ചീന്തിയെറിയപ്പെടുന്ന കബന്ധങ്ങൾക്കു കീഴെ
ഉഗ്രവീര്യം കുടിച്ചുവീർത്ത തൂലികകൾ
ശവക്കുഴിതോണ്ടി പുറത്തേക്ക് എടുത്തിടുന്നത്
ജീർണ്ണിച്ച തത്ത്വസംഹിതകളുടെ
കാലപുരിക്കയച്ച, ആവനാഴിയിലെ
മുനയൊടിഞ്ഞ അമ്പുകളാണ്.
അഹിംസയുടെ കറയൂറ്റി
സ്ഫുടം ചെയ്തെടുത്ത അക്ഷരങ്ങൾ
ഉടഞ്ഞുപോകുന്ന തമസ്ക്കരണശിലകൾക്ക് മേൽ
ചാട്ടവാറടികളായ് പുളയും.
പരദാഹംശമിക്കാത്ത ആത്മാക്കളായ്
കൊടിയ മതിലുകൾ ഭേദിച്ച്
നിന്റെ ചിറകെട്ടിയ മുറ്റത്ത്
കൊത്തിപ്പറിക്കാൻ കഴുകൻ കണ്ണുമായ്
മിന്നൽ ശരമാലകൾ തീർത്ത് എന്നും
നിലയ്ക്കാത്ത അക്ഷര വടുക്കൾ
ഇവിടെ പിറവിയെടുക്കും.
വർഗ്ഗവീര്യം ഊറ്റി കുടിച്ച്
ചോരതുപ്പിയ നിന്റെ ആകാശത്ത്
കെട്ടഴിച്ച കാലിയെ ഞാൻ
ബലിയർപ്പിക്കും.
ചരടുകൾ വലിച്ച് കെണിയൊരുക്കാൻ
കൂട്ടിലടച്ച ചെം പോത്തുകൾ
മുക്രയിട്ടാൽ ഇടിഞ്ഞു വീഴുമോ
ഈ നഗ്നമായ മാറിടങ്ങൾ ?
ഇനി സാക്ഷിയും മൊഴിയും ഈ ഞാൻ തന്നെ.
യുദ്ധമൊഴിഞ്ഞ ഭൂമിയിൽ
വാരിക്കുന്തങ്ങളേന്തി നീ
വെല്ലുവിളിക്കുന്നത് ശ്രീചക്രധാരിയുടെ
ധർമ്മത്തെ വലിച്ചിഴയ്ക്കുന്നത്
വിശ്വാസിയുടെ കാതിലോതിയ
കർമ്മസാരഥിയുടെ ശാസ്ത്രങ്ങളെ.
ഇവിടെ കടിഞ്ഞാൺ മുറുക്കി
തൂക്കിലേറ്റേണ്ടത്
തടയില്ലാത്ത നിന്റെ നാവുകളെ.
സ്ഫുടം ചെയ്തെടുക്കേണ്ടത്
വിഷംകുടിച്ച് തിടംവച്ചുവീർത്ത
നിന്റെ ആത്മബോധത്തെ.
പോവുക പോർക്കളമല്ലിത്
ഒരേ മതമുണ്ടൊരൊറ്റ
ജനതയിവർ കുരുതികൊടുത്തു
നേടിയ സ്വാതന്ത്ര്യത്തിൻ പവിത്രഭൂമി.