അവനവന്റെ കൈഫോണുകളിലേക്ക് കവിത വന്ന കാലം കവിതയുടെ കുത്തകകൾ പൊളിഞ്ഞു. അതിനു കാരണമായ സോഷ്യൽ മീഡിയക്ക് സ്തുതി കൊടുക്കാതെ വയ്യ. മാത്രമല്ല ഭ്രാന്തിലും വീട്ടുതടങ്കലിലും ആകേണ്ടിയിരുന്ന ലക്ഷക്കണക്കിന് കാവ്യമനസ്സുകളാണ് ഇക്കാലത്ത് വെളിച്ചം കണ്ടത്. വീട്ടമ്മമാർ, കൂലിപ്പണിക്കാർ എന്ന് വേണ്ട സമൂഹത്തിന്റെ സകല വഴികളും കവിതയിലേക്കും വന്നു.
എങ്കിലും കവിത സവർണ്ണരുടെ പണിയാണെന്നുള്ള ബോധം ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട്. മലയാള കവിതയിലെ ക്രൈസ്തവ പരിസരത്തെ രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ മടിയാണ് നമ്മുടെ പൊതുസമൂഹത്തിന്.
സിമ്മി കുറ്റിക്കാട്ടിന്റെ മത്തിച്ചൂര് എന്ന പുസ്തകത്തിലെ കവിതകളെ വിലയിരുത്തി കുഴൂർ വിത്സൺ നിരീക്ഷിക്കുന്നു: കവിതയെ കുറിച്ചൊരു വർഗീയത പറച്ചിൽ
മലയാള കവിതയിലെ ക്രൈസ്തവ പരിസരത്തെ രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ മടിയാണ് നമ്മുടെ പൊതുസമൂഹത്തിന്. അർണോസ് പാതിരിയുടെ പുത്തൻപാന പോലുള്ള കൃതികളെ അവഗണിച്ചത് പോലെ നിരവധി ഉദാഹരണങ്ങൾ. കട്ടക്കയം ക്രൈസ്തവ കാളിദാസൻ എന്ന കുപ്രസിദ്ധമായ കളിയാക്കൽ ഇവിടെ ഓർക്കാവുന്നതാണ്. അതിമനോഹരമായ കാവ്യ ശകലങ്ങളെഴുതിയ ആബേലച്ചനെപ്പോലുള്ളവരും അവഗണിക്കപ്പെട്ടു പോയി. കവിത കെട്ടൽ സവർണ്ണരുടെ പണിയാണെന്നുള്ള ബോധം ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട് എന്നർത്ഥം. അതുകൊണ്ടാണ് എസ്. ജോസഫ് എന്ന കവിക്ക് മലയാള കവിതയ്ക്ക് ഒരു കത്ത് എന്ന കവിത എഴുതേണ്ടി വന്നത്. അമ്പലങ്ങളിലും അകത്തളങ്ങളിലും കിടന്ന് മതിയായില്ലേ എന്ന് ജോസഫിന്റെ കവിത ചോദിക്കുന്നു. ശുദ്ധവായു ശ്വസിക്കാനുള്ള വഴി കാണിച്ചു തരാമെന്ന് കവി പറയുന്നു. കാലം മാറുകയാണ് കവിതയും. പിന്നീട് പല കവിതകളിലും ചട്ടയും മുണ്ടും വന്നു. വിനു ജോസഫ് മുറ്റമടിക്കുന്ന വെള്ള മയിലിനെ കുറിച്ചെഴുതി. കെ.ആർ. ടോണിയെന്ന പ്രമുഖ കവി പ്ലമേനമ്മായി എന്ന് കാവ്യം തന്നെ എഴുതി . അതിന്റെ തുടർച്ചയിൽ ആത്മവിശ്വാസത്തോടെ അത്രയേറെ സ്വാതന്ത്ര്യത്തോടെ ചട്ടയും മുണ്ടുമെടുത്ത പെണ്ണുങ്ങളെ സിമ്മി കുറ്റിക്കാട്ടും കവിതയിലേക്ക് കൊണ്ട് വരികയാണ്.
