[ ശാരീരികബന്ധത്തിൽ, പെണ്ണ് ഗർഭം ധരിക്കുന്നതു പോലെ, പ്രണയത്തിൽ പുരുഷനുള്ളിലും ഒരു ശിശു പിറക്കുന്നുണ്ട്. അത് എന്നും അവളെ പ്രതീക്ഷിച്ച് വളരുന്നുണ്ട് .. ശിലയിലും പ്രാർത്ഥനയിലുമൊതുങ്ങാത്ത, അത്ഭുതങ്ങൾ കാട്ടാത്ത, മതവിരുദ്ധമായ സത്യത്തെ ദൈവമെന്നു തൽക്കാലം വിളിക്കുന്നു, പൊറുക്കുക]
സൂര്യദംശത്താലൊരു
ചെമ്പകപ്പൂവെന്നോണം
നിൻ മിഴിയേറ്റിട്ടെന്നിൽ
പിറന്നന്നൊരു പൈതൽ.
ബധിരാന്ധത ചൂഴ്ന്ന
ഗർഭദേശത്തിൽ പോലും
നിൻചിരി കണ്ടു , കാതിൽ
നിറച്ചാൻ ഋതുഗാനം.
ഉടലിൻ ജരാനരച്ചടവും
നിരാലംബക്കറയും
ബാധിക്കാതെ,
താരകായുസ്സിൻ ചൂടിൽ
ജ്വലിച്ചേ വളർന്നൊരാൾ
ചിരിനേരത്തിൽ, നോവിൻ’
ഋണസൂചിയാഴ്ത്തിയും
നിറനൊമ്പരപ്പാടിൽ
തേൻപുരട്ടിയും, രാവിൽ,
വീണുറങ്ങുമ്പോഴെന്നിൽ
മിടിച്ചും, ഒരുവേള
ഞാൻ മറന്നെന്നാലപ്പോൾ
വിളിച്ചും ദീപാഞ്ജലി
തെളിച്ചും വാഴുന്നവൻ!
എനിക്കു കാണാൻ നിന്നെ –
യൊരുക്കുന്നതും ,
കാടിന്നകമേ പൂക്കും,
ഗൂഢസ്മൃതിഗന്ധവും,
മേലെ
പറക്കും പക്ഷിത്തൂവൽ
തുമ്പിലായ് പുരളുന്ന
പ്രാകൃതാകാശത്തരി
ത്തുമ്പവും മറ്റെന്തല്ലി!
എനിക്കു ശേഷം വാഴാൻ
പണിഞ്ഞൂ പഗോഡകൾ
നമുക്കു ശേഷം പാടാൻ
കുറിച്ചൂ ഗാനാവലി.
നഗരാരുണരാഗമൊഴുകി-
പ്പടർന്നന്തിക്കടലിൽ
ലവണമായ് , ഇരുളായലിഞ്ഞു നാം.
പല ജന്മങ്ങൾ മറന്നിനിയും
മുകിൽ , മാരി,പ്പുഴയായ്
കറങ്ങുന്നു ജലചക്രത്തിൽ നമ്മൾ.
തിരകൾ നുരകളാൽ ചമച്ചും
ഞൊടിയിൽ തച്ചുടച്ചും പുതുക്കുന്ന
താജ് മഹലുകളെത്ര!
[അഖിലാകാശപ്പുഴത്തെളിനീർ
യമുനയിൽ പ്രതിബിംബിക്കും
നിത്യപ്രണയാഭരണങ്ങൾ!]
അവളാലേറ്റം മുറിഞ്ഞ-
വനിൽ പിറക്കുന്ന
മറുദേവതാ നീതിക്കണ-
മല്ലയോ ദൈവം!