പെൺകുട്ടി ശ്മശാനം കാണുന്നു

ആദ്യമായി കാണുകയാ
ണൊറ്റയ്ക്കൊരു ശ്മശാനം.
ഊക്കന്‍ കെട്ടിടനിഴലുകള്‍
പൊളിഞ്ഞു കിടക്കുന്നയിടം
പ്രേതങ്ങള്‍ അലഞ്ഞുനട
പ്പാണോയെന്നു ഭീതിപ്പെട്ട്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ്
ചാരത്തിന്‍ നിശ്വാസങ്ങള്‍
അടുക്കളയിലേതുപോലെ

ആശ്വാസമായി, കണ്ടു
പരിചയിച്ച കടലാസ്സുപൂക്കള്‍

മഴപിന്നിട്ട പൂന്തോട്ടംകാടായ്
പ്പടരുന്നു മതില്‍പ്പുറത്ത്
വേനൽ വിത്തിറക്കി
ക്കണ്ണിറുക്കുന്നൂ കരിക്കട്ടകള്‍

മുടിയിലും വസ്ത്രത്തിലും അമ്മയുടെ
കൈയെന്നപോലെ ചെറുകാറ്റ്
ശ്മശാനം വീടായ്ത്തോന്നീ വിറകിന്‍
കൊള്ളിയിലിരിക്കാന്‍ തോന്നീ

ആരാനും വരുന്നുണ്ടോയെന്ന്
ഗേറ്റില്‍ പാളിനോക്കുമ്പോള്‍
കണ്ടൂ, പുറത്തൊരു പ്രേതം
ബസ്സില്‍, റെസ്റ്റോറന്റില്‍
ക്ലാസ്സില്‍, വീട്ടുവഴിയില്‍
തുറിച്ചുനോക്കും കണ്ണുകള്‍.

പയ്യന്നൂര്‍ സ്വദേശി ആണ്. അനുകാലികങ്ങളിലും സോഷ്യല്‍മീഡിയയിലും കഥകളും കവിതകളും എഴുതുന്നു. കോടതിമൊഴികള്‍, അകത്തൊഴുത്ത് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്