പെൺകുഞ്ഞ്

തലയിലും അടിവയറ്റിലും വ്യത്യാസമില്ലാത്തൊരു വേദന ഉരുണ്ടുകൂടി വന്നു. ശരീരം മുഴുവൻ അത് പടർന്നു. ഇണചേരലിന് തയ്യാറെടുപ്പ് നടത്തുന്ന ശരീരം വളഞ്ഞ് പുളഞ്ഞ് വിടരുന്നതുപോലെ കിടക്കയിൽ കിടന്ന എന്റെ ശരീരവും ഒന്ന് പുളഞ്ഞുതീർന്നു. ശരീരം വിടർന്നതുമില്ല. അത് മൊട്ടിട്ടതുമില്ല. ശരീരം പുരണ്ട് തീർന്നതും കിടക്കവിരിയാകെ കുഴഞ്ഞു മറിഞ്ഞു. കിടക്കവിരിയിൽ ഞാനൊരു തുളയിട്ടു. തുളയ്ക്കകത്ത് വിരൽ കടത്തി, തുളയെ ഒന്നുകൂടെ വലുതാക്കി. ഓരോ പ്രാവശ്യം വിരൽ കടത്തി ആട്ടിയുലയ്ക്കുമ്പോഴും തുളയ്ക്ക് വലുപ്പം വർധിച്ചു വന്നു. ചില വിഷയങ്ങൾക്ക് ഇതുപോലൊരു വലിയ തുള ഉണ്ടാക്കാൻ സാധിക്കും. അതിന് കാര്യ ഗൗരവം കൂടുതലാണ്. ആ തുള ചെന്ന് വീഴുന്നത് ഹൃദയത്തിലായിരിക്കും. അങ്ങനെയത് വലിയൊരു ദ്വാരത്തെ സൃഷ്ടിച്ചു കൊണ്ട് ശരീരത്തിൽ വീര്യമായ വേദന ഉണ്ടാക്കുന്നു. അമ്മയുടെ ജീവിതത്തിലും ഒരു തുള വീണു. വിജയ എന്ന സ്ത്രീ അമ്മയുടെ ജീവിതത്തിൽ തുളയിട്ടു, വിരൽ കടത്തി, അതിനെ ഇല്ലായ്മ ചെയ്തു.

എത്രയൊ തുളകൾ വീണ അച്ഛന്റെ ശരീരം ഇന്നേരം പുഴുക്കൾ കാർന്നു തിന്നു കഴിഞ്ഞിട്ടുണ്ടാകും, മിച്ചവസ്തുവായി എല്ലിൻകൂട് മാത്രം ബാക്കി വച്ച്. വാരിയെല്ലുകൾക്കുള്ളിൽ ഒളിഞ്ഞ ഹൃദയത്തിലും വീണിട്ടുണ്ടാകും ഒരു തുള. അമ്മയുടെ സ്നേഹം കണ്ടില്ലെന്ന് നടിച്ചു. പകരമായി ഒരുവളെ കൂടെപ്പൊറുപ്പിച്ചു. തന്റെ പുരുഷൻ മറ്റൊരുവളിലേക്ക് വ്യതിചലിച്ചതറിഞ്ഞ് അമ്മയുടെ ഹൃദയം തകർന്നിരിക്കണം.

അമ്മ ഒന്നും അറിഞ്ഞില്ല. എല്ലാം നഷ്ടപ്പെടുത്തി. ചിലതൊക്കെ അമ്മയിൽ നിന്നും തട്ടിയെടുക്കപ്പെട്ടു. ജീവിതത്തിൽ പ്രധാനിയായി നിലകൊണ്ട അച്ഛനെ അവൾ തട്ടിപ്പറിച്ചു. ആ തുടുത്ത ശരീരമുള്ളവൾ, വിജയ. എത്രയൊ പുരുഷൻമാരുടെ വിരലടയാളങ്ങൾ അവളുടെ ശരീരത്ത് വിളഞ്ഞ് നിന്നിട്ടുണ്ട്. അച്ഛൻ ശരീരമെന്ന മിഥ്യാവസ്തുവിൽ നിക്ഷേപങ്ങൾ നടത്തി. ഒരിക്കൽ നിക്ഷേപമെല്ലാം പൊളിഞ്ഞു. അച്ഛൻ ഒരു പലിശക്കാരനായി. വിജയ അച്ഛനെ പ്രലോഭിപ്പിച്ച് വീട് വിൽക്കാൻ കാരണക്കാരിയായി. പണമുണ്ടാക്കാൻ അച്ഛൻ ചൂത് വിളയാടി. കയ്യിലുണ്ടായിരുന്ന പണവും അതിലേക്ക് കൊഴിഞ്ഞു വീണു. മിച്ചം വന്നത് ഒരു മുണ്ടും ഷർട്ടും അച്ഛന്റേതായ ശരീരവും. ആ ശരീരത്തെ എംഫിസീമ എന്ന രോഗത്തിന് അച്ഛൻ വിറ്റു. നിശ്വാസങ്ങൾ ദീർഘിച്ചപ്പോഴും അച്ഛൻ വിജയയെ മാത്രം നിനച്ചുരുകി. അവളെ കൂടെ വന്ന് ജീവിക്കാൻ ക്ഷണിച്ചു. കെഞ്ചിക്കൂത്താടി അവളുടെ കൈ കുലച്ചു.

