മഞ്ഞു പെയ്യുന്ന കൊടുംകാട്ടിൽ നീണ്ട വാലുള്ള ഒരു കറുത്ത പക്ഷി തലയ്‌ക്കു മുകളിലൂടെ വികൃതമായൊരു സ്വരമുണ്ടാക്കിക്കൊണ്ട് പറന്നുപോയി. മുൻപെവിടെയോ കേട്ട ആ ശബ്ദം തലച്ചോറിനെ തുളയ്ക്കുന്നതു പോലൊന്നായിരുന്നു. മുന്നോട്ടു നടക്കുന്തോറും ലക്ഷ്യത്തിൽ എങ്ങനെ, എപ്പോൾ എത്തിച്ചേരുമെന്നുള്ളത് എന്റെ മനസ്സിൽ വല്ലാത്തൊരു ആശങ്കയുണ്ടാക്കി.
രക്ഷപ്പെടുമ്പോൾ കിട്ടിയ മുഷിഞ്ഞു പഴകിയ അറബിവേഷമായ നീണ്ട ‘കന്തൂറ’ മാത്രമാണുണ്ടായുണ്ടായിരുന്നത്. അതാകട്ടെ പലയിടത്തും പിഞ്ഞിക്കീറി തണുത്ത കാറ്റിൽ അലസമായി പറന്നു കിടന്നു. നേർത്ത ആ വേഷത്തിലും തണുപ്പിനെ മറികടക്കുന്ന ആധിയും ചിന്തകളും തലയെയും ശരീരത്തെയും ചൂടുപിടിപ്പിച്ചിരുന്നു. മുന്നോട്ടു പോകുന്തോറും സൈറസ് ഓരോ ഇടവേളയിലും ആകാശത്തേക്കു നോക്കുന്നതും അതിനുശേഷം വിരലുകൾ ഓരോന്നായി മടക്കി കണക്കുകൂട്ടുന്നപോലെ എന്തോ പിറുപിറുക്കുന്നതും കാണാമായിരുന്നു. മരവിപ്പിക്കുന്ന തണുപ്പിലും അയാളുടെ വെളുത്ത കഷണ്ടിത്തലയിൽ വിയർപ്പുതുള്ളികൾ നിലാവെട്ടത്തിൽ തിളങ്ങുന്നത് ഞാൻ കണ്ടു.
‘ജ്യോതിശാസ്ത്രമനുസരിച്ച് ആകാശത്തിലെ നക്ഷത്രങ്ങൾക്ക് നമ്മളെ നയിക്കാനുള്ള ദിശ പറഞ്ഞു തരാൻ കഴിയും. കൃത്യമായ കണക്കുകളനുസരിച്ച് എത്ര ദൂരമുണ്ടെന്നുപോലും അതിലൂടെ അറിയാം. നമ്മൾ ലക്ഷ്യത്തിലെത്തും ആശങ്ക വേണ്ട.’ എന്റെ ആകുലതകൾ വായിച്ചെടുത്തവനെപ്പോലെ സൈറസ് പറഞ്ഞപ്പോൾ മറുത്തൊന്നും ചിന്തിക്കാനോ പറയാനോ എനിക്കായില്ല.
മഞ്ഞുകണങ്ങൾ അപ്പോഴും ശക്തി കൂടിയും കുറഞ്ഞും കാറ്റിൻ്റെ ഗതിയനുസരിച്ച് മഴത്തുള്ളികൾപോലെ വീണുകൊണ്ടേയിരുന്നു.
അവ്യക്തമായ കുറെ വികൃത ശബ്ദങ്ങൾ കേൾക്കാം. ചിലപ്പോൾ തോന്നും തൊട്ടടുത്തുനിന്നാണെന്ന്; അടുത്ത നിമിഷം അകലെ എവിടെനിന്നോ. മൃഗങ്ങൾ ഓരിയിടുന്നതുപോലെ വന്യശബ്ദങ്ങൾ. അതോടൊപ്പം കാതു തുളച്ചു കയറുന്ന അസഹ്യമായ ചീവീടിൻ്റെ ഒച്ചയും! മഞ്ഞിൽപ്പുതഞ്ഞു കിടന്ന ഒരു നീണ്ട മരക്കൊമ്പ് കയ്യിലെടുത്ത് മുന്നേ കണക്കുകൂട്ടി ഗണിച്ച വഴിയിലൂടെയെന്നപോലെ സൈറസ് മുന്നോട്ടു നടന്നു. അയാൾ വഴികാട്ടിയും, ഞാൻ അയാൾക്കു പിന്നാലെ ഓരോ കാലടിയും കൃത്യമായി പിന്തുടരുന്ന അനുയായിയുമെന്നപോലെ ഞങ്ങൾ യാത്രതുടർന്നു. പൊടുന്നനെ മുന്നിലെ വലിയൊരു മരത്തിൽ പൊതിഞ്ഞുറഞ്ഞിരുന്ന ഹിമപാളി ഒരു കുപ്പായമഴിഞ്ഞു വീഴുന്നതുപോലെ ഞങ്ങൾക്കു മുന്നിൽ അടർന്നുവീണു.
സൈറസ് പിന്നിലേക്കു തിരിഞ്ഞ് ചൂണ്ടുവിരൽകൊണ്ട് വായമൂടി എന്നോട് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു. മരത്തിന്റെ വിരിഞ്ഞ മാറിനപ്പുറം ഞങ്ങൾ ആ കാഴ്ച കണ്ടു. നിലാവെളിച്ചത്തിൽ തീർത്തും തെളിഞ്ഞുതന്നെ കണ്ടു. മലർന്നു കിടക്കുന്ന ഒരു നഗ്നമനുഷ്യശരീരം ചുറ്റും കൂടിയിരിക്കുന്ന ഒരുപറ്റം മനുഷ്യർ ആഹാരക്കൊതി തീരാത്തപോലെ വാരിക്കഴിക്കുന്നു. അവർ മൂന്നോ നാലോ പേരുള്ളതായി എനിക്കു തോന്നി. മനുഷ്യശരീരം ആർത്തിയോടെ ഭക്ഷിക്കുന്ന മനുഷ്യർ! ശവംതീനികളായ അവരുടെ വായമുതൽ താഴേക്ക് കടുംചോരയുടെ നീണ്ട ചാലുകൾ പതിഞ്ഞു കിടക്കുന്നത് ഒരൊറ്റത്തവണ മാത്രമേ നോക്കാൻ കഴിഞ്ഞുള്ളൂ. ഹൃദയം ബലം ക്ഷയിച്ച് കണ്ണിൽ ഇരുട്ടു കയറി വീണുപോകുന്നതുപോലെ എനിക്കു തോന്നി. മിണ്ടരുതെന്ന് സൈറസ് വീണ്ടും ആംഗ്യം കാണിച്ചപ്പോൾ, തൊണ്ടയോളം വന്നൊരു ഛർദ്ദി ഞാൻ വിഴുങ്ങിപ്പോയി. വീണു പോകുമെന്നു തോന്നിയ ഒരു നിമിഷം ഞാൻ ആ മരത്തിന്റെ വൻവേരുകളിൽ പിടിച്ചു മെല്ലെ നിലത്തു കിടന്നു. മലർന്നു കിടക്കുമ്പോൾ ആ കറുത്ത പക്ഷി വാൽ നീട്ടി പറന്നുപോകുന്നത് കാണാമായിരുന്നു.
