പ്രണയപ്പുലരി

മേടം പടക്കുതിരയെപ്പോലെ
കുതിച്ചു വന്നു
വെളുപ്പിനേ വെയിൽ കേറിയിരുന്നു
പിന്നാമ്പുറത്തെ അഴയിൽ

തഴപ്പായയിൽ ഉണങ്ങാനിട്ട തേങ്ങാ –
കൊത്ത്
വലയുടെ പുതപ്പിനുള്ളിൽ
മലർന്ന് കിടന്ന് വെയിൽ കാഞ്ഞു

മീൻകാരൻ്റെ കൂടയിൽ നിന്ന്
കൊത്തിയെടുത്ത മീനുമായി
ഒരു കാക്ക പടിഞ്ഞാട്ടേക്ക് പറന്നു

മുക്കും മൂലയും അടിച്ചു വാരിയ
ഒരു ചൂല്
പൈപ്പുവെള്ളത്തിൽ കാൽമുഖം
കഴുകി
ചാഞ്ഞിരുന്നു അടുക്കള ചുമരിൽ

അടുത്തടുത്ത വീട്ടിലെ
അവനും, അവളും
പല്ലുതേച്ച് പതഞ്ഞ പേസ്റ്റ്
നീട്ടി തുപ്പി
പ്രണയചിഹ്നം വരച്ചുകൊണ്ടിരുന്നു
പരസ്പരം.

കണ്ണൂർ ജില്ലയിലെ കാഞ്ഞിരങ്ങാട് സ്വദേശി. തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജോലിചെയ്യുന്നു . നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ സജീവമായി എഴുതുന്നു