ഒരു വാക്കിൽ
അലരികൾ നിറംകൊടുത്തൊരു
സായന്തനത്തിലാണ് ആദ്യമായ്
അറിഞ്ഞത്.
പ്രണയം എന്ന ഒരൊറ്റവാക്കിന്റെ
ഉച്ചാരണത്തിൽ
അന്നുവരെ നിലനിന്ന
ഞാൻ എന്ന ആശയകണിക
കീഴ്മേൽ മറിയുകയും
മുഴുവനായ് തുറന്ന
പുതുമിഴികളിലൂടെ
ഞാൻ എനിക്കുചുറ്റിലുള്ളതിനെ
നോക്കുകയും ചെയ്തു.
നന്ദ്യാർവ്വട്ടത്തിന്റെ നേരിയ ലോലത,
ഗന്ധരാജൻ പൂവിട്ട ഇതളഴക്,
കണ്ടതിലൊക്കെയും വെണ്മ.
സൂര്യനെക്കാത്തുകാത്ത് വെറുതെ
ഉറക്കമൊഴിക്കുന്ന നിശാഗന്ധിയായ്
എന്റെ നിറഭേദം.
ആദ്യമഴ
മഴയുടെ നാദം അന്നാദ്യമായ്
ശോകാർദ്രമായിത്തോന്നി.
ജാലകവെളിയിൽ സാന്ദ്രമായ്
മഴ ഇറ്റിറ്റുവീണുവിതുമ്പി;
പേരറിയാത്തൊരു സന്ദേഹം
എന്തിനെന്നില്ലാതെ
എന്നിൽ ഉണർന്നു.
സ്മൃതിയുടെ ചില്ലയിലെ
ആ സന്ധ്യയിൽ
മാസ്മരികമായൊരു
അപരിചിതത്വം
വന്നുനിറഞ്ഞു.
ആ വേനൽമഴയെ ഓർക്കുമ്പോൾ
അറിയുന്നു;
അന്നോളം ഞാൻ നിന്നെ
പ്രണയിച്ചിരുന്നില്ല.
തിരിച്ചറിവ്
എന്നും തന്റെയരികിലേയ്ക്ക്
വരുമായിരുന്നയാളെ
കാണാഞ്ഞപ്പോൾ മാത്രം
ആദ്യമായി
പ്രണയിനി
അന്വേഷിച്ച് കണ്ടെത്തി.
വെറുതെ തിരയുകയായിരുന്നു;
അയാൾ പറയുന്ന കഥകളും,
കല്ലുവച്ച നുണകളും
കേൾക്കാൻ മാത്രമായ്
എന്ന ധാരണയിൽ.
അസ്വസ്ഥയായി,
ഒട്ടലഞ്ഞ് കണ്ടെത്തിയ
നിമിഷമാണറിഞ്ഞത്-
പോയ ശ്വാസത്തെ
തിരിച്ചുകിട്ടിയ പോലുള്ള
ആദ്യത്തെ തോന്നൽ.
പ്രണയം അതിന്റെ ആഴം
സ്വയം വെളിപ്പെടുത്തുന്നത്
ഒരൊറ്റ നിമിഷത്തിലാണു
ചിലപ്പോൾ!