മലയാള കവിതയിലെ സാധാരണ ഇനമല്ല പുളിമുട്ടി. ചന്ദനമുട്ടി പോലെ പവിത്രവും പാവനവുമൊന്നുമല്ല അത് എന്നതായിരിക്കാം കാരണം. ഇറച്ചിവെട്ടുന്നവരുടെ ഇഷ്ട ബിംബമാണ് പുളിമുട്ടി. ഇറച്ചി വെട്ടുന്നവരും കവിത ഇഷ്ടപ്പെടുന്നവരും കൂട്ടി മുട്ടുന്ന പ്രദേശങ്ങളും സിമ്മിയുടെ എഴുത്തിലുണ്ട്. കവിതയെക്കുറിച്ച്, ഇരുപത് വർഷം മുൻപ് ഞാനെഴുതിയ കുറിപ്പിന്റെ തലക്കെട്ട് ഇറച്ചിവെട്ടു കടയിൽ കണക്കെഴുതിയിരുന്ന പേന മലയാള കവിതയിലേക്ക് വരുമ്പോൾ എന്നതായിരുന്നു. കവിതയുടെ കുറിപ്പിൽ വർഗ്ഗീയത കൊണ്ടു വരുന്നു എന്ന ആക്ഷേപം കേൾക്കാനിടയുണ്ടെങ്കിലും, സാരമില്ല. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിലെ കാവ്യ ജീവിതത്തിൽ എനിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ മെയ് മാസത്തിൽ അജ്‌മാനിലെ ജയിലിൽ കഴിയുമ്പോൾ ചട്ടയും മുണ്ടും ഉടുത്ത മാലാഖക്കുഞ്ഞുങ്ങളെ സ്വപ്നത്തിൽ കണ്ടിരുന്നു. ഒരു വർഷത്തിന് ശേഷം സിമ്മിയുടെ കവിതകൾ വായിക്കുമ്പോൾ അവരിൽ പലരേയും നേരിൽ കാണുകയാണ്. ആ അമ്പരപ്പിൽ നിന്നും അൽഭുതത്തിൽ നിന്നുമാണ് ഈ കുറിപ്പ്. സിമ്മി എന്ന കവിയുടെ കവിതകളുമായി കൂട്ടാവുന്നത് അവരുടെ കൂട്ട് എന്ന കവിതയിൽ വച്ചാണ്. ലൂയിസ്സ് എളാപ്പന്റെ അതിരിൽ നിന്നും അപ്പൻ, അമ്മയ്ക്ക് കൊണ്ടുവന്നു കൊടുത്ത പുളിമുട്ടിയാണ്കൂട്ടിലെ കേന്ദ്രകഥാപാത്രം. പെറ്റ തള്ള കുഞ്ഞിനെയെന്നപ്പോലെ പുളിമുട്ടിയെ കൂടെ കൂട്ടുന്ന അമ്മയുടെ ശിൽപ്പം അമ്മയേക്കാൾ കാതലുള്ള തടിയിൽ കൊത്തിയ കവിയെ കവിതയിൽ കണ്ടു. അവരുടെ കവിതകളുമായി കൂട്ടാവണമെന്ന് വിചാരിച്ചു. കൂട്ടായി. അതിന്റെ ബലത്തിലുമാണ് ഈ കുറിപ്പ്.
കൈഫോണുകളിലേക്ക് കവിത വന്ന കാലം
അവനവന്റെ കൈഫോണുകളിലേക്ക് കവിത വന്ന കാലത്താണ് സിമ്മിയുടെ പുസ്തകം വരുന്നത്. കവിതയുടെ കുത്തകകൾ പൊളിഞ്ഞ കാലം. വെള്ളം പോലെ വായു പോലെ എല്ലാവർക്കും അവകാശപ്പെട്ട ഒന്ന് പ്രാപ്യമായ കാലം. അതിനു കാരണമായ സോഷ്യൽ മീഡിയക്ക് സ്തുതി കൊടുക്കാതെ വയ്യ. അച്ചടിപിശാചുകൾക്ക് ( പ്രയോഗം -വിഷ്ണുപ്രസാദ്), അതിലുള്ള അമർഷം കാണാൻ കൗതുകമൊക്കെയുണ്ട്. ആഗോളവൽക്കരണത്തിന്റെ കാലത്ത് ഭൗതിക സമ്പന്ന മേഖലകൾ കുത്തകകൾ കയ്യടക്കിയപ്പോൾ കവിത പ്രതിരോധം തീർത്തു. അത്രയേറെ മനപ്പിടച്ചിലുകളാണ് കവിതകളായി പുതിയ മാധ്യമങ്ങളിൽ പെയ്തിറങ്ങിയത്. അത് തുടരുകയും ചെയ്യുന്നു. ഭ്രാന്തിലും വീട്ടുതടങ്കലിലും ആകേണ്ടിയിരുന്ന ലക്ഷക്കണക്കിന് കാവ്യമനസ്സുകളാണ് ഇക്കാലത്ത് വെളിച്ചം കണ്ടത്. അതിലൊരാളാണ് സിമ്മിയും .