അടുത്തേക്കു വന്ന സൈറസ് വിചിത്രമായ ഒരു കാര്യം എന്നോടു ആവശ്യപ്പെട്ടു: ‘നഗ്നനാകണം.’ ഉടനെ.
തന്നെ അയാൾ സ്വന്തം കുപ്പായം ഊരിമാറ്റി. കണ്ണുകൾകൊണ്ട് ഞങ്ങൾ നടത്തിയ ആശയവിനിമയം ത്വരിതഗതിയിലായിരുന്നു. അനുസരിക്കുക എന്നത് വിശ്വാസത്തിന്റെ ഭാഗമായതിനാൽ ഞാൻ അയാൾ പറഞ്ഞതുപോലെ ചെയ്തു. ചെവിയിൽ പതിഞ്ഞ സ്വരത്തിൽ മൂളിയ നിർദ്ദേശമനുസരിച്ച് ഞാനയാളെ എന്റെ ചുമലിൽക്കയറ്റി. ഉടലാകെ വിറയ്ക്കുന്നുണ്ടായിരുന്നു. തോളിൽ കയറിയശേഷം സൈറസ് എന്നോട് മുന്നോട്ടു നടക്കാൻ ആവശ്യപ്പെട്ടു. രണ്ടാൾപ്പൊക്കത്തിലുള്ള ഒരു ഭീകരജീവിയെപ്പോലെ ഞങ്ങൾ മുന്നോട്ടു നീങ്ങി. കൈകൾ രണ്ടും ആകാശത്തേക്കുയർത്തി വീശിക്കൊണ്ട് വളരെ ഉച്ചത്തിൽ പ്രാകൃതമായ ഒരു സ്വരം അയാൾ പുറപ്പെടുവിച്ചു. ഒരുപറ്റം മൂങ്ങകൾ ചിറകടിച്ചുയർന്നു പറന്നു. അപ്പോഴും അതേ കറുത്ത നീണ്ട വാലുള്ള പക്ഷിയുടെ ചൂളംവിളി സ്വരം.
ഞങ്ങളുടെ ലക്ഷ്യം ആ നരഭോജികളെ തുരത്തുകയെന്നതായിരുന്നു. ഉദ്ദേശിച്ചതുപോലെ ശവംതീനിക്കൂട്ടം ഒന്നിളകി. ചോരവാർന്ന കൈകളും മുഖവും തിടുക്കത്തിൽ കുടഞ്ഞുകൊണ്ട് അവർ ശവം ഉപേക്ഷിച്ച് പല ദിക്കുകളിലേക്ക് ഓടിപ്പോകുന്നതു ഞങ്ങൾ കണ്ടു. സത്യത്തിൽ അപ്പോഴാണ് അവർ, ഒരു പുരുഷനും രണ്ടു സ്ത്രീകളും പിന്നെ ഒരാൺകുട്ടിയുമാണെന്നത് മനസ്സിലാക്കുന്നത്. ആ ശവത്തിനടുത്തേക്കു ചെല്ലാൻ സൈറസ് വിളിച്ചുവെങ്കിലും ധൈര്യമില്ലായ്മ കൊണ്ട് ഞാൻ മാറിയിരുന്നു. എന്റെ ചിന്ത അപ്പോഴും ഓടിപ്പോയ ആ കൂട്ടത്തെക്കുറിച്ചായിരുന്നു. വിശപ്പായിരിക്കുമോ ആ മനുഷ്യരെക്കൊണ്ട് ഇവ്വിധം ചെയ്യിപ്പിച്ചത്?
ഒരു ദീർഘനിശ്വാസത്തോടെ ഞാനവിടെ മലർന്നു കിടന്നു. സൈറസ് അപ്പോഴേക്കും പാതി അവശേഷിച്ച ശവശരീരം മഞ്ഞുപാളികൾക്കടിയിൽ മൂടാനുള്ള ശ്രമത്തിലേക്കു പോയി.
‘നറാങ്കു ഉക്രൈനി ഐസോക്കുവേഡ് യെൻ!’
എന്റെ ചിന്തയെ ശരിവയ്ക്കുംവിധം സൈറസ് വിളിച്ചു പറഞ്ഞു. ‘അവർ ഉക്രൈനികളാണ്.’
എന്റെ ഉള്ളം കിടുങ്ങി. യുദ്ധത്തിന്റെ ഏറ്റവും വലിയ ഭീകരരൂപം. വിശപ്പ്! മനുഷ്യൻ വിശപ്പു തീർക്കാൻ സ്വന്തം സഹജീവിയെ ഭക്ഷിക്കുന്നു. ഹോ… പറഞ്ഞുകേട്ട കഥകൾ എത്രയോ ലളിതമാണെന്ന് എനിക്കു തോന്നി.
സഹജീവികളിൽ രാജ്യമോ ഭാഷയോ മറ്റൊരു വിവേചനമോയില്ലാതെ സൈറസ് എന്ന മനുഷ്യൻ എങ്ങനെ എൻ്റെകൂടെ ഈ വിധത്തിൽ എത്തിച്ചേർന്നു എന്നതപ്പോൾ പെട്ടെന്നൊരു മിന്നൽപോലെ തലയിൽ തെളിഞ്ഞു.
