പ്രവാസ എഴുത്ത് മൂന്നു പതിറ്റാണ്ടുകളിൽ

അക്കാലത്ത് ദേശം വിട്ടവന്റെ നാടും നാട്ടുകാരുമായുള്ള ആശയ വിനിമയം എഴുത്തു കുത്തുകളോടെയായിരുന്നു. പ്രവാസത്തിലെ നേരും നോവും വിരഹനൊമ്പരങ്ങളും ഒറ്റപ്പെടലിന്റെ ആകുലതകളും പുതിയ ദേശത്തെ അനുഭവ വൈവിധ്യങ്ങളുമെല്ലാം തൊഴിലിനിടയിലെ ഇടവേളകളിലും രാത്രി യാമങ്ങളിലും ഉള്ളുപൊള്ളുന്ന വിചാരകളായി ആത്മസംഘർഷങ്ങളായി അക്ഷരങ്ങളായി കടലിനക്കരെയിക്കരെ ഉറ്റവരെ തേടി ദേശാടനം ചെയ്തു.
അനുഭവങ്ങളെ അതിന്റെ എല്ലാവിധ യാഥാർത്ഥ്യത്തോടും തീഷ്ണതയോടും ഉറ്റവരെ എഴുതിയറിയിക്കുവാനുള്ള ശ്രമങ്ങൾക്കിടയിൽ അക്ഷരങ്ങൾ വഴങ്ങുകയും ഭാവനകൾക്ക് ആവേഗ ക്രമമുണ്ടാവുകയും ചെയ്തു. നാട്ടിൽനിന്ന് തന്നെ എഴുത്തിനോടും വായനയോടും അടുപ്പമുണ്ടായിരുന്നവർക്ക്തങ്ങളുടെ എഴുത്ത് ഭാഷയെ രാകി മിനുക്കാനുള്ള അവസരമുണ്ടാക്കി. അക്ഷരബന്ധം ഇല്ലാത്തവർ പോലും ഹൃദയ വ്യത്യാസങ്ങൾക്ക്‌ അനുസരിച്ച്‌ അക്ഷരവളവുകളിലും ഉടവുകളിലും മനസ് നട്ടു. ദിവസത്തിൽ നാല് തവണ എങ്കിലും കഫത്തെരിയകളിലും ഗ്രോസറികളിലും സ്ഥാപിച്ച എഴുത്തു പെട്ടികളിൽ അക്ഷര രൂപത്തിലായ ഹൃദയ വിന്യാസങ്ങൾ തിരഞ്ഞു. മറ്റു ദേശത്ത് അവരുടെ നേർപാതികൾ പോസ്റ്റുമാനെ വഴിക്കണ്ണുമായി കാത്തിരുന്നു. അവരിൽ വലിയൊരു വിഭാഗം പിന്നീടുണ്ടായ മൊബൈൽ വിപ്ലവത്തിൽ ചാവേറുകൾ ആയെങ്കിലും ചെറിയൊരു ന്യൂനപക്ഷം തൂലിക താഴെ വച്ചില്ല. അവർക്ക് അക്ഷരസ്നേഹവും അനുഭവങ്ങൾക്കുമപ്പുറം അന്വേഷണ ത്വരയുമുണ്ടായിരുന്നു. അവരിൽ വേറിട്ട ചിന്തയുടെ നെരിപ്പോടുണ്ടായിരുന്നു.
നിരന്തര വായനയും ഭാഷാപ്രാവീണ്യവും അവരെ എഴുത്തുകാരാക്കി. പ്രവാസികളുടെ ആദ്യകാല രചനകൾ അധികവും ഗൃഹാതുര സ്മരണകളായിരുന്നു. പ്രവാസ നൊമ്പരങ്ങളും ഏറ്റെടുക്കേണ്ടി വന്ന കടമകളും കടപ്പാടുകളും എഴുത്തു വിഷയങ്ങളായപ്പോൾ പെട്ടിയും ചെക്കുകളും കണ്ണുനീരും രചനകൾ നിറഞ്ഞു നിന്നു.
