ഒന്ന്
“പ്രണയാർദ്രമായ നറുനിലാവൊഴുകിയ രാവുകളിലൊന്നിൽ, യമുനാതീരത്ത് കണ്ണന്റെ മടിയിൽ തലചായ്ച്ചു കിടക്കുമ്പോൾ, കടലാഴങ്ങളൊളിക്കുന്ന അവന്റെ മിഴികളിലേയ്ക്കുറ്റുനോക്കി രാധ ചോദിച്ചു: “കണ്ണാ… നീയെന്നെ മറക്കുമോ…?”
നന്ദകിശോരൻ മറുപടിയൊന്നും പറഞ്ഞില്ല. കൺകോണുകളിലൂറിയ നനവ് അവൾ കാണാതിരിക്കാനെന്നോണം, മരച്ചാർത്തുകൾക്കിടയിലൂടെ ആകാശത്തിലെ വിളറിയ മേഘത്തുണ്ടുകളെ നോക്കിയിരിക്കുകയായിരുന്നു അവൻ. യമുനയുടെ ഓളങ്ങളും അവളുടെ ചോദ്യമാവർത്തിച്ചപ്പോൾ, സ്വതസിദ്ധമായ കുസൃതിത്തരം കണ്ണുകളിൽ വീണ്ടെടുത്ത്, ലാസ്യസുന്ദരമായ ഒരു പുഞ്ചിരി അവളുടെ ഹൃദയത്തിലേയ്ക്ക് പകർന്നുകൊണ്ട് അവൻ തന്റെ വേണുവിൽ തേൻമഴ പൊഴിക്കാൻ തുടങ്ങി.
പിന്നെ, ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കു പകരം മുളങ്കുഴലിൽ മൌനം നിറച്ച് അവൻ എന്നേയ്ക്കുമായി പിരിഞ്ഞുപോയപ്പോഴും, പക്ഷേ, അവൾ കരഞ്ഞില്ല. കാരണം, ആ നിമിഷം വരെ അവൻ പകർന്നു നൽകിയ പ്രണയം മാത്രം മതിയായിരുന്നു അവൾക്ക്, ശേഷിക്കുന്ന ജീവിതം ഒരു സ്വപ്നത്തിലെന്നപോലെ ജീവിച്ചുതീർക്കുവാൻ…!”
ആര്യ ദീപേഷ്
രണ്ട്
വെളുപ്പാൻകാലത്ത് കാണുന്ന സ്വപ്നങ്ങൾ ഫലിക്കുമെന്ന് ആരാണ് പറഞ്ഞത്…? ഇല്ല; ഒരിക്കലും…, ഒരിക്കലും ഫലിക്കാൻ പോകുന്നില്ലാത്ത ഒരു സ്വപ്നമാണ് ഇന്ന് വെളുപ്പിന് ഞാൻ കണ്ടത്. കടുത്ത പനി ബാധിച്ച്, പാതി ബോധത്തിലും പാതി അബോധത്തിലുമായി ഉറക്കം നഷ്ടപ്പെട്ട രാത്രിക്കൊടുവിൽ എപ്പോഴോ മയക്കത്തിലേയ്ക്ക് വഴുതി വീണതായിരുന്നു ഞാൻ.
എന്റെ സ്വപ്നത്തിൽ, നിറയെ ചെടികളും പൂക്കളുമുള്ള, പച്ചപ്പ് നിറഞ്ഞ മുറ്റത്തേയ്ക്ക് ഇളവെയിൽ ചാഞ്ഞുകിടപ്പുണ്ടായിരുന്നു. തളിരിട്ട മുന്തിരിവള്ളികൾ മുറ്റത്തിന്റെ ഒരു കോണിൽ പന്തലിച്ചുനിന്നിരുന്നു. പേരറിയാത്ത ഏതൊക്കെയോ പക്ഷികളുടെ മധുരസംഗീതം അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ടായിരുന്നു.
കറുത്ത ഗ്രാനൈറ്റ് വിരിച്ച നീളൻ വരാന്തയിലെ തൂണുകളിലൊന്നിൽ ചാരിയിരിക്കുന്ന അവളുടെ മടിയിൽ തലവച്ചുകിടക്കുകയായിരുന്നു ഞാൻ; ആകാശത്തിന്റെ അനന്തമായ ശാന്തത ഉറഞ്ഞുകൂടിയതുപോലുള്ള അവളുടെ കരിനീലക്കണ്ണുകളിലേയ്ക്കുറ്റുനോക്കിക്കൊണ്ട്!