പതിനൊന്നു രാജ്യങ്ങളുടെ അതീവ രഹസ്യമായുള്ള ഓപ്പറേഷനായിരുന്നു പെർമഫ്രോസ്റ്റ്. അതിലേക്കു തിരഞ്ഞെടുക്കപ്പെട്ട്, വിവിധ രാജ്യങ്ങളിൽനിന്നും നിയോഗിക്കപ്പെട്ടവരിൽ ഒരാളായിരുന്നു ഞാൻ. ശാസ്ത്രരഹസ്യങ്ങൾ എൻകോഡ് ചെയ്തു സൂക്ഷിക്കുന്ന വിഭാഗത്തിൻ്റെ ചുമതല എനിക്കായിരുന്നു. ഏകദേശം പത്തു വർഷങ്ങൾക്കു മുൻപാണ് സൈബീരിയൻ കാടുകളിലുണ്ടായ തീപ്പടർച്ച ആഗോള അന്തരീക്ഷതാപത്തെ ക്രമാതീതമായി ഉയർത്തുന്നുവെന്നത് വളരെ ഗൗരവമുള്ള വിഷയമായി ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചത്.
അന്തരീക്ഷതാപം ഉയരുന്നതു കാരണം പെർമഫ്രോസ്റ്റ് ഉരുകുന്നത് മറ്റു പല പ്രശ്നങ്ങൾക്കും വഴിവയ്ക്കുമെന്ന മുന്നറിയിപ്പുകൾ ലോകത്തെ പല ശാസ്ത്രജ്ഞരിൽനിന്നുമുണ്ടായി.
ചരിത്രാതീതകാലം മുതൽ ഉറഞ്ഞു കിടക്കുന്ന പെർമഫ്രോസ്റ്റ് എന്ന മഞ്ഞുപാളികൾക്കടിയിൽ അത്രയും കാലം മുൻപുള്ള ജീവികളും മനുഷ്യരുമൊക്കെ ഹിമപാതത്തിലോ ഉരുൾപ്പൊട്ടലിലോ കൂട്ടത്തോടെ മണ്ണടിഞ്ഞ് മൃതദേഹങ്ങളായി കിടപ്പുണ്ട്. പല രാജ്യങ്ങളിൽനിന്നുള്ള ഞങ്ങൾ സൈബീരിയയിലെ പെർമഫ്രോസ്റ്റ് പ്രദേശത്ത് എത്തുമ്പോൾ മൈനസ് 32 ഡിഗ്രി ഫാരൻ ആയിരുന്നു താപനില.
ആദ്യ ആഴ്ചയിൽത്തന്നെ അതിശയപ്പെടുത്തുന്ന രീതിയിൽ ഏകദേശം 40000 വർഷങ്ങൾ പഴക്കമുള്ള ഒരു സിംഹക്കുട്ടിയുടെ ഒട്ടും നാശം വരാത്ത ശവം പെർമഫ്രോസ്റ്റിൽനിന്നു കണ്ടെത്തി. സ്റ്റഫ് ചെയ്തു വച്ചിരിക്കുന്നതുപോലെയുളള രൂപത്തിൽ കണ്ടെത്തിയ ആ സിംഹം ലോകം മുഴുവനും വാർത്തയായി മാറി. അതോടൊപ്പം ആശങ്ക പരത്തുന്ന മറ്റൊരു ചിന്തകൂടെ ചർച്ചയിലേക്കു വന്നു.
ആദിമകാലഘട്ടത്തിൽ പല ജീവിവംശങ്ങളുടെയും സംസ്‌കാരങ്ങളുടെയും നാശത്തിനിടയാക്കിയ വൈറസുകളും ബാക്ടീരിയകളും മറ്റു സൂക്ഷ്മകോശ ജീവികളും അവിടെ ഉണ്ടാകാമെന്നും അവ ഡോർമന്റ് അവസ്ഥയിൽ അനേകായിരം വർഷങ്ങൾ പിന്നിട്ട ഉറക്കത്തിലാണെന്നും, മഞ്ഞുരുകി അവ പുറത്തെത്തിയാൽ തീർത്തും നിർഭാഗ്യകരമായ സംഭവങ്ങൾക്കാവും അത് വഴിവയ്ക്കുകയെന്നും ഞങ്ങൾ മനസ്സിലാക്കി.
അപകടകരമായ ഈ വാർത്ത പെട്ടെന്നൊന്നും പുറത്തുവിടരുതെന്ന കൂട്ടായ തീരുമാനത്തിൽ ഞങ്ങൾ ഗവേഷണം തുടർന്നു. കാരണം ഇതുവരെ മനുഷ്യൻ അഭിമുഖീകരിക്കാത്ത ഇത്തരം ബാക്ടീരിയകളെയോ വൈറസുകളെയോ പുതിയൊരു ജൈവ ആയുധമാക്കി മാറ്റാൻ ഭീകരപ്രവർത്തകർക്കോ അതുമല്ലെങ്കിൽ കിറുക്കനായൊരു ഭരണാധികാരിക്കോ അധികസമയം വേണ്ട എന്ന തോന്നലാണ് ഞങ്ങളെ ആശങ്കപ്പെടുത്തിയത്.
ആശങ്കകളെ ശരിവയ്ക്കുന്ന രീതിയിലാണ് പിന്നീടുള്ള കാര്യങ്ങൾ നടന്നത്. അതീവ രഹസ്യമായിരുന്ന ഈ കാര്യം എങ്ങനെയോ ചോർന്നു. താലിബാൻ എന്ന അതിഭയങ്കര തീവ്രവാദക്കൂട്ടത്തിലേക്ക് വാർത്ത ചോർത്തിയതാരാണെന്ന് ആർക്കുമറിയില്ലായിരുന്നു. ലോകം മുഴുവൻ ഓരോ കണ്ണിയിലും പരസ്പരവിശ്വാസം നഷ്ടപ്പെട്ട സമയത്ത് ആരാണീ വിവരം ചോർത്തിയതെന്ന് ആർക്കും ഊഹിക്കാൻപോലും കഴിയുമായിരുന്നില്ല.
നാടകീയമായ സംഭവങ്ങളാണ് പിന്നീടു നടന്നത്. തികച്ചും ഭീതിദമായ ആ കാലത്ത് റഷ്യയിലെ ചില തീവ്രവാദഗ്രൂപ്പുകളുടെ സഹായത്തോടെ താലിബാൻ ഞങ്ങളുടെ ക്യാമ്പുകൾ ആക്രമിച്ചു. ഞങ്ങളിൽ ചിലരെ താലിബാൻ ബന്ദികളാക്കി. അക്കൂട്ടത്തിൽ ഞാനും സൈറസും അകപ്പെട്ടുപോയി. ബന്ദിയാക്കപ്പെട്ട കാലത്താണ് അർമേനിയക്കാരൻ സൈറസ് എൻ്റെ ഉറ്റ ചങ്ങാതിയായി മാറുന്നത്. കാലമോ ദിനങ്ങളോ സമയമോ തിരിച്ചറിയാൻ കഴിയാതെ ഒരു ഗുഹക്കുള്ളിൽ അടച്ചിട്ടിരിക്കുകയായിരുന്നു എന്നേയും സൈറസിനെയും. എത്ര നാൾ മല തുരന്നുള്ള ആ ഗുഹയിൽ ഞങ്ങളെ കണ്ണുകെട്ടി പാർപ്പിച്ചു എന്നുപോലും ഞങ്ങൾക്കു കൃത്യമായ അറിവുണ്ടായിരുന്നില്ല.
