സഫീർ ഇപ്പോൾ എവിടെയായിരിക്കും?
ഇതാണ് എന്നെ അലട്ടിക്കൊണ്ടിരുന്ന ചോദ്യം. അയാൾ എന്തുകൊണ്ടാണ് ഇപ്പോൾ എൻറെ മനസ്സിലേക്ക് കടന്നുവന്നത് എന്ന് അറിയില്ല.
ചിലപ്പോൾ അയാളും എന്നെക്കുറിച്ച് ചിന്തിക്കുന്നുണ്ടാവും. പരസ്പരം അറിയുന്നവർ തമ്മിൽ ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കാറുണ്ട്. മൊബൈൽ ഫോൺ എടുത്തു ഒരാളെ വിളിക്കണം എന്ന് തോന്നിയാൽ ഡയൽ ചെയ്യുമ്പോഴേക്കും അയാൾ ഇങ്ങോട്ട് വിളിക്കുന്നു. അല്ലെങ്കിൽ അങ്ങനെ ഒരാളെ കുറിച്ച് ചിന്തിക്കുമ്പോൾ തൊട്ടു മുമ്പിൽ വന്നു നിൽക്കുന്നു. ഇതൊക്കെ നമ്മുടെ ഇടയിൽ സർവ്വസാധാരണമായിരിക്കുന്നു.
പക്ഷേ അയാളുമായി ഞാൻ അത്രയധികം അടുപ്പം സൂക്ഷിക്കുന്നില്ലല്ലോ. ചിലപ്പോഴൊക്കെ ഇയാൾ എന്തൊക്കെയോ പറയാൻ ഉള്ളതുപോലെ പെരുമാറുന്നത് കണ്ടിട്ടുണ്ട്.
അതെ. ഫേസ്ബുക്കിൽ അയാൾ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇന്ന് അയാളെക്കുറിച്ച് വീണ്ടും ഓർമ്മിപ്പിച്ചത്. ഏതോ വാടകവീട്ടിലാണ് താമസം എന്നറിയാം. സ്വന്തം വീടിനടുത്ത് തന്നെ. എന്തിനാണ് അങ്ങനെ വാടകവീട്ടിൽ താമസിക്കുന്നത് എന്ന് നമ്മൾ ആരും അയാളോടു ചോദിച്ചിട്ടില്ല. അങ്ങനെ ചോദിക്കുന്നത് ശരിയുമല്ല.
ഒരു വ്യക്തിക്ക് ഇഷ്ടമുള്ള ജീവിതരീതി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്ത് ഉണ്ടല്ലോ. അല്ലെങ്കിലും മറ്റുള്ളവരുടെ ജീവിതങ്ങളിലേക്ക് ഇപ്പോൾ ആരും എത്തി നോക്കാറില്ല. അതിനു സമയം ഇല്ലാത്തത് കൊണ്ടാവാം.
ഇതൊന്നുമായിരുന്നില്ല എൻറെ പ്രശ്നം. അയാൾ എപ്പോഴെങ്കിലും എന്നെ കാണുമ്പോൾ എന്തോ പറയുവാൻ ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന ഒരു മുഖഭാവം കണ്ടിട്ടുണ്ടായിരുന്നു. എങ്കിലും ഒന്നും ചോദിക്കാൻ മുതിർന്നില്ല.
അപ്പോഴാണ് ഒരിക്കൽ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ അയാൾ കൂടെ കാറിൽ കയറിയത്. യാത്ര ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ സഫീർ കൂടുതൽ അടുക്കുകയും ഏതൊ ഒരു നിമിഷത്തിൽ സ്വകാര്യമായ എന്തോ കാര്യം പറഞ്ഞപ്പോൾ അയാളുടെ കഥയും പറയാൻ തുടങ്ങി.