അവൾ കഥപറയുകയായിരുന്നു… അവളുടെ ജീവിതം കൊണ്ടെഴുതിയ കഥകൾ. അവൾ പറഞ്ഞ കഥകൾ കേട്ട്, എന്റെ മനസ്സിൽ അവളോടുണ്ടായിരുന്ന എല്ലാ ദേഷ്യവും മഞ്ഞുപോലെ അലിഞ്ഞലിഞ്ഞില്ലാതാകുന്നത് ഞാനറിഞ്ഞു. പിന്നീടെപ്പോഴോ ജാഗ്രത്തിലേയ്ക്കുണർന്നപ്പോഴും ആ സ്വപ്നം കണ്ണുകളിൽ നിന്ന് മാഞ്ഞിരുന്നില്ല.
ഇതുവരെ ഞാനെഴുതിയ കഥകളിലൊക്കെയും, ചതിയുടേയും വഞ്ചനയുടേയും പ്രതിരൂപമായ ഒട്ടേറെ സ്ത്രീ കഥാപാത്രങ്ങൾക്ക് വാർപ്പ് മാതൃകയെന്ന് മനസ്സിൽ കരുതിയിരുന്നവൾ…! ഒരിക്കൽ, ജീവിതത്തിലെ ഏറ്റവും വലിയ അപമാനം സമ്മാനിച്ച് കടന്നുപോയവൾ…! എന്റെ ഭാര്യയാകേണ്ടിരുന്നവൾ…! നിശ്ചയിച്ചുറപ്പിച്ച കല്ല്യാണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കാമുകനോടൊപ്പം ഒളിച്ചോടി, എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മുഹൂർത്തങ്ങൾ സമ്മാനിച്ചവൾ…
അങ്ങനെയുള്ള ഒരുവളെ വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടുക; അവളോടൊപ്പം ഒരേ ഓഫീസിൽ അടുത്തടുത്ത സീറ്റുകളിലിരുന്ന് ജോലി ചെയ്യേണ്ടി വരിക; ഓരോ നിമിഷവും ഉള്ളിൽ മുളച്ചുപൊന്തിയ വെറുപ്പും ദേഷ്യവും പുറത്തുകാണിക്കാനാകാതെ വീർപ്പുമുട്ടുക…. അങ്ങനെയൊരവസ്ഥ നിങ്ങൾ സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ടോ…? വെറും സങ്കൽപ്പമല്ല, ഞാനനുഭവിച്ചതാണ്.
ഓ, അവളെ ഞാൻ നിങ്ങൾക്കു പരിചയപ്പെടുത്തിയില്ലല്ലോ. അവളെഴുതിയ കഥകളിലെല്ലാം അവൾ തന്നെയായിരുന്നു നായിക. ഞാനെഴുതിയ കഥകളിൽ പ്രതിനായികയും! അവൾ- ആര്യ…, ആര്യ രാമനാഥൻ, അല്ല, ആര്യ ദീപേഷ്….
മനപൂർവ്വം ഒരകലം പാലിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിരുന്നെങ്കിലും, സഹപ്രവർത്തകൻ എന്ന നിലയിലുള്ള ഒരു സ്വാതന്ത്ര്യമോ അടുപ്പമോ അവളുടെ ഭാഗത്തുനിന്ന് എപ്പോഴും കിട്ടിയിരുന്നു. “ഇതൊന്നും വെറും കഥകളല്ല, എന്റെ ജീവിതമാണ്…, എന്റെ അതിജീവനത്തിന്റെ തിരുശേഷിപ്പുകൾ…!” എന്ന മുഖവുരയോടെ, അവൾ ഇടയ്ക്കിടെ വാട്ട്സാപ്പിൽ അയച്ചുതന്നിരുന്ന കഥകളാണ് വീണ്ടും മനസ്സിലേയ്ക്ക് കടന്നുവന്നത്. സ്വയം കഥാപാത്രമായി കഥകളെഴുതുമ്പോൾ അവളുടെ ഉള്ളിൽ നിറഞ്ഞുനിന്നിരുന്നത് അഭിമാനമാണോ, ജീവിതം തട്ടിത്തെറിപ്പിച്ചവരോടുള്ള പകയാണോ എന്ന് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.
