പ്രശസ്ത എഴുത്തുകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരം നന്താവനത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച രണ്ടുമണിക്ക് പാറ്റൂർ മാർത്തോമാ പള്ളി സെമിത്തേരിയിൽ നടക്കും.
തമിഴ് ബ്രാഹ്മണരുടെ ജീവിതം പ്രതിപാദിക്കുന്ന നാർമടിപ്പുടവ എന്ന പ്രശസ്തമായ കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. ‘ജീവിതം എന്ന നദി’ ആണ് ആദ്യനോവൽ .
സാറ തോമസിന്റെ പല കൃതികളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്. ദേശീയ -സംസ്ഥാന തലങ്ങളിൽ പുരസ്കാരം നേടിയ പി എ ബക്കറിന്റെ ‘മണിമുഴക്കം’ എന്ന സിനിമ സാറാ തോമസിന്റെ ‘മുറിപ്പാടുകൾ’ എന്ന നോവലിന്റെ ചലച്ചിത്രവിഷ്കാരമാണ്. അസ്തമയം, പവിഴമുത്ത്, അർച്ചന എന്നീ നോവലുകളും സിനിമയായിട്ടുണ്ട്.
ജീവിതം എന്ന നദി, മുറിപ്പാടുകൾ, പവിഴമുത്ത് , ആ മനുഷ്യൻ നീ തന്നെ, അർച്ചന, നാർമടിപ്പുടവ, ദൈവമക്കൾ, അഗ്നിശുദ്ധി, ചിന്നമ്മു, വലക്കാർ, നീലക്കുറിഞ്ഞികൾ ചുവക്കും നേരം, ഗ്രഹണം, തണ്ണീർപ്പന്തൽ, യാത്ര, കാവേരി, ഗ്രഹണം എന്നിവയാണ് പ്രധാനപ്പെട്ട മറ്റു കൃതികൾ.
Photo courtesy : Deshabhimani