പെൻസിലുകൊണ്ടെഴുതിയ കവിത

എന്റെ ഉള്ളിലെ കവിത
അതെപ്പോഴോ മാഞ്ഞ് പോയിരിക്കുന്നു.

ജനനം എനിക്ക് സമ്മാനിച്ച സ്വത്ത്,
അതെന്നോ ഞാൻ നഷ്ടപ്പെടുത്തിയോ?
മേനിയോരുനാൾ കാത്തുവെച്ച രക്തത്തിൻ –
കറ കണ്ടൊരു പെൺകൊടിപോലെ,
നഷ്ടത്തിൻ പട്ടികയിലെ പ്രധാന
വിള്ളൽ ഞാൻ കണ്ടെത്തി.

അതൊരു കവിതയായിരുന്നു.
എന്റെ കള്ളച്ചിരിയായിരുന്നു.
നാണമായിരുന്നു.
സ്നേഹമായിരുന്നു,
പ്രേമവുമായിരുന്നു.
പിണക്കമായിരുന്നു,
ഇണക്കവുമായിരുന്നു.
കുസൃതിയായിരുന്നു.
എന്റെ ചിന്തകളായിരുന്നു.
അറിവില്ലായ്മയായിരുന്നു.
കളിയാക്കലുകളായിരുന്നു.
കൊച്ചു നിഷ്കളങ്കതയായിരുന്നു.

ഇവ എന്റെ ഉള്ളിലെ കവിതയായിരുന്നു.
പെൻസിലുകൊണ്ട് എഴുതപ്പെട്ട കവിത.
മായ്ച്ചാൽ മാഞ്ഞുപോകുന്നൊരു കവിത.

പാലക്കാട് കോങ്ങാട് സ്വദേശി. തൃശൂർ അച്യുതമേനോൻ ഗവണ്മെന്റ് കോളേജിൽ രണ്ടാം വർഷ PG വിദ്യാർത്ഥിയാണ്.