രണ്ടുദിവസം മുമ്പ് അവളയച്ച ഒരു കഥ നെഞ്ചിലിങ്ങനെ കെട്ടിക്കിടക്കുന്നുണ്ട്; ഇനിയും ഇറക്കിവയ്ക്കാൻ കഴിയാത്ത ഒരു ഭാരമായി. “പ്രണയതാളം”, അതായിരുന്നു ആ കഥയുടെ പേര്.
മൂന്ന്
“അമ്പലനടയിൽ തൊഴുതുനിൽക്കുമ്പോഴും ആര്യയുടെ മനസ്സുനിറയെ ഏകാകിനിയായിത്തീർന്ന രാധയായിരുന്നു. കൃഷ്ണാ…! നീയെന്തിനാണ് എപ്പോഴുമിങ്ങനെ പെൺമനസ്സുകളിൽ വേദന നിറയ്ക്കുവാൻ വേണ്ടി മാത്രം പ്രണയം ചൊരിയുന്നത്?
വളരെ നാളുകൾക്കുശേഷം തിരുനടയിൽ കണ്ണടച്ചു തൊഴുതുനിൽക്കുമ്പോൾ ആര്യയുടെ മിഴിക്കോണുകളിൽ മഴമേഘങ്ങൾ പെയ്തിറങ്ങി. ഇല്ല കണ്ണാ, ഞാൻ കരയില്ല. നഷ്ടപ്പെട്ടുപോയ എന്റെ പ്രണയത്തെക്കുറിച്ച് ഇനി ഓർക്കുക കൂടിയില്ല. നിന്നെ മാത്രം നിനച്ച്, നിന്നിൽ മാത്രം ജീവിച്ച രാധയെ വൃന്ദാവനിയിലുപേക്ഷിച്ച് മഥുരയ്ക്ക് പോയവനോട് ഞാനെന്തു പരിഭവം പറയാൻ…?
അവൾ കണ്ണുകൾ തുറക്കുമ്പോൾ, പ്രായംചെന്ന പൂജാരി നിർന്നിമേഷനായി അവളെത്തന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു. ഐശ്വര്യം നിറഞ്ഞ ഒരു പുഞ്ചിരി ആ മുഖത്ത് പൂത്തുനിന്നിരുന്നു. അവൾ ഒരു വാടിയ പുഞ്ചിരി തിരികെ നൽകി.
“ഇന്ന് ജോലിക്കു കേറാൻ പോണു… ല്ലേ…?” ഇലച്ചീന്തിൽ പൂവും പ്രസാദവും അവളുടെ കൈകളിലേയ്ക്കു നൽകുമ്പോൾ, ശ്വാസം വലിക്കാൻ പ്രയാസപ്പെട്ട് ആ വൃദ്ധൻ ചോദിച്ചു.
“അതെ… ”
“നന്നായി പ്രർത്ഥിച്ചോളൂ… ഭഗവാൻ എല്ലാം കാണണ്ണ്ട്…”
ഒരിക്കൽക്കൂടി ആ മുഖത്തിനുനേരെ പുഞ്ചിരിച്ച്, കണ്ണനെ ഒന്നുകൂടി തൊഴുത് ആര്യ പുറത്തേയ്ക്കിറങ്ങി. സമയം ഏഴുമണിയായിട്ടുണ്ടാകും. ഒൻപതു മണിക്കുള്ള ബസ്സിനു പോയാലേ പത്തിനു മുമ്പ് മുവാറ്റുപുഴയിൽ എത്താൻ പറ്റുകയുള്ളൂ. സിവിൽ സ്റ്റേഷൻ വരെ പോകുന്ന ഒരു ബസ്സ് ടൌണിൽ നിന്നുണ്ട്. അമ്പലത്തിൽ നിന്നും മടങ്ങുന്നതിനിടയിൽ പലരും അവളോട് വിശേഷങ്ങൾ തിരക്കുന്നുണ്ടായിരുന്നു. ഈ നാട്ടിൽ വന്നതിനു ശേഷം അധികമൊന്നും പുറത്തേയ്ക്കിറങ്ങാറില്ലെങ്കിലും ആളുകൾക്കൊക്കെ തന്നെ അറിയാമല്ലോ എന്ന്, ഉള്ളിലുയർന്ന വിങ്ങലൊതുക്കി അവളോർത്തു.