ആൺ- പെൺ വിത്യാസമില്ലാതെ സ്ഥാനമാനങ്ങളുടെ ഭാരവിത്യാസങ്ങളില്ലാതെ കവിതയുടെ പുതിയ ധാര സൃഷ്ടിക്കപ്പെട്ടു എന്ന് പറയേണ്ടി വരും. വീട്ടമ്മമാർ, കൂലിപ്പണിക്കാർ എന്ന് വേണ്ട സമൂഹത്തിന്റെ സകല വഴികളും കവിതയിലേക്കും വന്നു. മലയാളക്കര വിട്ടു പോകേണ്ടിവന്ന കാലത്ത് കൈവിട്ട് പോയ കവിതയെ കാലങ്ങൾക്ക് ശേഷം തീക്ഷണതയോടെ കെട്ടിപ്പിടിക്കാൻ സിമ്മി കുറ്റിക്കാട്ട് എന്ന കവിക്ക് കഴിഞ്ഞതും അതുകൊണ്ടാണ്. കഴിഞ്ഞ പത്തു വർഷക്കാലത്തെ സൈബർ കവിതാക്കാലത്ത് ഉണ്ടായ സ്ത്രീമുന്നേറ്റം പഠനവിധേയമാക്കേണ്ടതാണ്. ദേവസേന, സിന്ധു. കെ.വി , സെറീന, ഉമാ രാജീവ് , റീമ അജോയ്, ചിഞ്ചു റോസാ നീളുന്ന ആ പട്ടികയിൽ സിമ്മി കുറ്റിക്കാട്ടും ഇടം പിടിക്കുകയാണ്. പ്രാധാന്യത്തോടെ തന്നെ.
ചൂരിനെ സുഗന്ധമാക്കുന്ന സ്നേഹത്തിന്റെ ജാലവിദ്യ
മനുഷ്യൻ വിശപ്പടക്കുന്നത് അപ്പം കൊണ്ട് മാത്രമല്ലെന്ന് തെളിയിക്കുന്ന സ്നേഹത്തിന്റെ വരികളാണ് ഈപുസ്തകത്തിന്റെ കാതൽ. അപ്പനും അമ്മയും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ, തനിക്ക് വേണ്ടി പാടിയ താരാട്ട് അനുജന് വേണ്ടി പങ്കിടെരുതെന്ന് ശഠിക്കുന്ന പെൺകുട്ടിയുടെ സ്വാർത്ഥ സ്നേഹത്തിന്റെ, ഞാനും നീയും പരസ്പ്പരം മാറിപ്പോകുന്ന മരണത്തോളം ശക്തിയുള്ള പ്രണയത്തിന്റെ സാക്ഷ്യങ്ങളായി ഈ കവിതകൾ മാറുന്നു.
മത്തിച്ചൂര് എന്നാണ് സിമ്മിയുടെ പുസ്തകത്തിന്റെ പേര്. ചീത്ത മണം എന്നാണ്ചൂരിന്റെ പൊതുവായ അർത്ഥം. മീനിന്റെതായാൽ അത് പിന്നെ പറയാനുമില്ല. പ്രാണനെ പോലെ പ്രണയമുള്ള ഒരാൾ കൊണ്ട് വരുന്ന മത്തിക്ക് സുഗന്ധമുണ്ടാകുന്നതും, അത് വച്ചുണ്ടാക്കുന്നവൾക്ക് പതുക്കെ സുഗന്ധം വയ്ക്കുന്നതും കവി മത്തിച്ചൂരിൽ വരച്ചു വയ്ക്കുന്നു . ചന്തയുടെ, വിയർപ്പിന്റെ, ഉളുമ്പിന്റെ ചൂര് പതുക്കെ പതുക്കെ വറുത്തതിന്റെയും വെച്ചതിന്റെയും ഗന്ധമാകുന്നതും, അതിൽ രണ്ടുപേർ ലയിച്ചു ചേരുന്നതും അതിമനോഹരമായി സിമ്മി കോറിയിടുന്നു . മണിസൗധങ്ങളുടെ മട്ടുപ്പാവുകളിൽ നിന്നും ഇഴയടുപ്പമുള്ള കുടിലിലെ സ്നേഹത്തിലേക്ക് ഒരൽപ്പം അസൂയയോടെ നോക്കുന്ന പുതിയ കാലത്തെ ബന്ധങ്ങളെയും സിമ്മി ഈ കവിതയിൽ അടയാളപ്പെടുത്തുന്നുണ്ട്.