മാറ് ചവിട്ടി പടിയിറങ്ങിയ അവളെ ഒരു നോക്കുകുത്തിയെപ്പോലെ അച്ഛൻ നോക്കി നിന്നു. വികാരങ്ങളൊക്കെ ശരീരത്തിൽ തഴച്ച് മുറ്റി നിന്നപ്പോഴും അത് അനക്കമറ്റു തന്നെ കിടന്നു. വിജയ ഉപേക്ഷിച്ചെറിഞ്ഞ അച്ഛൻ വഴിയാധാരമായി. തെരുവ് നായക്കളുടെ ആക്രമണം മൂലം ശരീരം വലിച്ചു കീറപ്പെട്ട നിലയിൽ വഴിരോരത്ത് അവശനിലയിൽ കിടന്ന അച്ഛനെ ആ തെരുവിലെ ഏതോ ഒരു യുവതിയാണ് ആശുപത്രിയിൽ കൊണ്ടെത്തിച്ചത്. ഡോക്ടർമാരുടെ പരിശോധനയിൽ അച്ഛൻ എംഫിസീമ രോഗിയാണെന്ന് കണ്ടെത്തി. സർക്കാർ ആയുപത്രിയായതുകൊണ്ട് എന്തുകൊണ്ടൊ സൗജന്യ ചികിത്സ ശരീരത്തിന് കിട്ടി. അച്ഛന്റെ ശരീരത്തിന് അധികനാൾ ഭൂമിയിൽ വേരുറച്ച് നിൽക്കാൻ കഴിഞ്ഞില്ല. ആത്മാവിന്റെ വേരറ്റ് അത് നിലംപൊത്തി വീണു. അമ്മ, അവരുടെ ശരീരത്തെയും ആത്മാവിനെയും എന്നോ മണ്ണിന് പണയപ്പെടുത്തിയതായിരുന്നു.

തന്റെ പുരുഷന്റെ കരവലയത്തിൽ നിന്നും മോചിതയായ അമ്മയ്ക്ക് മറ്റൊരു കരവലയം പിടിച്ചു പറ്റാൻ അറിഞ്ഞില്ല. അമ്മയ്ക്കും വിജയയെപ്പോലെ ആകാമായിരുന്നു. എന്നെ അനാഥാലയച്ചുമരുകളിൽ തറച്ചിട്ട്, സാരിയും പൊക്കിയുടുത്ത് ഓടാമായിരുന്നു. ആണിയിൽ തറഞ്ഞ എന്റെ കുഞ്ഞു ശരീരത്തിൽ നിന്നും ചോരയൊലിക്കുമായിരിക്കും. മുറിവുകൾ ഉണ്ടാകുമായിരിക്കും. അതിൽ നിന്നും ചലവും, നീരും, ഗുഹ്യഭാഗത്ത് നിന്ന് വിസർജ്ജ്യവും ഉന്തിവരുമായിരിക്കും. കുഞ്ഞുവായയിലെ രോദനം കാറ്റിലൂടെ ചുഴറ്റി വീശി അമ്മയ്ക്ക് നേരെ പ്രതിരോധിക്കാതിരിക്കാനായി അവർക്ക് അവരുടെ ചെവി അറുത്ത് മാറ്റാം. പക്ഷെ, എന്തുകൊണ്ടൊ അമ്മ അതിനൊന്നും മുതിർന്നില്ല. പിള്ളൈപ്പാസം അമ്മയിൽ അഴിഞ്ഞുപോകാത്ത വിധം ഉടക്കി നിന്നിരുന്നു.