മുവാറ്റുപുഴയ്ക്കുള്ള ബസ്സിലിരിക്കുമ്പോഴും ആര്യയുടെ മനസ്സിൽ ആദ്യമായി ജോലികിട്ടി ജോയിൻ ചെയ്യാൻ പോകുമ്പോഴുള്ള ആകാംക്ഷയോ സംഭ്രമമോ ഉണ്ടായിരുന്നില്ല. ബസ്സ് മുന്നോട്ടു നീങ്ങുന്നതിനൊപ്പം അലസമായി കടന്നുവന്ന തണുത്ത കാറ്റ് മെല്ലെ മയക്കത്തിലേയ്ക്കു കൂട്ടിക്കൊണ്ടുപോകുമ്പോൾ ദീപുവിന്റെ മുഖമാണ് അവളുടെ മനസ്സിൽ തെളിഞ്ഞുവന്നത്. വായനകളിലും സ്വപ്നങ്ങളിലും എന്നും അവൾക്ക് കൂട്ടായിരുന്ന കൃഷ്ണന്റെ നിറവും ചിരിയുമുള്ള ദീപു, ദീപേഷ്. അവന്റേയും വിളിപ്പേര് കണ്ണനെന്നു തന്നെയായിരുന്നുവല്ലോ…!
പ്രണയത്തിന്റെ പാട്ടുകാരൻ…! ഡിഗ്രിക്കു പഠിച്ചുകൊണ്ടിരുന്ന കാലത്താണ് അവനെ പരിചയപ്പെട്ടത്. കോളേജിലെ ഓരോ പരിപാടിക്കും അവൻ പാടിയ പാട്ടുകൾ കാതുകളിലായിരുന്നില്ല പെയ്തിറങ്ങിയത്, ഹൃദയത്തിലായിരുന്നു! പക്ഷേ, ഒരിക്കൽപ്പോലും പ്രണയം തുറന്നു പറയാൻ കഴിയാതിരുന്ന നാളുകൾ… പരസ്പരമറിയിക്കാതെ പ്രണയിച്ചു നടന്ന മൂന്നു വർഷങ്ങൾ…!
ഒടുവിൽ ഡിഗ്രി ക്ലാസ്സുകൾ കഴിഞ്ഞ് പടിയിറങ്ങുമ്പോൾ, ഉള്ളിലെവിടെയൊക്കെയോ വിങ്ങലുകളൊളിപ്പിച്ച്, നീറിപ്പിടഞ്ഞ കണ്ണുകൾ കാണാതിരിക്കാൻ പരസ്പരം മുഖം കൊടുക്കാൻ മടിച്ച് യാത്ര പറഞ്ഞു പിരിയുമ്പോൾ ഒരിക്കലുമിനി കാണുകയില്ലെന്ന് മനസ്സ് പിടയുന്നുണ്ടായിരുന്നു. പറയാൻ കഴിയാതെ പോയ പ്രണയം ആ കൽപ്പടവുകളിൽ കൊഴിഞ്ഞുവീണ് വാടിക്കരിഞ്ഞുവെന്ന് മനസ്സിനെ വിശ്വസിപ്പിക്കാൻ ഏറെ പാടുപെട്ടു.
അപ്പോഴും നീ നിന്റെ മായക്കളികൾ തുടരുകയായിരുന്നല്ലോ കൃഷ്ണാ! അതേ കോളേജിൽത്തന്നെ പി.ജി.ക്ക് ചേർന്ന ആദ്യ നാളുകളിലൊന്നിൽ വളരെ അപ്രതീക്ഷിതമായിട്ടാണ് ദീപു വീണ്ടും മുന്നിലെത്തിയത്. വശീകരിക്കുന്ന തിളക്കവും കണ്ണുകളിൽ നിറച്ച്, മയക്കുന്ന ചിരിയും ചുണ്ടുകളിൽ വിടർത്തി…! എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നിട്ടും ഒന്നും മിണ്ടാനാകാതെ കോളേജിന്റെ നീണ്ട പടിക്കെട്ടുകളിലൊന്നിൽ, എന്തിനെന്നറിയാതെ വക്കോളമെത്തിയ കരച്ചിൽ ചുണ്ടുകളിൽ കടിച്ചമർത്തി തലകുനിച്ചിരിക്കുമ്പോൾ അവനാണ് ആദ്യം പറഞ്ഞത്…, “ആര്യാ… നിന്നെ… നിന്നെയെനിക്ക്… ഒരുപാടിഷ്ടമാണ്…!”
