പൊതിച്ചോറ്

ണ്ടിട്ടേയില്ലാത്ത വീടുകളിലെ
രുചി വിഴുങ്ങി
വട്ടത്തിലിരുന്ന് തിന്നുന്നവർക്കിടയിലെ
ചിരികൾ കണ്ടുനിൽക്കുമ്പോൾ
എത്രയെത്ര കൈകളാണ്
നമ്മളെ കടന്നുപോവുന്നത്  
ഒരായിരം പേർ ഒരുമിച്ചിരുന്ന്
പൊതിച്ചോറ് കഴിക്കുന്നിടത്തേക്ക് പോകണം.
എന്തൊക്കെ തരം മണങ്ങൾ,  രുചികൾ.

എത്രയെത്ര വീടുകളിൽ കിടന്നു പൊട്ടിയ കടുകുമണികൾ
പല കടലുകളിൽ നിന്നും കയറിവന്ന്
പല വീടുകളിൽ വെന്ത് തിളച്ച മീൻകറി.
പല വയലുകളിൽ വിളഞ്ഞ
അറിയപ്പെടാത്ത എത്രയോ പേരുഴുതാനെൽമണികൾ

വെന്ത് തിളച്ച ചോറ്…!

അരകല്ലിലും, മിക്സിയിലും കിടന്നരഞ്ഞ് ഉരുട്ടിയെടുത്ത
ചമ്മന്തിയുരുളകൾ..!

എത്രയെത്ര മണങ്ങളാവും
ഒരുമിച്ചൊരോ മനുഷ്യരുടെയും
ഉള്ളിലേക്കിറങ്ങിപ്പോവുക

കണ്ടിട്ടേയില്ലാത്ത വീടുകളിലെ
രുചി വിഴുങ്ങി
വട്ടത്തിലിരുന്ന് തിന്നുന്നവർക്കിടയിലെ
ചിരികൾ കണ്ടുനിൽക്കുമ്പോൾ
എത്രയെത്ര കൈകളാണ്
നമ്മളെ കടന്നുപോവുന്നത്.?

ചമ്മന്തിയരഞ്ഞൊരു അമ്മക്കൈ
നെൽ വിളയിച്ചൊരു കർഷകക്കൈ
മീൻ പിടിച്ചൊരു മുക്കുവക്കൈ  ..!

പൊതിച്ചോറിന്റെ മണത്തോടൊപ്പം
എത്രയേറെ മനുഷ്യരാണ്
ഉള്ളിലേക്ക് കയറിപ്പോവുന്നത്..?

എല്ലാം കഴിഞ്ഞുപേക്ഷിക്കുന്ന
ഇലപ്പൊതികളുടെ
ഇടയിൽ എന്തൊക്കെയാവും ബാക്കിയാവുക.?

നവമാധ്യമങ്ങളിൽ എഴുതുന്നു. മൂന്ന് സമാഹാരങ്ങളിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട് . കേരള സർവകലാശാലയിൽ ജോലി . തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി .