“ഇന്നാ നിനക്കുള്ള പൂവങ്കുല” എന്നു പറയും പോലുള്ള പൂവൻ വാഴയുടെ നിൽപ്പ് കാണാൽ തുടങ്ങിയത് ഇന്നുമിന്നലെയും മാത്രമല്ല വർഷങ്ങളോളമായി. അപ്പുറത്തെ വീട്ടിലെ നാരായണന്റെ പറമ്പിൽ നിന്നും പിരിച്ചെടുത്ത ഒരു വാഴകുഞ്ഞനെ അരുമയോടെ നട്ടു നനച്ചുവളർത്തി, ആദ്യത്തെ കുല വെട്ടിയതും അത് അടുക്കള മച്ചിന്മേൽ തൂക്കിയിട്ടതും നാലാം നാൾ പഴുത്ത് പാകമായതും, നല്ല ചൂടു പുട്ടിനൊപ്പം കുഴച്ച് ആസ്വദിച്ച് കഴിച്ചതുമെല്ലാം ഇന്നലത്തെ പോലെ ഓർക്കുന്നു.
ഇന്നീ പാകമായി നിൽക്കുന്ന വാഴ സന്തതിപരമ്പരയിൽ ഒടുവിലത്തേതാണ്. എല്ലാപ്രാവശ്യത്തെയും പൂവൻകുലയ്ക്കൊപ്പം ഒന്നുരണ്ട് വാഴക്കുഞ്ഞൻമാരെ തന്നിട്ടായിരുന്നു തന്റെ ദൗത്യം നിർവ്വഹിച്ച് നിലംപതിക്കാറ്. പക്ഷെ ഇത്തവണ തന്റെ പാരമ്പര്യം നിലനിർത്തുവാൻ ആരെയും അവശേഷിപ്പിക്കുന്നില്ലായെന്ന് ഉറച്ച നിലപാടെടുത്തിരിക്കുവാണെന്നു തോന്നും വാഴയുടെ നിൽപ്പ് കണ്ടാൽ.
“ന്റെ ബദരീങ്ങളെ ഇപ്രാവശ്യമെങ്കിലും ന്റെ ആഗ്രഹം സാധിക്കണേ” അബ്ദുമുത്ത് മനമുരുകി പ്രാർത്ഥിച്ചു. ഈ പ്രാവശ്യം തന്റെ എൺപത്തഞ്ചാം പിറന്നാളാണ് മഹാമാരികളെയും പ്രകൃതിവിളയാട്ടങ്ങളെയെല്ലാം അതിജീവിച്ച് എൺപത്തിയാറാം വയസ്സും താണ്ടുമെന്ന് യാതൊരു നിശ്ചയവുമില്ല
അബ്ദുമുത്തിന്റെ മുപ്പത് സെന്റ് പുരയിടത്തിൽ കൃഷിചെയ്യാത്തതായി ഒന്നുമില്ല. തെങ്ങും ജാതിയും വാഴകളും പച്ചക്കറികളും അതിവിദദ്ധമായി ഒരിഞ്ച് സ്ഥലം പോലും പാഴാക്കാതെ വിന്യസിച്ചിരിക്കുന്നു. “മണ്ണ് ചതിക്കില്ല” എന്ന പഴമൊഴിയിലുറച്ചു നിന്ന് മണ്ണിൽ പണിയെടുത്താണ് ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്. പ്രായമേറും തോറും ശരീരശേഷിയും കുറഞ്ഞുവരുന്നുവെന്ന് മനസ്സിലാക്കിയ നാളുകളിലായിരുന്നു പാച്ചുക്കുട്ടനെ സഹായിയായി നിർത്തിത്തുടങ്ങിയത്. ക്രമേണ അവനുണ്ടെങ്കിലെ അബ്ദുമുത്തിന്റെ കൃഷി നടക്കൂ എന്ന സ്ഥിതി വിശേഷത്തിലെത്തീ കാര്യങ്ങൾ. പാച്ചുക്കുട്ടന്റെ മരണശേഷം മകൻ പമ്മനായിരുന്നു വാഴകൃഷിയുടെ മേൽനോട്ടം.