ഹൃദയം പടപടാ മിടിച്ചതും, ചുണ്ടുകൾ വരണ്ടുണങ്ങിയതും ഈ മയക്കത്തിലും എനിക്കു വീണ്ടും അനുഭവിക്കാൻ പറ്റുന്നു കണ്ണാ…! നിറഞ്ഞുതുളുമ്പി പെയ്യാനൊരുങ്ങിയ രണ്ടു കരിനീലത്തടാകങ്ങൾ കണ്ട് നീയന്ന് വല്ലാതെ പരിഭ്രമിച്ചു. ഞാനെങ്ങനെയാണ് കണ്ണാ എന്റെ ഇഷ്ടം പറയേണ്ടത്…? എനിക്കറിയുമായിരുന്നില്ലല്ലോ…; എന്റെ ഇഷ്ടം നീ തിരിച്ചറിയാൻ വൈകിയതെന്തെന്ന് ചോദിക്കാൻ നാവിന് കരുത്തുമുണ്ടായിരുന്നില്ലല്ലോ…!
ഞാൻ കരയുമെന്ന് പേടിച്ച്, നീ നിന്റെ വീട്ടുകാര്യങ്ങളും, പഠനം നിർത്തിയതും, മൂന്നാറിലെ ഒരു റിസോർട്ടിൽ ജോലിക്കു കയറിയതുമൊക്കെ പറയുമ്പോഴും എന്റെ കാതുകളിൽ നിന്റെ പ്രണയം മുഴങ്ങുകയായിരുന്നു; വേനൽമഴ പോലെ പെയ്തിറങ്ങുകയായിരുന്നു. അന്നു പിരിയുമ്പോൾ ഒരു തുണ്ടു കടലാസ്സിൽ നിന്റെ അയൽപക്കത്തെ ലാൻഡ്ഫോൺ നമ്പർ കുറിച്ചു തന്നതും ഞാനാദ്യമായി നിന്നെ വിളിച്ചതും…. ഓർക്കുമ്പോൾ ഈ നിമിഷവും ഉള്ളിൽ നിന്നുയരുന്ന ആ കുളിരാണ് എന്നെ ഇന്നും ജീവിപ്പിക്കുന്നത്.
നമ്മൾ തമ്മിൽ ഒരിക്കലും ചേരില്ല എന്ന് പലവട്ടം നീ ആത്മവിലാപമുയർത്തിയപ്പോഴും സ്നേഹത്തിന്റെ നെരിപ്പോടിലേയ്ക്ക് നിന്നെ വീണ്ടും ചേർത്തുപിടിച്ചത് ഞാനായിരുന്നുവല്ലോ…! നീ എന്നെ മറന്ന് എവിടേയ്ക്ക് പോയൊളിച്ചാലും എനിക്കതിനാകുമായിരുന്നില്ലല്ലോ കണ്ണാ. ഗോപികാഹൃദയങ്ങളപ്പാടെ തന്നിലേയ്ക്ക് ബന്ധിച്ച മായക്കണ്ണന്റെ ജാലവിദ്യകൾ നീയും സ്വായത്തമാക്കിയിരുന്നുവെന്ന് എനിക്ക് മാത്രമല്ലേ അറിയൂ…
പി.ജി. കഴിഞ്ഞപ്പോൾ മുറുകിത്തുടങ്ങിയ കല്ല്യാണാലോചനകൾ, ജോലി കിട്ടിയിട്ട് മതിയെന്നു പറഞ്ഞ് തടഞ്ഞുനിർത്തിയതും മറ്റാർക്കും വേണ്ടിയായിരുന്നില്ലല്ലോ. ഒടുവിൽ, ജീവിതപ്രാരാബ്ധങ്ങളുടെ മുഴുവൻ അപകർഷതാബോധവും തലയിൽപ്പേറി നീയും അച്ഛനും കൂടി എന്റെ വീട്ടിൽ വന്നത് ഞാനെങ്ങനെ മറക്കും? കുനിഞ്ഞ ശിരസ്സോടെ നിങ്ങൾ തിരിച്ചിറങ്ങുമ്പോൾ എന്റെ അച്ഛന്റെ അലർച്ചയും, അതിലുമുച്ചത്തിൽ ആ കൈകൾ എന്റെ കവിളത്ത് ആഞ്ഞുപതിച്ച ശബ്ദവും കേട്ട് ഒരു നിമിഷം നീ തിരിഞ്ഞു നിന്നത് ആ ശൂന്യതയിലും എനിക്കു തിരിച്ചറിയാൻ കഴിഞ്ഞിരുന്നുവല്ലോ….
