പ്രണയകാമസൂത്രം ആയിരം ഉമ്മകൾ (കുറിപ്പുകൾ )

മനുഷ്യ ജീവിതം അടയാളപ്പെടുത്തുന്നത് നിരന്തരമായ പരിവർത്തനങ്ങളുടെ ഫലത്തെയാണ്. ഓരോ സമൂഹവും പുറന്തള്ളുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന നന്മതിന്മകളെ പിൽക്കാലം സംസ്കാരമായും ആചാരമായും കൂടെക്കൂട്ടും. അടുത്ത ഒരു സമൂഹം ഉണ്ടായി വരുന്നത് വരെ മാത്രമാണതിൽ പലതിനും ആയുസ്സുണ്ടാവുക. മനുഷ്യവർഗ്ഗം മറ്റു ജീവജാലങ്ങളിൽ നിന്നും വേറിട്ട് നില്ക്കുന്ന ചില കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനമായ ഒന്ന് സന്താനോത്പാദനത്തിന് വേണ്ടി മാത്രമുള്ള ഒരു ലൈംഗികബന്ധ സംസ്കാരം ഉള്ള ജീവിവർഗ്ഗം അല്ല മനുഷ്യൻ എന്നതാണ്. വയറു നിറയെ ഭക്ഷണം ലഭിച്ചു കഴിഞ്ഞാൽ അവന് വേണ്ടത് സ്വന്തം ശരീരത്തിൻ്റെ ലിംഗവിശപ്പ് അകറ്റുക എന്നതാണ്. പരമ്പരാഗതമായി മനുഷ്യവർഗ്ഗത്തിൽ പുരുഷൻ്റെ ചില കാഴ്ചപ്പാടുകളും അധികാര കേന്ദ്രങ്ങളും ഉണ്ട്. ആ ആണധികാരത്തിൻ്റെ വാൾമുനയിൽ അവൻ്റെ ലൈംഗിക ചോദനകളുടെ ശമനം നല്കാനുള്ള ഒരു ശരീരയന്ത്രം മാത്രമാണ് പെണ്ണുടൽ എന്ന ചിന്താഗതി തലമുറകൾ കൈമാറി വരുന്ന ഒന്നാണ്. ഒരു പക്ഷേ ഹോമോസാപ്പിയൻ്റെ ജീനുകളുടെ കോഡിൽ ഇതൊരു അടയാളമായി പതിഞ്ഞു കഴിഞ്ഞിരിക്കുന്നുണ്ടാകാം ഇതിനകം. ഈ ആണധികാരം അവൻ കാത്തു സൂക്ഷിച്ചിരുന്നത് രഹസ്യമായ ഒരു വസ്തുതയായിരുന്നില്ല. ഭാരതം ലൈംഗികതയുടെ തുറന്ന ആകാശമായിരുന്നു ഒരു കാലത്ത്. ഈ വസ്തുതയെ സാധൂകരിക്കുന്നത് കാമസൂത്ര ,കോകശാസ്ത്രം, അനംഗരംഗ എന്നീ ഗ്രന്ഥങ്ങളും അജന്ത എല്ലോറ ഖജൂരാഹോ ശില്പങ്ങളും ഒക്കെക്കൊണ്ടാണ്. ഇവയിലൊക്കെയും സ്ത്രീയെ എങ്ങനെയൊക്കെ എവിടെ വച്ചൊക്കെ ഏതൊക്കെ പ്രായത്തിൽ രതിയിൽ ഏർപ്പെടാം എന്നൊക്കെയുള്ള വിവരണങ്ങളും അവൾ എങ്ങനെയൊക്കെ അവനെ രതിയിൽ സന്തോഷിപ്പിക്കണം എന്നും അവളിൽ എവിടെയൊക്കെ നഖം, പല്ല്, ആയുധം എന്നിവയാൽ മുറിവുകൾ സൃഷ്ടിക്കാം എന്നും ഒക്കെത്തന്നെയാണ്. സ്ത്രീ, പുരുഷശരീരത്തിലെ വ്യത്യാസങ്ങൾ അടിസ്ഥാനമാക്കി തരാതരം തിരിച്ചു പുരുഷന് തിരഞ്ഞെടുപ്പു സുഗമമാക്കാൻ ഈ ഗ്രന്ഥങ്ങൾ പരമാവധി ശ്രമിക്കുന്നു. ഇതിന് സമാനമായ ലൈംഗിക ഗ്രന്ഥങ്ങൾ അന്യ രാജ്യങ്ങളിലും ഉണ്ടായിരുന്നിട്ടുണ്ട്. ഫോർബിഡൻ ലവ്സ് എന്ന പേരിൽ അറബിയിലുണ്ടായിരുന്ന അത്തരം ഒരു പുസ്തകം വായിച്ചത് ഓർമ്മയിൽ വരുന്നുണ്ട്. ഈ ആണധികാരത്തെ അവൻ ശക്തമായി അടിച്ചേൽപ്പിക്കുകയാണുണ്ടായത്. ഇതിൽ നിന്നും അവളെ കുതറി മാറാൻ അനുവദിക്കാതെ മതമെന്ന തത്വപുസ്തകത്തിലൂടെയും ദൈവം എന്ന ആൺസങ്കൽപ്പത്തിലൂടെയും അവന് അവളെ അധീശതയിൽ വരുത്താൻ ശാസനകളും ശിക്ഷകളും നല്കിയിട്ടുള്ളതായി കാണാം. എല്ലാ മതങ്ങളും ഇക്കാര്യത്തിൽ ഒരുപോലെയാണ് . മനുസ്മൃതിയും അതിനു ശേഷം നൂറ്റാണ്ടുകൾക്ക് ശേഷം വരുന്ന ഖുറാനിലും അവൾ നിൻ്റെ വിത്ത് വിതയ്ക്കാനുള്ള നിലമാണ് എന്ന സാമ്യത ദൈവ സങ്കല്പത്തിലൂടെ പറഞ്ഞു വയ്ക്കുന്നത് ഇതിന് രണ്ടു കാലങ്ങളിലെ രണ്ടിടങ്ങളിലെ ചിന്തയുടെ സാമ്യത തെളിവായി തരുന്നുണ്ട്.