ഞാൻ വയറ്റിൽ മുളപൊട്ടിയ നേരം, അമ്മക്കൈവിരലുകൾ അടിവയറ്റിലേക്ക് ഇഴഞ്ഞിറങ്ങി പത്തി വിടർത്തിയിരുന്നു. എല്ലാ മരുന്നുകളും കൃത്യമായി കഴിച്ചു. മാസത്തിലൊരിക്കൽ പ്രെഗ്നൻസി ചെക്കപ്പ് നടത്തി. ഡോക്ടർ അഡ്വൈസുകളെല്ലാം മറുത്തു പറയാതെ ചെവി കൊണ്ടു. രാത്രി നേരങ്ങളിൽ കുഞ്ഞു സംഭാഷണങ്ങൾക്ക് തുടക്കമിട്ടു. പറഞ്ഞതിൽ പലതും ജീവിതപരാജയ കഥകളായിരുന്നു. അച്ഛന്റെ സാമീപ്യത്തിനു വേണ്ടി അമ്മ കൊതിച്ച രാത്രികൾക്ക് കട്ടിക്കറുപ്പായിരുന്നു. അമ്മയ്ക്ക് ഗർഭത്തിൽ ഞാനുണ്ടായതിൽ പരിഭ്രമിച്ചും ശങ്കിച്ചും ഉരുളൻ കണ്ണുകളെ പുറത്തു ചാടിച്ചും വരാന്തയിലെ നാൽക്കാലിമേൽ ഇരുന്ന് പുകച്ചുരുളുകൾ ഉണ്ടാക്കാനെ അച്ഛന് കഴിഞ്ഞുള്ളൂ. അച്ഛന്റെ കൈത്തലം അടിവയറ്റിൽ അമർത്തി വച്ചപ്പോൾ കൈയൊഴിഞ്ഞു. കുടഞ്ഞുമാറ്റിയ കൈപ്പത്തി അമ്മയുടെ തുടുത്ത കവിളിൽ നേർത്ത വിരൽപ്പാടുകൾ കോറിയിട്ടു. തീക്കട്ടക്കൊള്ളി പോലെ അത് ഉണങ്ങിക്കിടക്കുമായിരുന്നു. എന്നിട്ടും എന്നെ പ്രസവിക്കാൻ അമ്മ തുനിഞ്ഞു.

മുഷിഞ്ഞു നാറിയ അടിവസ്ത്രങ്ങൾ അലക്കാനും ആമാശയതൃപ്തിക്കും ശരീര സൗഖ്യത്തിന് വേണ്ടിയുമായി അമ്മ എന്ന സ്ത്രീ നിരന്തരം ഭോഗിക്കപ്പെട്ടു.

ശരീര ആത്മാവ് നൊന്ത്, അമ്മ വെണ്ണീരിൽ കുളിയാരംഭിച്ചു. മുലക്കച്ച കെട്ടാനോ അഞ്ചൂണ് ഊട്ടാനോ തള്ളവിരലുകൾ ഉണ്ടായിരുന്നില്ല. വീട്ടിലെ വേലക്കാരി ഗൗരിരമ്മ ഇതെല്ലാം ചെയ്തു കൊടുത്തു. അച്ഛൻ അതിന് പത്തുരൂപ നോട്ടുകൾ എണ്ണിപ്പെറുക്കി കൈത്തണ്ടയിൽ വച്ചുകൊടുത്തു. വറ്റിലയ്ക്കും അടക്കയ്ക്കും വേണ്ടി അത് ഭദ്രമായി മുന്താണിയിൽ മുടഞ്ഞ് ആ വയസ്സത്തി മുടന്തി മുടന്തി പടിയിറങ്ങിപ്പോകും.
ഓരോ പകലും മൂകതയിൽ പിറന്നു. ഓരോ രാത്രിയും തൊണ്ടക്കുഴിയിലെ ഉമിനീര് വറ്റിത്തളർന്നു. കൊച്ചു സംഭാഷണങ്ങൾ മാത്രം നീരുറവ പോലെ പൊട്ടിപ്പുറപ്പെട്ടു. വയറ്റിനകത്ത് കിടന്നു കൊണ്ട് പുറത്തേക്ക് ചവിട്ടിക്കൊടുത്ത നേരം അമ്മ ഒന്ന് പുളഞ്ഞിരിക്കണം. രാത്രികളോരോന്നും നീണ്ടുപോയി. പുകവലിച്ചൂര് ചുണ്ടുകൾ വളച്ച് കൊണ്ടൂവരുന്ന അച്ഛനെ അമ്മ വെറുത്തു. പൊല്ലാപ്പുകൾ എനിക്ക് ഓതിത്തന്നു. അന്നും ഉണ്ടായിരുന്നു ഒരു പെണ്ണ്. വിജയയ്ക്ക് മുമ്പുണ്ടായിരുന്ന മല്ലിക എന്ന വെളുത്ത തൊലിനിറക്കാരി. അമ്മ അവളെയും പ്രാകി. ശാപവാക്കുകൾ അവൾക്കു മീതെ കൊത്തിവച്ചു. അങ്ങനെ അവൾ തൊലികരിഞ്ഞ് അകാലത്തിൽ മരണമടഞ്ഞു, ശാപവാക്കുകളെ മായ്ച്ചു കളഞ്ഞുകൊണ്ട്.