വയസ്സ് എഴുപത് കഴിഞ്ഞപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു തന്റെ പൂവൻപഴം കൂട്ടിയുള്ള ഒരു പിറന്നാളൂണ്. തടസ്സമെന്തെന്നുവച്ചാൽ മറ്റൊന്നുമല്ല കായ പഴുക്കാറില്ല. മൂത്തുമുരടിച്ച് പൊട്ടുമ്പോൾതന്നെ വാക്കത്തിയുമായി ചെന്ന് ഒരൊറ്റ വെട്ടിന് കൊലയറുത്ത് പത്തായത്തിലാക്കും. ഒരാഴ്ച്ചയോ ഒന്നരയാഴ്ചയോ കഴിയാതെ കായ പഴുക്കാറില്ല.
“നിങ്ങടെ കെട്യോളെ കൊണ്ട് കൊലയറുപ്പിക്ക് ചില നാളിൽ ജനിച്ചവർ വെട്ടിയാൽ കൊല പഴുക്കുവാൻ വൈകും” അപ്പുറത്തെ നാരായണൻ പറഞ്ഞതനുസരിച്ച സുഹ്റാനെ കൊണ്ടും കുല വെട്ടി വയ്പ്പിച്ചു നോക്കി യാതൊരു ഫലവുമുണ്ടായില്ല. രണ്ടാൺമക്കളെ കൊണ്ട് മാറി മാറി കുലവെട്ടിച്ച് ഫലമില്ലാതായപ്പോൾ അയൽപക്കക്കാരായ നാരായണനെയും തോമാച്ചനെയുമൊക്കെ കുലയറുക്കൽ ചടങ്ങിന് എത്തിച്ചു. ഒരാഴ്ച്ച അല്ലെങ്കിൽ ഒന്നരയാഴ്ച എന്ന കാലയളവിൽ നിന്നും കടുകിടെ മാറ്റം വരുത്തിയില്ല വാഴക്കുലകൾ.
എന്നാൽ അബ്ദുമുത്തിന്റെ ആഗ്രഹം പോലെ തന്നെ തന്റെ 85ാം വയസ്സ് പൂവമ്പഴം തിന്നു തന്നെ ആഘോഷിച്ചു.
“അങ്ങനെ അബ്ദുമുത്ത് അറുത്ത വാഴക്കൊല നാലാംനാൾ പഴുത്തു അല്ലേ” നാരായണൻ ചെറുചിരിയോടെ ചോദിച്ചു
തോമാച്ചനും അബ്ദുമുത്തിന്റെ മറുപടിക്കായി കാതോർത്തു.
“ചങ്ങാതിമാരെ ഇത് ഞാനോ എന്റെ വീട്ടുകാരോ അല്ല അറുത്തത് ഇത് ബെച്ചവൻ തന്നെയാ”
“ആര് പമ്മനോ! അവന്റെ നാളെന്തായിരിക്കും?”
നാരായണൻ ഉത്കണ്ഠയോയോടെ ചോദിച്ചു “അവന്റെ അച്ചാച്ചൻ നല്ലൊരു ഉപദേശിയായിരുന്നു അതിന്റെ ഗുണമാ അവനും കിട്ടിയിരിക്കുന്നത്”തോമാച്ചനും വിട്ടുകൊടുത്തില്ല.
“ന്നാ കേട്ടോളിൻ ഇതൊന്നുമല്ല കാരണം, ആ വാഴയെ പിരിച്ചു നട്ട് വെള്ളവും വളവും നൽകി പരിപാലിച്ച പമ്മന് അവൻ ആഗ്രഹിച്ച കാര്യം മനസ്സോടെ വാഴ കൊടുത്തു.
മനുഷേന്മാരുടെ കാര്യവും ഇങ്ങനെ തന്നല്ലേ കൂട്ടരേ ആത്മാർത്ഥത നിറഞ്ഞ പ്രവർത്തിക്ക് മനസ്സു നിറഞ്ഞ പ്രതിഫലം ലഭിക്കുമെന്നുള്ള സത്യം”
പരമമായ ആ സത്യത്തെ ഉൾക്കൊണ്ടതുപോലെ മൂവരും കുലയില്ലാത്ത ആ വാഴയെ നോക്കിനിന്നു.