ഓഫീസിൻറെ വരാന്തയിലൂടെ പാസ് ചെയ്തു പോകുമ്പോൾ അയാളെ അതിന് തൊട്ടുമുമ്പ് കണ്ടിട്ടുണ്ടായിരുന്നു. അപ്പോൾ അയാളുടെ മുഖം താടി നീട്ടി വളർത്തിയതിനാൽ കാറൽ മാർക്സിനെപോലെ തോന്നിച്ചു. മാക്സിനെ വീണ്ടും കണ്ടുമുട്ടുന്നത് പോലെ. പക്ഷേ കാൾ മാക്സിൻറെ ഗൗരവം മുഖത്ത് കാണുന്നുണ്ടായിരുന്നില്ല.
ഒരു ചെറിയ കാര്യം പറയുകയാണെങ്കിൽ പോലും പുഞ്ചിരിയോടു കൂടി അയാൾ അവതരിപ്പിച്ചിരുന്നു. എത്ര വലിയ വിമർശനം ആണെങ്കിൽ പോലും അതുമുഴുവൻ തമാശരൂപത്തിൽ മനസ്സിലാക്കാൻ അയാൾക്ക് ഒരു നൈപുണി തന്നെ ഉണ്ടെന്നു തോന്നുന്നു.
കഥയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഇത് കഥയാണെന്ന് പറയാനേ നിവൃത്തിയുള്ളു. എല്ലാ കഥകളും സത്യം ഉൾക്കൊള്ളുന്നതു പോലെ എല്ലാ സത്യത്തിലും കഥയും അടങ്ങിയിട്ടുണ്ടല്ലോ.
ഒരു സ്വകാര്യ കോളേജിൽ അദ്ധ്യാപകനായി ജോലി നോക്കുമ്പോൾ വീട്ടുകാരും കൂട്ടുകാരും കുടുംബക്കാരും ചേർന്ന് അയാളുടെ വിവാഹം ഉറപ്പിച്ചു. പെണ്ണുകാണൽ ചടങ്ങിന് സാധാരണ ആചാരങ്ങളും ഉപചാരങ്ങളുമൊക്കെ നിഷ്കർഷിച്ച രീതിയിൽ തന്നെ നിറവേറ്റി.
അവളുടെ വീട്ടുകാർക്ക് കോളജ് അധ്യാപകനെ വളരെയധികം ഇഷ്ടമായി. അയാൾക്ക് അവരുടെ കുടുംബത്തോട് അലിവു തോന്നിയിരുന്നു. മനുഷ്യനെ അവൻ്റെ ജീവിതവൈഖരികളിൽ തന്നാലാവുന്ന രീതിയിൽ സഹായിക്കണമെന്ന ധാർമികതത്വം അയാൾ ഉൾക്കൊണ്ടു.
സാമ്പത്തികമായി പിന്നിലായിരുന്ന അവളുടെ കുടുംബം അയാളുടെ വരവോടെ കൂടുതൽ പുഷ്കലമായി. പുതിയ വീടും സൗകര്യങ്ങളുമൊക്കെ ഉണ്ടായി. എങ്കിലും ഇതൊന്നും അയാളുടെ സഹായം കൊണ്ടാണെന്ന് അയാൾ ആരോടെങ്കിലും സൂചിപ്പിക്കുകയോ മേനി നടിക്കുകയോ ചെയ്തില്ല. അതിൻ്റെ ആവശ്യമില്ലല്ലോ. സ്ത്രീധനത്തിൻ്റെ കൊഴുപ്പുകൊണ്ട് ഭർത്താവിൻ്റെ വീട്ടിലെ സൗകര്യം വർദ്ധിക്കുന്നതാണല്ലോ അധികവും കേൾക്കാറുള്ളത്?
അഞ്ചു നേരവും നമസ്കരിക്കുകയും സമയത്തിന് സക്കാത്ത് കൊടുക്കുകയും ധർമ്മം കൊടുക്കുകയും ആളുകളെ കഴിയുന്നത്ര സഹായിക്കുകയും തന്നാലാവുന്നത് ഭുമിയിലുള്ള ജീവജാലങ്ങൾക്ക് മുഴുവൻ ചെയ്യുകയും വേണമെന്ന പാഠം മദ്രസയിലെ ഉസ്താദുമാർ അയാളെ പഠിപ്പിച്ചത് കൂടാതെ സ്വന്തമായി വായിച്ചും ജീവിതത്തിൻ്റെ ചുറ്റുപാടിൽ നിന്നും അയാൾ പഠിച്ചിരുന്നു. ഏത് മനുഷ്യനോടും, മൃഗത്തോടും, മരങ്ങളോടു പോലും അയാൾ ഇത് അനുവർത്തിച്ചു.
