പ്രവാസച്ചിറകുള്ള പക്ഷി

സലീം അയ്യനത്ത്

തുന്നല്‍ പക്ഷിയുടെ വീട്, ഡിബോറ എന്നീ കഥാസമാഹാരങ്ങളും നിലാവിലേക്ക് തുറന്ന നിറകണ്ണുകള്‍ എന്ന കവിതാസമാഹാരാവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അറ്റ്ലസ് കൈരളി പുരസ്കാരം, ദുബൈ കൈരളി പുരസ്കാരം, അബുദാബി ശക്തി കഥാപുരസ്കാരം, കേരളകൗമുദി പുരസ്കാരം, ദുബായ് ബുക്ക് ട്രസ്റ്റ് പുരസ്കാരം, ഷെറിന്‍ ജീവരാഗ സാഹിത്യപുരസ്കാരം, പ്രൊഫസര്‍ രാജന്‍വര്‍ഗ്ഗീസ് പുരസ്കാരം, യുവകലാസാഹിതി കഥാപുരസ്കാരം, അബുദാബി മലയാളിസമാജം പുരസ്കാരം, എയിം കഥാപുരസ്കാരം, സ്വരുമ പുരസ്കാരം, എന്‍ പി സി സി കൈരളി പുരസ്കാരം, ബ്രൂക്ക് ബെസ്റ്റ് സ്റ്റോറി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

മലപ്പുറം തിരൂര്‍ ചമ്രവട്ടം സ്വദേശി. അധ്യാപകനായിരുന്നു. ഇപ്പോള്‍ ദുബായിലെ ഡല്‍ഹി പ്രൈവറ്റ് സ്കൂളില്‍ സീനിയര്‍ ലൈബ്രേറിയന്‍.


ഗൾഫ് പ്രവാസിയുടെ കണ്ണീർ ചാലിച്ച  അനുഭവങ്ങളുടെ നേർചിത്രങ്ങളടങ്ങിയ പതിനാല് കഥകളാണ് സലിം അയ്യനത്തിന്റെ തുന്നൽ പക്ഷിയുടെ വീട് എന്ന കഥാ സമാഹാരത്തിലുള്ളത്. പ്രതീക്ഷക്കും കഷ്ടപ്പാടിനുമിടയിൽ വട്ടം കറങ്ങുന്ന ഒരു ജനവിഭാഗമായി മലയാളി പ്രവാസം നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ഏഴുത്ത് അല്പമെങ്കിലും വശമുള്ള ഏതൊരാൾക്കും ഇത്തരം ചില കഥകൾ എഴുതാതെ വയ്യ.

ഈ പുസ്തകത്തിൽ മൂന്നു കാര്യങ്ങളാണ് പ്രത്യേകമായി എടുത്തുപറയാനുള്ളത്.

ഒന്ന്: ഇത് ജീവിതാനുഭവങ്ങളോട് ചേർന്നു നിൽക്കുന്നതാണ്.  ആത്മകഥാംശം ഈ കഥകളിൽ കലർന്നിരിക്കുന്നു എന്ന് എഴുത്തുകാരനെ അറിയുന്നവർ പറയുമായിരിക്കാം.  കഥാകാരൻ താൻ കണ്ടതും കേട്ടതും എന്ന ശൈലിയിലാണ് കഥകളെല്ലാം എഴുതിയിരിക്കുന്നത് എന്നിരിക്കെ പ്രത്യേകിച്ചും. എന്നാൽ, ഈ അനുഭവങ്ങൾ ഞങ്ങളുടേത് കൂടിയല്ലേ എന്ന് പ്രവാസത്തിലെ ബാലാരിഷ്ടതകളിലൂടെ കടന്നുപോയ മിക്കവാറും പേരും ചിന്തിക്കുന്നിടത്താണ് സലീമിലെ കഥാകാരൻ വിജയിക്കുന്നത്.

