കാവ്യ ഭംഗിയിലൊരു
പ്രണയം പറയുവാൻ കഴിയാതെ
വാക്കുകൾ ശാഠ്യം പിടിച്ചപ്പോൾ
വരികൾ തെന്നി മറഞ്ഞപ്പോൾ
കൺപീലിയിൽ മഷി പടർന്നു.
ഇരു വരികൾക്കിടയിലുണ്ടായ
ദൂരമെന്നിൽ വിള്ളലിന്റെ
കഥകൾ ഓർമിപ്പിച്ചു.
ചിന്തകളുടെ ദൂരം വർധിപ്പിച്ചു.
ഭാരം തൂങ്ങിയ നാവിൽ
അക്ഷരങ്ങൾ വീർപ്പുമുട്ടി
ശ്വാസം കിട്ടാതെ ചത്തഴുകി.
വെറുതെ പറയുന്ന
വാക്കുകളെളെല്ലാം കാറ്റിന്റെ
ഉടലിൽ പൊതിഞ്ഞു
നിറം മങ്ങിയ
നിനവുകളായി മാറി.
ഓരോ നിമിഷത്തിന്റെയും
ശ്വാസ കണികകൾ ചിന്തിക്കും
ഓരോ അക്ഷര പിറവിക്കുമുണ്ടായ
നോവിന്റെ ഈണമില്ലാത്ത
കവിതകളുടെ വരികൾ.
ഒരു വേളയിൽ
മാത്രം പ്രതീക്ഷകൾ
പുഞ്ചിരി തൂകും
ആദ്യത്തെ വരിയുടെ
ഒടുവിലത്തെ വാക്കിന്റെ
തുഞ്ചത്തായിരുന്ന് കൊണ്ട്.
ആരോ പാടിയ
കവിതയുടെ പല്ലവി ഞാൻ
പളുങ്കു പാത്രത്തിന്റെ
താളത്തിൽ ചൊല്ലി നോക്കി.
മധുരമൂറുന്ന നുറൂ
വാക്കുകളുടെ മൗന
സമ്മതമായിരുന്നു അത്.