പ്രണയകവിതയിൽ ഒരു കടൽ കരകവിയുന്നു

അവൻ ശ്വാസം മുട്ടി മരിച്ച മൽസ്യം.
ഒരു പ്രണയക്കടൽ ഇളകിയാടുന്നു.
കിനാവിലേക്ക് അത് കരകവിയുന്നു

ആരുടേയോ ഒരു നിശ്വാസം കാറ്റെടുത്തു.
കടൽക്കരയിലെ ഇരുവരുടെ ചുംബനത്തിൽ,
നഷ്ടമായതെന്നറിയാതെ കാറ്റിൽ ലയിക്കുന്നു.

തിരമാലകൾ നൈരാശ്യത്തിൻ്റെ ബ്യൂഗിൽ വായിക്കുന്നു.
അടരാനാവാത്തൊരു ബന്ധത്തിൽ,
പരൽ മീനുകൾ തിളച്ചുതൂവുന്നു.

അവയുടെ അമ്മ മൽസ്യങ്ങൾ ഇല്ലാമുലകൾ,
ചുരത്തിയതറിയാതെ തീരത്തേക്ക് കണ്ണുകളെറിഞ്ഞുടയ്ക്കുന്നു.
തിരകൾ ക്രമതാളത്തിൽ കര തൊട്ടുഴിയുന്നു.

അവൾ നിശ്വാസങ്ങളൊടുങ്ങാത്തൊരു വെള്ളക്കുതിര
ഓടിയെത്തിയിടത്ത് കിതപ്പാറ്റുന്നു.
കുളമ്പുകളിൽ കുതിപ്പുകൾ പതിയിരിക്കുന്നു.

ഒടുങ്ങിപ്പോയൊരു  ശീൽക്കാരം എവിടെയോ പ്രതിധ്വനിക്കുന്നു.
ആകാശത്തിൻ്റെ ഒറ്റയാൻ കണ്ണിൽ,
പാൽനുരകൾ ചിതറിക്കിടക്കുന്നു.

അതിലൂടൊരൊളി നോട്ടം മറികടക്കുന്നു
അവനും, അവൾക്കുമിടയിൽ തണുത്തുറഞ്ഞൊരു നൊമ്പരം,
ഒളിച്ചു കടക്കാൻ വെമ്പി നടക്കുന്നു.

അപ്പോൾ ആകാശം ഇരുൾക്കർട്ടനിടുന്നു.
അടുത്തു നിന്ന കടൽക്കാറ്റ് കൺതടങ്ങൾ തലോടി,
കടലിൽ സ്നാനം ചെയ്യുന്നു.

അവളുടെ ചുണ്ടിൽത്തെറിച്ച ലവണ ലാവണ്യം,
അവൻ ചുംബിച്ചെടുക്കുന്നു.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.