വിഷുപ്പാടം
കടന്നെത്തും
ഇടവക്കാർമുകിൽക്കൂത്തി –
ന്നിലത്താളം മുറുക്കുന്ന
പെരുംനീരാട്ടിൽ
വെയിൽക്കാലം
പുതപ്പിച്ച
പൊടിക്കച്ചയഴിച്ചിട്ട്
കടുംപച്ചയുടുക്കുന്ന
വഴിച്ചങ്ങാതി
വെളുക്കുമ്പോൾ
ചിരിക്കുമ്പിൾ
വിടർത്തിത്തുമ്പകൾ താഴെ
മലർത്താലം നിരത്തുന്ന
പകൽപ്പൂരത്തിൽ
ഇലഞ്ഞിപ്പൂമണം വാർന്ന
നനഞ്ഞ മണ്ണിനെത്തൊട്ടു –
നടക്കുമ്പോൾ ചെറുപ്പത്തിൻ
കിലുക്കം കേട്ടോ
മഴക്കാലത്തയക്കോലിൽ
നനഞ്ഞു നാടിനെച്ചുറ്റും
മടിയൻ ചെമ്പോത്തിനെ നീ
മറന്നുപോയോ
മുടിത്തുമ്പിൽ
മലർ പത്തും
മണക്കും സന്ധ്യകൾ തീർത്ത
മനപ്പെയ്ത്തിൽ മിടിപ്പുകൾ
മറന്നുപോയോ
മരം പോലും ‘മരാ” മന്ത്രം
ജപിച്ചു മാരണം മാറ്റാൻ
മഹാത്രേതായനം നോറ്റ
പെരുംപഞ്ഞത്തിൻ
മരുന്നും മന്ത്രവും ചേർന്നു
കറുക്കും കർക്കടത്തിന്റെ
പനിപ്പായിൽ അകം കയ്ച്ചു-
തനിച്ചിരിക്കേ
മഴത്താളം മുറുകുമ്പോൾ
മദിക്കും പൂക്കടമ്പു പോൽ
ഇറക്കോലായയിൽ എന്നോ –
ടടുത്തിരിക്കൂ ..
പലനാളായ് പറയുന്ന
മഹാസ്വപ്നസമാധിയിൽ
പുലരുവോളവും തമ്മിൽ
കുതിർന്നിരിക്കാം.