മഞ്ഞ പൂക്കള്‍ക്കു നടുവിൽ
ഞാനെന്റെ ഹൃദയം സൂക്ഷിക്കുന്നു
ജമന്തിയും ടെക്കോമയും
കോളാമ്പി പൂവും സൂര്യകാന്തിയും
ഹൃദയത്തെ ഏറ്റുവാങ്ങി
കൂടുതൽ മഞ്ഞിച്ചു തിളങ്ങുന്നു
ഉറുമ്പുകൾ തേൻ തേടി
വാഴയെ വലം വെയ്ക്കുന്നു
വാഴക്കുടപ്പനിൽ നിന്നൊരു
മൂന്നുവരയൻ തേൻ നുകരുന്നു
മേഘങ്ങളിൽ ഒരു കവിത വിരിയുന്നു
ഭൂമിയാക്കവിത ചൊല്ലി
പ്രദക്ഷിണം തുടരുന്നു
സൂര്യൻ,
ഇതളുകള്‍ ചുംബിച്ചു മറയുന്നു
വീണ്ടും കാണുമെന്ന്
വാക്കു നൽകുന്നു
രാത്രിയില്‍
പൂക്കള്‍ക്കു കൂട്ട്
നക്ഷത്രങ്ങളെ പറഞ്ഞേല്‍പ്പിക്കുന്നു
സൂര്യൻ സമാധാനമായി ഉറങ്ങി
കാലത്തുണരുന്നു,
പുതുമഞ്ഞപ്പൂക്കളെ കണ്ടു
പുഞ്ചിരി തൂകുന്നു
സന്ധ്യക്ക്
കരിഞ്ഞ മഞ്ഞപ്പൂക്കളുടെ ശവം
കരിയിലകള്‍ മറവു ചെയ്യുമ്പോൾ
എന്റെ പാവം ഹൃദയം
വാടി വീഴുന്നു.