“ഇതെന്താ അസി, പതിവില്ലാത്ത ആൾക്കൂട്ടം ? പോരാത്തതിന് പോലീസും !?..”
കമനീയവും വിശാലവുമായ റിസപ്‌ഷൻ ഏരിയയിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നു. ഭൂരിഭാഗവും മലയാളികളാണെന്ന് ഒറ്റക്കാഴ്ചയിൽ വ്യക്തം. പൊലീസിലെ സർജന്റ് ഗ്രേഡിലുള്ള ഒരു ഓഫിസർ റിസപ്‌ഷൻ ഡെസ്കിനു പിറകിലിരുന്ന് എന്തോ കുത്തിക്കുറിക്കുന്നു.
പതിവുപോലെ ഒമ്പതുമണിക്ക് ഓഫിസിലേക്കുള്ള പുറപ്പാടിൽ പതിനഞ്ചാം നിലയിൽ നിന്നും ലിഫ്റ്റിറങ്ങിയ എന്റെ മുമ്പിലെ പതിവില്ലാ ബഹളങ്ങളിൽ തട്ടിയുരുണ്ട് നേർത്തുപോയ എന്റെ ചോദ്യം നാത്തൂർ അസീസിനോടായിരുന്നു. മുഖ്യ കവാടത്തിനരികിൽ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു, അവനപ്പോൾ.
“അപ്പൊ ങ്ങളറിഞ്ഞില്ലേ..? പതിനാലിലെ ഞമ്മളെ അസീംക്ക ഇന്ന് വെളുപ്പിന് മരിച്ചു”
പിരിമുറുക്കത്താൽ ഏങ്കോണിച്ച അവന്റെ മുഖത്തേക്ക് തുറിച്ചുനോക്കി സ്തബ്ദനായി നിന്നുപോയി ഞാൻ.
“അറ്റാക്കാണെന്നാ പറേണേ”
ചോദിക്കാതെ തന്നെയുള്ള മരണ കാരണം കേട്ട് യാന്ത്രികമായി ലിഫ്‌റ്റിനരികിലേക്ക് നീങ്ങിയ എന്നെ അവൻ തടഞ്ഞു.
“അവിടെ പോലീസുണ്ടിക്കാ.. ആരെയും ഉള്ളിലേക്ക് വിടുന്നില്ല. മയ്യിത്ത് ഹോസ്പിറ്റലിലാ. ഇത്തിരി മുമ്പ് അസീംക്കയുടെ മോൻ അഫ്സൽ ഫ്‌ളാറ്റിലേക്ക് പോണത് കണ്ടു. ഭാര്യേം മോളും ഹോസ്പിറ്റലിൽ തന്നെയാ”
അരനിമിഷത്തെ ആലോചനക്ക് ശേഷം അസീംക്കയുടെ ഫ്‌ളാറ്റിലേക്ക് പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. അഫ്സലിനെ കാണണം. ഇത്ര അടുത്ത സൗഹൃദമുണ്ടായിട്ടും, ഒരേ കെട്ടിടത്തിൽ താമസിച്ചിട്ടും മരിച്ചതറിയാൻ മണിക്കൂർ മൂന്ന് കഴിയേണ്ടിവന്നു എന്നതിന്റെ ജാള്യത ഹൃദയത്തിൽ ദുഖത്തിന്റെ കാളിമ പടർത്തുമ്പോഴും കൂട്ടുകാരന്റെ ഓർക്കാപ്പുറത്തെ വേർപാടിനോട്, കൂട്ടിലടച്ച പ്രാവിന്റെ നിസ്സംഗത പുലർത്താൻ ക്ഷണനേരം കൊണ്ട് സാധിക്കുന്നത്, നീണ്ട പ്രവാസം വരുത്തിയ ജൈവിക പരിണാമം കൊണ്ടായിരിക്കാം.
