പെയ്ത്ത്

കരിഞ്ഞുണങ്ങി നീ മൃത്യുവെ
പുൽകും വരെയെങ്കിലും നിൻ
വേരിലൂടെയെനിക്ക് ഊളിയിടണം.
തിരസ്കാരത്തിന്റെ ഇരുളറയിൽ
നിന്നും ഇരുൾ മാത്രമുദിക്കുന്ന
നിന്നുള്ളിലൂടെ മണ്ണിലലിയും
എന്നറിഞ്ഞിട്ടും നിന്നെ പുണർന്നു
മതിവരാതെ ഒടുവിൽ നേർത്ത
ചിന്തകൾക്കു പോലും ഇടം തരാതെ
മണ്ണിൽ പതിക്കുന്ന മഴത്തുള്ളിയായ്
ഇനിയും … ഇനിയും

തോറ്റുപോയി എന്ന് നീ
പറഞ്ഞാലും എന്നെ
തോൽപ്പിക്കാൻ മനസില്ലെന്ന്
പറഞ്ഞാലിംഗനം ചെയ്യുന്ന
മണ്ണിനെ ചതിച്ചു കൊണ്ട് വീണ്ടും
ഞാൻ നിൻ വേരിലഭയം തേടും

വീണ്ടും വീണ്ടും തോൽക്കുകയാണെന്ന്
അറിഞ്ഞു കൊണ്ടു തന്നെ
ഈ കാലവും ഋതുക്കളും എന്നെ
പരിഹസിച്ചുകാണും.

വയനാട് കൊയിലേരി സ്വദേശിനി . കാലിക്കറ്റ് സർവ്വകലാശാലയിൽ ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതി വരുന്നു.