വിയർപ്പ് ഇടഞ്ഞിറങ്ങിപ്പോയ
മരുഭൂവിൽ പൊട്ടിമുളയ്ക്കുന്നുണ്ട്
പ്രതീക്ഷകളുടെ പുതുനാമ്പുകൾ.
വളർന്ന് ആകാശത്തേയ്ക്ക്,
ഏഴാംക്കടലിനക്കരെ,
ആകാശവീഥികളിലൂടെ
കിനാപ്പൊട്ടുകൾ പടരുന്നുണ്ട്.
ഇടമുറിഞ്ഞ ഈണത്തിൻ പാട്ടായ്
വിരൽത്തുമ്പേറാത്ത മണി വീണയായ്
ഒരു മഴച്ചില്ലയിലേറി
നേർത്ത പച്ചഞരമ്പിലൂടെ
മരുഭൂവിലിറങ്ങി കണ്ണീരുപ്പു ചേർന്നു
വളമാക്കുന്നുണ്ട്.
ഊർജപ്രവാഹത്തിന്റെ നാൾവഴിയിൽ
ഉഷ്ണക്കാറ്റിൽ ആടിയുലയാതെ
പൊടിമണൽക്കാറ്റിൽ അടിപതറാതെ
വിരഹനൊമ്പരക്കാർമേഘങ്ങൾ
കരുത്തുകൂട്ടുന്നുണ്ട്.
ഒരു തണുത്ത കാറ്റിന്റെ അകമ്പടിയിൽ
നീഹാരമായി പൊതിയുന്ന സ്വത്വത്തെ
തൊട്ടറിയുന്നുണ്ട്.