ജീവനുള്ള ശരീരത്തെക്കാൾ കാവ്യാത്മകം ആണ് മരിച്ച ശരീരം. അടക്കി വായിക്കപ്പെട്ട എല്ലാ തെളിവുകളോടും കൂടി , നഗ്നമായി നിസ്സംഗമായി ഏതൊരു ചോദ്യത്തിനും ഉത്തരം നൽകാൻ തയ്യാറായി അതിങ്ങനെ മലർന്നു കിടക്കും. ഓരോ ശരീരവും ഒരു വലിയ ഇതിഹാസമായി മാറുന്നത് മരണപ്പെട്ടു കഴിയുമ്പോഴാണ് എന്ന് കരുതുന്നു. അനുവാദം കൂടാതെ , മാനുഷികമായ വികാരങ്ങൾ കൂടാതെ മൃത ശരീരത്തെ ഓരോ ഇഞ്ചും സൂക്ഷ്മമായി നിരീക്ഷിക്കാനും ആരായിരുന്നു എന്തായിരുന്നു എന്തുകൊണ്ടാണ് മരണപ്പെട്ടത് എന്നും എന്തിനായിരുന്നു മരിച്ചത് എന്നുമൊക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ കളവുകൾ കൂടാതെ പറഞ്ഞു തരാൻ കഴിയുക അപ്പോൾ മാത്രമാണല്ലോ. ആത്മാവും പരലോകവും ഉയിർത്തെഴുന്നേൽപ്പും ഒക്കെ മഥിക്കുന്ന മനുഷ്യ മനസ്സ് ഇതൊക്കെ മറന്നുകൊണ്ട് എന്ത് വേണമെങ്കിലും ആയിക്കോളൂ എന്ന് അന്യന്റെ തീർപ്പിനു വിട്ടുകൊടുത്തു സ്വയം നിശ്ശബ്ദനാവുന്ന അവസ്ഥയാണ് മരണം . ഇത്തരം ഒരു ശരീരം അസ്വഭാവികമായി മരിച്ചതാണെങ്കിൽ ആ മരണത്തെക്കുറിച്ചു പഠിക്കുവാൻ ശരീരം സ്വയമേവ തെളിവുകൾ വിട്ടു പോകുന്നു . പരിണാമ ഘട്ടത്തിലെ പൂർവ്വ മനുഷ്യരെക്കുറിച്ചു പഠിക്കുന്ന പാലന്തോളജി മുതൽ മൃതശരീര പഠനം നടത്തുന്ന പോസ്റ്റുമോർട്ടം ശാഖ വരെ മനുഷ്യന്റെ അറിവിന്റെ തിളക്കങ്ങൾ ആണ്. ആദ്യ മനുഷ്യ സ്വഭാവജീവിയായ ലൂസി മുതൽ പിറവിയുടെ ഓരോ ഘട്ടത്തിലെയും ശരീരങ്ങളെ ശാസ്ത്രം പഠിക്കുന്നുണ്ട് . കേടുപാടുകൾ കൂടാതെ കിട്ടിയ അയ്യായിരം വർഷം പഴക്കമുള്ള ഒരു പുരുഷ ശരീരവും അടുത്തിടെ കിട്ടിയ ഒരു സ്ത്രീ ശരീരവും ആ കാലഘട്ടത്തിലെ മനുഷ്യന്റെ ശാരീരിക , പാരിസ്ഥിക വിഷയങ്ങളെ നന്നായി മനസ്സിലാക്കിത്തരാൻ സഹായിക്കുന്നത് ശാസ്ത്രം മതത്തിൽ നിന്നും വേറിട്ട് നിന്ന് ചിന്തിക്കുന്നത് കൊണ്ട് മാത്രമാണ് .
ആധുനിക വൈദ്യ ശാസ്ത്രം ഇന്നത്തെ നിലയിലേക്ക് എത്തുവാൻ കടന്ന് പോയ കറുത്ത കാലങ്ങൾ ഇന്നാരും ഓർക്കുന്നുണ്ടാകില്ല . മൃതശരീരങ്ങളെ കടത്തിക്കൊണ്ടു പോയി, ആരും കാണാതെ കീറി മുറിച്ചു അതും അന്ന് ലഭ്യമായിരുന്ന വസ്തുക്കൾ ഉപയോഗിച്ചു പിളർന്നു ആന്തരാവയങ്ങളെ പഠിച്ചും മനസ്സിലാക്കിയും വൈദ്യ ശാസ്ത്രം വളരുകയായിരുന്നു. സമൂഹം അറിഞ്ഞാലോ മതം അറിഞ്ഞാലോ മരണ ശിക്ഷ ലഭിക്കാവുന്ന ആ കുറ്റം ചെയ്താണ് ഇന്നത്തെ അറിവുകളുടെ പ്രാഥമിക പഠനങ്ങൾ ആരംഭിച്ചത് . മതഗ്രന്ഥങ്ങളിൽ ശരീര അവയവ ഘടനയും മറ്റും പറഞ്ഞ് ദൈവമഹത്വം കൊണ്ടുവരാൻ അതിൻ്റെ എഴുത്തുകാർക്ക് കഴിഞ്ഞത് അതിനാലാണ് എന്ന് ഇന്ന് നമുക്കറിയാം. പിന്നീട് മതം അത് അനുവദിച്ചു തുടങ്ങിയപ്പോൾ പോലും ആ പഠനങ്ങൾക്ക് വേണ്ടത്ര വികാസം ലഭ്യമായിട്ടില്ലായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ ആണ് ശാസ്ത്രം