എന്തായാലും കാര്യത്തിലേക്ക് വരാം. സഫീറിന് ഇറങ്ങാനുള്ള സ്ഥലമെത്തിക്കൊണ്ടിരിക്കുന്നു. സഫീറിൻ്റെ കഥ കേട്ടുകൊണ്ടിരിക്കെ പിന്നിടുന്ന വഴികളെക്കുറിച്ച് കൃത്യമായ ധാരണ എനിക്ക് നഷ്ടപ്പെട്ടു. ചിലപ്പോഴൊക്കെ അയാൾ പറയുന്ന കഥയുടെ പരിസരമാണ് മനസ്സിലേക്ക് ഓർമ്മ വരിക.
ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ വളർന്നുവന്ന കുട്ടിയുടെ ലോകം. വളരുമ്പോൾ പൂർണ്ണമായും അവൻറെ വ്യക്തിത്വം രൂപീകരിക്കപ്പെടുന്നത് അവൻറെ കൂട്ടുകാരുടെയും ബന്ധുക്കളുടെയും അയൽപക്കക്കാരുടെയും അന്തരീക്ഷത്തിലാണ്. സഫീറിൻ്റെ ലോകവും അങ്ങനെ തന്നെയായിരുന്നു.
അടുത്ത വീട്ടിൽ താമസിക്കുന്ന കൂട്ടുകാരോ സുഹൃത്തുക്കളോ ഏതു ജാതിയോ മതമോ പിന്തുടരുന്നത് എന്ന് അന്വേഷിക്കാറില്ല. ഒരാൾക്ക് ഒരു പ്രശ്നമുണ്ടാകുമ്പോൾ എല്ലാവരും എന്നും കൂടെയുണ്ടാവും. സ്ത്രീ പുരുഷ വ്യത്യാസം ഇല്ല. പ്രായം കൂടിയവരെന്നോ കുറഞ്ഞവരെന്നോ ഉള്ള വൈജാത്യം ഇല്ല. എല്ലാവരും ഒരേപോലെ ദാരിദ്ര്യവും പട്ടാങ്ങും അനുഭവിക്കുന്നവർ. അപ്പോൾ ആരാണ് മനുഷ്യർക്കിടയിൽ ഇങ്ങനെ വിഭജനം കൊണ്ടുവന്നു തുടങ്ങിയത്? അത് ആർക്കും അറിയില്ല.
നിൻറെ ജാതിയും മതവും സമുദായവും പ്രത്യേകം കണക്കാക്കുവാൻ തുടങ്ങിയതെപ്പോഴാണ്?
എപ്പോഴായിരുന്നു അവളിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത് എന്ന ചോദ്യം ചോദിക്കാൻ വേണ്ടി വാ തുറക്കുമ്പോഴേക്കും സഫീർ ഉത്തരം പറയാൻ തുടങ്ങിയിരുന്നു.
വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴേക്കും അവൾ സ്വന്തം വീട്ടിൽ തന്നെ താമസിക്കാൻ വേണ്ടി തയ്യാറെടുപ്പുകൾ നടത്താൻ തുടങ്ങിയിരുന്നു, സഫീറിന് അറിയില്ലെങ്കിൽ പോലും. പതിയെ പതിയെ അവൾ അകലുകയാണോ എന്ന് സഫീറിന് തോന്നിത്തുടങ്ങി.