എല്ലാ ദിവസവും ഒരുനേരം ഓരോ റൊട്ടിയും പച്ചയില അരച്ചുണ്ടാക്കിയ പോലെ എന്തോ ഒരു കൂട്ടുമായിരുന്നു ഭക്ഷണം. ആഹാരം നൽകുന്ന സമയം മാത്രമാണ് കൈകളും കണ്ണുകളും തുറന്നു തന്നിരുന്നത്. കാലുകൾ അപ്പോഴും ബന്ധിച്ചു തന്നെയിരുന്നു. പ്രാഥമികാവശ്യങ്ങൾക്ക് ദിവസത്തിൽ ഒരു നേരം ഗുഹക്കു പുറത്തുള്ള താൽക്കാലിക കക്കൂസിൽ കൊണ്ടുപോകും. ആ സമയമാണ് സൈറസും ഞാനും കണ്ണുകളിലൂടെ എന്തെങ്കിലും സംവദിച്ചിരുന്നത്. ഞങ്ങളെ തടവിലാക്കിയിരുന്ന ഗുഹക്കു മുന്നിൽ കാവൽ നിന്നിരുന്ന താലിബാനികൾ മാറി മാറി വന്നിരുന്നതുപോലെ തോന്നി. പാമ്പിന്റെ വായ തുറക്കുമ്പോഴുണ്ടാകുന്ന തരം രൂക്ഷഗന്ധമുള്ള ഒരു മനുഷ്യൻ എപ്പോഴോ ഒരിക്കൽ എന്റെയടുത്തേക്കു വന്നു. പാഷ്ത്തോ ഭാഷയിൽ അയാളെന്തൊക്കെയോ പറയുന്നത് കൃത്യമായി മനസ്സിലാവുന്നുണ്ടായിരുന്നില്ല. എങ്കിലും അയാളുടെ സ്വരവിന്യാസത്തിലെ മാറ്റംകൊണ്ട് അയാൾ അവരുടെ നേതാക്കളിൽ ഒരാളാവും എന്നു ഞാനൂഹിച്ചു. തുടർന്നുള്ള രണ്ടു മൂന്നു ദിവസംകൊണ്ട് ആ രൂക്ഷഗന്ധവും അയാളുടെ സ്വരവും എനിക്കു തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.
മലർന്നു കിടന്ന് ആ കറുത്തിരുണ്ട തടവുകാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ശവംതീനിക്കൂട്ടം ഉപേക്ഷിച്ചു പോയ മനുഷ്യശരീരം മഞ്ഞുപാളികളിൽ കുഴിച്ചു മൂടിയശേഷം സൈറസ് എന്റെയരുകിലെത്തി. നഗ്നതയെന്നത് കാഴ്ചക്കപ്പുറം ഒരു വിഷയമായി തോന്നിയതേയില്ല. തണുപ്പു കൂടുമ്പോൾ ശരീരം സ്വാഭാവികമായി പുറപ്പെടുവിക്കുന്ന ഊഷ്മാവ് ഞങ്ങളെ പൊതിഞ്ഞു നിൽക്കുന്നതുപോലെ. അവനെന്റെ അരികത്തു വന്ന് എന്നെ മുറുകെ കെട്ടിപ്പിടിച്ചു കിടന്നു. ശരീരം ശരീരത്തോടു ചേർന്ന ചൂടിൽ എത്രനേരം ഞങ്ങളങ്ങനെ കിടന്നുവെന്നറിയില്ല. പൂച്ചയനക്കംപോലെ ശബ്ദം കേട്ട് ഞാൻ സൈറസിനെ പിടിച്ചുണർത്തി. ഞെട്ടിപ്പോയി! ഞങ്ങളുടെ ചുറ്റിലും കുറച്ചു മുൻപ് പിന്തിരിഞ്ഞോടിയ ഉക്രെയിനികൾ നിൽക്കുന്നു. അവർ ഇപ്പോൾ കൂടുതൽ പേരുണ്ട്. ആണും പെണ്ണും കുട്ടികളുമടക്കം പത്തോളം പേർ.
ഞങ്ങൾ ശരിക്കും ഭയന്നു. ശവംതീനികളായ ഈ മനുഷ്യർ ഞങ്ങളെ പച്ചക്കു കൊന്നുതിന്നുമെന്നു തോന്നിയപ്പോൾ ഉള്ളംകാലിൽനിന്നു ചോര ഇരച്ചു കയറുന്നതുപോലെ ഭയം തലച്ചോറിലേക്ക് പാഞ്ഞുകയറി. സൈറസ് മരക്കൊമ്പിന്റെ ചില്ല വീശി അലറുന്നുണ്ടായിരുന്നു. ‘ഹൈത് ബീസേ… ഹൈത് ബീസേ…! മാറിപ്പോ പിശാചുക്കളേ!’
