പ്രവാസലോകത്തെ പുഴകൾ

പ്രവാസലോകത്തെ പുഴകൾ
ഒഴുകിത്തുടങ്ങും മുന്നേ
മരിച്ചു പോയ,
ഊഷരമായ മണൽ
കുടിച്ചസ്തമിച്ച
നീരുറവകൾ !!

അരികിലാണ്
പ്രവാസത്തിലെ കടലെങ്കിലും,
വരണ്ട മണലിന്റെയോരം ചേർന്ന്,
കടലലകൾ കാത്തിരിക്കുന്നത്
എന്നെങ്കിലുമൊരിക്കൽ
ഒഴുകിയെത്തുന്ന
പുഴയെയാണ്..!!

വഴിക്കണ്ണുമായി
കാത്തിരിക്കുന്ന കടലും,
നീരു വറ്റുമ്പോഴും
കുതറിയോടാൻ വെമ്പുന്ന
പുഴയും !!
ഇടയിൽ,
ആർത്തിയോടെ
വാ പിളർന്നലറുന്ന
ഊഷരമായ മണലിന്റെ
തീരാദാഹവും..!

പ്രവാസത്തിലെ പുഴകൾ..
ഒഴുകിത്തുടങ്ങും മുന്നേ
മണൽ കുടിച്ചസ്തമിച്ച
നീർച്ചാലുകൾ…!!

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ആണ് സ്വദേശി. 15 വർഷമായി പ്രവാസ ജീവിതം നയിക്കുന്നു. നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും കഥകൾ, കവിതകൾ, ലേഖനങ്ങൾ, അനുഭവക്കുറിപ്പുകൾ ഒക്കെ എഴുതാറുണ്ട്.