വൈദ്യരംഗത്ത് എന്തെങ്കിലും പുരോഗതികൾ നേടിത്തുടങ്ങിയത് . കീറിമുറിച്ചു ഓരോ കോശങ്ങൾ എടുത്ത് പരിശോധിക്കുന്ന പോസ്റ്റ് മോർട്ടം പ്രക്രിയ ഇന്ന് ഏതാനും ഉപകരണങ്ങളും നേർത്ത മുറിവുകൾ ഉണ്ടെന്നു പോലും അറിയാത്ത മുറിവുകളിൽ കൂടി പരിശോധനകൾ നടത്താനും കഴിയുന്ന ആധുനിക രീതിയിൽ എത്തിനിൽക്കുന്ന കാലമാണല്ലോ ഇത് . ഇത്തരം ഒരു കാലഘട്ടത്തിൽ ഇരുന്നുകൊണ്ട് നമുക്ക് വായിക്കാൻ കഴിയുന്ന ഒരു നല്ല പഠനഗ്രന്ഥമാണ് ഡോ. ഷെർലി വാസുവിന്റെ പോസ്റ്റ്മോർട്ടം ടേബിൾ . ഒരു അധ്യാപിക കൂടിയായ എഴുത്തുകാരി വളരെ നല്ല ഭാഷയിൽ എടുത്തു പറഞ്ഞാൽ മലയാളഭാഷയുടെ വൈവിധ്യതയും സാധ്യതയും ആംഗലേയ പദങ്ങളിൽ നിന്നു മാറി പ്രയോഗിച്ചുകൊണ്ട് എഴുതിയ ഈ പുസ്തകം ഒട്ടനവധി കൊലപാതകങ്ങളും ആത്മഹത്യകളും അപകടമരണങ്ങളും എങ്ങനെയാണ് മനസ്സിലാക്കുകയും അതിനെ നിശ്ചയിക്കുകയും ചെയ്യുന്നതെന്ന വസ്തുതകളെ ലളിതമായി അവതരിപ്പിക്കുന്നു . സാധാരണ ജനങ്ങളെക്കാൾ അന്വേഷണത്വര ഉള്ള ആൾക്കാർക്കും പോലീസ് അധികാരികൾക്കും വളരെ ഉപയോഗപ്പെടുന്ന ഒരു കൈപ്പുസ്തകം ആയി ഈ പുസ്തകത്തെ വിലയിരുത്താൻ കഴിയും. വിധികർത്താക്കൾ ആയി പൊതുജനം വിലയിരുത്തുന്ന ഓരോ മരണങ്ങളും യഥാർത്ഥത്തിൽ അവർ ആരോപിക്കുന്ന കാര്യങ്ങൾ കഴമ്പുള്ളത് ആണോ അല്ലയോ എന്നത് വെളിവാക്കപ്പെടുന്നത് മൃതദേഹ പരിശോധനകളിൽ കൂടിയാണ് . ആരോപകർ അവരുടെ വാദങ്ങളിൽ ഉറച്ചു നിന്നാലും ശരീരം ശാസ്ത്രീയമായ പരിശോധനയിൽ കളവു പറയുകയില്ല. അത്തരം ഒരുപാട് അവസരങ്ങളും സംഭവങ്ങളും ഈ പുസ്തകം പങ്കുവയ്ക്കുന്ന വായനാനുഭവം ആണ് . മരണത്തിന്റെ, സ്വന്തം ശരീരത്തോടുള്ള കാഴ്ചപ്പാടും സമീപനവും മാറുന്ന ഒരു അനുഭവം ആയിരുന്നു ഇത് വായിക്കുമ്പോൾ അനുഭവപ്പെട്ടത്.
മുമ്പ് സമാന രീതിയിൽ ഉള്ള ഡോ. ഉമാദത്തൻ്റെ ഒരു പോലീസ് സർജന്റെ അനുഭവക്കുറിപ്പുകളും , കപാലവും വായിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നും വേറിട്ട ഒരു വായനാനുഭവം ആണ് ഡോ ഷെർളി നൽകിയതെന്നത് എടുത്തു പറയേണ്ടതുണ്ട് . തീർച്ചയായിട്ടും വായിക്കേണ്ട പുസ്തകം തന്നെയാണ് ഇതെന്ന് പറയാം. പക്ഷെ അത് മൃതദേഹങ്ങളുടെ പഠനവും അന്വേഷണത്വരയും ഉള്ള ഒരാൾ ആണെങ്കിൽ വളരെ നല്ല ഗുണം ചെയ്യുന്നതുമാകും എന്ന് പറയട്ടെ . ശുദ്ധവും ലളിതവുമായ മലയാള പദങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഈ പുസ്തകം എഴുത്തുകാർക്കുള്ള ഒരു പഠനബുക്കും കൂടിയാണ് . പലപ്പോഴും തർജ്ജമകൾ ചെയ്യുന്നവരും , പുസ്തകം എഴുതുന്നവരും ആംഗലേയപദങ്ങൾ കൊണ്ട് പല സന്ദർഭങ്ങളെയും തഴുകി തലോടി പോകുമ്പോൾ ഈ പുസ്തകം അതിനൊരു അപവാദമായി വേറിട്ട് നിൽക്കുന്നുണ്ട്.
പോസ്റ്റുമോർട്ടം ടേബിൾ (പഠനം)
ഡോ. ഷെർലി വാസു
ഡി സി ബുക്സ് (2016 )
വില : ₹ 170.00