വീട്ടുപടിക്കലെ ചെമ്പരത്തി
അടർന്നുവീണ അന്നാണ്
അവൾ ഒരു ചെടിയായി
മാറിയത്
മാസാവസാനം പൂത്തു
വിടർന്നത്,
ഉരുകിയൊലിച്ച്
വിവർണ്ണമായത്,
വേദന കുടിച്ചത്.
കോട്ടിട്ട പാവക്കുഞ്ഞവളോട്
പിന്നെയൊന്നും മിണ്ടിയില്ല
അടുപ്പ് കൂട്ടി കത്തിച്ച
ചിരട്ടകളിൽ അരി വെന്തില്ല
തകർത്തുപെയ്ത മഴ
നനഞ്ഞില്ല
തൊടിയിലെ പൂമ്പാറ്റയവളെ
തേടി പറന്നില്ല
തനിക്കായി വിരിഞ്ഞ
സൂര്യകാന്തികൾ
കൺതുറന്നില്ല
പക്ഷെ,
അണക്കാനാളില്ലാതെ
കുക്കറുകൾ കിടന്ന് കൂവി
അയലിൽ വിരിച്ചിട്ട
തുണികൾ
കൂട്ടത്തോടെ നിലവിളിച്ചു
അലക്കുകല്ലുകൾ ഇളം കൈകൾ
കടിച്ചുപറിച്ചു
കത്തിയും ചിരവയും
രക്തം ഛർദിച്ചു.
വീട്ടുപടിക്കലെ
ചെമ്പരത്തിയിപ്പോൾ
വിരിഞ്ഞു നിൽപ്പുണ്ട്
ചെടിക്കു താഴെ
വേരിൽ അവളും.