പ്രവാസത്തിലെ ജീവിതവും നാട്ടിൽ തിരിച്ചു ചെല്ലുന്ന പ്രവാസി തന്റെ ഇന്നലെകളിലെ നഷ്ടപ്പെടലുകളോടും നാളെയുടെ പ്രതീക്ഷയോടും ഏറ്റു മുട്ടുന്നതുമാണ് കഥകളിലെ പ്രമേയം.  ബാച്‌ലർ അക്കമഡേഷനിൽ താമസിക്കുന്നവരെ സംബന്ധിച്ച് കൂർക്കം വലി ജീവിതത്തിന്റെ തന്നെ ഒരു പ്രശ്നമായിരിക്കാം.  മൂട്ടകളും വലിയൊരു പ്രശ്നമാണ്.  ഇവയെയെല്ലാം സരസമായും ചിലപ്പോൾ ബിംബവൽക്കരിച്ചും എഴുത്തുകാരൻ അവതരിപ്പിച്ചിട്ടുണ്ട്.   നഷ്ടപ്രണയത്തിന്റെയും വിരഹത്തിന്റെയും സാമ്പത്തിക ബാധ്യതകളുടെയും ഇടയിലൂടെയാണ് കഥാകാരൻ വായനക്കാരെ കൊണ്ട് പോവുക.   പ്രസവിച്ചു മാസം തികയുന്നതിനു മുൻപ് വിദേശത്തു ജോലി ചെയ്യാൻ വന്ന നീതു വര്ഗീസിനെയും സ്വന്തം കുടുംബത്തിലെ എല്ലാവരെയും സുനാമിയെടുത്ത വാർത്തയറിയുന്ന ശ്രീലങ്കക്കാരി ജ്യോത്സ്‌നയെയും നാം ഈ കഥകളിൽ കാണും.   കെട്ടിയ പെണ്ണിനെ നാട്ടിൽ വിട്ട് ഫിലിപ്പീനിയുടെ കൂടെ പോയ ഉത്തരവാദിത്തമില്ലാത്തവരെയും കാണും.    സ്വന്തം കൃതി പ്രസിദ്ധീകരിച്ചു കാണാൻ ബോധം അവശേഷിക്കാത്ത പ്രവാസി എഴുത്തുകാരനും ഇതിലുണ്ട്.  ഇങ്ങനെ പ്രവാസ അനുഭവങ്ങൾ വ്യത്യസ്തവും സർവലൗകീകവും ആയി ഈ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.   അനുഭവങ്ങൾ എഴുതുന്നത് മാത്രമല്ല, അവയെ അനുഭവിപ്പിക്കുന്നതിലും കഥാകാരൻ ഏറെക്കുറെ വിജയിക്കുന്നുണ്ട്.

രണ്ട്: എഴുതിയ കാലത്തെ, സ്ഥലത്തെ കഥാകാരൻ അവതരിപ്പിച്ചിരിക്കുന്നു.   ആ സമയത്തെ സാമൂഹ്യ സാമ്പത്തിക ചലനങ്ങൾ തെളിമയോടെ എഴുത്തുകാരൻ കുറിച്ചിടുന്നു.  ഉദാഹരണമായി, തിരയെടുത്ത സ്വപ്നങ്ങളിൽ ഇന്തോനേഷ്യൻ സുനാമി ഇന്ത്യയിലും ശ്രീലങ്കയിലും വൻനാശം വരുത്തിയിരിക്കെ ആ സമയത്തു അതിന്റെ ചെറുതിരകൾ ഇവിടെയും എത്തിയിരുന്നു.  ഇവിടെ ഒന്ന് രണ്ടു ദിവസം നിർത്താതെ മഴ പെയ്തിരുന്നു.  ഈ മഴ, ആ കഥയിൽ കാണാം.   അതുമല്ലെങ്കിൽ, നാട്ടിൽ റിയൽ എസ്റ്റേറ്റ് മാഫിയ നടത്തിയ വൻഅധിനിവേശത്തിന്റെ തുടക്കം പത്ത് സെന്റ് എന്ന കഥയിൽ വായിക്കാം.   വമ്പൻ സൂപ്പർമാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ് ചെയിനുകൾ ചെറുകിട ഗ്രോസറികളെ ഇല്ലായ്മ ചെയ്ത ചിത്രം മറ്റൊരു കഥയിൽ നാം വായിക്കും.   നാട്ടിലെ മണൽ വാരലിന്റെ മറ്റൊരു മുഖത്തെ മണൽപ്പൊന്ന് എന്ന കഥ കാണിച്ചു തരും.  ഈന്തപ്പനകളിൽ കാറ്റ് തുള്ളുമ്പോൾ എന്ന കഥയിൽ ഗുജറാത്തിന്റെ തേങ്ങൽ എന്ന ഡോക്യൂമെന്ററിയെപ്പറ്റിയുള്ള ചർച്ച നാം കാണും.  “പട്ടിണി ഫ്‌ളയിറ്റ് (എക്സ്പ്രസ്സ്) എപ്പോൾ പുറപ്പെടുമെന്നറിയാതെ ജിജ്ഞാസയോടെ യാത്രക്കാർ കൂടി നിൽക്കുന്നു”   എന്ന് ബജറ്റ് വിമാനങ്ങളുടെ വരവിനെ സലിം സരസമായി അടയാളപ്പെടുത്തുന്നു. ഇങ്ങനെ, കാലത്തെ അടയാളപ്പെടുത്തുന്ന എഴുത്താണ് തുന്നൽ പക്ഷിയുടെ വീടിന്റെ പ്രത്യേകത.