യുഏഇ-യിലെ എഴുത്ത്ജീവിതത്തിലേയ്ക്ക് ഞാൻ പ്രവേശിക്കുന്നത് കൊ ച്ചുബാവക്കാലത്തായിരുന്നു. അതിനുമുൻപ് രാജൻ ചിന്നക്കുത്തിന്റെ ഏറെ വായിക്കപ്പെട്ട ‘ദുബായ് പുഴ” പുറത്തിറങ്ങിയിരുന്നു. കൊച്ചുബാവ ഗൾഫ് അനുഭവങ്ങൾക്ക് എഴുത്തിലൂടെ പുതിയ മാനങ്ങളും വേറിട്ട പാതകളും സൃഷ്ടിച്ചെടുത്തു. നാട്ടുകാരനും നാടുവിട്ടവനുമപ്പുറം മനുഷ്യ മനസ്സിന്റെ സൂക്ഷ്മ തലങ്ങളിലേയ്ക്ക് ബാവയുടെ എഴുത്തുകൾ ഇറങ്ങിച്ചെന്നു. മലയാളത്തിലെ മുഖ്യധാരാ സാഹിത്യത്തിൽ ഗൾഫ്പ്രവാസിയായ ഒരു എഴുത്തുകാരൻ അങ്ങിനെ കസേരയിട്ടിരുന്നു. ബാവാക്കാലത്തുതന്നെ സുറാബ്, കൃഷ്ണൻ കുട്ടി, എസ് എം ഫാറൂഖ്, പി.മണികണ്ഠൻ, സ്വർണം സുരേന്ദ്രൻ, ബഷീർ മേച്ചേരി, നസിം പന്നിയൂർ, ഇ എം ഹാഷിം തുടങ്ങിയവർ ഗദ്യത്തിലും സത്യൻമാടാക്കര, ശിവപ്രസാദ്, സർജ്ജു ചാത്തന്നൂർ, അസ്‌മോ പുത്തൻചിറ, കമറുദീൻ ആമയം, കുഴൂർ വിൽ‌സൺ, ഇസ്മായിൽ മേലടി, ടി പി അനിൽകുമാർ, റാം മോഹൻ പാലിയത്ത്, അനൂപ് ചന്ദ്രൻ, ഷീല പോൾ, ബിന്ദുസന്തോഷ് തുടങ്ങിയവർ കവിതയിലും സ്ഥാനം പിടിച്ചിരുന്നു.
അക്കാലത്ത്പൂമുഖം, അക്ഷരക്കൂട്ടം, വായനക്കൂട്ടം തുടങ്ങി എഴുത്തുകാരുടെ കൂട്ടായ്മകളുണ്ടാവുകയും ഗൾഫിലെ കലാസാഹിത്യ സംഘടനകൾ നിരന്തരം കഥയരങ്ങുകളും കാവ്യ സന്ധ്യകളും സംഘടിപ്പിക്കുകയും ചെയ്തു. തുടർന്ന്ധാരാളം നാടക പ്രവർത്തനങ്ങളുണ്ടാവുകയും ഗൾഫിൽ മലയാള റേഡിയോ നിലയങ്ങൾ നിലവിൽവരികയും ചെയ്തു.