പതിനാലാം നിലയിൽ വിവിധ രാജ്യങ്ങളിലേക്ക് തുറക്കുന്ന ഏതാനും കതകുകൾ പിന്നിട്ട് അസീംക്കയുടെ കതകിനരികിൽ എത്തിയപാടെ പോലീസുകാരൻ തടഞ്ഞു. കതക് പാതി തുറന്ന നിലയിലാണ്. ഭാഗ്യത്തിന് അഫ്സൽ എന്നെക്കണ്ടു. പോലീസുകാരനെ അനുനയിപ്പിച്ചു അവൻ എന്നെ അകത്തേക്ക് കൂട്ടി. അസീംക്ക ജോലി ചെയ്യുന്ന ബാങ്കിൽ പ്രോബേഷൻ ഓഫിസറായ അഫ്സൽ നേരെ എന്റെ ആലിംഗനത്തിലേക്ക് മുഖം പൂഴ്ത്തിയപ്പോൾ ഉള്ളിലൂറിയ സങ്കടത്തിന്റെ ലവണസാന്ദ്രിമ എന്റെ ഇടനെഞ്ച് തുളച്ച് അകംപൊള്ളിച്ചു.
ഒരു വല്ലാത്ത അസ്വസ്ഥത പിടികൂടിയപോലെ പെരുമാറിയ അവനെ അല്പം ശുദ്ധവായു കിട്ടട്ടെ എന്ന് കരുതി ഞാൻ ബാൽക്കണിയിലേക്ക് കൂട്ടി. അവന്റെ കണ്ണിൽ നിന്നും കണ്ണീർ ചാലുകീറുന്നുണ്ട്. അവൻ അതറിഞ്ഞ മട്ടില്ല. കർച്ചീഫെടുത്ത് മുഖം പതിയെ തുടച്ചുകൊടുത്തു.
“സമാധാനപ്പെടൂ മോനെ.. എല്ലാം നമ്മുടെ ഇച്ഛക്കനുസരിച്ചല്ലല്ലോ നടക്കുക. ഉമ്മയെയും പെങ്ങളെയും സാന്ത്വനിപ്പിക്കേണ്ടത് നീയാണ് .. ധൈര്യമായിരിക്കടാ “
“അതല്ല അങ്കിൾ” ഒന്നു ചുമച്ചു വരണ്ടുപോയ തൊണ്ട ശരിയാക്കി അവൻ തുടർന്നു,
“ഉപ്പയുടെ പാസ്പോർട്ട് കാണുന്നില്ല. അതെടുക്കാൻ വേണ്ടി മാത്രമാണ് ഞാൻ വീട്ടിലേക്ക് തിരികെ വന്നത്. സ്ഥിരമായി സൂക്ഷിക്കുന്ന ഷെൽഫിൽ ഞങ്ങളുടെതെല്ലാമുണ്ട് ഉപ്പയുടേതൊഴികെ. ഇനി ഒരിടവുമില്ല തിരയാൻ. മരണാന്തര നടപടിക്രമങ്ങൾക്കായി പാസ്പോർട്ട് അത്യാവശ്യമാണ്.”
“ഉമ്മയോട് ഫോൺ ചെയ്ത് ചോദിച്ചോ?”
“ആ.. ഉമ്മ പറഞ്ഞിടത്തെല്ലാം ഞാൻ നേരത്തെ നോക്കിയതാ. എന്നാലും വീണ്ടും പരതി.. കാണുന്നില്ല അങ്കിൾ, ഇനിയിപ്പോ ബോഡി എങ്ങനെ നാട്ടിലേക്ക് കൊണ്ടുപോകും”
“ഇനി ബാങ്കിലെങ്ങാനും ഉണ്ടാകുമോ?” തെല്ലിടയുടെ നിശ്ശബ്ദതക്ക് ശേഷം ഞാൻ ചോദിച്ചു
“അവിടേം വിളിച്ചിരുന്നു…. അവർ ഇല്ലെന്ന് പറഞ്ഞു”
അവന്റെ വിതുമ്പൽ നേർത്ത വേദനയായി എന്റെ നെഞ്ചിലേക്ക് പടർന്നു. ഇരുണ്ട മേഘപാളിയുടെ നേർത്തവിടവിലൂടെ എത്തിനോക്കുന്ന തെളിച്ചമറ്റ സൂര്യനെ നോക്കി ഞാൻ അൽപനേരം നിന്നു. ശിശിരത്തണുപ്പിൻറെ കാഠിന്യമേറ്റി പടിഞ്ഞാറൻ കാറ്റ് കുളിർകൂട്ടുന്നു. ഞാൻ അഫ്സലിനെ നോക്കി. കെട്ടിടത്തിന്റെ ചുമർ മടക്കുകളിൽനിന്ന് പ്രാവുകൾ കൂട്ടത്തോടെ പറന്നകലുന്നത് നോക്കി നിൽക്കുകയാണവൻ. അവന്റെ കണ്ണുകളിൽ മനഃസംഘർഷത്തിന്റെ നരച്ച മേഘങ്ങൾ മേയുന്നത് വ്യക്തതയോടെ കാണാം.