മൂന്ന്: പ്രതിഭയുടെ തിളക്കവും നല്ല ഒരു കഥാകാരന്റെ വാഗ്ദാനവും ഈ കഥകളെ അല്പം സൂക്ഷ്മമായി വായിച്ചാൽ തിരിച്ചറിയാം.     തീർത്തും ലളിതമായ ഭാഷയിലാണ് എഴുത്ത്.    മുട്ടകൾ കഥ പറയുമ്പോൾ, ബേർഡ്‌സ് മാർക്കറ്റ് എന്നീ കഥകൾ ഇതിന്റെ വ്യക്തമായ സൂചന നൽകുന്നുണ്ട്.   മുട്ടകൾ കഥ പറയുമ്പോൾ എന്ന കഥ പ്രവാസത്തിന്റെ ഒരു വെറും പരാതിക്കഥ മാത്രമാകാതെ, ലൈംഗികതയുടെ വേരുകളിലേക്കും പടർന്നു കയറുന്നുണ്ട്.    ബേർഡ്സ് മാർക്കറ്റ് എന്ന കഥയിൽ കഥാപാത്രത്തിന് കിട്ടുന്ന കൂട്ടില്ലാത്ത ഒറ്റക്കിളി കഥാപാത്രം തന്നെയാണ്.   വിവിധ തരം പക്ഷികളെ വിൽക്കുന്ന കച്ചവടസ്ഥലത്തു വെച്ച് കാണുന്ന  രഹ്ന ഒരു വിൽക്കാൻ വെച്ച പക്ഷിയാണ് എന്ന സൂചന നൽകുന്നതിലൂടെ പ്രതിഭയുടെ പ്രാരംഭ തിളക്കം തന്നെയാണ് നമുക്ക് കാണാനാവുക.   ഈ പ്രതിഭ തന്നെയാണ് വളർന്ന് ഡിബോറയിലെ മൂസാടിലും ഉറുമ്പുകളുടെ പ്രതികാരത്തിലുമെല്ലാം പടരുന്നത്.

സുനാമി തിരയിൽ കുടുംബം നഷ്ടപ്പെട്ട പ്രവാസിയുടെ കഥ പറയുന്ന തിരയെടുത്ത സ്വപ്‌നങ്ങൾ, ബേർഡ്‌സ് മാർക്കറ്റ്, മുട്ടകൾ കഥ പറയുമ്പോൾഎന്നിവ സമാഹാരത്തിൽ മികച്ചു നിൽക്കുന്നു.   പ്രവാസിയുടെ കൂർക്കം വലിയുടെയും ഏകാന്തതയുടെയും കഥ പറയുന്ന പേക്കിനാവ്, നൂറ്റാണ്ടുകളുടെ പ്രവാസത്തിനു ശേഷം യൂ എ ഇ യിലെ ഏഴ് എമിറേറ്റുകളിലൂടയും യാത്ര ചെയ്ത് പോലീസിൽ പിടി കൊടുത്തു നാട്ടിലേക്ക് പോകാൻ നിർബന്ധിതനാകുന്ന ഹാജിക്കന്റെ കഥ പറയുന്ന അബുദാബിയിലേക്കുള്ള ദൂരം,   പ്രകാശിപ്പിക്കാൻ കൊതിച്ചീട്ടും പ്രകാശിക്കാനാവാത്ത ഒരു പുസ്തകം പോലെയാണ് പ്രവാസജീവിതം എന്ന് ഒരു എഴുത്തുകാരന്റെ കഥയിലൂടെ പറയുന്ന ഈന്തപ്പനകളിൽ കാറ്റ് തുള്ളുമ്പോൾ, ചോരക്കുഞ്ഞിനെ നാട്ടിൽ നിർത്തി ഗൾഫ് ജോലിക്കെത്തുന്ന അമ്മയുടെ കഥ പറയുന്ന യാത്ര പറയാതെ, എന്നീ കഥകളും വളരെ നന്നായി.   മറ്റു കഥകളും  മോശമല്ല.

ഒരു ആദ്യകഥാസമാഹാരത്തിനുണ്ടാകാനിടയുള്ള പല പോരായ്മകളും ഈ സമാഹാരത്തിനുണ്ട്.  ഇതിലെ കഥകൾ ഒന്നു കൂടി ചെത്തി മിനുക്കി തിളങ്ങുന്നതാക്കാനുള്ള സാധ്യതകളുണ്ട്.  ചിലയിടങ്ങളിൽ അത് പ്രവാസത്തിന്റെ പരാതിപ്പെട്ടി പോലുമാവുന്നുണ്ട്.   ഇതൊക്കെയാണെങ്കിലും ആസ്വദിപ്പിച്ചും അനുഭവിപ്പിച്ചും ഈ കഥകൾ നമ്മെ രസിപ്പിക്കും എന്നതിൽ സംശയമില്ല. “ഈ മുറിയിലുള്ളവരൊക്കെ കീറിപ്പോയ കിനാക്കൾകൊണ്ട് വസ്ത്രം നെയ്യുന്നവരാണ്” എന്ന ഉദ്ധരണി തുന്നൽ പക്ഷികളുടെ വീട് എന്ന കഥയിലേതല്ല. അതിനാൽ തന്നെ, രണ്ടറ്റവും കൂട്ടിത്തുന്നാൻ കഷ്ടപ്പെടുന്ന പ്രവാസികളുടെ കണ്ണീരിന്റെ കഥയാണ് തുന്നൽപക്ഷിയുടെ ഈ വീട്ടിൽ കാണാനാവുക.

 
 
നിഴൽ യുദ്ധങ്ങൾ, ആ മൺസൂൺ രാത്രിയിൽ എന്നീ നോവലുകളടക്കം നിരവധി പുസ്തകങ്ങളുടെ രചയിതാവ്. 23 വർഷമായി ദുബായിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു.