പ്രവൃത്തിയും അർത്ഥവും

ലോകത്തിൽ ഞാൻ കണ്ടിട്ടുള്ള
ഏറ്റവും അർത്ഥവത്തായ പ്രവൃത്തി
തൊണ്ണൂറ്റൊൻപത് വയസ്സുള്ള എന്റെ അമ്മൂമ്മ
അരിമുറുക്ക് ചവയ്ക്കുന്നതാണ്.

വെളുത്ത് കട്ടിയുള്ള മുറുക്ക്
രണ്ടു കൈയ്യും കൊണ്ട് പൊട്ടിച്ച്,
ചെറിയൊരു കഷ്ണം വായിലാക്കി,
നാക്ക് കൊണ്ട് തടവി, നനച്ച്, നേർപ്പിച്ച്,
പല്ലുപോയ തൊണ്ണുകൊണ്ട്
ഇടയ്ക്കിടെ അമർത്തി,
മുറുക്കിന്റെ മുള്ളുകൊണ്ട് നൊന്ത ഭാഗം
നാക്കു കൊണ്ട് തടവി സാന്ത്വനിപ്പിച്ച്,
ഇടയ്ക്കിടെ രുചി ഉറിഞ്ചിയെടുത്ത്,
നൊട്ടിനുണഞ്ഞ്,
അടുത്തുവന്ന് വികൃതി കാട്ടുന്ന
ചെറുകുട്ടിക്ക് പങ്ക് കൊടുത്ത്,
രുചിയുടെ താളത്തിൽ തലയാട്ടി,
ഇടയ്ക്ക് എന്തൊക്കെയോ ചിന്തിച്ച്
പ്രതിമപോലെ അനങ്ങാതിരുന്ന്,
ഒടുവിൽ, അരഞ്ഞുകഴിഞ്ഞ മുറുക്ക്
ധ്യാനത്തിലെന്നപോലെ കണ്ണടച്ച്
ഉള്ളിലേക്കിറക്കി,
മുണ്ടിന്റെ കോന്തലയിൽത്തപ്പി
അടുത്ത കഷ്ണം മുറുക്കെടുത്ത്,
രണ്ടു കൈയ്യും കൊണ്ട് പൊട്ടിച്ച്……

ആ പ്രവൃത്തിയിൽ അതിജീവനമുണ്ട്,
ആസ്വാദനമുണ്ട്,
തറുതല പറഞ്ഞ മകളോടുള്ള
അമർഷമുണ്ട്,
പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ച്
ഉമ്മ കൊടുത്ത ചെറുമകനോടുള്ള
വാൽസല്യമുണ്ട്,
എന്നോ തനിച്ചാക്കിപ്പോയ
കെട്ടിയോന്റെ ഓർമ്മകളുണ്ട്,
കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്ന
ദീനത്തെക്കുറിച്ചുള്ള ആധിയുണ്ട്.

എല്ലാത്തിനുമുപരി
ജീവിതത്തിനോടുള്ള മറുപടി
ജീവിച്ചു കൊണ്ട് പറയുന്ന
നെഞ്ചുറപ്പുണ്ട്.

തിരുവനന്തപുരം കോലിയക്കോട് സ്വദേശി. 'കവിതകളുടെ റിപ്പബ്ലിക്ക്' എന്ന കവിതാ സമാഹാരം, പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളില്മ സജീവം.