“വിസ പതിച്ച പേജ് അടക്കമുള്ള പാസ്പോർട്ടിന്റെ കോപ്പി ഉണ്ടാകുമല്ലോ അല്ലെ?”
“കോപ്പി ഉണ്ട് അങ്കിൾ”
“എന്നാ വാ…. നമുക്ക് വേഗം ഹോസ്പിറ്റലിലേക്ക് പോകാം”
എത്താൻ വൈകുമെന്ന് ഓഫീസിൽ വിളിച്ചു പറഞ്ഞിട്ട് ഞാൻ അഫ്സലിനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വിട്ടു. ഹോസ്പിറ്റലിലെ പതിവ് തിരക്ക് കുറവായിരുന്നു. കവാടത്തിനരികിൽ തന്നെ കാർ പാർക്ക് ചെയ്യാൻ സാധിച്ചു. നീല വെള്ള ചുകപ്പ് എന്നീ നിറങ്ങളെ നാലുചുറ്റും കറക്കിയെറിഞ്ഞുകൊണ്ട് ഒരു ആംബുലൻസ് അതിദ്രുതം പാഞ്ഞുവന്നു ബ്രെയ്ക്കിട്ടു. ആംബുലൻസ് കണ്ടാൽ മനസ്സിൽ ആധികേറുന്നവരിൽ പെട്ടവനാണ് ഞാനും. മരുഭൂതുറസ്സിൽ കാലംതെറ്റി വളരുന്ന കുഞ്ഞിലയൻ പുൽച്ചെടി, കാറ്റിനെ എവ്വിധം ഭയപ്പെടുന്നുവോ അതുപോലെയാണ് പ്രവാസിക്ക് ആംബുലൻസിന്റെ സാന്നിദ്ധ്യം. പാർപ്പിട കേന്ദ്രങ്ങളിൽ സൈറണടിച്ചു ഇവൻ നിൽക്കുന്നത് കണ്ടാൽ ഉറപ്പിക്കാം ഏതോ ഹതഭാഗ്യനായ പ്രവാസി വേരറ്റുവീണിട്ടുണ്ട്.
“പേപ്പറുകൾ ഞാൻ ശരിപ്പെടുത്തിക്കൊള്ളാം നീ ധൈര്യം കൈവിടരുത്. പാസ്പോർട്ട് കിട്ടിയില്ല എന്ന് ഉമ്മയോട് തൽക്കാലം പറയേണ്ട” അഫ്സലിന്റെ തോളിൽ കൈവച്ച് ഹോസ്പിറ്റൽ കവാടം കടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.
നഷ്ടപ്പെട്ട പാസ്പോർട്ടിന് പകരമായി കോൺസുലേറ്റിൽനിന്ന് ഔട്ട്പാസ്സ് സംഘടിപ്പിക്കുന്നതിൽ തുടങ്ങി ബോഡി തൂക്കി വിലയിട്ട്, തന്റെ സ്ഥിരം യാത്രയിലെ ബിസിനസ് ക്ലാസ്സ് സീറ്റിനു ഒരു ഉരുക്കുപാളി താഴെ ഫൈബർ വലക്കുള്ളിൽ ബന്ധിക്കപ്പെട്ട പ്ലൈവുഡ് പെട്ടിയിൽ പിറന്ന മണ്ണിലലിയാനായുള്ള ആകാശ യാത്രവരെ നീണ്ട 42- മണിക്കൂർ അസീംക്കയുടെ ചേതനയറ്റ ശരീരം മോർച്ചറിയിൽ തണുത്തുറഞ്ഞു കിടന്നു.
ഹാജിപ്പ, എനിക്കും ബാവക്കുമായി വിളമ്പിയ ഈരണ്ട് ചപ്പാത്തിക്കുമേൽ കോഴിക്കറി ഒഴിച്ചുതന്നു. ഒരു ചീന്ത് ചപ്പാത്തിക്കൊപ്പം കോഴിക്കഷണം ഞാൻ മെല്ലെ വായിൽ തിരുകി. വായിലപ്പോൾ രുചിമുകുളങ്ങളുടെ ഉന്മാദ നൃത്തം തുടങ്ങികഴിഞ്ഞിരുന്നു. യത്തീംഖാനയിൽ അപൂർവ്വം വെള്ളിയാഴ്ച്ചകളിൽ വിളമ്പുന്ന നെയ്‌ച്ചോറിന്റെ കൂടെ കിട്ടുന്ന കോഴിക്കറിയാണ് ഏറ്റവും രുചിയേറിയതെന്നാണ് ഞാൻ അതുവരെ കരുതിയിരുന്നത്.
“ഹൌ… എന്തൊരു സ്വാദാഷ്ടാ “.
ഇടക്കെപ്പോഴോ വേഗത കൂട്ടിയ തീവണ്ടിയുടെ കുലുക്കത്തിൽ വാക്കുകൾ മുറിഞ്ഞു വീണു. എങ്കിലും അതിലെ സ്നേഹത്തിന്റെ നനവ് അവന് തിരിച്ചറിയാനാവും എന്ന് ഞാനാശിച്ചു. പക്ഷെ അവനു കേട്ടഭാവമില്ല!
“അന്റുമ്മ ണ്ടാക്കീതാണോ ഇത്?”
“ഉം” മൂളിക്കൊണ്ട് തലയാട്ടി ബാവ .
“നല്ല രുചീണ്ട്” ഞാൻ വീണ്ടും ആവർത്തിച്ചെങ്കിലും അവന്റെ മുഖത്ത് ഭാവമാറ്റമൊന്നും കണ്ടില്ല. മദ്രാസ് മെയിലിന്റെ സൈഡ് സീറ്റിലിരുന്ന് വേഗത്തിൽ പിന്നിലായിപോകുന്ന നാട്ടുകാഴ്ചകളിൽ ലയിച്ചിരിക്കുകയാണവൻ. ഇതിലും രുചിയുള്ളത് അവൻ നിത്യം തിന്നുന്നോണ്ടായിരിക്കും അവന്റെ മോത്ത് ഒരതൃപ്പവും ഇല്ലാത്തത്.
ഓൻ ഹാജിപ്പാന്റെ മോനല്ലെ.
ഹൃദയഭിത്തിയിലൊരു വ്രണമുണ്ട്. നിരന്തര അവഗണയുടെ പൊള്ളലേറ്റുണ്ടായ ഒന്ന്. അതിലൂടെ അസൂയയുടെ വിഷദ്രവം പതുങ്ങിക്കേറാൻ തുടങ്ങിയപ്പോഴാണ് എനിക്ക് ഹാജിപ്പയുടെ വാക്കുകൾ ഓർമ്മ വന്നത്.
“ജ്ജും… ബാവാനെപ്പോലെ ന്റെ മോനാണ് അസീസെ. അന്നെ, ഓന്റൊപ്പം ഞാൻ മദിരാശീക്ക് കൊണ്ടുപോണ്ണ്ട് “
കൊല്ലപ്പരീക്ഷ കഴിഞ്ഞു സ്കൂൾ അടച്ചാൽ യത്തീംഖാനീലെ എല്ലാ കുട്ടികളെയും കൊണ്ടുപോകാൻ വീട്ടുകാർ വരും, എന്നെ ഒഴികെ. അന്നേരം ഹൃദയത്തിനൊരു പിടച്ചിലുണ്ട്. ഒറ്റപ്പെടലിന്റെ മുൾവേലിക്കകത്ത് നിന്ന് കുതറാനുള്ള പിടച്ചിലാണത്. കൃത്യമായി ഹാജിപ്പ അന്നേരമെന്റെ അരികിലുണ്ടാവും. ആശ്വാസവാക്കുകളുടെ പെരുമഴക്കിടയിലാണ് ഹാജിപ്പ എന്നോടങ്ങനെ പറഞ്ഞത്. ഹാജിപ്പയുടെ ആ വാക്കുകളുടെ കറാമത്ത് തന്നെയാവണം, എന്റെ ഹൃദയം ക്ഷനേരംകൊണ്ട് ശാന്തമായി. അസൂയ ഒഴിഞ്ഞ കണ്ണുകളോടെ ഞാൻ ബാവാനെ നോക്കി.അവന്റെ കണ്ണിലൂടെ നാട് പിറകിലേക്ക് ഓടിക്കൊണ്ടിരിക്കയായിരുന്നു അപ്പോഴും.
ഹാജിപ്പാക്ക് മദിരാശിയിൽ ഹോട്ടലുണ്ട്. ബാവ എല്ലാ സ്‌കൂൾ പൂട്ടിനും മദിരാശിക്ക് പോകും. സ്‌കൂൾ തുറന്നാൽ പിന്നെ ഒരാഴ്ച അയിന്റെ പോരിശ പറയലാണ് ഓന്റെ പണി.
“പടച്ചോന് ഞങ്ങളോടെതെന്താ ഇത്ര ദേഷ്യം ഹാജിപ്പാ?”
യത്തീംഖാനാ സ്‌കൂളിലെ ഒരു പുലർകാല അസംബ്ലി തുടങ്ങാൻ മിനിട്ടുകളുള്ളപ്പോഴാണ് സങ്കടപ്പെരുക്കത്താൽ ഞാനങ്ങനെ ചോദിച്ചത്. ഒരു മരക്കസേരയിൽ ഇരുന്ന് പട്ടുപോലുള്ള തന്റെ താടി ഇരുകൈകൊണ്ടും കോതിയൊതുക്കികൊണ്ടിരിക്കയായിരുന്ന ഹാജിപ്പ എന്റെ ചോദ്യം കേട്ട് പൊട്ടിപ്പൊട്ടിചിരിച്ചു. ഹാജിപ്പയുടെ താടിയും ഒപ്പം ചിരിച്ചു.
“എന്തെ.. പ്പ അനക്ക് അങ്ങനെ തോന്നാൻ?”
“പൊർത്ത്ന്ന് വര്ണ കുട്ട്യാൾക്കെല്ലാം എല്ലാ സന്തോസോം പടച്ചോൻ കൊട്ത്ത്ക്കണ്.. ഞങ്ങക്ക് മാത്രം…”
അനാഥശാലാ സ്‌കൂളിൽ പഠിക്കുന്ന പുറം വിദ്യാർത്ഥികളുടെ വർണ്ണച്ചിറകുകളിലേക്ക് ചൂണ്ടിയായിരുന്നു എന്റെ ചോദ്യം. ഹൃദയം കദനക്കനം താങ്ങാൻ പാടുപെടുകയായിരുന്നിട്ടും എന്റെ കണ്ണ് നനഞ്ഞില്ല.
“ഓൻ ജനിച്ചപ്പളും കരഞ്ഞിരുന്നില്ല” ഉമ്മാന്റെ ആൾടെ മസിൽക്കരുത്ത് ശരീരത്തിൽ നിരന്തരം സീൽക്കാരം ഉയർത്തുമ്പോളും ഞാൻ കരയാത്തത് കണ്ട് അത്ഭുതംകൂറിയ അയാളോട് ഉമ്മ ഒരിക്കൽ പറഞ്ഞതെനിക്ക് ഓർമ്മ വന്നു.
പെട്ടെന്ന് ഹാജിപ്പ എന്നെ ശരീരത്തോടടുപ്പിച്ചു. ആ കണ്ണുകളിൽ നിന്ന് പ്രസരിച്ച തീക്ഷണതയുള്ളൊരു വെളിച്ചം ഒരു വിശുദ്ധ പരവതാനിയിൽ എന്റെ ആത്മാവിനെയും വഹിച്ച് ആത്മീയതയുടെ ആകാശക്കടലിലേക്ക് ഊളിയിട്ടു. അവിടെ നിറയെ സ്നേഹത്തിന്റെ വസന്തം പെയ്യുന്നു. വിശുദ്ധ ചിറകടികളോടെ അരൂപികൾ വട്ടമിട്ടു പറക്കുന്നു.
“മോനെ നിന്നെപ്പോലുള്ള ജന്മങ്ങൾ എന്നെപ്പോലുള്ളവർക്ക് പരീക്ഷണമായാണ് പടച്ചോൻ അയച്ചിട്ടുള്ളത്”
കാതിൽ മന്ത്രിക്കുമ്പോലെ അത് പറയുമ്പോൾ ഹാജിപ്പയുടെ ചുണ്ടുകൾ ഗദ്ഗദത്താൽ വിറക്കുന്നുണ്ടായിരുന്നു. ഒന്നും തിരിയായ്മയുടെ അരക്ഷിത ലോകത്തുനിന്നെന്നവണ്ണം ഞാൻ ആ നിറകണ്ണുകളിലേക്ക് ഉറ്റുനോക്കി. അവിടെ ഒരു സ്നേഹക്കടൽ അപ്പോഴും ഇരമ്പിയാർക്കുന്നുണ്ടായിരുന്നു..
ദൈവസവിധത്തിലേക്ക്… ഉത്തുംഗതയിലേക്ക്… മിനാരകൈളുമുയർത്തി തപം ചെയ്യുകയായിരുന്നു യതീംഖാന പള്ളിയപ്പോൾ.
“എന്റെ ഗ്രാമം ഏറെ മനോഹരമായിരുന്നു. സഹ്യന്റെ നീല നിലനിഴലിനു താഴെയായിരുന്നു എപ്പോഴുമത്. പിതാവാരെന്നറിയാത്തവന് വീടോ നാടോ സ്വാസ്ഥ്യം നൽകില്ല. വേരുകൾ എനിക്ക് നഷ്ടപ്പെട്ടതല്ല അങ്ങനെ ഒന്ന് എനിക്കുണ്ടായിരുന്നില്ല. ഉമ്മയുടെ പൊക്കിൾക്കൊടിപോലും തനിയെ മുറിഞ്ഞാണ് ഞാൻ ഭൂമിതൊട്ടത്. അഞ്ചാം ക്ലാസ്സിലെ ഹാജർ പട്ടികയിൽ നിന്നാണ് ‘അബ്ദുൽ അസീസ് തയ്യിൽ’ എന്നാണ് എന്റെ മുഴുപേരെന്ന് ഞാനാദ്യം അറിയുന്നത്. വേരറ്റനിലയിൽ പിറന്നവന് നാടില്ല എന്ന തിക്തതയുടെ ഇരുണ്ട ഭൂതം എന്നെ വിഴുങ്ങുമെന്ന ഘട്ടത്തിലാണ് ഞാൻ പ്രവാസത്തിലേക്ക് ഓടിപ്പോയത്.
കാലം ദേശം എന്നതൊക്കെ തികച്ചും നിരർത്ഥക പദങ്ങളായിരുന്നു എനിക്ക്. ഊന്നുകളില്ലാത്ത അനേകം ജീവിതങ്ങൾക്ക് അത് നൽകിയ ഹാജിപ്പയുടെ തണൽപോലും എന്നെ പൊള്ളിക്കാൻ തുടങ്ങിയപ്പോൾ ഞാൻ മദിരാശിക്ക് കള്ളവണ്ടികേറി. എട്ടാം ക്ലാസ് പരീക്ഷക്ക് ഒരാഴ്ചയെ ബാക്കിയുണ്ടായിരുന്നുള്ളൂ അന്നേരം.”
