പെരുമഴത്തുള്ളികൾ

പെയ്തു തോരാനാഗ്രഹമില്ലെങ്കിലും
പെയ്തൊടുങ്ങാതെ തരമില്ലെന്ന്
കരഞ്ഞു തളരുന്നു,
പെരുമഴത്തുള്ളികൾ.

അറ്റമടർന്നിറങ്ങിയകലുവാൻ
മനസ്സൊരുങ്ങുന്നില്ലയെന്നാകിലും
ഇറങ്ങേണ്ട മാത്രയിൽ
കാറ്റിലിളകിയടരുന്നു
ഇലയനക്കങ്ങൾ..

വെളിച്ചമൊടുക്കമൊടുങ്ങിയൊടുങ്ങി
പകലിൽ പല കണ്ണിലിരുട്ടിഴഞ്ഞപ്പോൾ
ഇറങ്ങി നടന്നതിനെ
പ്രാകി പറയുന്നുണ്ടൊരു പറ്റം ആത്മഹത്യകൾ..

പെയ്തൊഴിയുന്ന മഴയ്ക്കൊടുക്കം,
ഇളകിയടരുന്ന ഇലയ്ക്കൊടുക്കം,
ഇറങ്ങി നടന്ന കാൽച്ചുവടുകൾക്കൊടുക്കം
അപ്പോഴും പെയ്തു
തോരുന്നുണ്ടിനിയുമേതോയിടങ്ങിൽ
ആദ്യത്തെ കനത്തിലതേ പെരുമഴത്തുള്ളികൾ.

തൊടുപുഴ സ്വദേശിനി. ഓൺലൈനിലും പ്രിന്റഡ് ബുക്ക്‌ കവിതാ സമാഹാരങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്..