
എട്ടുവയസ്സുകാരി മകള്‍
സ്ക്കൂള് വിട്ടുവന്നപ്പോള്‍
അമ്മയോട് പറഞ്ഞു:
പേടിയാണ്,
ഞാനിനി സ്ക്കൂളിലേക്കില്ല.
പതിനൊന്നു വയസ്സുകാരന്
കളിയിടത്തില്‍ നിന്നു വന്നപ്പോള്‍
അച്ഛനോട് പറഞ്ഞു:
പേടിയാണ്,
ഞാനിനി പന്തുകളിക്കാനില്ല.
പതിനെട്ടുകാരിയായ
അയല്‍വീട്ടിലെ പെണ്‍കുട്ടി
വീട്ടകത്ത് തൂങ്ങിക്കിടന്നപ്പോള്‍
കൈമടക്കില്ക്കരുതിയ
കടലാസുകഷ്ണം പറഞ്ഞു:
പേടിയാണ്,
ഞാനിനി ഈ ലോകത്തിലേക്കില്ല.
ആരെയാവും ഇവരിങ്ങനെ
പേടിയാണെന്ന് പറയുന്നത്?
ചില കുട്ടികള്‍ക്ക് അദ്ധ്യാപകനെ
ചില കുട്ടികള്‍ക്ക് അമ്മാവനെ
ചിലര്‍ക്ക് അയല്‍വാസിയെ
നേതാവിനെ
കൂട്ടുകാരനെ
അപരിചിതനെ
അനുചരനെ
ചേട്ടനെ
ചേച്ചിയെ
പേടിയാണ്
പലപ്പോഴും
അവരവരെത്തന്നെ.
എന്താവും പേടി?
എന്തായാലും പേടി
സ്നേഹിച്ചാലും
വെറുത്താലും പേടി.
ഉടുത്താലുമില്ലെങ്കിലും പേടി.
പ്രായമെത്താതെയും
പ്രായമായും പേടി.
ഈ ലോകം തന്നെ
പേടിയുടെ മായാഗൃഹം.
പേടിയാണ്
പേടിയാണ്
പേ പിടിക്കും
പേടിയാണീ ജീവിതം.
പേടിയാണ് മരണവും.