മുഖവുരയില്ലാതെ അസി പറഞ്ഞുകൊണ്ടിരുന്നു. ഒരു ത്വാതികന് ചേരുംവണ്ണം വികാര ശൂന്യമായിരുന്നു അവന്റെ മുഖം. അവന്റെ മനസ്സ് വെളിച്ചം കെട്ടുപോയ ഒരു തൂക്കുവിളക്ക് പോലെ തൂങ്ങിയാടുന്നതായി എനിക്ക് തോന്നി. എന്തിനാണ് ഇവനെന്നെ ‘നാത്തൂർ’* റൂമിലേക്ക് വിളിച്ചതെന്ന് അപ്പോഴും എനിക്ക് ഊഹിക്കാനായില്ല.
“നൂലറ്റ പട്ടം പാറിക്കളിക്കുന്നത് കണ്ടിട്ടുണ്ടോ.., എന്തൊരു സ്വാതന്ത്ര്യമാണ് അതനുഭവിക്കുന്നത് അല്ലേ? കെട്ടുപാടുകൾ ഇല്ലാത്ത എന്റെ ജീവിതം അതായിരുന്നു പലർക്കും. പക്ഷെ എന്റെ ഹൃദയത്തിന് ഭൂമിയോളം ഭാരമുണ്ടായിരുന്നു.
“വേരുകളില്ലാത്തവനാണ് ഞാൻ”. ഒരു ജീവിതത്തിന്റെ ഭാരം മുഴുവൻ താങ്ങാനാവാതെ ആ വാക്കുകൾ വീണുചിതറി.
“നീയെങ്ങനെ ഇവിടെയെത്തി?” ഓർമ്മകളുടെ നനവിൽനിന്ന് വർത്തമാനത്തിലേക്ക് എനിക്കവനെ കൊണ്ടുവരേണ്ടതുണ്ടായിരുന്നു.
“തലവെട്ടിമാറ്റിയ പാസ്പോർട്ടിൽ, അമ്പത് വർഷത്തെ അനുഭവങ്ങൾ തന്നായിരുന്നു അഞ്ചുവർഷത്തെ മദിരാശി വാസം ബോംബെ എയർപോർട്ട് വഴി ഇങ്ങോട്ട് എന്നെ കയറ്റിവിട്ടത്.’
“ആ പാസ്പോർട്ട് കയ്യിലുണ്ടോ?” “ഇല്ല. എയർപോർട്ടിൽ നിന്നുതന്നെ ഏജന്റിന്റെ ആളുകൾ അത് തിരികെ വാങ്ങി”
“പിന്നീടൊരിക്കലും നാട്ടിൽ പോയില്ലേ?”
ഓർമകൾ വീണ്ടും അസിയെ തുറന്നുവിട്ടതായി എനിക്കുതോന്നി. അവൻ സംസാരിക്കുന്നത് നിഗൂഢമായ ഒരു രീതിയിലാണ് അവന്റെ ജീവിതംപോലെ.
“ഒരുതവണ…… ആറുവർഷങ്ങൾക്ക് ശേഷം… തലവെട്ടിയ മറ്റൊരു പാസ്പോർട്ടിൽ… എന്റെ നാട്ടിലേക്കല്ല യതീംഖാനയിലേക്ക്. അപ്പോഴേക്കും ഹാജിപ്പ എന്നന്നേക്കുമായി പോയിക്കഴിഞ്ഞിരുന്നു. ഇവിടന്ന് കിട്ടിയ ഒരു ചങ്ങാതിയുടെ നാട്ടിലേക്കായിരുന്നു പിന്നീട് ഞാൻ പോയത്. എങ്ങുനിന്നോ വന്ന് വാടകവീട്ടിൽ കഴിയുന്ന ഒരു ഉമ്മയെയും കൗമാരത്തിന്റെ പടികടന്ന ഒരു മോളെയും ഞാനവിടെ കണ്ടു. ആ കുട്ടിയെ ഞാൻ ഭാര്യയാക്കി. അതിലൊരു മോളുണ്ടായി,രഹ്‌ന. അവൾക്കൊരു ജീവിതം നൽകാനായി ഞാൻ വീണ്ടും തലവെട്ടിയൊട്ടിച്ച പാസ്പോർട്ടിൽ ഇങ്ങുപോന്നു. അന്നേരമവൾക്ക് പ്രായം ആറുമാസം തികഞ്ഞിട്ടില്ലായിരുന്നു”
“പിന്നീട് നാട്ടിൽ പോയോ?”