എന്നാൽ അവർ കൂടുതൽ അടുത്തേക്കു വരുന്നുണ്ടായിരുന്നു. ആദ്യം ഒരു സ്ത്രീ അവരുടെ മേൽക്കുപ്പായം ഊരി സൈറസിനു നേരേ എറിഞ്ഞു. തുടർന്ന് മറ്റൊരാൾ എനിക്കും തുണിയെറിഞ്ഞു തന്നു. നഗ്‌നതയുടെ ലാഞ്ചനയില്ലാതെ ഭയത്താൽ അടിമുടി വിറച്ചു നിന്നിരുന്ന ഞങ്ങൾക്ക് ആ തുണിസ്പർശം നഗ്നതയെക്കുറിച്ചുള്ള തിരിച്ചറിവ് നൽകുന്നതായിരുന്നു. ആ തോന്നലിൽ നഗ്നത മറയ്ക്കുവാൻ ഞങ്ങൾ മുന്നോട്ടു നീങ്ങി നിന്നുവെങ്കിലും അവറ്റകൾ ഞങ്ങളെ ആക്രമിക്കുമോയെന്ന ഭയം ഉണ്ടായിരുന്നു. ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ആ സംഘം ഞങ്ങൾക്കു മുന്നിൽ മുട്ടുകൾ മടക്കി ക്ഷമാപണം ചെയ്യുന്നപോലെ നിലത്തിരുന്നു. ഒരേ താളത്തിൽ തല കുമ്പിട്ട് എന്തോ ഈരടി പാടുന്ന പോലെ. അവർ ആക്രമിക്കാനുള്ള ഭാവമില്ല എന്നതു മനസ്സിലാക്കിയപ്പോൾ ഞാനും സൈറസും നീണ്ടൊരു ദീർഘനിശ്വാസത്തോടെ നിലത്തിരുന്നുപോയി. അവരുടെ വിളറി വെളുത്ത മുഖങ്ങളിൽ അവിടവിടായി അപ്പോഴും ചോരയുടെ കറുത്ത കണങ്ങൾ പറ്റിപ്പിടിച്ചിരക്കുന്നതുപോലെ എനിക്കു തോന്നി. ഞങ്ങൾക്കു ചുറ്റും വൃത്താകൃതിയിൽ കൂടിയിരുന്ന അവരുടെ ചത്ത മീനിന്റേതു പോലെ നിർവ്വികാരത പടർന്ന കണ്ണുകളിൽ നിന്നുള്ള നോട്ടം താലിബാൻ തടവു കാലത്തേക്ക് ഒരു നിമിഷം എന്നെക്കൂട്ടിക്കൊണ്ടുപോയി.
തടവുകാലത്ത് ഒരുച്ചക്കാണ് എന്നെയും സൈറസിനെയും താലിബാനികൾ ഗുഹക്കു പുറത്തു കൊണ്ടുവന്നത്. കൈകൾ ബന്ധിച്ചിരുന്ന കെട്ടും കണ്ണിലെ തുണിയും അഴിച്ചുമാറ്റി. പ്രകാശത്തിൽ തെളിഞ്ഞു വരുന്ന കാഴ്ചപോലെ കുറെ മനുഷ്യരൂപങ്ങൾ വെയിലിന്റെ പിന്നണിയിൽ നിൽക്കുന്നു. വിസ്താരമേറിയ ഒരു മരക്കട്ടയുടെ ഇരുവശങ്ങളിലുമാണ് എന്നെയും സൈറസിനേയും ഇരുത്തിയിരുന്നത്. ചുറ്റുമുള്ള രൂപങ്ങൾ മെല്ലെ അനങ്ങുന്നു. എല്ലാ കൈകളിലും പല തരത്തിലുള്ള തോക്കുകൾ. ഞങ്ങളെ
അവിടെയിരുത്തിയതിനു നേരെ എതിർവശത്ത് കറുത്തുരുണ്ട സുഡാനിയെപ്പോലെ തോന്നിക്കുന്ന ഒരാൾ അടുത്തുള്ള മരക്കട്ടയിൽ ഇരുപ്പുറപ്പിച്ചു. ഭാരമുള്ള ടർബൻ പോലൊരു തലക്കെട്ടും ചിത്രപ്പണികളോടുകൂടിയ അലസമായൊരു നീണ്ട ളോഹയുമായിരുന്നു അയാളുടെ വേഷം. മുറിയൻ ഇംഗ്ളീഷിൽ അയാൾ ഞങ്ങളോടു ചിരിച്ചുകൊണ്ട് പറഞ്ഞു: ”നിങ്ങൾ ഒരിക്കലും ഞങ്ങളുടെ ശത്രുക്കളല്ല. നമ്മൾ സുഹൃത്തുക്കളാണ്. പെർമഫ്രോസ്റ്റ് ഗവേഷണത്തിലെ രഹസ്യങ്ങൾ ഡീ-കോഡ് ചെയ്യാൻ ഞങ്ങളെ സഹായിച്ചാൽ നിങ്ങളെ സുരക്ഷിതമായി നിങ്ങളുടെ രാജ്യത്തെത്തിക്കും. കൂടാതെ നിങ്ങൾക്കുള്ള പാരിതോഷികവും നൽകും.”
ഒന്നു മുരടനക്കി അയാൾ മുന്നോട്ടു വന്ന് സൈറസിൻ്റെ താടിയിൽ പിടിച്ചുകൊണ്ട് വന്യമായി ചിരിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു: ”മറിച്ചാണെങ്കിൽ മൈ ഡിയർ ഫ്രണ്ട്…” തുടർന്നവിടെ കൂട്ടച്ചിരിയുയർന്നു.
ആ ദിവസത്തിനുശേഷം ഞങ്ങളുടെ കണ്ണുകളും കൈകളും സ്വതന്ത്രമായിരുന്നു. അന്നാണാദ്യമായി ഗുഹാന്തരീക്ഷം കൃത്യമായി കാണാൻ കഴിഞ്ഞത്. പൊടി പറത്തുന്ന കാറ്റിൽ മുഖംമൂടിക്കെട്ടിയ തോക്കുധാരികൾ ഞങ്ങൾക്കു ചുറ്റും റോന്തു ചുറ്റുന്നു. മുഖം മൂടിയിരുന്നുവെങ്കിലും എല്ലാ കണ്ണുകളും ഞങ്ങളെത്തന്നെ തുറിച്ചു നോക്കി നിൽക്കുന്നു.
വീണ്ടുമൊരിക്കൽക്കൂടി ആ സുഡാനി ഞങ്ങളെ കാണാൻ വന്നു. അയാളുടെ കൈവശം ഒരു പഴകിയ ‘ഡോൺ’ ഇംഗ്ളീഷ് ദിനപത്രം. അതിൽ ‘പെർമഫ്രോസ്റ്റ്’ എന്ന വാക്ക് കാണിച്ചുകൊണ്ട് അയാൾ ഞങ്ങളോട് ആ വാർത്തയുടെ വിശദീകരണം ചോദിക്കുകയാണ്.
സൈറസ് ആ വാർത്ത വായിച്ചു ഞെട്ടലോടെ എന്നെ നോക്കി. ‘പെർമഫ്രോസ്റ്റ് പാളികൾക്കടിയിലെ വൈറസുകളെ ജൈവ ആയുധമാക്കി മാറ്റാൻ റഷ്യ മുൻകൈയെടുക്കുന്നു!’ എന്നതായിരുന്നു വാർത്ത. അത്യന്തം വിനാശകരമായ നീക്കമെന്നത് സൈറസിന്റെ മുഖഭാവങ്ങളിൽനിന്ന് സുഡാനി വയിച്ചറിഞ്ഞതുപോലെ വലിയ ആഹ്ലാദത്തോടെ അയാൾ ആർത്തട്ടഹസിച്ചു. റഷ്യയും താലിബാൻ തീവ്രവാദ ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തിന്റെ എല്ലാ സൂചനകളും ആ അട്ടഹാസത്തിലുണ്ടായിരുന്നോ?
