പ്രണയക്കടലിൽ

പ്രണയക്കടലിൽ
തുഴപോലുമില്ലാതൊരു തോണിയിൽ
സമയ സൂചികകൾ ഒന്നുമില്ലാതെ
ഒരന്തിയിൽ
ചെന്നെത്തുന്നത്
നിന്റെ തീരത്ത് മാത്രമെന്ന് ഏറ്റവും അനിശ്ചിതമായ
ഒരു നിശ്ചയം മാത്രമുറപ്പിച്ച്
യാത്ര ആരംഭിച്ചവനാണ് ഞാൻ.

നിരന്തരാതപം
പകലണിയും വെളിച്ചങ്ങൾ, അർദ്ധദീപ്താoബരം
നിശബ്ദ രാത്രികൾ
തീരാതെ കണ്ടു കണ്ട്
പിന്നെ, പിന്നെ
കടലെനിക്ക് നീയായി.

നീ കടൽ ഉടൽ
എത്രമേൽ മോഹിതം
നഗ്ന മുലയിടകൾ
നടുവിനുൾച്ചുഴികൾ
പ്രവാഹങ്ങൾ
പ്രതിഗത മുടിച്ചുരുൾ
മലരികൾ
നീണ്ട് നീണ്ടാകാശം
കാണുന്ന കണ്ണുകൾ
ഹർഷ ദീർഘങ്ങൾ
നീക്കടൽ കാഴ്ചകൾ

ജലനാളങ്ങൾ കൊണ്ട്
ഉടലാണ്ട നിന്നിൽ പ്രണയച്ചൊരുക്കുമായി
ഞാനങ്ങനെ….

നിന്നപാരതയുടെ
നടുവിൽ ഞാൻ എങ്കിലും
എനിക്കെത്താൻ
കഴിയാത്ത ദൂരം
എനിക്കെത്തിനോക്കാൻ
ആകാത്തൊരാഴം

പിന്നെത്രകാലം ഉദിച്ചസ്തമിച്ചും
നിലാവുദിപ്പിച്ചും
അമാവാസിക്കിരുൾ കുടിച്ചും
പൂർണേന്ദുവെക്കണ്ടേറ്റമുൻമാദിയായും
നിന്നിലത്രമേൽ
അർത്ഥിയായി,
നീയനന്തതയിൽ
നീലിമിതമൊരുബിന്ദുവായി
ജന്മദൂരങ്ങൾ
അളന്നിട്ടു തീരാതെ
ഞാൻ
അലിഞ്ഞലഞ്ഞതാo
അബ്ദങ്ങൾ മാത്രകൾ

ഇന്ന് പ്രണയാന്ധകാല
പരപ്പിന്നുമപ്പുറം
നിരാലംബമേകാന്ത ഭ്രാന്തിനറ്റം
വിരക്തഹൃദയാൽ അന്തിമാനം, ചുവപ്പിച്ചു
കടൽ വിദാഹങ്ങൾ നുണഞ്ഞ മെയ് ബാക്കിയായി
ഉപ്പു തിരശ്ശീലവീണ
മസ്തിഷ്കമുടഞ്ഞ്
ചക്രവാളം കണ്ട്കണ്ടണഞ്ഞ
കൺ രണ്ടുമായി
ഏതെങ്കിലും തീരത്ത് അജ്ഞാത
മൃതദേഹമായെങ്കിലും അടിഞ്ഞാൽ മതിയെനിക്ക്.

ജീവകാലം എന്നെ
നിന്നിൽ തിരഞ്ഞു
കാണാതെ കടലിലെന്നെ, ഞാനുപേക്ഷിക്കുമ്പോൾ
ഉപ്പുകറ കുടിച്ചന്റെ മെയ്
നിനക്കുള്ള ലിപികളാലെഴുതാത്ത
കവിതയായി തീർന്നിടും.

തൃശ്ശൂർ ജില്ല മുല്ലശ്ശേരി പെരുവല്ലൂർ സ്വദേശ൦. ഓൺലൈനിൽ എഴുതുന്നു. ഡ്രൈവർ ആയി ജോലി ചെയ്യുന്നു