അച്ഛന്റെ നഖങ്ങൾ വെട്ടിമാറ്റാതെ വളർത്തി. അതിന് ഭീകരസ്വഭാവമായിരുന്നു. അത് തൊലിയെ പറിച്ച് കളയും വിധം കൂർത്തതായിരുന്നു. ആ നഖങ്ങളുടെ സവിശേഷത എനിക്കും അമ്മയ്ക്കും നല്ലപോലെ അറിയാമായിരുന്നു. അച്ഛന്റെ കോപം കെട്ടിയൊതുക്കിയ ചുട്ടു പഴുത്ത ചട്ടകം അമ്മയുടെ വെള്ള പാകിയ നീളൻ കൈകളിൽ ചത്ത പാമ്പിനെപ്പോലെ മലർന്നു കിടന്നതും ഓർമയിൽ ഇഴഞ്ഞു നീങ്ങുന്നു.

പണത്താശ മൂത്ത് തെൻട്രൽ രാമസ്വാമിയെ കൂട്ടിക്കൊണ്ടുവന്നതാണ്. ഭാര്യയാണെന്ന് അറിയാനും അറിയിക്കാനും കഴുത്തിൽ ഒരു പൊൻതാലി. ഇതായിരുന്നു അച്ഛന് അമ്മയുമായുള്ള ബന്ധം. വേദനിപ്പിച്ചും രസിച്ചും അമ്മയെ പന്താടി. പണം കൈത്തണ്ടയിൽ എത്താതിരുന്നതിന്റെ ദേഷ്യം അമ്മയെ പൊള്ളിച്ചും ദേഹത്തെ കീറി വരഞ്ഞും തീർത്തു.

അമ്മയുടെ വീട്ടുകാർ അമ്മയെ തലമുഴുകി. എച്ചിൽ തുപ്പിയും കരണത്തടിച്ചും അവർ നവ ദമ്പതികളെ ആശീർവ്വാദം ചെയ്തു. ട്രിവാൻട്രത്തിലേക്കുള്ള ബസ്സ് കയറുമ്പോൾ അച്ഛൻ കപട പാസത്തിൽ അമ്മയിലേക്ക് തലചായ്ച്ചിരിക്കണം. ഒരു കാറപകടത്തിൽപ്പെട്ട് അച്ഛന്റെ വീട്ടുകാരെല്ലാം ഒന്നടങ്കം ചത്തൊടുങ്ങി. അനന്തരാവകാശിയായ അച്ഛൻ പണിപ്പെടാതെ വീട് കൈക്കലാക്കുകയും ചെയ്തു. ഞാനവിടെ പിറന്നു. ഗൗരിയമ്മയാണ് പേറെടുത്തത്. ഞെരങ്ങിയും മൂളിയും കിടക്കവിരി കീറി വരഞ്ഞും അമ്മ മരണത്തോട് മല്ലിട്ടു. പ്രാണവേദനയിൽ അമ്മയുടെ കരച്ചിലും അലറിവിളിയും അച്ഛന്റെ ചെവിക്കല്ലിനെ ചാരമാക്കിയിരിക്കണം. ഗൗരിയമ്മ എന്റെ മിനുത്ത മൊട്ടത്തല പുറത്തേക്ക് വലിച്ചെടുത്തു. ചോരമണം തേച്ച ശരീരം അമ്മയുടെ മാറോട് ചേർത്തു. എന്നെ ചുംബിച്ച അധരങ്ങൾ വിറച്ചു കാണണം. അമ്മയുടെ കണ്ണു നീര് നിലച്ചു, ഞാൻ പൊടുന്നനെ കരഞ്ഞു. അമ്മ അധരങ്ങൾ പൊഴിച്ചു. അതിലൊന്ന് എന്റെ നെറ്റിത്തടത്തിൽ ഒരു ചുവന്ന പാട് അവശേഷിപ്പിച്ചിട്ടുണ്ട്.

