രഘൂത്തമാ, നീയൊരാവർത്തനത്തിൽ വിരക്തി,
എല്ലാ വികാരവും സമ്മിശ്രമായ് വന്നു,
സന്ധി ചെയ്യുന്ന സമൃദ്ധി.
സ്നേഹപ്പരീക്ഷ ജയിക്കാൻ കഴിയാതെ,
ഓർമ്മകൾക്കപ്പുറം നിന്നു കരയുവോൻ.
എണ്ണിയൊടുങ്ങാത്ത ബന്ധങ്ങളിൽ നിന്നെ,
ബന്ധിച്ചിരിക്കയാണിപ്പൊഴും കാലം.
ഉൾക്കിടിലത്താൽ മരവിച്ച ജീവിത സന്ധിയിൽ,
സങ്കടക്കുന്നു കയറുവാനാവാതെ വിങ്ങിക്കരഞ്ഞവൻ.
എത്ര ഭാരങ്ങൾ ചുമന്നുമെലിഞ്ഞൊരു ഭഗ്നകുടീരം.
എല്ലുറപ്പിൻ്റെ ബലത്തിൽ വെയിലുകടിക്കാതെ,
നട്ടുച്ചയിൽ നീ നട്ടുവളർത്തിയ തീക്ഷ്ണച്ചിറകുകൾ,
എല്ലാം പൊതിയാൻ കിണഞ്ഞു ശ്രമിച്ചവൻ.
അന്തിയെത്തുമ്പോൾ വെന്ത മനസ്സുമായ്,
ചിന്തയിലാണ്ടു മരവിച്ചിരിപ്പവൻ.
ഒട്ടും ചിരിക്കാനറിയില്ലയെങ്കിലും,
ചിത്രത്തിലെ ശിലാശില്പമായ് നിന്നവൻ.
അത്യുന്നതങ്ങളിൽ പ്രാർത്ഥിച്ചു നേടുവാൻ,
ശിഷ്യപ്പെടുന്ന നിരാലംബജീവിതം,
നിത്യവുമെത്തി പ്രലോഭനം ചെയ്കിലും,
വെച്ചു കൊടുക്കാത്ത നിശ്ചയ ജീവനം.
ചങ്കിൽ തറച്ച പരിഹാസമുള്ളുകൾ,
നെഞ്ചുറപ്പോടെ പിഴുതെറിഞ്ഞീടുവാൻ,
നിഷ്ഠവിടാതെ കരുതിയൊഴുകിയോൻ
രഘൂത്തമാ, നിൻ്റെ ഞരമ്പിലെ മിന്നൽപ്പിണരിനെ,
മജ്ജയിൽ കത്തിയ രൂക്ഷഗന്ധത്തിനെ,
ഇന്ധനമാക്കാനൊരുങ്ങുകയാണൊരു ഗന്ധർവ്വ കാലം.
നിൻ്റെ വിചാരം, മറവി, തോൽവികൾ,
സങ്കലനം ചെയ്തെടുക്കുന്നവർക്കായ്,
മറ്റൊരു കാലത്തെ ഉർവ്വരമാക്കുന്നു,
അവരു കീറുന്ന ചാലിൽ നിനക്കായി,
പുതിയ സീതായനം പ്രണയാഭമായിടും.