പ്രണയമെന്നു പറയട്ടേ ?

പ്രിയരാഗമോടെ ചിരിതൂകി വന്നെൻ
അരികിലായ് നീയൊന്നിരിക്കൂ
ചെറുഞാവൽപ്പഴമൊത്ത നിൻചുണ്ടിലെ
നിറമുള്ള പൂവെനിക്കേകൂ
കാർമുകിലെറിയുന്ന ചെറുമുത്തുമണികളാൽ
കുളിരുന്ന സന്ധ്യതൻമാറിൽ
കുടമുല്ല പൂത്തൊരു കിളിഞാവൽചോട്ടിലായ്
മഴവീണു, നമ്മൾക്കു നനയാം

മൊഴിമുത്തുകൊണ്ടെന്റേ മനസ്സിന്റെയുള്ളിൽ
കനവിന്റെ മാല നീ കോർത്തു
വിരൽമുദ്രകൊണ്ടെന്റെ കരളിന്റെയുള്ളിൽ
പ്രണയത്തിൻ കോവിലും തീർത്തു
പറയാതെവന്നതും പരിഭവം ചൊന്നതും 
നീയായിരുന്നെന്റെ പെണ്ണേ
എന്റെ കനവായിരുന്നു നീ പെണ്ണേ..

കളവാണി നീയെന്റെ മലർവാടിയൊന്നിൽ
മണമുള്ള ചെമ്പനീർപ്പൂവായ്
വിരൽകണ്ടു ഞാനൊന്ന് തഴുകാൻ കൊതിക്കേ
മുനയുള്ള മുള്ളിനാൽ നൊന്തൂ
മിഴിപാകിനിന്നതും കനവുകൾ കണ്ടതും
ഞാനായിരുന്നെന്റെ പെണ്ണേ
എന്റെ മഴയായിരുന്നു നീ പെണ്ണേ ! 

മലപ്പുറം ജില്ലയിൽ തിരൂരിൽ ചേന്നര സ്വദേശി. ഓർമ്മകൾ മഞ്ഞുതുള്ളികൾ' എന്നപേരിൽ ഒരു 'ചെറുകഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്.