പോസ്റ്റുമാനും പെൺകുട്ടിയും

മരിച്ചവർക്ക് കത്തുകളയച്ചു കൊണ്ടായിരുന്നു തുടക്കം.

ഗാന്ധിജി
ടോൾസ്റ്റോയ്
ഹെമിങ്വേ
ഹ്യൂഗോ
റസ്സൽ
.. അവളുടെ ലിസ്റ്റ് അങ്ങനെ നീണ്ടു.

പണി കിട്ടിയത് പോസ്റ്റുമാനാണ്.
ഇൻലൻറിൽ,
‘മോഹൻദാസ് കരംചന്ദ് ഗാന്ധി’
എന്ന് പേരു കണ്ടാൽ
ദേഷ്യം വരാതിരിക്കുമോ?

ആ ദേഷ്യത്തിലയാൾ
അവളയ്ക്കുന്ന കത്തുകൾ ഒന്നൊഴിയാതെ പൊട്ടിച്ചു വായിക്കാൻ തുടങ്ങി.

വായിച്ചുകൊണ്ടിരിക്കേ,
അയാൾ നരച്ചു ,
മുഖത്തു ചുളിവുകൾ വീണു,
ദേഹവും ദേഹിയും അറിഞ്ഞു.

അവസാനം,
ജോലിയുമുപേക്ഷിച്ച്,
കത്തുകളെല്ലാം ബാഗിലാക്കി ഒരൊറ്റപ്പോക്ക്!

പിന്നെ അയാളെ ആരും കണ്ടിട്ടില്ല.

ഒരു ദിവസം
ആ പെൺകുട്ടിക്കൊരു കത്ത് കിട്ടി.

“നീ ആർക്കെല്ലാം കത്തുകളയച്ചുവോ അവരെല്ലാം ഇവിടെയുണ്ട്;
എൻറെ കൂടെയുണ്ട്.
കത്തുകളെല്ലാം ഇന്നു ഞാൻ
നേരിട്ടു കൈമാറും’.

ആ കത്തുകിട്ടിയതിൻറെ പിറ്റേന്ന് പെൺകുട്ടിയേയും കാണാതായി.

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.