കണ്ണാക്കറിയിക്കാൻ
കൂട്ടുകാരൻ വന്നു,
‘കണക്ക് മാഷ് മരിച്ചു.’
ഞങ്ങളിരുവരും
കണക്കിന് കിഴുക്കും വഴക്കും
നിത്യേന കിട്ടിയിരുന്ന
കൂട്ടരായിരുന്നു.
ഓരോ പരീക്ഷ കഴിഞ്ഞും
മാഷ് പതിവായി കഴുതകളെന്ന്
കളിയാക്കി വിളിച്ചവർ..!
പഠിത്തം കഴിഞ്ഞ് അതിന്റെ
കണക്ക് ചോദിക്കാൻ പോകണമെന്ന്
പലപ്പോഴും തമാശയ്ക്ക് പറഞ്ഞവർ.
ഉത്തരക്കടലാസ്സിൽ കിട്ടിയ
പൂജ്യങ്ങൾക്കെല്ലാം പകരമെന്നപോലെ
പൂക്കൾക്കൊണ്ടുള്ളൊരു പൂജ്യം
മാഷിന്റെ മാറത്ത് വെച്ച്
വണങ്ങി ഞങ്ങൾ !
സഹപാഠികളെ പ്രതീക്ഷിച്ചങ്ങനെ
വെറുതെ നിന്നു.
അതിൽ പലരും മാഷ്
രത്നങ്ങളെപ്പോലെ കണ്ട
മിടുക്കന്മാർ.. മിടുക്കികൾ.!
ഇന്ന് സമൂഹത്തിൽ ഉന്നതരായ
പൂജ്യരായ വ്യക്തികൾ.
രണ്ട് പൂജ്യങ്ങൾ മൂല്യം തേടി
പൂർണ്ണതയ്ക്കായ്…
വിലയുള്ള മറ്റ് അക്കങ്ങളെ
കാത്ത് നിൽക്കുംപോലെ
ഞങ്ങളവരെ കാത്തു.
പക്ഷെ കണക്കുകൂട്ടിയതൊക്കെ
ഞങ്ങൾക്കവിടെയും തെറ്റി.
ഒരാളെപോലും അങ്ങോട്ട് കണ്ടതില്ല.
ഒരുപക്ഷെ, പൂജ്യത്തിന്റെ
യഥാർത്ഥ വില അന്നാവാം
മാഷ് തിരിച്ചറിഞ്ഞത്.