അങ്ങിനെ ഗൾഫ്സാഹിത്യത്തിൽ ഋതുവസന്തമുണ്ടായി. അതിൽ വിടർന്ന സൂനങ്ങളാണ് എ എം മുഹമ്മദ്, തോമസ് ചെറിയാൻ, കെ എം അബ്ബാസ്, സൈനുദീൻ പുണ്ണിയൂർക്കുളം, സഹീറ തങ്ങൾ, സിന്ധു മനോഹരൻ, ഷാജിഹനീഫ്, പി ആന്റണി, സദാശിവൻ അമ്പലമേട്, സത്യജിത് വാരിയത്ത്, ബഷീർ തിക്കൊടി, ഇ കെ ദിനേശൻ, ഫൈസൽ ബാവ, റഫീഖ് മേമുണ്ട, രമേശ് പെരുമ്പിലാവ്, ലത്തീഫ് മമ്മിയൂർ തുടങ്ങിയവർ. അതിനിടയിൽ മുൻകാല എഴുത്തുക്കാരിൽ പലരും ഗൾഫ് വിടുകയും സാഹിത്യരംഗം അല്പം നിര്ജീവമാവുകയും ചെയ്തു. തുടർന്നാണ് യുവാക്കളുടെ കൂട്ടായ്മയായ പാം പുബ്ലിക്കേഷൻസ്, അക്ഷരക്കൂട്ടം, കോലായ തുടങ്ങിയ സാഹിത്യ കൂട്ടായ്മകൾ രൂപം കൊണ്ടത്. ജോസാന്റണി, സലിം അയ്യനത്, സോണിയ റഫീഖ്, വെള്ളിയോടൻ, മനാഫ് കേച്ചേരി, ബിജു സി പറവൂർ, സുകുമാർ വേങ്ങാട്‌, ജോസ് ലെറ്റ്, ഹണി ഭാസ്കരൻ, സിറാജ്നായർ, രാജേഷ് ചിത്തിര, സർഗ്ഗ, വനിതാ വിനോദ് തുടങ്ങിയവർ ഗൾഫ് സാഹിത്യ രംഗത്തെ പിന്തുടർച്ചക്കാരായത്.
ഗൾഫ് ജീവിതത്തിൽ അനുഭവ വൈവിധ്യങ്ങൾ കുറയുന്നു എന്നത്‌ എഴുത്ത് നിലവാരത്തെ ബാധിച്ച ഒരു പ്രശ്നമാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള, വ്യത്യസ്ത സംസ്കാരമുള്ള ജനസഞ്ചയമാണ് ഗൾഫിൽ ഉള്ളതെങ്കിലും അവരിൽ ഭൂരിഭാഗവും ആത്യന്തികമായി തൊഴിലെടുത്തു കൊണ്ടുള്ള ജീവസൻ ധാരണം ലക്‌ഷ്യം വച്ച് വന്നവരാണ്. അതുകൊണ്ടു തന്നെ തൊഴിലിനും അതിനോടനുബന്ധിച്ച സമയക്രമങ്ങൾക്കും പ്രാമുഖ്യം നൽകേണ്ടിവരുന്നു.അതൊരു തരം യാന്ത്രികജീവിതമായി പരിമിതപ്പെടുന്നുണ്ട്. ഇതിനിടയിൽ അനുഭവങ്ങളെതൊട്ടറിയുന്നവരുണ്ട്. സർഗാത്മക കഴിവുകൾ അത്രയേറെ സായത്തമാക്കിയരാണവർ. അവരിൽ നിന്നും വേറിട്ട രചനകൾ ഉണ്ടാവുന്നുണ്ട്താനും. എങ്കിലും കൊച്ചുബാവക്കു ശേഷംയു എ ഇ യിൽ നിന്ന്‌ മലയാള സാഹിത്യ മുഖ്യധാരയിൽ സ്വന്തമായൊരു സ്ഥാനമുറപ്പിക്കാൻ പലർക്കും കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം. എന്തുകൊണ്ട് ഗൾഫിൽ ഇരുന്നു എഴുതുന്നവരുടെ രചനകൾ മുഖ്യധാരയിൽ എത്തുന്നില്ല എന്ന ചോദ്യത്തിന് ഈ അനുഭവ ദാരിദ്ര്യം തന്നെ ആണ് പ്രധാന കാരണമെന്ന് പറയേണ്ടിവരും.
മറ്റൊന്ന് കേരളത്തിലെ എഴുത്തുകാരുടെ ബാഹുല്യം അവരിൽ വലിയൊരു വിഭാഗം പത്ര മാസികകളിൽ ജോലി ചെയ്യുന്നവർ ആണ്. അവരുടെ ആധിപത്യത്തെ കാണാതിരുന്നുകൂട. ഗൾഫ് എഴുത്തുകാരെ പത്രാധിപന്മാർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല, പരിഗണിക്കുന്നില്ല എന്ന്തോന്നിയിട്ടുണ്ട്.