കുടുംബത്തിന്റെ മാനംകെടുത്താൻ പിറന്ന പെൺസന്താനത്തിന്റെ മനസ്സുമാറ്റാൻ അച്ഛനും അമ്മയും ചേട്ടനുമെല്ലാം ഒരുപാട് പരിശ്രമിച്ചു. പക്ഷേ, എനിക്കാവുമായിരുന്നില്ലല്ലോ നിന്നെ മറക്കാൻ! കുഞ്ഞുന്നാൾ മുതലേ ഞാൻ കേട്ടുവളർന്ന കഥകളിലൊക്കെയും നിറഞ്ഞുനിന്നത് രാധാകൃഷ്ണപ്രണയമായിരുന്നു. മുത്തശ്ശി പാടിത്തന്ന പാട്ടുകളിലൊക്കെയും വഴിഞ്ഞൊഴുകിയത് കറുത്ത നിറമുള്ള ഗോകുലബാലന്റെ ഇന്ദ്രജാലങ്ങളായിരുന്നു. പിന്നെ മുതിർന്നപ്പോൾ, സ്വന്തം വീട്ടിൽപ്പോലും ഏകാകിനിയായിത്തീരുമോയെന്ന് ഭയപ്പെട്ട നാളുകളിൽ, കൃഷ്ണാ, പുസ്തകങ്ങളിലൂടെ…, പാട്ടുകളിലൂടെ… നിന്നിൽ അലിയാൻ കൊതിക്കുകയായിരുന്നു ഞാൻ! എന്റെ ഏകാന്തതയിലും വിരസമായ ജീവിതത്തിലും മഴയായ് പൊഴിയാൻ നീ നേരിട്ടു വന്നതാണെന്ന് ഞാൻ ശരിക്കും വിശ്വസിച്ചുപോയി…
ഒടുവിൽ, ഒരിക്കൽപ്പോലും എന്റെ ഇഷ്ടങ്ങളെ അറിഞ്ഞിട്ടില്ലാത്ത, പണം കൊണ്ടല്ലാതെ എന്നെ സ്നേഹിച്ചിട്ടില്ലാത്ത എന്റെ അച്ഛനേയും അമ്മയേയും വിട്ട് നിന്റെ കൂടെ ഇറങ്ങി വരാൻ ഞാൻ തീരുമാനിച്ചപ്പോൾ തടസ്സം പറഞ്ഞത് നീയായിരുന്നു. പക്ഷേ, ഇനിയൊരു തിരിച്ചുപോക്ക് എനിക്കുണ്ടാവില്ലെന്ന് നിറഞ്ഞൊഴുകിയ കണ്ണുകൾ മറുപടി പറഞ്ഞപ്പോൾ എന്റെ കൈപിടിച്ച് കൂടെ കൂട്ടിയ ആ ദിവസം ഇന്നലെ കഴിഞ്ഞതുപോലെ ഞാനോർക്കുന്നു. എന്റെ കൈകളിൽ മുറുകെപ്പിടിച്ച നിന്റെ കറുത്ത കൈകളിൽ മുഖം ചേർത്തമർത്തിവച്ച് ഞാനെത്ര ചുംബിച്ചു; ഉള്ളുരുകിയൊലിച്ചിറങ്ങിയ കണ്ണുനീരിനാൽ ആ കൈകൾ ഞാനെത്ര പൊള്ളിച്ചു…!
കണ്ണാ…, സ്നേഹിക്കാൻ മാത്രമറിയുന്ന നിന്റെ അച്ഛനും അമ്മയും എന്നെ ചേർത്തുപിടിച്ചപ്പോൾ, മഴ പെയ്തു തോർന്ന മാനം പോലെ കാർമേഘങ്ങളൊഴിഞ്ഞ് എന്റെ മനസ്സ് എത്ര ശാന്തമായെന്നോ…! ഒരു രാത്രി വീട്ടിൽ നിന്ന് മാറി നിൽക്കുന്നതാണ് നല്ലതെന്ന് എല്ലാവരും പറഞ്ഞപ്പോൾ, നിന്റെ കൂടെ ഏതു നരകത്തിലേയ്ക്കു വേണമെങ്കിലും വരാനെനിക്കു ഭയമില്ലല്ലോയെന്ന് മനസ്സിലോർത്തുകൊണ്ടാണ് ഞാനിറങ്ങിയത്.
