാം. ഒരിക്കൽ നമ്മുടെ എം കുട്ടികൃഷ്ണൻ മാഷുടെ മുന്നിൽ “നിന്നെ ദിന നന്ന ജന ബെട്ടദംത്തെ ബാംദറു” എന്ന കവിത ചൊല്ലി അർത്ഥം പറഞ്ഞു കൊടുത്തപ്പോൾ, ഇത് നമ്മുടെ കടമ്മനിട്ടയല്ലേ എന്നായിരുന്നു പ്രതികരണം.
അക്കാലത്തു മാർക്സിസ്റ്റ് ചായവ് പുലർത്തിയിരുന്ന ഡോ.ഡി.ആർ.നാഗരാജ്യും, ശൂദ്ര ശ്രനിവാസും ഒക്കെ രൂപം നൽകിയ ബണ്ടായ (Rebel) സാഹിത്യ പ്രസ്ഥാനത്തിന്റെ ഭാഗമായിത്തീർന്നു സിദ്ധലിംഗയ്യ. അക്കാലത്ത് സാഹിത്യം സാമൂഹിക പ്രതിബദ്ധതയുള്ളതാവണം എന്ന നിലപാടെടുക്കുകയും അദ്ദേഹത്തിന്റെ എഴുത്തു അതിൽ ഉറച്ച ശക്തമായ ആവിഷ്ക്കാരങ്ങൾ ആവുകയും ചെയ്തു.
ഞങ്ങളൊക്കെ ബാംഗ്ലൂരിൽ വന്ന് വളരെ കുറച്ചു കാലമേ ആയിരുന്നുള്ളു. അദ്ദേഹം അക്കാലത്തു എഴുതിയ “സാമാന്യന ഹാഡു (പാവപ്പെട്ടവന്റെ/സാധാരണക്കാരന്റെ പാട്ട്) എന്ന കവിത ഞങ്ങൾ കന്നഡയിൽ തന്നെ തെരുവ് നാടകമാക്കി, ബാംഗ്ലൂരിൽ ഉടനീളവും അനുബന്ധ ഗ്രാമങ്ങളിലും ആ തെരുവ്നാടകം വലിയ ജനപ്രീതി നേടി. നാടകം കഴിഞ്ഞാൽ കണ്ടു നിന്നവർ വന്ന് ഞങ്ങളെ സ്നേഹം കൊണ്ടു മൂടുമായിരുന്നു. സിദ്ധലിംഗയ്യയുടെ “കത്തെ മത്തു ധർമ്മ” (കഴുതയും മതവും) എന്ന കവിത കുട്ടികളുടെ മികച്ച സംഗീത ശില്പമായി ഞങ്ങൾ അവതരിപ്പിച്ചു. ഐ ടി ഐ ഫൈൻ ആർട്സ് അക്കാലത്തു നടത്തിയ നാടക മത്സരത്തിൽ ഞങ്ങളത് അവതരിപ്പിച്ചു പല സമ്മാനങ്ങളും നേടി.
CPAC യുടെ ആരംഭ കാലത്തു ബാംഗ്ലൂർ ടൗൺ ഹാളിൽ ഞങ്ങൾ കെ ടി മുഹമ്മദിന്റെ “സംഹാരം” നാടകം അവതരിപ്പിച്ചിരുന്നു. അന്ന് നാടകത്തിന് മുമ്പ് നടന്ന പൊതുപരിപാടിയിൽ സിദ്ധലിംഗയ്യയും, ജെന്നി എന്നറിയപ്പെടുന്ന ജനാർദ്ദനനും മുഖ്യാതിധികളായിരുന്നു. സിദ്ദലിംഗയ്യയുടെ കവിതകൾ ശക്തിഗീതങ്ങൾ ആയി അവതരിപ്പിച്ചു കർണ്ണാടക ജനതയുടെ അംഗീകാരം നേടിയതിൽ ജെന്നി വലിയ പങ്കു വഹിച്ചിട്ടുണ്ട്.
സ്വത്വപരമായി ചുരുങ്ങാതെ സിദ്ദലിംഗയ്യ എഴുതിയ കവിതകളിൽ അംബേദ്‌കറും മാർക്സും കൈകോർത്തു പിടിച്ചു മുഷ്ടി ചുരുട്ടി നിൽക്കുന്നത് കാണാം. ജാതീയമായ അടിച്ചമർത്തലിനെതിരെയുള്ള അദ്ദേഹത്തിന്റെ കവിതൾക്ക് ശക്തി പകർന്നത് വർഗ്ഗസമരത്തിന്റെ അനിവാര്യതയെ സൗന്ദര്യാത്മകമായി ഉയർത്തിപ്പിടിക്കുന്നതിൽ വിജയിച്ചത് കൊണ്ടാണ്.
