ചരകൻ്റെ കാലത്തേയിവിടുള്ളതത്രേ
മധുരത്തിൻ പര്യായമായ വീട്
പ്രജ്ഞാപരാധത്തിൻ വള്ളികൾ മൂടിയ
നടുമുറ്റമുള്ള പഴയവീട്.
പടിപ്പുരവാതിൽ തുറക്കുമ്പോൾ തന്നെയാ
മധുരത്തിൻ മണമങ്ങൊഴുകിയെത്തും
പൊന്തിയവയറുള്ള ശോഷിച്ചകാലുള്ള,
ആഢ്യക്കിഴവനും മുന്നിലെത്തും.
മുറ്റത്തുതന്നെ നിരന്നുകിടപ്പുണ്ട്
അഞ്ചാറുവണ്ടികൾ ചന്തത്തിലായ്
നൂറടിപോലും നടക്കാൻമടിയുള്ള
നാലു ചെറുമക്കളുമ്മറത്തും.
തലമുറതോറും പകരുന്നതത്രേ
ജനിതകദോഷമാം ഈ പ്രമേഹം
വ്യായാമശീലം പകരാതിരുന്നതാ-
ണാദ്യത്തെന്യൂനത ആരറിയാൻ.
തെക്കിനിചായ്പ്പിലെ കഷായപ്പാത്രത്തിൽ
വറ്റിക്കുറുകുന്നു തിക്തഗന്ധം
കാറ്റിൽപ്പറക്കും പതിരുപോലുള്ളോരു
മധുമേഹമുത്തശ്ശിയുണ്ടവിടെ.
പത്രാസുകാരിയാം കൊച്ചമ്മയ്ക്കാവട്ടെ
കഷായശീലത്തിൽ തൃപ്തിയില്ല
ഇൻസുലിൻ സൂചിയും പോരാതെവന്നവർ
ഇൻസുലിൻപമ്പതു തേടിപ്പോയി.
മത്തൻ പടർന്നതൊടികളിലൊക്കെ –
യുമാഫ്രിക്കനൊച്ചു നിരങ്ങിടുന്നു
താനേ മുളച്ച തകരയും, താളുമോ
വാർദ്ധക്യമായി മരിച്ചിടുന്നു.