ആ രാത്രിയിൽ നിന്റെ അടുത്തിരുന്ന്, നിന്റെ കണ്ണുകളിൽ തിളങ്ങുന്ന കാന്തികശക്തിയുള്ള നക്ഷത്രക്കൂട്ടങ്ങളെ മതിവരുവോളം നോക്കിയിരിക്കണമെന്ന്, പ്രണയത്തിന്റെ ചന്ദ്രകാന്തക്കല്ലുകൾ പതിച്ച നിന്റെ അധരങ്ങളിൽ ചേതോഹരമായ ആ പുഞ്ചിരി വിടരുന്നതും നോക്കി നിന്റെ മടിയിൽ തലചായ്ച്ചു കിടക്കണമെന്ന്…. ഞാനെത്ര കൊതിച്ചിരുന്നുവെന്നോ കണ്ണാ…! പക്ഷേ… പക്ഷേ….
ആര്യയുടെ സ്വപ്നസഞ്ചാരത്തിന് വിരാമമിട്ട് ബസ്സ് സിവിൽ സ്റ്റേഷനു മുന്നിലെത്തി നിന്നു. അവൾ കണ്ണുകൾ തുറന്നു. പലപല കാര്യങ്ങൾക്കായി വിവിധ ഓഫീസുകളിലേയ്ക്കെത്തിയവരും, ആ ഓഫീസുകളിലെ ജീവനക്കാരായവരും ഇറങ്ങാൻ തിക്കിത്തിരക്കി. ദീർഘമായി ഒന്ന് നിശ്വസിച്ച്, ശബ്ദമില്ലാതെ ‘കൃഷ്ണാ…’ എന്ന് വിളിച്ചുകൊണ്ട് അവളും ഇറങ്ങി.
മുന്നിലെ വലിയ ഗേറ്റ് കടന്ന്, സ്റ്റെപ്പുകൾ കയറി താലൂക്ക് ഓഫീസിലേയ്ക്കു ചെല്ലുമ്പോൾ അവിടെ ജീവൻ വച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. പുതുതായി ജോയിൻ ചെയ്യാൻ വന്നതാണെന്നറിഞ്ഞപ്പോൾ ചിലരൊക്കെ ഒരു പുഞ്ചിരി സമ്മാനിച്ച് പരിചയപ്പെടാനെത്തി. “തഹസീൽദാർ ഇപ്പോ വരും, ഇരിക്കൂട്ടോ….”
ആര്യ, അവിടെ ആളൊഴിഞ്ഞ ഒരു കസേരയിൽ ഇരുന്നു. ആരൊക്കെയോ അപരിചിത ഭാവത്തിൽ അവളെ ഒന്നു നോക്കി കനത്ത കാൽവയ്പ്പുകളോടെ മുന്നോട്ടു നടന്നു. പലഭാഗത്തും നിന്നും പലതരത്തിലുള്ള നോട്ടങ്ങൾ തന്റെ മേലേയ്ക്കു പാറിവീഴുന്നത് അവളറിയുന്നുണ്ടായിരുന്നു. അപ്പോഴും അവളുടെ ചുണ്ടുകൾ ശബ്ദമില്ലാതെ കൃഷ്ണനാമം ജപിച്ചുകൊണ്ടിരുന്നു…
“മൂന്നാലു വർഷം മുമ്പ് ടീവീലൊക്കെ വന്ന ഒരു കേസ് ഓർക്കുന്നുണ്ടോ…? വല്യവീട്ടിലെ പെണ്ണിനെ അടിച്ചോണ്ടുപോയ ഒരുത്തനെ അവളുടെ വീട്ടുകാര് കൊന്നു കളഞ്ഞത്…? ആ പെണ്ണാ ആ ഇരിക്കുന്നേ….”
എവിടെ നിന്നോ കാതുകളിൽ വന്നുവീണ ആ വാക്കുകൾ അവളുടെ ഹൃദയത്തിലെവിടെയോ പോറൽ വീഴ്ത്തി; മുറിപ്പാടിൽ രക്തം കിനിഞ്ഞു. ഉള്ളിലുറഞ്ഞു കൂടിയ നീറ്റൽ കണ്ണുകളിലേയ്ക്കു പടർന്നു. ഉത്തരമില്ലാത്ത നൂറായിരം ചോദ്യങ്ങൾക്കു മുന്നിൽ എന്നെ എറിഞ്ഞു കൊടുത്തിട്ട് നീ ഒറ്റയ്ക്ക് പോയതെന്തിനാണ് കണ്ണാ…?