സുഡാനി ആ പത്രത്തിൽനിന്ന് ആ വാർത്താശകലം മാത്രം കീറിയെടുത്തശേഷം ബാക്കി അവിടെ ഉപേക്ഷിച്ചു പോയി. സൈറസ് കുറെനേരത്തിനു ശേഷം ആ പത്രത്തിലൂടെ അലസമായി കണ്ണുകളോടിച്ചു. പെട്ടെന്നൊരു വിസ്മയത്തോടെ അവൻ എന്നെ നോക്കിപ്പറഞ്ഞു: “ലുക്ക് മൈ ഫ്രണ്ട്, യൂർ കഞ്ഞാനം പാര!”
ഞാൻ കാലുകൾ മെല്ലെ നീട്ടി അവന്റെയടുത്തേക്കു ഞരങ്ങിയെത്തി. “ഹോ! ഇറ്റ്‌സ് കഞ്ഞാനം പാറ. മൈ വില്ലേജ്.” എന്റെ നാടായ കഞ്ഞാനം പാറയെക്കുറിച്ചുള്ള ഒരു ആർട്ടിക്കിളായിരുന്നു അതിൽ. ഞാൻ ആ പത്രം കയ്യിലെടുത്ത് മുഖത്തോടു ചേർത്ത് കണ്ണുകളടച്ചു. ഹൃദയത്തിൽനിന്ന് ഉയർന്നുവരുന്ന അഭൂതമായ വേദന സന്തോഷമാണോ സങ്കടമാണോ എന്നറിയാതെ ഞാനവിടെ മലർന്നു കിടന്നു.
ദിവസങ്ങൾ കടന്നുപോകുന്നത് ഞങ്ങൾ അറിഞ്ഞില്ല. ദൂരെയെവിടെയോ ടാങ്കറുകൾ നീങ്ങുന്നതും റോക്കറ്റുകളും മിസൈലുകളും പൊട്ടുന്ന വെടിയൊച്ചകളും കേൾക്കാമായിരുന്നു. എവിടെയോ യുദ്ധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന പോലെ. ഒരേ സമയം ജീവഭയവും രക്ഷപ്പെടാനുള്ള ചിന്തകളും എൻ്റെ ഹൃദയത്തെ വേട്ടയാടി.
2021 ആഗസ്റ്റ് 15 താലിബാൻ കാബൂൾ കീഴടക്കി. ബന്ദികളായ ഞങ്ങളെ വിട്ടയയ്ക്കാൻ തീരുമാനമായി എന്ന വാർത്ത കാവൽക്കാരിൽ ഒരുവൻ ഞങ്ങളോടു പറഞ്ഞു. കാരണം പെർമഫ്രോസ്റ്റ് ആയുധമാക്കാനുള്ള റഷ്യൻ തീരുമാനം താലിബാനുംകൂടെ ഗുണകരമായ ഒന്നെന്നതായിരുന്നു അവരുടെ വിശ്വാസം. ഇനിയിപ്പോൾ എൻ്റെയോ സൈറസിൻ്റെയോ സഹായമില്ലാതെയും താലിബാന് ആവശ്യമുള്ള ജൈവായുധങ്ങൾ റഷ്യ നൽകിയേക്കും. ആ ചിന്ത ലോക നാശത്തിനുവേണ്ടിയുള്ളതാണെന്ന വേദന ഞങ്ങൾ ഇരുവരും മൗനമായി പങ്കുവച്ചു.
2022 ജനുവരി ശൈത്യകാലത്ത് താലിബാൻ പ്രവിശ്യയിലെ റഷ്യയോടും സൈബീരിയയോടും ചേർന്നു കിടക്കുന്ന ഹിമക്കാടുകളിൽ എവിടെയോ എന്നെയും സൈറസിനെയും താലിബാനികൾ ഉപേക്ഷിച്ചു. ഉപയോഗം കഴിഞ്ഞ വസ്തുക്കൾ വലിച്ചെറിയുന്ന ലാഘവത്തോടെ ഞങ്ങളെ ഉപേക്ഷിച്ചു പോകുമ്പോൾ അടിവസ്ത്രവും കന്തൂറയും മാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ. മഞ്ഞിൻ്റെ കാഠിന്യം കൂടുന്ന ആ ശൈത്യകാലത്ത് ഏതെങ്കിലും വന്യജീവിയുടെ വായിലകപ്പെട്ടോ തണുപ്പിൻ്റെ ആധിക്യത്താലോ മരണപ്പെടുന്ന അനേകരിൽ രണ്ടുപേർ മാത്രമാകും ഞങ്ങൾ എന്നാവും താലിബാനികൾ അപ്പോൾ ചിന്തിച്ചിട്ടുണ്ടാവുക. തുറന്ന ജീപ്പിലിരുന്ന് ആകാശത്തേക്കു വെടിയുതിർത്തുകൊണ്ട് ആഹ്ലാദത്തോടെ താലിബാനികൾ മടങ്ങിപ്പോയി. സൈറസ് കലർപ്പില്ലാത്ത വേദനയോടെയും ദേഷ്യത്തോടെയും അവരെ നോക്കി പിറുപിറുത്തു. ‘ഹറാമീ….’
ചിന്തകളിൽ നിന്നും വീണ്ടും ചുറ്റുമുള്ള ലോകത്തേക്ക് വന്ന അതേ നിമിഷം ആകാശത്ത് ഒരു വെള്ളിടി മിന്നി. മഞ്ഞുകാറ്റ് സിരകളെ കുത്തി നോവിച്ചുകൊണ്ട് വീശിത്തുടങ്ങി.
മിന്നൽപ്രകാശത്തിൽ പുതച്ചിരുന്ന തുണിയിൽ മഞ്ഞുകണങ്ങൾ വീണ് തിളങ്ങി. ഉക്രൈനികൾ പലരും തങ്ങളുടെ ദേശം വിട്ടോടിപ്പോയിട്ട് എത്രയേറെ കാലമായി എന്നത് അവർക്കുപോലും തിട്ടമില്ലായിരുന്നു.