അവൾ അയാളുടെ വീട്ടിൽ നിൽക്കുമ്പോൾ ഉമ്മയോട് കയർത്ത് സംസാരിക്കാൻ തുടങ്ങി. ഉമ്മ ഒരു ഗ്രാമീണ സ്ത്രീയായിരുന്നു. മകന് വിവാഹം ചെയ്ത പെണ്ണിൻ്റെ സ്റ്റാറ്റസിനൊത്ത് ഉയരാൻ അവർ ശ്രമിച്ചു കൊണ്ടിരുന്നു. ബാപ്പയോടും ഇങ്ങനെ തന്നെയായിരുന്നു. അവർക്ക് ക്ഷമിക്കാനും സഹിക്കാനും കഴിഞ്ഞു. മകളെപ്പോലെ അവർ അവൾ സ്നേഹിക്കാൻ തുടങ്ങിയെങ്കിലും അവരോട് അവൾ അകലം പാലിച്ചു. ഒരു പക്ഷെ അവരുമായി ഇടപഴകാൻ അവൾക്ക് നേരമില്ലായിരുന്നു എന്നു പറയാം.
അവൾക്ക് അവരോടൊക്കെ പുച്ഛമായിരുന്നു. സദാ സമയവും മൊബൈൽ ഫോണുമായി അവൾ ചങ്ങാത്തത്തിൽ ചെലവിട്ടു. പുലരുന്നതുവരെ അവൾ ഫോണുമായി ബെഡ് റൂമിലോ ലിവിംഗ് റൂമിലോ ആയിരിക്കും. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായിരിക്കും ലൈനിൽ. അതിനാൽ അടുക്കളയിലൊ വീട്ടിലൊ ഉള്ള ഒരു കാര്യവും അവളറിഞ്ഞിരുന്നില്ല.
സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുന്ന തത്വചിന്തയിൽ വിശ്വസിക്കുന്നതിനാൽ സഫീർ അവളുടെ ഫോൺ ബന്ധങ്ങൾ നിയന്ത്രിക്കാൻ ശ്രമിച്ചില്ല. പോകെപ്പോകെ കാര്യങ്ങൾ വഷളാകാൻ തുടങ്ങി എന്ന് അയാൾ തിരിച്ചറിഞ്ഞു. അവൾ പക്ഷേ അപ്പോഴേക്കും അവളുടെ വീട്ടിലേക്ക് മറ്റെന്തോ ഉപായം പറഞ്ഞു പോയിക്കഴിഞ്ഞിരുന്നു.
സഫീർ അതോർത്തെടുക്കാൻ ശ്രമിക്കുകയാണ്. തൻറെ ഇടത് കൈ വിരൽ നെറ്റിയിലമർത്തി പിടിച്ചു ആലോചിക്കുന്നതു പോലെ കുറച്ചു സെക്കൻഡുകൾ ചെലവഴിച്ചു.
അതേ അതെ …… ഇപ്പോൾ ….. ഓർമ്മ വരുന്നു.
ഒരു ദിവസം രാത്രിയിൽ അവൾക്ക് തലചുറ്റൽ ഉണ്ടായി. പിന്നീട് അസഹ്യമായ തലവേദന. അപ്പോൾ തന്നെ ഡോക്ടറെ കാണിക്കാൻ വേണ്ടി പറഞ്ഞെങ്കിലും അവൾ കൂട്ടാക്കിയില്ല. രാവിലെ ആവുമ്പോഴേക്കും ഒരുപക്ഷേ തലവേദന മാറും എന്ന് അവൾ പറഞ്ഞു. പക്ഷേ രാവിലെയും വേദന കുറഞ്ഞില്ല.
തൊട്ടടുത്ത പട്ടണത്തിലെ MD ആയ ഡോക്ടറെ കാണിക്കാൻ അയാൾ നിർബന്ധിച്ചു.
“ഇത് വേറെ തലവേദനയാണ് മോനെ”, ഉമ്മ പറഞ്ഞു.
അവൾക്കത് കേൾക്കുന്നതേ ഇഷ്ടമല്ലായിരുന്നു.
വിവാഹം കഴിഞ്ഞ് കുറഞ്ഞ ദിവസങ്ങളേ ആയിരുന്നുള്ളുവെങ്കിലും മകൻ ബാപ്പയാകാൻ പോകുന്നുവല്ലോ എന്ന സന്തോഷത്തിലായിരുന്നു, ഉമ്മ. അവളെയും കൂട്ടി അടുത്തുള്ള ഗവൺമെൻ്റാസ്പത്രിയിൽ പോകാമെന്ന് പറഞ്ഞ് ഉമ്മ അവളോട് ഡ്രസ് മാറാനാവശ്യപ്പെട്ടു. പക്ഷെ അവൾക്കതിൽ താത്പര്യമില്ലായിരുന്നു.