“ഇല്ല” അവൻ അസഹ്യതയോടെ ഒന്നു ഞരങ്ങി. ഹൃദയവും ശരീരവും ഒരുപോലെ വേദനിക്കുമ്പോൾ ഉണ്ടാകുന്ന ഞരക്കമായിരുന്നു അത്.
“എന്റെ മോൾക്ക് ആറുവയസ്സായി ഇക്കാ, ഫോട്ടോ ഒട്ടിച്ച പാസ്പോർട്ടുകൾ അന്യം നിന്നപ്പോൾ തലമാറ്റിപോകാൻ കഴിയാതെ വന്നു. ഔട്ട്പാസ് എടുത്തു പോകണമെങ്കിൽ ഇന്ത്യക്കാരനാണെന്ന് തെളിയിക്കണം.”
രാജ്യമില്ലാത്തവരുടെ രാജ്യത്തുനിന്നാണ് അവൻ ഇപ്പോൾ സംസാരിക്കുന്നത്.
“എനിക്കെന്റെ മോളെ കാണണം. അവൾടെ ഉപ്പ ഇന്ത്യയിൽ ജനിച്ചവനാണെന്നുള്ള രേഖ ഉണ്ടാക്കണം. അവളെ തടങ്കൽ പാളയത്തിലേക്ക് കൊണ്ടുപോകുന്നത് എന്തുവിലകൊടുത്തും തടയണം ..” ഒരു ഉന്മാദിയുടെ തലയിളക്കത്തോടെ അവനൊരു വികൃത ചിരിചിരിച്ചു. സമചിത്തതയുടെ നൂലഗ്രത്തിലാണ് അവന്റെ മനസ്സെന്ന് വ്യക്തം.
പെട്ടൊന്നൊരു ചടുല നീക്കത്തിലൂടെ മേശവലിപ്പിൽ നിന്ന് ഒരു പാസ്സ്‌പോർട്ടെടുത്ത് അവനെന്റെ മടിയിലേക്കിട്ടു. അവന്റെ അപ്രതീക്ഷിത നീക്കത്തിൽ തരിച്ചുപോയ ഞാൻ വിയർപ്പുനനവുള്ള വിരലുകൾ കൊണ്ട് ആ പാസ്പോർട്ടെടുത്ത് അതിലെ ഉടമയുടെ പേര് വായിച്ചു.
‘അബ്ദുൽ അസീം തയ്യിൽ’ !!
ഞാനവന്റെ മുഖത്ത് പകപ്പോടെ നോക്കുമ്പോൾ എന്റെ ഹൃദയം ക്രമം തെറ്റി മിടിക്കുകയായിരുന്നു.
“അതെ, അസീംക്കയുടെ കാണാതായ പാസ്പോർട്ട് തന്നെ. ഒരിക്കൽ അവരുടെ ഫ്ലാറ്റ് ക്ളീൻ ചെയ്യുന്ന സമയത്താണ് ഇത് ടീപ്പോയിൽ അലക്ഷ്യമായി കിടക്കുന്നത് കണ്ടത്. പേരിലെ അത്ഭുതകരമായ സാമ്യമാണ് എന്നെ അതെടുക്കാൻ പ്രേരിപ്പിച്ചത്. തലവെട്ടിമാറ്റിയുള്ള യാത്ര ഇനി സാധ്യമല്ല എന്നൊന്നും ആലോചിക്കാൻ എന്റെ മനസ്സിൽ ഇടമില്ലായിരുന്നു. തടങ്കൽപ്പാളയത്തിലേക്ക് തെളിയിക്കപ്പെടുന്ന എന്റെ മോളുടെ ഭീതിതമുഖം. അത് മാത്രമായിരുന്നു അന്നേരം മനമാകെ”.
അവൻ വീണ്ടും ചിരിച്ചു. സന്ദർഭത്തിന് ഒട്ടും ചേരാത്ത ഒരു ചിരി. ആ ചിരിയിൽ നിറയെ ഒരു ശിശുവിന്റെ നിഷ്കളങ്കതയായിരുന്നു.
*നാത്തൂർ =കാവൽക്കാരൻ