പ്രണയം വിൽക്കുന്നവർ

കമ്പോളത്തിലൊരു കച്ചവടച്ചരക്കാക്കി
പ്രണയം വിൽക്കുന്നവരെ
കണ്ടിട്ടുണ്ടോ?

അഭിനയത്തികവിലവരെ
തോൽപ്പിക്കാനാർക്കും കഴിയില്ല.
കണ്ണുകളിൽ കാരുണ്യം നിറച്ച്…
വാക്കുകളിലാർദ്രത നിറച്ച്…
സ്നേഹസാന്ത്വനത്തിന്റെ,
കരുതലിന്റെ,
കാവൽക്കാരായി
അവരഭിനയിക്കും.

ഉള്ളിലൊരു ചെന്നായയെ
ഒളിപ്പിച്ചു വച്ച്…
വിദഗ്ദ്ധമായി…
സംശയത്തിനിട നൽകാതെ…
അവരഭിനയിക്കും.

കാരണമെന്തെന്നാൽ
വലിയ മുതൽമുടക്കില്ലാതെയവർക്ക്
പ്രണയം വാങ്ങേണ്ടതുണ്ട്,
വിറ്റു ലാഭം കൊയ്യേണ്ടതുണ്ട്.

വെള്ളം കിട്ടാതെ വാടിക്കരിയാൻ
പോകുന്ന ചെടികളെ പോലെ..
പ്രണയാതുരമായ മനസ്സുകളെയവർ
തിരഞ്ഞു പിടിക്കും.

പ്രണയപ്പെരുമഴ പെയ്യുമ്പോളവയൊരു..
പനിനീർ ചെടി പോലെയാകും
തളിർത്ത് മൊട്ടിടാൻ തുടങ്ങും
വിടർന്നു വർണ്ണങ്ങളിൽ സൗരഭ്യം പരത്തും.

ആവോളമാസ്വദിച്ചൊടുവിലാണവരാ
പുഷ്പങ്ങളെ ഇറുത്തെടുക്കുന്നത്.
ദളങ്ങളടർത്തിയാർക്കൊക്കെയോ
സമ്മാനിക്കുന്നത്
വിറ്റു പണമാക്കി
ലാഭം കൊയ്യുന്നത്
ആർത്തു ചിരിക്കുന്നത്

മതിയാവോളം പൂക്കളിറുത്തെടുക്കുമവർ
അവഗണനയുടെ, അവജ്ഞയുടെ,
കൊടും വേനലിൽ
ചെടി… സ്വയമില്ലാതാകും വരെ.

ഓച്ചിറ സ്വദേശി. ഇപ്പോൾ മൃഗസംരക്ഷണവകുപ്പിൽ സീനിയർ വെറ്ററിനറി സർജൻ. ആനുകാലിക പ്രസിദ്ധീകണങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകളും കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.