ഈ തലവേദന മാറണമെങ്കിൽ വീട്ടിൽ പോയി നിൽക്കണം. അതായിരുന്നു അവൾ ആവശ്യപ്പെട്ടത്. സഫീർ ഉടൻ തന്നെ റെഡിയായി, അവളെയും കൊണ്ട് വീട്ടിലേക്ക് പുറപ്പെട്ടു. അവൾ കുറേയെറെ വസ്ത്രങ്ങൾ ഒന്നുരണ്ട് വസ്ത്രക്കടയുടെ സഞ്ചിയിൽ പെറുക്കിക്കൊള്ളിച്ചിരുന്നു. ഇത്രയധികം ഡ്രസ് എന്തിനാണെന്ന് അയാൾ സംശയം പ്രകടിപ്പിച്ചെങ്കിലും അവൾ ഒന്നും പറഞ്ഞില്ല.
അവൾ തലയിൽ അമർത്തി പിടിക്കുന്നുണ്ടായിരുന്നു. പാരസെറ്റമോൾ പോലും അവൾ കഴിച്ചില്ലെന്നത് അയാൾക്ക് വല്ലാത്ത അത്ഭുതമായിരുന്നു. മുക്കാൽ മണിക്കൂർ യാത്ര ചെയ്താണ് അവളുടെ വീടെത്തിയത്. ചെന്നപാടെ അവൾ മുറിയിൽ പോയി കിടന്നു. പിയ്യാപ്ളയെ വീട്ടുകാർ സൽക്കരിച്ചു. ചായവും പലഹാരവും കഴിച്ച് അയാൾ ഇറങ്ങി. തലവേദനയാണെന്ന് വീട്ടുകാർ നേരത്തെ അറിഞ്ഞിരിക്കുന്നു. വാട്സ് ആപ്പിലൂടെയാവാം. സ്മാർട് ഫോണിൽ അയാൾക്ക് ഇങ്ങനെയുള്ള ആപ്പൊന്നും ഇല്ല.
എൻ്റെ ജിജ്ഞാസയുടെ കയറു പൊട്ടാൻ തുടങ്ങി. അയാൾ പക്ഷെ അതിവിദഗ്ധമായി നിർവികാരതയോടെയാണ് സംസാരിച്ചത്. ഉളളിൽ അണയാത്ത തീയെരിയുന്നുണ്ടാവും. അങ്ങനെയുള്ളവർക്കേ ഇങ്ങനെ നിർവികാരമൊ സന്തോഷത്തോടെയോ പെരുമാറാൻ കഴിയു.
രണ്ടു മൂന്ന് ദിവസം കൊണ്ട് അവൾക്ക് തലവേദനയില്ലായിരുന്നുവെന്ന് അയാൾ മനസിലാക്കി. അവളുടെ ചില തന്ത്രങ്ങൾ പതിയെ അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു. തിരിച്ചു വരാൻ വേണ്ടി അവളെ വിളിച്ചപ്പോൾ അവൾ ഫോണെടുക്കുന്നില്ല. നെറ്റ് വർക്ക് പ്രശ്നമാണെന്നു കരുതി അയാൾ കാത്തിരുന്നു.
ദിവസങ്ങളോളം അവളുടെ വിളിയോ വരവോ കാത്തിരുന്ന അയാൾ നിരാശനായി. വരുന്നത് വരട്ടെ എന്ന ഒരു നിലപാട് അയാൾക്കുണ്ടായിരുന്നു.
അവൾ എന്താണ് വരാത്തതെന്ന് ഉമ്മ ഇടക്കിടെ ചോദിക്കുമ്പോൾ ഉടൻ വരുമെന്ന് പറഞ്ഞുവെന്ന് അയാൾ കള്ളം പറഞ്ഞു.
ബന്ധുക്കളോടും സുഹൃത്തുക്കളോടും ഉത്തരം പറഞ്ഞ് അയാൾ തളർന്നു.
