കഥയല്ല കളവല്ല കാലം മറക്കുന്ന
ചിതലെടുത്തീടുന്ന ഓർമ്മയല്ല.
മഴയല്ല മരമല്ല കാറ്റല്ല കോളല്ല
കാലവർഷത്തിന്റെ ചെയ്തിയല്ല.
ഈ ‘കലികാലം’ മനുഷ്യരാം
നമ്മുടെ സ്വാർത്ഥതയാമൊന്നു കൊണ്ടു മാത്രം.
കാലത്തെ പഴിചാരി കോലങ്ങൾ മാറ്റുന്ന
കാടർ സ്വാഭാവം കൊണ്ടൊന്നു മാത്രം.
കാണുന്നതൊക്കെയും കാൽകീഴിലാക്കുന്ന
കാലം മറന്നുള്ള ചെയ്തിമാത്രം.
ഒരു നൂറു കിളികൾക്കു ജന്മസ്ഥലം
പരകോടി ജനതക്കു വാസസ്ഥലം
എന്നിട്ടുമെന്തിന്ന് സ്വാർത്ഥ ലാഭത്തിനായ്
കൊന്നിടുന്നു നാം ജനിച്ച ഭൂവേ.?
ഇനിയും വസിക്കണം ഇനിയും തളിർക്കണം
ഒരു നൂറുജന്മങ്ങളീഭൂമിയിൽ.
ഇവിടെ ജീവിച്ചിടാൻ ഇവിടെയാശിച്ചിടാൻ
ഇവിടെത്തെ മണ്ണിന്റെ ഗന്ധം ശ്വസിച്ചിടാൻ
ഒരു പഴത്തുണിയുടെ, ഓലപ്പുരയുടെ
ഗതകാല ചിത്രങ്ങളോർത്തീടേണേ….
നമ്മൾ ജീവിച്ച പാത സ്മരിച്ചിടണേ…
താഴേക്കു നോക്കിയിട്ടൊരു പുതുലോകത്തിൻ
പിറവി കുറിക്കുവാൻ നോക്കിടേണേ..
ഇനി വരും തലമുറയ്ക്കായ് നമ്മൾ ഇനിയുമീ
ഭൂമിയെ ആരുമയായ് കാത്തീടണേ.