കള്ളിവെളിച്ചത്തായപ്പോൾ മുതൽ
നീ ഓർമയുടെ പൂമുഖത്താണ്.
ഇരുളകത്ത് നിന്നും എന്തോ
തട്ടി വീഴുന്ന പിടച്ചിൽ എഴുന്നേറ്റോടി,
വെപ്രാളവും വ്യഥയും തമ്മിൽ കൂട്ടിമുട്ടി
ഉമ്മറപ്പടിയിൽ തെന്നി വീണു.
നിൻ്റെ
മുഖംമൂടിയുടെ ശുഭ്രനിറം
അഴുക്കായി.
ഉന്മാദവുമുണ്മയുമൊന്നെന്ന്
നിശബ്ദമായി
കുറിച്ചവർ അഗ്നിയാൽ വെന്തുമുളച്ചു.
അപ്പോഴും
നിൻ്റെ കൈയിലെ ചാരം
നിഷ്കളങ്കരുടെ
രോഷത്തിൻ പൂക്കളായിരുന്നു.
പുലരിവെട്ടമെന്നും
സ്നേഹഭൂമിതൻ
പ്രകാശമെന്നവർപാടി നടന്നതും
പുതുമകൾ.
ഇല്ല,
നീയിനി ഇരുട്ടിൻ
നീളക്കുപ്പായത്തിൽ മാത്രമൊതുങ്ങില്ല,
ഈ ഉമ്മറത്തിൻപ്രതിഷ്ഠയല്ലാതെ.