‘എന്താണ് ഈ തലമുറയ്ക്ക് പറ്റിയത്? ഞാനുൾപ്പെടെ?
ജീവിതത്തിൻ്റെ തീവ്രമായ മുൾപാതയിലും ബാപ്പയൊക്കെ പറയാറുള്ള വാക്കുകൾ എന്നും സഫീറിന് പ്രചോദനമായിരുന്നു: “നമ്മൾ എത്ര പ്രയാസമനുഭവിക്കുന്നുണ്ടെങ്കിലും മറ്റുള്ളവരെ പ്രയാസപ്പെടുത്തരുത്. ചതിക്കരുത്. നമ്മുടെയൊന്നും അന്തസ് മറന്ന് എടുത്തു ചാടരുത്.”
ബാപ്പയെന്നല്ല, ആ കാലത്ത് ഞങ്ങളൊക്കെ കുട്ടികളായിരുന്നപ്പോൾ ആർക്കും ഞങ്ങളെ ഉപദേശിക്കാമായിരുന്നു. അവർ പറയുന്ന നന്മയും സഹോദര്യ വാദങ്ങളുമെല്ലാം ഞങ്ങൾക്കിഷ്ടമായിരുന്നു. മുതിർന്ന ഒരാൾ കയർത്ത് സംസാരിച്ചാൽ പോലും അതിലെന്തോ പൊരുളടങ്ങിയിരിക്കുന്നതായി ഞങ്ങൾ മനസിലാക്കിയിരുന്നു.
അവരുടെ നോട്ടത്തിൽ നിന്നും ഭാവത്തിൽ നിന്നുമൊക്കെ ഒത്തിരി പഠിക്കാനുണ്ടായിരുന്നു. തിരിച്ചറിവിനെ എന്ത് പേരിട്ടു വിളിക്കണമെന്നതാണ് പ്രശ്നം. സഫീർ തത്വചിന്തയുടെ ഡപ്പി തുറക്കുകയാണ്. കാലഘട്ടത്തിൻ്റെയോ തലമുറയുടെയോ വ്യത്യാസം കൊണ്ടാവാം എന്ന പൊതുതത്വം എല്ലായിടത്തും പറയാൻ തുടങ്ങിയിരിക്കുന്നു.
അയാളുടെ ഭാര്യ തിരിച്ചു വരാതായപ്പോൾ ഒന്നു പോയി നോക്കാമെന്ന് അയാളുടെ ഉള്ളിൽ നിന്ന് ഒരു നിർദ്ദേശം വന്നു. ദേഷ്യവും വൈരാഗ്യവുമില്ലാത്ത അയാൾ അതനുസരിച്ചു. അവളുടെ വീട്ടിൽ ചെന്നു കയറിയപ്പോൾ തന്നെ അയാൾക്ക് അപരിചിതത്വം തോന്നിയിരുന്നു.
സൽക്കാരത്തിൻ്റെ വീര്യം നഷ്ടമായിരിക്കുന്നു. ആരുടെയും മുഖത്ത് പ്രസരിപ്പിൻ്റെ വെളിച്ചമില്ല. വിളക്കണഞ്ഞ ഒരു മുറിയിലേക്ക് കയറിയതു പോലെ അയാൾക്ക് തോന്നി. അവിടെ തങ്ങി നിന്ന ഭയവും അപരിചിതത്വവും അയാളെ വല്ലാതെ അസ്വസ്ഥനാക്കി.
ഉമ്മയുടെ നോട്ടത്തിൽ ദേഷ്യത്തിൻ്റെയോ പകയുടേതോ ആയ നിഴലുകൾ കളം വരക്കുന്നതായി അയാൾ കണ്ടു. സ്ത്രീകളുടെ മുഖത്ത് അവരുടെ ഭാവമാറ്റം പെട്ടന്ന് ദൃശ്യമാകുമെന്ന് അയാൾ മനസിലാക്കിയിട്ടുണ്ട്. ഇരുൾ വീണ മുഖത്ത് നിന്ന് അകന്നുപോയ വെളിച്ചത്തിൻ്റെ പാടുകൾ അയാളന്വേഷിച്ചു.