തലയ്ക്കു മുകളിൽ പങ്കായങ്ങളുടെ കറക്കം. തലയ്ക്കകത്ത് ഭൂതകാല ചിന്തകൾ കെട്ടുപിണഞ്ഞ് ഇഴയുന്നു. എത്രയൊ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇന്ന് തെൻട്രൽ രാമസ്വാമിയും തമ്പി നാരായണനും എന്റെ വീട്ടു വരാന്തയിൽ ആണി തറച്ച് വച്ച ചില്ലുപടത്തിലെ നവ വധൂവരന്മാരായാണ് നിൽക്കുന്നത്. ആ ചില്ലുപടത്തിന് ഞാനൊരു പൂമാലയും അണിയിച്ചിട്ടുണ്ട്.

അമ്മയുടെ വഴിപിഴയ്ക്കാതെ ഞാനും അതേ പാത പിന്തുടർന്നു. അവസാനം ഞാൻ കണ്ടെത്തിയത് എന്നെ തുരത്തിയ ദുന്തത്തിന്റെ ഒരു ആൺ രൂപം! ജീവിതത്തിന്റെ ഒഴുക്കിൽ പെട്ട് ഞാൻ മുങ്ങിത്താഴുന്നതുപോലെ. ഒഴുക്കിനിടയിൽ പരുക്കൻ പാറക്കഷണങ്ങൾ ശരീരത്തിൽ ക്ഷതമേൽപ്പിച്ചു. പാറക്കഷണങ്ങളും പരുക്കൻ കല്ലുകളും ശരീരത്ത് ചതവുകളും കീറലുകളും ഉണ്ടാക്കി. ഒരു കൂർത്ത പരുക്കൻ കല്ല് എന്റെ നെഞ്ച് തുളച്ചു കയറി. അതിന് അയാളുടെ ചൂണ്ടുവിരലിന്റെ രൂപമായിരുന്നു. എന്നെ ഒരുപാട് നോവിച്ച ചൂണ്ടുവിരൽ. ശരീരത്തിൽ കടത്തിയും തൊലി ഇളക്കിയും ചോരപ്പാടുകൾ വരച്ചിട്ടും അയാളുടെ ചൂണ്ടുവിരൽ ആത്മശാന്തി കണ്ടെത്തി. അയാളുടെ ചൂണ്ടുവിരലിന് ശരീരം അടിമപ്പെട്ട നേരം, വിടുതൽ ആഗ്രഹിച്ച ശരീരത്തിന് യാതനകളും വേദനകളും സഹിക്കേണ്ടി വന്നു. തകർന്ന പ്രേമബന്ധമിപ്പോൾ മറ്റൊരു ശരീരത്തിൽ പ്രേതമായി കുടിപാർക്കാൻ ആഗ്രിക്കുകയാണ്. അതിന് കറുത്ത തൊലിയൊ, വെളുത്ത തൊലിയൊ ഒരോ ചട്ടക്കൂടായി നിലകൊള്ളേണ്ടതേയുള്ളൂ.

മറ്റൊരു വിരലിന്റെ ഇളക്കിമറി ഞാനാഗ്രഹിക്കുന്നു. അത് നീണ്ടതോ തടിച്ചതോ ആകാം. അതെന്റെ ദേഹത്ത് തുളഞ്ഞ് കയറുമ്പോൾ അടിവയറ്റിൽ ഒരു മുള പൊട്ടും. അത് മുളച്ചു പൊന്തുമ്പോൾ അയാളുടെ കൈപ്പത്തിയുടെ ചൂട് ശരീരം തേടും. പ്രേമം പിറക്കും. അത് കൈകാലിട്ട് കുടയും. അതിനെ ഞാൻ മുലകൊടുത്ത് പോറ്റി വളർത്തും. അതെന്നെ പെരുവഴിയിലാക്കുംവരെ ചുംബിച്ചും മാറോട് ചേർത്തും ഓരോ അവയവങ്ങളിലും പുതുമ ഉണ്ടാക്കും.

പാലക്കാട് സ്വദേശി ആണ്. വിക്ടോറിയ കോളേജിൽ രണ്ടാം വർഷ മലയാള ബിരുദ വിദ്യാർത്ഥി. ആനുകാലികങ്ങളിൽ കഥകൾ എഴുതാറുണ്ട്