പേടി

കടൽ തീരങ്ങളിൽ പോകാൻ
എനിക്ക് പേടിയാണ്
അഭയാർത്ഥികൾ കയറി
തകർന്നുപോയ കപ്പലുകളുടെ
അവശിഷ്ടങ്ങളിൽ,
കാണാൻ കരുതിവെച്ച സ്വപ്നങ്ങൾ
രക്തക്കറ പറ്റി കിടക്കുന്നുണ്ടാകും.

മണ്ണിൽ മുഖം പൂഴ്ത്തി
നനഞ്ഞപാവ പോലെ
ഒരു കുട്ടി കിടക്കുന്നുണ്ടാകുമവിടെ.

പലായനത്തിന്റെ വിലാപങ്ങൾ
ജലജഠരത്തിൽ നിന്നുയർന്നു
ഉപ്പുകാറ്റിൽ നിലവിളിയായ്
തങ്ങി നിൽക്കുന്നുണ്ടാകുമവിടെ.

ദേവാലയങ്ങളിൽ പോകാൻ
പേടിയാണെനിക്ക്

ദൈവമുപേക്ഷിച്ചു പോയ
ഇരുൾകൂട്ടിനു ചുറ്റും
ഒരാട്ടിൻകുട്ടി അതിന്റെ
ഇടയ ബാലികയെ തിരഞ്ഞു
നടക്കുന്നുണ്ടാകും.

പൊരുതാൻ കഴിയാതെ തോറ്റുപോയ
ഒരു കുഞ്ഞു കരച്ചിൽ
അതിനുള്ളിൽ കുരുങ്ങി
കിടക്കുന്നുണ്ടാവും.

എനിക്ക് സ്കൂളിൽ പോകാൻ പേടിയാണ്
വെളിച്ചത്തിന്റെ തലയൊട്ടി
പിളർന്നു പായാൻ
ഒരു വെടിയുണ്ട
വഴിയോരത്തു
എന്നെ കാത്തിരിപ്പുണ്ടാകും.

എനിക്ക് കലാലയത്തിൽ
പോകാൻ പേടിയാണ്.

മതമറിയാതെ ജനിച്ചു പോയതിനു
അവഗണിക്കപ്പെട്ട കുട്ടികളുടെ
ആത്മഹത്യാ കുറിപ്പുകൾ വായിച്ചു
പൊട്ടിച്ചിരിക്കുന്നവരുണ്ടവിടെ.

മരിച്ച കുട്ടികളുടെ ചോദ്യ കടലാസിൽ
രക്തം പുരണ്ട അക്ഷരങ്ങളെഴുതി
കളിക്കുന്നുണ്ടാകും അവർ.

എനിക്ക് സമരങ്ങളെയും
ആൾക്കുട്ടങ്ങളെയും പേടിയാണ്.

തോറ്റുപോയവർക്ക് വേണ്ടി
ആത്മഹത്യ ചെയ്ത കവി
എന്റെ നേർക്ക് വിരൽ ചൂണ്ടുന്നുണ്ടാകും.

കലാപത്തിൽ മരിച്ചവരുടെ
തുറിച്ച കണ്ണുകാളിലെ അഗ്നിയിൽ
ഞാൻ വെന്തുപോയേക്കും.

അതേ എനിക്ക് പേടിയാണ്
എനിക്ക് പേടിയാണ്.

സർക്കാർ സർവീസിൽ നിന്നും വിടുതൽ ചെയ്ത് തൃശൂർ താമസം. അനുകാലികങ്ങളിൽ രണ്ടു കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവ മാധ്യമങ്ങളിൽ എഴുതുന്നു.