ലൈംഗികതയുടെ കാര്യത്തിൽ പൊതുവേ മലയാളി ഒരു ദരിദ്രനാണ്. ശരിയായ ലൈംഗികത അവൻ അറിയുന്നില്ല എന്നാണ് സമൂഹത്തിലെ എക്കാലത്തെയും വായനകളും പഠനങ്ങളും പറഞ്ഞു തരുന്നത്. ലൈംഗികതയെന്നാൽ മാവേൽ ഓടിക്കേറി മാമ്പഴം പൊട്ടിച്ചെടുത്ത് കടിച്ചു നോക്കി വലിച്ചെറിയുന്ന ഒരു പ്രവണതയാണ് എന്നവൻ വിശ്വസിക്കുന്നു. ഇതാണ് രതി എന്നും ഇതല്ലാതെ ഒന്നും സംഭവിച്ചു കൂട എന്നും പൊതുവേ മലയാളിസ്ത്രീയും ആഗ്രഹിക്കുന്നു. വിനീതദാസിയായി കാലുകൾ അകറ്റി വച്ച് കൈകൾ തലയുടെ ഇരുവശം വച്ച് കണ്ണുകൾ അടച്ചു യന്ത്രം പോലെ കിടക്കുക എന്നതാണ് ലൈംഗികത എന്ന ധാരണയിലാണവരും. ഉത്തമ കുടുംബിനി, കുലസ്ത്രീ പട്ടം ലഭിക്കാൻ ഇതാവശ്യമെന്നവൾ ധരിച്ചു വയ്ക്കുന്നു. ഇതിന് വിപരീതമായി അവനെ തിരിച്ചു കടന്നു പിടിക്കുകയോ അവൻ്റെ മുകളിലേറുയോ ചെയ്താൽ, രതി ശീല്ക്കാരങ്ങളോ, ശബ്ദങ്ങളോ പുറത്തു വന്നാൽ, എന്തിനേറെ അവൾ തനിയെ സ്വന്തം വസ്ത്രങ്ങൾ അഴിച്ചാൽ അവൾ വേശ്യയാകും അവൻ്റെയും അവളുടെയും മനസ്സിൽ. ആധുനിക സമൂഹത്തിൽ ഈ കാഴ്ചപ്പാടുകൾ മാറി വരുന്നുണ്ട് എങ്കിലും ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ അഭാവത ഇന്നും വലിയൊരു ശതമാനത്തിൻ്റെ കാഴ്ചപ്പാടിനെ മേൽപ്പറഞ്ഞ അടിമ ജീവിത ശൈലിയാണ് കമനീയം എന്നു വിശ്വസിപ്പിക്കുന്നു.