അദ്ദേഹത്തിന്റെ “ഹസിവിനിംദ സത്തോരു” (വിശപ്പ് കൊണ്ടു ചത്തവർ) എന്നു തുടങ്ങുന്ന കവിതയിൽ പൗരോഹിത്യത്തിന്റെ അടിമകളായ ദലിത് വിഭാഗത്തെ വേദനയോടെ വിമrശിക്കുന്നത് ശ്രദ്ധേയമാണ് . “പരമാത്മന ഹെസറ ഹേളി/പരമാന്നാ ഉണ്ട ജനക്കെ / ബൂട്ട് മെട്ട് ഒലദോരു നമ്മ ജനഗളു/ (പരമാത്മവിന്റെ പേര് പറഞ്ഞ്, തിന്ന് ഏമ്പക്കം വിടുന്നവർക്ക്, ചെരുപ്പ് തുന്നികൊടുക്കുന്നവരാണ് ഞങ്ങൾ) എന്നാണ് ആ അടിമത്ത മനോഭാവത്തെ അദ്ദേഹം പരിഹസിക്കുന്നത്.
അല്പം തീവ്രത എറിയോ എന്ന് പലരും സംശയിച്ചിരുന്ന ഒരു കവിതയുണ്ട്. അത് പിന്നീട് സിനിമാ ഗാനം ആവുകയും ചെയ്തു. “യാരിഗെ ബംന്ദു എല്ലിഗെ ബംന്ദു നലവത്തേളര സ്വാതന്ത്ര്യ…. എന്നതാണ് ആ കവിത.
അതിന്റെ ഏകദേശ വിവർത്തനം (സ്വന്തം വിവർത്തനമല്ല) ഇങ്ങനെയാണ്.
“For whom, and where, did the freedom of ’47 come?
It came to the pockets of the Tatas and Birlas
It came to the mouths which eat up people
It came to the rooms of the crorepatis
The freedom of ’47, the freedom of ’47
It did not come to the houses of the poor
It did not bring the ray of light
It did not lessen the sea of misery
It did not let bloom the flower of equality
ഇങ്ങനെ എഴുതിയ ഒരാളെയാണ് ദലിത് കവി എന്ന കള്ളിയിലാക്കിയത്.
അദ്ദേഹം നാടകകൃത്താണ്, എഴുത്തുകാരനും പ്രഭാഷകനുമാണ്.
എറണാകുളത്ത് നടന്ന ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ സംസ്ഥാന സമ്മേളനത്തിൽ കർണ്ണാടകയിൽ നിന്ന് സ.വി ജെ കെ നായരോടൊപ്പം അദ്ദേഹം പങ്കെടുത്തിരുന്നു.
കർണ്ണാടകത്തിലെ ഏറ്റവും ശ്രദ്ധേയമായ “പമ്പാ പ്രശസ്തി” അദ്ദേഹത്തിന് ലഭിച്ചു. ബാംഗ്ലൂർ യൂണിവേഴ്സിറ്റി കന്നഡ വിഭാഗത്തിന്റെ തലവൻ, കന്നഡ വികസന അതോറിറ്റി ചെയർമാൻ, എം എൽ സി എന്നിങ്ങനെ പല സ്ഥാനമാനങ്ങളും ലഭിച്ചത് അദ്ദേഹം ഏകദേശം വ്യവസ്ഥിതിയുടെ തണലിലേക്ക് നിൽക്കാൻ തുടങ്ങിയപ്പോഴാണ്.
പക്ഷെ അദ്ദേഹത്തിന്റെ കവിതകൾ നിസ്വർക്കും , നിരാലംബർക്കും, അരിക് വൽക്കരിക്കപ്പെട്ടവർക്കും മർദ്ദിതർക്കും നീതിക്ക് വേണ്ടിയുള്ള സമരത്തിൽ എന്നും കരുത്തും പ്രചോദനവുമാവും.
അദ്ദേഹത്തിന്റെ മഹത്തായ സാഹിത്യ സംഭാവനകളെ മുൻ നിർത്തി ആ ഓർമ്മയ്ക്ക് മുന്നിൽ രക്ത പുഷ്പങ്ങൾ അർപ്പിക്കുന്നു.