2022 ഫെബ്രുവരി 24 റഷ്യൻ അധിനിവേശം ഉക്രൈൻ ജനതയെ വിശപ്പിന്റെ ആധിക്യത്തിൽ സഹജീവിയുടെ ശവം പോലും തിന്നു വിശപ്പടക്കേണ്ട ഗതികെട്ട അവസ്ഥയിൽ എത്തിച്ചിരിക്കുന്നത് അവരുടെ വാക്കുകളിൽനിന്നു വേദനയോടെ ഞങ്ങൾ മനസിലാക്കി. അവർക്കും ഞങ്ങൾക്കുമിപ്പോൾ ലക്ഷ്യമൊന്നായപോലെ ഒരു കൂട്ടമായി ഞങ്ങൾ മുന്നോട്ടു നീങ്ങി. പന്ത്രണ്ടു പേരടങ്ങുന്ന ആ സംഘം ബെലാറസ് അതിർത്തിയിലേക്കാണ് നീങ്ങുന്നതെന്ന് സൈറസ് എന്നോടു പറഞ്ഞു. മുന്നോട്ടുള്ള യാത്ര കഴിയുന്നതും രാത്രിയാക്കി. പകൽസമയങ്ങളിൽ കാട്ടിനുള്ളിൽ മനുഷ്യനായാലും മൃഗമായാലും വേട്ടയുടെ ഇരയാണെന്ന ബോധ്യം സൈറസ് പകർന്നു നൽകിയതായിരുന്നു.
അങ്കാര നദിയിലെ നിലാവു വീണ വെള്ളത്തിൽ മഞ്ഞുപാളികൾ ഒഴുകി നടക്കുന്നു. ആയിരത്തി എണ്ണൂറിനുമേൽ കിലോമീറ്റർ ദൈർഘ്യത്തിൽ പരന്നു കിടക്കുന്ന അങ്കാരയുടെ മറുവശം കൊടും കാടാണ്. സൈബീരിയയുടെ നീളം കൂടിയ പോഷക നദികളിലൊന്നാണ് അങ്കാര. ഒഴുകി നടക്കുന്ന വലിയൊരു മഞ്ഞുപാളിയിൽ രണ്ടു ഹിമക്കരടികൾ ഇണ ചേരുന്നു. ഇതൊരു കാല്പനികദൃശ്യമാണെന്ന് സൈറസ് പറഞ്ഞു. എന്തായാലും ആ മഞ്ഞുപാളികൾ കാല്പനികമല്ല എന്നാണെനിക്കു തോന്നിയത്. ഈ പുഴയ്ക്കപ്പുറമുള്ള കാടിൻ്റെ കത്തിയമരൽ ഒട്ടും കാല്പനികമല്ലായിരുന്നു.
സൈറസ് ദാർശനികമായ കാഴ്ചപ്പാടോടെ പറഞ്ഞു: ‘ജീവിതത്തിൽ യാത്രകൾക്ക് ഒരുപാടു പങ്കുണ്ട്. ഒരു പക്ഷേ അവരും അത്തരമൊരു യാത്രയിലാവും.’
‘ആര്?’
‘ആ കരടികളും നമുക്കു ചുറ്റുമുള്ള ഈ ഉക്രൈനികളും.’ എൻ്റെ മനസ്സ് വായിച്ചപോലെയായിരുന്നു പലപ്പോഴും സൈറസിൻ്റെ മറുപടി.
ഏറ്റവും മുന്നിൽ സൈറസ്, അതിനു പിന്നിൽ ഞാൻ, എന്റെ പിന്നിലായി ഉക്രൈനികൾ ഇങ്ങനെയായിരുന്നു ബെലാറസ് ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ സംഘത്തിന്റെ രാത്രിയാത്ര. ഓരോ ഇടവേളയിലും ഭയപ്പെടുത്തുന്ന നിലവിളികളും അപസ്വരങ്ങളും ഓരിയിടലുകളും കേൾക്കാമായിരുന്നു. സൈറസ് നീട്ടിയ മരക്കൊമ്പിൻ്റെ ഒരറ്റത്തു പിടിച്ചായിരുന്നു ഞാൻ നടന്നിരുന്നത്. മിന്നലിൻ്റെ വെട്ടത്തിൽ മഞ്ഞുപാളികൾ വജ്രംപോലെ വെട്ടിത്തിളങ്ങി.ഇരുട്ടിൽ പെട്ടെന്ന് ദൂരെ ഒരു നീലവെളിച്ചം മിന്നി. ഒരു നിമിഷം മാത്രമേ അത് കാണാനായുള്ളൂ. മുൻപ് കണ്ട അതേ നീണ്ട വാലുള്ള ഒരു പക്ഷി എന്നെയും സൈറസിനെയും വട്ടം വച്ച് പറന്നു പോയ നിമിഷം സൈറസ് എന്നെയും പിടിച്ചുകൊണ്ട് നിലത്തേക്കു കമിഴ്ന്നു വീണു. അവൻ അലറുകയായിരുന്നു: ‘Don’t look back, they are evils!’ വീണ്ടും നീല വെളിച്ചമൊന്നു മിന്നി. പിന്നെ അണഞ്ഞു.
അടുത്ത മിന്നലിൽ തെളിഞ്ഞു കണ്ട കാഴ്ച മുന്നിലൊരു പുഴയിലെന്നതുപോലെ മഞ്ഞുപാളികൾ ഒഴുകി നടക്കുന്നതാണ്. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ഉച്ചത്തിലുള്ള നിലവിളി ഉയരുന്നു. മൃഗങ്ങളുടെ അലർച്ച. എനിക്കെന്തെങ്കിലും മനസ്സിലാകും മുൻപ് സൈറസ് ഒരു തൂവൽപോലെ പറന്നു പൊങ്ങി. അപ്പോഴും അവൻ്റെ കയ്യിലെ മരക്കൊമ്പിൻ്റെ ഒരറ്റം എൻ്റെ കയ്യിലായിരുന്നു. കണ്ണടച്ചു കിടന്നുകൊണ്ട് സർവ്വശക്തിയും ഉപയോഗിച്ച് ഞാൻ ആ മരച്ചില്ല വിടാതെ പിടിച്ചു കിടന്നു. പെട്ടെന്ന് എൻ്റെ മേൽ പുതച്ചിരുന്ന കമ്പളം പോലത്തെ കട്ടിത്തുണി ഒരു പാളിപോലെ ഉയർന്നുപൊങ്ങി. അന്തരീക്ഷത്തിൽ അലിഞ്ഞു പോകുന്ന മഞ്ഞുപോലെ ആ തുണി കാണാതായി.
