പൊതിയഴിക്കാതെ കൊടുത്ത പുരസ്ക്കാരം

ഒരുപക്ഷേ പെരുമ്പാവൂർ വെങ്ങോലയിൽ ചെന്ന് അന്വേഷിച്ചാൽ പോലും തുമ്മാരുകുടിയിലെ മുരളിയെ ആരും അറിയാൻ ​വഴിയില്ല.​ ​തുമ്മാരുകുടിയിലെ മറ്റംഗങ്ങളെ എല്ലാം അറിയാവുന്നവരും പറയും​, ​​തുമ്മാരുകുടീലെ അമ്മയ്ക്ക് ഇവരെ കൂടാതെ ഒരു ചെക്കനും കൂടെയുണ്ട്​. മുരളീന്നോ മറ്റോ ആണ് പേര്​. ആള് ഏതോ ബിലാത്തീലോ പെനാങ്കിലോ പേർഷ്യേലോ എന്തോ വല്യ ജോലിക്കാരനോ മറ്റോ ആണെന്ന്​ ​!​ ​ ​കാര്യം ഞങ്ങൾ ഒരേ നാട്ടുകാരും അയൽവാസികളുമൊക്കെയാണെങ്കിലും മുരളീ തുമ്മാരുകുടിയെ ​പലരെയും പോലെ ​എനി​ക്കും പരിചയം ഫേസ്ബുക്കിലൂടെയാണ്.​  ​

കാരണം അദ്ദേഹം വളരെ ചെറുപ്പത്തിലേ നാടു വിട്ടു.​ ​പല രാജ്യങ്ങളും ചുറ്റിക്കറങ്ങി പല ജോലികളും ചെയ്ത് ഒടുവിൽ യുണൈറ്റഡ് നേഷൻസിൽ ദുരന്ത​ ​ലഘൂകരണ വിഭാഗം തലവനാണിപ്പോൾ.

സാധാരണ എം.ടിയുടെയും മറ്റും കഥകളിലെ അത്താഴപഷ്ണിക്കാരൻ പയ്യൻ മദിരാശിയിൽ പോയി ചായക്കടയിൽ പാത്രം കഴുകിയും മേശ തുടച്ചും വലിയവനായ തരത്തിലുള്ള പോക്കായിരുന്നില്ല അദ്ദേഹത്തിന്റേത്.

തരക്കേടില്ലാത്ത ജോലികൾ മാറിമാറി ലഭിച്ചിട്ടും അതിലൊന്നും ഒതുങ്ങികൂടാതെ ഇനിയും ഇനിയും ഉയരങ്ങളിലെത്താൻ അദ്ദേഹം ശ്രമിച്ചു​. അതിനു വേണ്ടി വീണ്ടും വീണ്ടും പലതും പഠിച്ചു.​ ​പഠനേതര വിഷയങ്ങളിലും പൊതുവായ ഒരു ​അവബോധം വളർത്തി കൊണ്ടുപോകാനും അങ്ങേർ എന്നും ശ്രമിച്ചു വന്നു.​ ​ഇന്നും അദ്ദേഹം പലതും പഠിച്ചു കൊണ്ടിരിക്കുന്നു​. പഠിപ്പിച്ചു കൊണ്ടിരിക്കുന്നു​​​.

എല്ലാവർക്കും ഒരു ദിവസം എന്നാൽ ഇരുപത്തിനാല് മണിക്കൂറാണ്.​ ​ആ ഇരുപത്തിനാലു മണിക്കൂറുകൾ മടികൂടാതെ കൃത്യമായി പ്ലാൻ ചെയ്യുന്നതിനാൽ അദ്ദേഹത്തിന് എല്ലാത്തിനും സമയമുണ്ട്.​ ​ഒരേസമയത്ത് പല പ്രവർത്തികൾ ചെയ്യാനും പല വിഷയങ്ങളെ കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിനു കഴിയുന്നു.​ ​വലിയൊരു ഗുണമാണത്​. രണ്ട് കേസ്സ് അടുപ്പിച്ച് ലഭിച്ചാൽ മറ്റെല്ലാത്തിൽ നിന്നുമൊഴിഞ്ഞ് അതിനു പിറകേ മാത്രം പോകുന്ന​, അതിനെക്കുറിച്ചു മാത്രം ചിന്തിക്കുന്ന എനിക്കൊക്കെ വലിയൊരു അൽഭുതമാണദ്ദേഹം​.

തിരക്കും ഉത്തരവാദിത്തവുമുള്ള ഔദ്യോഗിക ജീവിതത്തിനിടയിലും ​മുരളി ​തുമ്മാരുകു​ടി എഴുത്തിനും സോഷ്യൽ മീഡിയകളിലൂടെയും നേരിട്ടുമുള്ള സംവാദങ്ങളിലും സജീവമാകുന്നു.​ ഇന്ത്യയിലും പുറത്തും സുഹൃത്തുക്കളും അനുയായികളുമായി പതിനായിരകണക്കിന് ആളുകളുണ്ട്.​ ​ഔദ്യോഗികാവശ്യങ്ങൾക്കായുള്ള നിരന്തര യാത്രകൾക്കിടയിലും ഇവരുമായി ചായ് പേ ചർച്ച മുതൽ ചാരായം പേ ചർച്ച വരെ നടത്തുന്നവനാണിദ്ദേഹം.​ ​ഈ സംവാദത്തിലൂടെ അദ്ദേഹം പലതും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.