അവൾ ഉമ്മറത്തേക്ക് കടന്നു വന്നു. വരാന്തയിലെ തിണ്ണയിലിരിക്കുന്ന അയാളുടെ മുമ്പിൽ അവൾ അപരിചിതത്വം അവലംബിച്ചു. ആദ്യമായി പെണ്ണുകാണാൻ വന്ന ഒരു പുരുഷനോട് കാണിക്കേണ്ട അടുപ്പം പോലും അവൾ കാണിച്ചില്ല.
പെയ്യാൻ തുടങ്ങുന്ന കാർമേഘങ്ങളൊന്നും അവളുടെ മുഖത്തില്ല. അയാൾക്ക് അവളുടെ മുഖം പൂർണ്ണമായി വായിച്ചെടുക്കാൻ കഴിഞ്ഞു. അയാളുടെ കണ്ണിൽ നോക്കാതെ മുഖം താഴ്ത്തി നിൽക്കുന്നതുകൊണ്ടായിരുന്നു അത്.
അവളുടെ മുഖത്ത് പ്രത്യക്ഷമായ ഭാവം കൃത്യമായി തിരിച്ചറിയാൻ അയാൾ ഏറെ നേരം നോക്കിയിരുന്നു. വാതിൽപ്പടിയിൽ ചാരി മറ്റെന്തോ ശ്രദ്ധിക്കുന്നതു പോലെ അവൾ കണ്ണുകൾ പിടികൊടുക്കാതെ നിന്നു.
അയാളുടെ ചോദ്യങ്ങൾ ശാന്തമായിരുന്നു.
തലവേദന മാറിയില്ലേ?
എന്താണ് ഫോൺ വിളിച്ചിട്ടെടുക്കാതിരുന്നത്?
കുറെ പ്രാവശ്യം വിളിച്ചിരുന്നു.
എന്താണൊന്നിനും മറുപടി തരാത്തത്?
എന്താ പ്രശ്നം?
എന്തെങ്കിലും പറയു…..
പന്തികേടുകൾ വേഗത്തിൽ അയാൾ തിരിച്ചറിഞ്ഞു. വാക്കുകൾ അഗാധമായ മൗനത്തിലേക്ക് അയാളെയും തള്ളിവിടാൻ തുടങ്ങി.
ഇല്ല. തിരിച്ചു പോകണം. ക്ഷമയുടെ അക്ഷീണമായ കരുത്ത് തന്നിൽ എന്നുമുണ്ടല്ലോ. വല്ലാതെ അസ്വസ്ഥമാക്കുന്ന അന്തരീക്ഷത്തിൽ ഇനിയും നിൽക്കുന്നത് കരണീയമല്ലെന്ന് അയാൾ തിരിച്ചറിഞ്ഞു.
ഓ. കെ.
വേഗം റെഡിയാക്. നമുക്ക് പോകാലൊ. വൈകിയാൽ വാഹനം കിട്ടിയില്ലെങ്കിലോ?……
പറഞ്ഞു തീരുമ്പോഴേക്കും അവൾ വാതിലിനു പിന്നിൽ മറഞ്ഞ് അകത്തേക്ക് പോയിരുന്നു.
ഒരു മിനിട്ടു കഴിഞ്ഞു കാണും ഉമ്മ വീണ്ടും വാതിൽക്കലെത്തി.
അവൾ വരുന്നില്ല. ഇനിയവൾ അങ്ങോട്ട് വരില്ല.
സഫീർ അടുത്ത ചോദ്യം തുടങ്ങുന്നതിൻ മുമ്പുതന്നെ അവരും പോയിക്കഴിഞ്ഞു.
താനിപ്പോൾ ആകാശത്തും നിലത്തുമല്ലെന്നാണ് സഫീറിന് തോന്നിയത്. മനുഷ്യരൊന്നുമില്ലാത്ത മറ്റു ജീവികളും മരങ്ങളുമില്ലാത്ത ഏതോ ശൂന്യ ലോകത്ത്. കാലുകൾ നിലം തൊടാതെ ഒരിക്കലും ലഭിക്കാത്ത ഉത്തരങ്ങളെ പിന്നിലുപേക്ഷിച്ച് അയാൾ വരാന്തയിറങ്ങി.
