അടുക്കളയുടെ മുകളിൽ വിരിച്ച
വെളിച്ചം ചോർന്നൊലിക്കുന്ന ടാർപോളിൻ.
പ്രകാശത്തിന്റെയൊരു കടൽ
ടാർപോളിനുമുകളിൽ
ഇരമ്പുന്നത് അടുക്കളയിൽ നിന്നും
നോക്കുന്നയെന്നെ
ഞാൻ സ്വപ്നം കാണുന്നു.
ജീവിതം മുഴുവൻ
ഒരു കണ്ണാടിയിൽ കണ്ടെടുക്കുന്നപോലെ.
ചെറിയ വിടവുകളിലൂടെ
മഴവില്ലിന്റെ പാലം
താഴേക്കിറങ്ങുന്നു
പാലം കടന്ന് കടലിലേക്ക്
വെളിച്ചത്തിന്റെ
തീരമെവിടെയാവും
തിരകളുണ്ടാക്കുന്ന
ശബ്ദങ്ങളുണ്ടോ അവിടെ
ഉപ്പിനെപ്പോലെ
പ്രകാശവും
കരുതി വെക്കുന്നുണ്ടാവുമോ
ഒരു രുചി.
ടാർപോളിനിലേക്ക്
പടരുന്ന പേരക്കയിൽ ഞാന്ന്പിടിച്ച്
താഴോട്ടിറങ്ങി.
ഉണർച്ചയിലൊരു
പേരക്കയുടെ മണം.