സ്ത്രീയുടെ ലൈംഗികത ഇന്നു വളരെ ചർച്ച ചെയ്യപ്പെടുന്ന ഒരു വസ്തുതയാണ്. ഈ ചർച്ചകളുടെ ആവിർഭാവത്തിന് ഫെമിനിസ ചിന്തയുടെ വികാസം കൂടി പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എന്നത് തർക്കമറ്റ വസ്തുതയാണ്. മാറിയ പെണ്ണിൻ്റെ കാഴ്ചപ്പാടിൽ നിന്നാണ് അവൾ എന്താണ് എന്നതും എന്താണവൾക്ക് വേണ്ടതെന്നതും തുറന്നു പറയേണ്ട ആവശ്യകത മനസ്സിലാക്കുകയും അത് വലിയ വലിയ ചർച്ചകൾക്ക് കാരണമാകുകയും ചെയ്യുന്നത്. കെ.ആർ ഇന്ദിരയുടെ സ്ത്രൈണ കാമസൂത്രം ഈ ഒരു കാഴ്ചപ്പാടിൽ നിന്നും ഉണ്ടായ ഒന്നാണെങ്കിലും വ്യക്തമായ കാഴ്ചപ്പാടിൻ്റെയും നിലപാടിൻ്റെയും ഉറപ്പില്ലായ്മയും വ്യക്തതക്കുറവും കൊണ്ട് ആ പുസ്തകം അധികം ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയാതെ പോയി. എന്നാൽ ഇതേ വിഷയത്തെ ശ്രീ സി.എസ് ചന്ദ്രിക അവതരിപ്പിക്കുന്ന രീതി കുറേക്കൂടി മെച്ചപ്പെട്ടതും ശാസ്ത്രീയവും ആയിട്ടാണ് അനുഭവപ്പെടുന്നത്. മുള്ളിനെ മുള്ളു കൊണ്ട് എടുക്കുന്നതു പോലെ സ്ത്രീയുടെ ആവശ്യകത എന്താണ് എന്നും അവളുടെ ശരീരവും മനസ്സും എന്താണ് ആവശ്യപ്പെടുന്നത് എന്നും പുരുഷനെ ബോധ്യപ്പെടുത്തിക്കൊടുക്കുന്ന ഒരു ശൈലിയാണിവിടെ കാണാനാകുന്നത്. താനെന്താണ് കരുതി വച്ചിരിക്കുന്നത് അതല്ല രതിയെന്ന് അവനെ ലളിതമായി ഓർമ്മിപ്പിക്കുകയാണ് ചന്ദ്രികയിവിടെ. ആറിഞ്ചു നീളമുള്ള ഒരു മാംസക്കഷണം അല്ല അവളെ അറിയാനും ആനന്ദിപ്പിക്കാനും ആവശ്യം എന്നും അത് പുറത്ത് വച്ച് കടന്നു വന്നാൽപ്പോലും അവളെ ആനന്ദിപ്പിക്കാനും രതിമൂർച്ഛയിൽ എത്തിക്കാനും കഴിയും എന്നും ആണഹന്തയുടെ മുഖത്തടിച്ചു പറയാൻ കഴിയുന്നിതിൽ എന്നത് ആ ഭാഷയുടെ കാവ്യഭംഗിയാണ് സാക്ഷി. വളരെ മനോഹരമായി പ്രണയം എന്ത് എന്നും പ്രണയ രതി എന്തെന്നും കവിതകളിലൂടെയും സൂര്യനും നിലാവും തമ്മിലുള്ള നാടക രീതിയിലൂടെ സംസാരിക്കുന്നതിലും കൂടി പറഞ്ഞു തരുന്നു ഈ പുസ്തകത്തിൽ. ഒടുവിൽ കാമസൂത്രയെക്കുറിച്ചു വിമർശനാത്മകമായ എന്നാൽ ഗഹനമായ പഠനത്തിൻ്റെ അടിസ്ഥാനപ്പെടുത്തുന്ന ഒരു ലേഖനത്തോടെ ഈ കുറിപ്പ് അവസാനിക്കുന്നു. സ്ത്രീയെ പ്രണയ നിമിഷങ്ങളിൽ വിളിക്കാൻ നാടൻ ഭാഷയിൽ എത്രയോ മനോഹര വിശേഷണങ്ങൾ ഉണ്ട് എന്ന് മനസ്സിലാകുന്നത് സി എസ് ചന്ദ്രിക അവതരിപ്പിക്കുന്ന നാനൂറോളം പദങ്ങളിൽ നിന്നാണ്. പുരുഷനെ വിളിക്കാൻ വളരെക്കുറച്ചു മാത്രമാണ് ലേഖിക നീക്കിവയ്ക്കുനത്. അതുപോലെ ചുംബനത്തിനെ എത്രയെത്ര കവിതകളിലൂടെയാണ് അടയാളപ്പെടുത്തുന്നത് എന്നത് കൗതുകകരമായ കാഴ്ചയാണ്.

ഇതിന് അവതാരിക എഴുതിയത് എഴുത്തുകാരൻ സക്കറിയയാണ്. വളരെ വിശദമായ ഒരു അവതാരിക അദ്ദേഹം എഴുതിയിട്ടുമുണ്ട്.
വായനക്കാരിൽ നല്ലൊരു വായനയും കാഴ്ചപ്പാടും നിറയ്ക്കാൻ സി.എസ് ചന്ദ്രികയുടെ ഈ കുറിപ്പുകൾക്ക് കഴിയും എന്ന ശുഭാപ്തി വിശ്വാസമുണ്ട്.

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.