പ്രണയസ്‌നാനത്താൽ നീയെന്ന
മണമെന്നെ ചുറ്റിവരിയണം
ചുംബനഗന്ധങ്ങളിലുണർന്നുറങ്ങണം
മഞ്ഞുമഴയിൽ, മുകിൽ ഞൊറിഞ്ഞുടുത്തു
താരകപ്പൊട്ടു കുത്തി, മുടി പിന്നി
നക്ഷത്രപ്പൂചൂടി സൂര്യതാലിയണിയിക്കണം
നെഞ്ചിടിപ്പിൻ താളവും ശ്വാസനിശ്വാസ
രാഗവും സംഗീതമായെന്നിൽ നിറയണം
ചിറകുവിടർത്താത്ത അനുരാഗക്കുരുവി
മൗനം കനയ്ക്കും ശ്വാസക്കുഴലിൽ
കുരുങ്ങി വാക്കുകൾക്കായ് പിടയ്ക്കുന്നുണ്ട്
നീയടുത്തുണ്ടെങ്കിൽ,
പ്രണയവൃക്ഷങ്ങളറിയാതെ പൂക്കുന്നു
മൃദുസ്പർശനത്താലെ ഞരമ്പിലൂടെ
ഒഴുകുന്നു പ്രണയത്തിൻ പാൽക്കടൽ
രാമഴയിൽ നിന്നിൽ നൂഴ്ന്നിറങ്ങി
ചുംബനങ്ങളില്‍ തളിരിട്ട ഉടലിൽ
പ്രേമക്ഷതങ്ങൾ മധുരിക്കുന്ന നീറ്റലായി
ഉള്ളിന്റെയുള്ളിൽ മാത്രമവശേഷിക്കണം
മിഴികളിലൂടെ മനസ്സിന്നാഴങ്ങളിലേയ്ക്ക്
ഇറങ്ങിച്ചെല്ലുന്ന തീക്ഷ്ണമാമനുരാഗ ചരടിനാൽ
നിന്നിലേക്കായി തളച്ചിടപ്പെട്ടയെന്റെ മാനസം
അണയാത്ത പ്രണയാഗ്നിയുടെ പുകച്ചുരുളുകൾ
മൂക്കുതുളച്ചു തലച്ചോറിനുള്ളിലൊരു
ദീപ്തനാളമായ് കത്തിയെരിയുന്നുണ്ട്
സ്വപ്നാകാശത്തിലെ വെള്ളി ഓവുകളിൽ
പ്രണയത്തിൻ നവമണികൾ വിതയ്ക്കുന്നു
പ്രണയാകാശ വീഥിയിൽ പ്രണയവിത്ത്
അതിരുകളില്ലാ മനസ്സിന്റെ
ഉൾക്കാമ്പുകളിൽ പൊട്ടിത്തെറിക്കുന്നു
പുനഃപ്രക്ഷേപണങ്ങളാണോരോ പ്രണയമെങ്കിലും
നിന്നിലേക്കണഞ്ഞയെൻ പ്രണയപരാഗത്തെ
നെഞ്ചോടുചേർത്തു നീ പുണരുമ്പോൾ
ഇമകളിണയായി കൊക്കുരുമ്മും നിമിഷം
ഞാനും നീയുമെന്നത് നമ്മളായി തീരണം
കാമവഴികളിൽ നിന്നുമകന്ന് പ്രണയത്തിൽ
തുടങ്ങി പ്രണയത്തിലവസാനിക്കുന്ന പ്രണയം.