അദ്ദേഹത്തിന്റെ ​പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ എല്ലാം ചെറു കുറിപ്പുകളും ലേഖനങ്ങളുമാണ്.​ ​സൂര്യനു താഴെയുള്ള സകല വിഷയങ്ങളെ കുറിച്ചും അദ്ദേഹം ആ കുറിപ്പുകളിൽ പ്ര​തിപാദിക്കുന്നുണ്ട്.​ ​അപ്പി മുതൽ അമൃത് വരെ​.​​സി​ൽവസ്റ്റർ സ്റ്റാലൻ മുതൽ വിനയ് ഫോർട്ട് വരെ​. ആഷാ ഭോസ്ലേ മുതൽ സിത്താര വരെ​. എല്ലാത്തിനെയും പറ്റി അദ്ദേഹം ആധികാരികമായി തന്നെ കുറിക്കുന്നു.​ ​ഈ ആധികാരികത അദ്ദേഹം ശൂന്യതയിൽ നിന്ന് സൃഷ്ടിക്കുന്നതല്ല​. കാടടച്ചുള്ള വെടിയുമല്ല.​ ​മറിച്ച് വിഷയത്തെ പറ്റി കിട്ടാവുന്ന സകല മെറ്റീരിയൽസും കളക്റ്റ് ചെയ്ത് അത് അനലൈസ് ചെയ്ത് തന്നെയാണ് ​മുരളി ​തുമ്മാരുകു​ടി ​ഓരോ ലേഖനങ്ങളും എഴുതുന്നതും ഓരോ വാചകങ്ങൾ പറയുന്നതും​.

പക്ഷേ അദ്ദേഹത്തിന്റെ ശൈലി ഗാംഭീര്യമുള്ളതല്ല.​ ​തനി നാടൻ പെരുമ്പാവൂർ ശൈലിയിലുള്ള പ്രയോഗങ്ങളും സിനിമാ ഡയലോഗുകളിലൂന്നിയ ഉദാഹരിക്കലുമാണ് ഇദ്ദേഹത്തിന്റെ രീതി.​ ​ഇത് മനസ്സിലാക്കാൻ എളുപ്പവും മനസ്സിൽ പതിയുന്നതുമാണ്.​ ​കാരണം അദ്ദേഹത്തെ ശ്രദ്ധിക്കുന്നവർ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരും പണ്ഡിതരും മാത്രമല്ല മറിച്ച് തികച്ചും സാധാരണക്കാരുമുണ്ടതിൽ.​ ​സത്യത്തിൽ സാധാരണക്കാർക്ക് വേണ്ടിയാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നതും.

തഞ്ചാവൂർ വൈത്തീശ്വരൻ കോയിലിലെ താളിയോല ജ്യോതിഷം പോലെ ഇന്നലെ നടന്നതും ഇന്ന് നടക്കുന്നതും നാളെ നടക്കേണ്ടതും നടന്നു കൂടാത്തതുമായ സകല കാര്യങ്ങളെ കുറിച്ചും അദ്ദേഹം വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങൾ തനത് ശൈലിയിൽ എഴുതി കഴിഞ്ഞു.​ ​ഇവയെല്ലാം നമ്മൾ ഒരു വട്ടമെങ്കിലും വായിക്കണ്ടത്ര പ്രാധാന്യമുള്ളതുമാണ്.

​​സാഹിത്യ അക്കാദമി പുരസ്കാരത്തിന് അദ്ദേഹത്തിന്റെ ചില നാട്ടുകാര്യങ്ങൾ എന്ന പുസ്തകം അർഹമായി.​ ​​നന്നായി. പക്ഷേ അത് ഹാസ​​ സാഹിത്യത്തിന്റെ ഗണത്തിൽ പെടുത്തിയത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല.​ ​അതൊരിക്കലും ഒരു ഹാസ്യ​ ​കൃതിയല്ല​. അതിൽ പ്രതിപാദിക്കാത്ത വിഷയങ്ങളില്ല​. ജനനന്മയ്ക്കും ഉന്നമനത്തിനും വേണ്ടുന്ന പല കാര്യങ്ങളും ഇതിലുണ്ട്.​ ​ഹാസ്യത്തിന്റെ മേമ്പൊടിയിൽ ഒന്ന് പൊതിഞ്ഞു പോയി എന്ന് മാത്രം.​ ​ഏതായാലും സാഹിത്യ അക്കാദമി പൊതിയഴിച്ച് നോക്കാൻ മെനക്കെട്ടിട്ടില്ല.​ ​ഏയ് ഓട്ടോയിൽ കുതിരവട്ടം പപ്പു കുറെ നോട്ടുകൾ കയ്യിലെടുത്ത് കനം നോക്കിയിട്ട് ഇത് അയ്യായിരം കാണും എന്ന് പറയുന്ന പോലെയാണ് അക്കാദമിയുടെ ചെയ്തി.

ഏതായാലും അവാർഡിനർഹമായ ഒരു കൃതി തന്നെയാണ് ഇതെന്നതിൽ യാതൊരു തർക്കവുമില്ല.​ ​അക്കാദമിയ്ക്ക് ആ കാര്യത്തിൽ തെറ്റു പറ്റിയിട്ടുമില്ല.​ 

മുരളി തുമ്മാരുകുടി ഉൾപ്പടെ ഒൻപത് പേർ ചേർന്നെഴുതിയ അവിയൽ എന്ന പുസ്തകത്തിന്റെ സഹരചയിതാവ്. അഭിഭാഷകനാണ്. പെരുമ്പാവൂർ സ്വദേശി.