“അനാഥപ്രേതം പോലെ രണ്ടാത്മാക്കളെ, ജീവിതത്തിൽ ഇനിയൊന്നും പ്രതീക്ഷിക്കാനില്ലാത്ത ഒരച്ഛനേയും അമ്മയേയും, ഈ ഭൂമിയിലുപേക്ഷിച്ച് നിന്നെ മാത്രം ഞാനെങ്ങനെ കൊണ്ടുപോകും മുത്തേ…?“ ദീപുവിന്റെ കരങ്ങൾ തന്റെ കൈകളിൽ മുറുകെപ്പിടിക്കുന്നതുപോലെ അവൾക്ക് തോന്നി. കൺകോണുകളിൽ ഉറവയെടുത്ത പളുങ്കുമണികൾ ആരും കാണാതെ വിരൽത്തുമ്പു കൊണ്ട് തുടച്ച് അവൾ പുറത്തേയ്ക്കു നോക്കിയിരുന്നു…“
നാല്
ഒരേ ജീവിതസന്ദർഭങ്ങൾ തന്നെ എത്ര വ്യത്യസ്തമായ രീതിയിലാണ് ഞങ്ങൾ രണ്ടുപേരും കണ്ടിരുന്നതെന്ന് എനിക്കിപ്പോൾ ആശ്ചര്യം തോന്നുന്നു; അനൽപ്പമായ ആത്മനിന്ദയും! എല്ലാവർക്കും സ്വന്തം വീക്ഷണം തന്നെയാണ് എപ്പോഴും ശരി. തികച്ചും വിരുദ്ധമായ ആ ശരികൾക്കിടയിലെവിടെയോ ജീവിതം കുരുങ്ങിക്കിടപ്പുണ്ടാകും…; ഒരു വീണ്ടെടുപ്പില്ലാതെ…! ഇനിയും ഞാനെങ്ങനെയാണ് അവളോട് വെറുപ്പ് കാണിക്കുക…? ജീവിതമെന്തെന്നറിയുന്നതിനുമുമ്പേ തന്നെ അത് തച്ചുടയ്ക്കപ്പെട്ട അവളെ നെഞ്ചോട് ചേർത്തണയ്ക്കണമെന്നാണ് എനിക്കപ്പോൾ തോന്നിയത്.
തലേരാത്രിയിൽ, കടുത്ത പനിയുടെ മൂർച്ഛയിൽ ഒരു മതിഭ്രമത്തിലെന്ന പോലെ വായിച്ച വാട്ട്സാപ്പ് മെസേജിനെക്കുറിച്ചുള്ള ഓർമ്മ ഉള്ളിലൊരാന്തലോടെ ഉയർന്നുവന്നത് പെട്ടെന്നാണ്. വിറയ്ക്കുന്ന കൈകളോടെ ഞാൻ ഫോൺ തപ്പിയെടുത്തു. നിയന്ത്രിക്കാനാകാത്തവിധം ഉച്ഛസ്ഥായിയിലായ ശ്വാസഗതിയോടെ വാട്ട്സാപ്പിലെ ഓഫീസ് ഗ്രൂപ്പ് തുറന്നു. വളരെ വേഗത്തിൽ, തികച്ചും യാന്ത്രികമായി ഞാൻ മുകളിലേയ്ക്ക് സ്ക്രോൾ ചെയ്തുകൊണ്ടിരുന്നു. ഒടുവിൽ ഞാനത് കണ്ടെത്തി, തലേദിവസം രാത്രി പനിയുടെ മൂർച്ഛയിൽ, അർദ്ധബോധത്തിൽ വായിച്ച ആ സന്ദേശം…! രോമകൂപങ്ങളിലുറഞ്ഞുകൂടിയ മരവിപ്പോടെ ആ സന്ദേശം ഞാൻ വീണ്ടും വായിച്ചു.
“നമ്മുടെ സഹപ്രവർത്തക ആര്യ രാമനാഥൻ (28 വയസ്സ്) വൈകിട്ട് മുവാറ്റുപുഴ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. ഓഫീസിൽ നിന്ന് വീട്ടിലേയ്ക്ക് പോകുംവഴി വെള്ളൂർക്കുന്നത്തുവച്ച് ആര്യ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടം. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ….“