പോയട്രി കില്ലർ (ക്രൈം ത്രില്ലർ നോവൽ )

കഥാനായകനായ ഡെറിക് ജോണിനൊപ്പം കൊലയാളിയെത്തേടി രണ്ട് ദിവസം സഞ്ചരിച്ചുവെന്ന് വേണം പറയാൻ. ഡെറിക്കിന് കൊലയാളിയെ കണ്ടെത്താൻ ആറ് മാസത്തോളം നീണ്ട അന്വേഷണം വേണ്ടിവന്നെങ്കിൽ എനിക്ക് രണ്ട്‌ ദിവസത്തെ വായനയെ വേണ്ടി വന്നുള്ളൂ എന്നതാണ് ഏക വ്യത്യാസം.

എഴുത്തുകാരെത്തേടിയെത്തുന്ന കൊലയാളി, അയാൾ ക്രൈം സീനിൽ ലീഡായി അവശേഷിപ്പിക്കുന്നത് ലോക സാഹിത്യത്തിലെ പ്രശസ്തമായ കവിതകളുടെ ഏതാനും വരികൾ മാത്രം. ഇതാണ് ‘പോയട്രി കില്ലറി’ ലെ മാജിക്കൽ ഫ്രെയിം.

ഇന്നത്തെയും ഇനി വരാനുള്ളതുമായ കുറ്റാന്വേഷണ സാഹിത്യം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി, ക്രൈം ത്രില്ലർ സിനിമകളും സാഹിത്യവുമായി ആ മേഖലയിലെ ഒരുവിധം എല്ലാ ത്രെഡുകളെയും തൊട്ടറിഞ്ഞ്, മുൻപിൽ കാണുന്ന ഏത് കഥാപാത്രത്തെയും സംശയത്തിന്റെ നിഴലിൽ മാത്രം നോക്കിക്കാണുന്ന വലിയൊരുകൂട്ടം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക എന്നതാവും. സാഹിത്യചരിത്രത്തിൽ, പ്രത്യേകിച്ചും കുറ്റാന്വേഷണ സാഹിത്യത്തിൽ വന്ന്ചേർന്നിട്ടുള്ള മുൻപെങ്ങുമില്ലാത്തതരമൊരു പ്രതിസന്ധിയാണിത്. അതു കൊണ്ടുതന്നെ 21- ആം നൂറ്റാണ്ടിലെ പ്രേക്ഷകരെ പ്രീതിപ്പെടുത്താൻ തക്ക നിലവാരത്തിൽ ഒരു ക്രൈം ത്രില്ലറെ അടർത്തിയെടുക്കുകയെന്നത് അത്ര എളുപ്പമുള്ള ടാസ്‌കല്ല.

ഈയൊരു പ്രതിസന്ധിയെ സമർത്ഥമായി തരണം ചെയ്യുന്നതിൽ എഴുത്തുകാരി കാണിച്ചിട്ടുള്ള കൃത്യമായ ഇടപെടലുകളാണ് ഈ പുസ്തകത്തെ നല്ലൊരു വായനാനുഭവമാക്കി മാറ്റുന്നത്. കൃത്യമായ ഇടങ്ങളിൽ, ഇടവേളകളിൽ കഥാപാത്രങ്ങളെ പ്രേക്ഷകന്റെ മനസ്സിലേക്ക് എടുത്തെറിഞ്ഞ് വായനക്കാരെ കുഴപ്പിക്കാൻ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. ഒരു പോയിന്റിൽ ഇതാണ് കൊലയാളിയെന്ന് വായനക്കാരൻ ഉറപ്പിക്കവേ മറ്റൊരു ട്വിസ്റ്റിലൂടെ കഥാഗതി മാറ്റപ്പെടുന്നു.

ഒരു ക്രൈം ത്രില്ലർ സിനിമ കാണുന്നതു പോലെ വായിച്ചു പോകാവുന്ന അവതരണം വായനയുടെ ഒഴുക്കിനെ വളരെയധികം സഹായിച്ചിട്ടുണ്ട്.

മൊത്തത്തിൽ ആകാംക്ഷയുടെ തൂക്കുപാലത്തിലൂടെയുള്ള ഒരു സൈക്കിൾ യജ്ഞം സമ്മാനിക്കുന്ന നോവൽ.

പോയട്രി കില്ലർ
ക്രൈം ത്രില്ലർ
ശ്രീപാർവ്വതി
ഡി സി ബുക്ക്
വില 150 രൂപ

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് MES കല്ലടി കോളേജിൽ മൂന്നാം വർഷ ബി.എ. ഇംഗ്ലീഷ് ബിരുദ വിദ്യാർഥി. സമൂഹമാധ്യമങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും സജീവമായി എഴുതുന്നു