പിന്നീട് സ്വപ്നത്തിലെന്നപോലെയായിരുന്നു യാത്ര. ബസിൽ കയറിയതും വീട്ടിലെത്തിയതും ഒന്നും അയാൾ അറിഞ്ഞില്ല. വീട്ടിൽ ഉമ്മയെന്തൊക്കെയോ ചോദിക്കുന്നുണ്ടായിരിക്കണം.
കൂടുതലെന്തെങ്കിലും പറയാൻ അവന് കഴിഞ്ഞില്ല. മനസിലെ പെരുക്കങ്ങൾ കൊണ്ട് പുറത്തെ ജീവിത വ്യവഹാരങ്ങൾ അയാൾ അറിഞ്ഞില്ല.
എന്നു മുതലാണ് അയാൾക്ക് ദൈവ വിശ്വാസം നഷ്ടപ്പെട്ട് തികഞ്ഞ യുക്തിവാദിയായതെന്നും അയാൾക്കോർമയില്ല. ഓർമകൾ ഇല്ലാതാക്കാൻ അയാൾ ലഹരിയെ പുൽകാൻ തുടങ്ങിയിരുന്നു. അതെന്നു മുതലാണെന്നും അയാൾക്കോർമയില്ല.
ആരുടെയോ കൂടെ വിവാഹ ജീവിതം നയിച്ചുകൊണ്ട് അവൾ ജീവിക്കുകയാണെന്നും വിവാഹമോചനത്തിനും നഷ്ടപരിഹാരത്തിനും കേസു കൊടുത്ത് തന്നിൽ നിന്ന് അതൊക്കെ അവൾ നേടിയെടുത്തുവെന്നും അയാൾക്കറിയാം.
വീട്ടുകാരുടെ ഒത്താശയോടെ ധനികനായ ഒരു ഗൾഫുകാരനെ വിവാഹം കഴിച്ച് മൂന്നു വർഷം കഴിഞ്ഞപ്പോൾ വിവാഹമോചനം നേടിയതുപോലുള്ള കഥ കേട്ടിട്ടുണ്ട്. ആ പെൺകുട്ടിക്ക് ജോലി നേടാൻ വേണ്ടിയുള്ള ഒരു കോഴ്സ് പഠിക്കേണ്ടതുണ്ടായിരുന്നു. വിവാഹം ഏർപ്പാടാക്കിയ വ്യക്തിക്കും ഭർത്താവിൻ്റെ വീട്ടുകാർക്കും അവരുടെ തന്ത്രം അറിയില്ലായിരുന്നു. അവൾ തന്ത്രത്തിൽ അയാളുമായുള്ള ശാരീരിക ബന്ധം പോലും നീട്ടി വയ്പ്പിച്ചു. ദാമ്പത്യം കോഴ്സ് കഴിഞ്ഞു മാത്രം മതി എന്ന് അവൾ ശഠിച്ചു.
വിദ്വേഷത്തിന്റെ വിത്തുകളൊന്നും അയാളുടെ മനസ്സിൽ മുളച്ചിരുന്നില്ല. വിധിയുടെ അയുക്തികതയെക്കുറിച്ചാണ് അയാൾ ഇപ്പോൾ സംസാരിക്കാറ്. എല്ലാ നോവുകളെയും പടയ്ക്കുന്ന കാലത്തിൻ്റെ യുക്തി തിരിച്ചറിഞ്ഞതു കൊണ്ടാവാം കാടു കൾ നിറഞ്ഞ വഴിയോരത്ത് അയാൾ കാറിൽ നിന്നറങ്ങി നടന്നു.
ടാറിട്ട റോഡരികിൽ തന്നെ നിഗൂഢമായ പൊന്തക്കാട്. അതിനുള്ളിലെ നാട്ടു വഴിയിലൂടെ ചിരിച്ചു കൊണ്ട് സഫീർ മറഞ്ഞു.