സൈറസ് എവിടെക്കോ തെറിച്ചു വീണതും ഒരുപറ്റം കറുത്ത നീളവാലൻ പക്ഷികൾ കൂട്ടത്തോടെ അയാൾ വീണിടത്തേക്കു പറന്നിറങ്ങുന്നതും ഞാൻ കണ്ടു. ആ പക്ഷികൾ വളരെ പ്രാകൃതമായ സ്വരം പുറപ്പെടുവിച്ചുകൊണ്ട് കൂട്ടത്തോടെ സൈറസിനെ ആക്രമിക്കുകയാണ്. സൈറസിൻ്റെ ആർത്തനാദം എനിക്കു കേൾക്കാം. മെല്ലെ മെല്ലെ ആ ശബ്ദം നിലച്ചു. ഇപ്പോഴൊന്നും കേൾക്കുന്നില്ല. ആ മരച്ചില്ല മാത്രം ബലമായിപ്പിടിച്ച് ഞാൻ മലർന്നു കിടന്നു. ഉക്രൈനികളിൽ ഒരാളെപ്പോലും കാണാനില്ല. സൈറസ് നീയെവിടെ?
ആ കറുത്ത നീളവാലൻ പക്ഷികൾ ആരായിരുന്നു? തണുത്തുറഞ്ഞ ഒരു കാറ്റ് എന്നെപ്പൊതിഞ്ഞു. തണുപ്പ് പെരുവിരലിൽനിന്നു ശരീരത്തിലേക്ക് അരിച്ചുകയറി. അപ്പോൾ ആ പരിസരം മുഴുവനും നീല വെളിച്ചത്താൽ മൂടപ്പെട്ടു. നീണ്ട വാലുള്ള പക്ഷികൾ കൂട്ടത്തോടെ എന്തോ കൊത്തിയെടുത്ത് പറന്നുയർന്നു. കറുത്തതുണിയിൽ പൊതിഞ്ഞ ഒരു രൂപം വായുവിലുയർന്നു മരങ്ങളുടെയിടയിൽ അപ്രത്യക്ഷമാകുന്നതു ഞാൻ കണ്ടു. ഒന്നു കരയാൻപോലും എനിക്കു കഴിഞ്ഞില്ല. പിന്നെ എപ്പോഴോ ഒരു മയക്കത്തിലേക്കു വഴുതി വീണു.
മയക്കം വിട്ടുണരുമ്പോൾ പുലർച്ചേ കണ്ടൊരു സ്വപ്നത്തിലെന്നപോലെ ആ മുഖം എൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നു. അങ്ങനെയൊരാൾ എൻ്റെ പരിചയത്തിലെങ്ങുമുണ്ടായിരുന്നില്ല. സ്വപ്നത്തിൽ അല്പനേരത്തേക്ക് മാത്രമായി തെളിഞ്ഞ ആ രൂപവും ശബ്ദവും ഇപ്പോഴുമെനിക്ക് നല്ല ഓർമ്മയുണ്ട്. കറുത്ത നീളൻ ളോഹയും തലക്കെട്ടുമായിരുന്നു അയാളുടെ വേഷം. നെറ്റിയിൽ പാറിപ്പറന്നു ഇരുവശത്തേക്കും കിടക്കുന്ന കിടക്കുന്ന നീണ്ട മുടിയിൽ നരയുടെ വെൺരേഖകൾ. ചില്ലിട്ട വിഷാദം പോലെ കണ്ണുകൾ. ചുണ്ടിനേയും താടിയെല്ലിനേയും മറയ്ക്കുന്ന താടിമീശ. പച്ചരിയുടെ നിറമുള്ള പല്ലുകൾ.
പെട്ടന്നുള്ള ആവേശത്തിൽ ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. ഇല്ല എനിക്കാവുന്നില്ല. കാലും കയ്യും തുണിവാറു കൊണ്ടെന്ന പോലെ കെട്ടിയിരിക്കുന്നു. മരിച്ചവരുടെ സ്വരവടിവുള്ള ചില അടക്കിയ നിലവിളികൾ. മനസ്സ് കീറിപ്പോകുന്ന വിധത്തിൽ വീശിയടിച്ച ഒരു വിഷാദക്കാറ്റിൽ ഞാനൊരു ദുഃഖക്കടലിലാണെന്ന് എനിക്കു തോന്നിപ്പോയി. കറുത്ത ആ ളോഹ വേഷം എൻ്റെയടുത്തേക്ക് ഒഴുകി വന്നു. അടുത്തെത്തും തോറും കൂടുതൽ തെളിഞ്ഞുവന്ന ആ രൂപത്തിൽ കഴുത്തിനു താഴെ ഉടൽ ഇല്ലായിരുന്നു. കത്തിച്ച വിറകുകൊള്ളി പോലെയുള്ള കനൽവെട്ടത്തിൽ ആ മുഖം കൂടുതൽ വ്യക്തതയോടെ എൻ്റെ അടുത്തേക്ക് നീങ്ങിനിന്നു. ഇല്ല ജീവിതത്തിലൊരിക്കൽപ്പോലും മുൻപ് ഞാൻ ആ മുഖം കണ്ടിട്ടില്ല.
മെല്ലെ മെല്ലെ ആ കഴുത്ത് എന്നിലേക്കടുപ്പിച്ച് മന്ത്രിക്കുന്നതുപോലെ അതെന്നോട് പറഞ്ഞു: ‘എനിക്ക് നിങ്ങളെ നല്ല പരിചയമുണ്ട്. പക്ഷേ ജീവിതത്തിലല്ല മരണത്തിൽ!’
തികഞ്ഞ പരിഭ്രാന്തിയോടെ കണ്ണുകളടച്ച് ഞാനൊന്ന് ഞരങ്ങി. ഈ അല്പ പ്രാണൻ ഒന്നറ്റുപോയെങ്കിൽ!
മരണം അപ്പൊഴെനിക്ക് പെർമഫ്രോസ്റ്റിനേക്കാൾ തണുപ്പും ആശ്വാസവുമായി മാറുകയായിരുന്നു.
എനിക്കപ്പോൾ ഭയമേതും തോന്നിയില്ല. ആ മുഖത്തു നിന്നും കൂടുതൽ കേൾക്കാനുള്ള ഒരാകാംക്ഷ എന്നിൽ നിറഞ്ഞു.
‘എന്നാണ് നമ്മൾ മരണപ്പെട്ടത്?’ എൻ്റെ മരണക്കിടക്കയിൽ അങ്ങനെ കിടന്നുകൊണ്ട് സൈറസിനോട് അതു ചോദിക്കാതിരിക്കാൻ എനിക്കായില്ല.