118 നാവികരുടെ കടലിൽ മുങ്ങിത്താഴ്ന്ന റഷ്യൻ മുങ്ങിക്കപ്പലിനെ പറ്റി ഞാനൊരു കഥ എഴുതിയിട്ടുണ്ട്. കുർസാക് എന്ന പേരിൽ ആ കഥ മുഖ്യധാരാ വാരികയിലേക്കയച്ചപ്പോൾ സ്വീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ അതെ വിഷയം അതേ പേരിൽ കെ പി രാമനുണ്ണി എഴുതിയപ്പോൾ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഈ രണ്ടു കഥകളും ഒരുമിച്ചെടുത്തു വായിച്ചാൽ എന്റെ കഥ എന്തു കൊണ്ട്സ്വീകരിക്കപ്പെട്ടില്ല എന്നതിന് ഉത്തരം ഇല്ലാതെ വരും. വിലാപങ്ങളുടെ സ്വരഗതികൾ എന്ന നല്ല കഥയ്ക്കും ഇതേ അനുഭവം ഉണ്ടായി.
അതിനു ശേഷം മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലേയ്ക്ക്കഥകളയച്ചിട്ടില്ല. ഒരു കാലത്ത് എല്ലാ പത്രങ്ങൾക്കും സാഹിത്യത്തിനായി ഗൾഫ്പതിപ്പുകൾ ഉണ്ടായിരുന്നു. അവയിൽ ഗൾഫ് എഴുത്തുകാരൻ സംവരണം ചെയ്യപ്പെട്ടു.
എന്റെ ഏറെയും കഥകൾ അച്ചടിച്ച് വന്നത് മാതൃഭൂമി ഗൾഫ്പതിപ്പിൽ ആയിരുന്നു. പലപ്പോഴും ഏറെ വിഷമം തോന്നിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാലും എഴുത്ത് എന്നത് ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം മടുപ്പിൽ നിന്നുള്ള വിടുതലാണ്. ജീവിക്കുന്നു എന്ന തോന്നലാണ്. ഭ്രാന്ത് വരാതിരിക്കാനുള്ള മുൻകരുതലാണ്. അതുകൊണ്ടു എഴുതുന്നു, എഴുത്ത്തുടരുന്നു.
ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അയാളുടെ സർഗാത്മക പ്രവർത്തനങ്ങളുടെ മുഖ്യ ലക്‌ഷ്യം ആത്മസംതൃപ്തിയാണല്ലോ. ആ ആത്മനിർവൃതി ആവോളം ആസ്വദിച്ചുകൊണ്ടു തന്നെ ആണ് ഇതുവരെ ഈ രംഗത്ത് നിലകൊണ്ടത്. പിന്നിട്ട മൂന്ന്പതിറ്റാണ്ടിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോൾ ഒട്ടും നിരാശ ഇല്ല. അക്ഷരങ്ങൾ അറിവിന്റെ വാതായനങ്ങൾ തുറന്നു തന്നു. ഒരു ജീവിതത്തിലൂടെ അനേകം ജീവിതങ്ങളെ കണ്ടെത്താനുള്ള അവസരമുണ്ടായി. ചേരിതിരുവുകളുടെ ദുഷിച്ച കാലത്ത്‌ മനുഷ്യനോടൊപ്പം നിലകൊള്ളാനും സഹജീവികളുടെ നൊമ്പരമറിയാനും മനസ് പാകപ്പെട്ടു. എല്ലാത്തിനുമപ്പുറം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ഹൃദയവിശാലത ഉണ്ടായി. ഹൃദയം തൊട്ടറിഞ്ഞ ചങ്ങാതിമാരുണ്ടായി.
അവരെന്താവണമെന്നു ശഠിക്കാതെ, ണാനെന്താവണമെന്ന ബോധ്യത്തിൽ ജീവിക്കുമ്പോൾ ഈ ലോകം എത്രസുന്ദരമാണ്, സുരഭിലമാണ്.