പൂക്കാതിരിക്കാനാകുമോ

മുറിവേറ്റ ഭൂമിതന്നാന്മാവിലെ
നോവിൻ്റെ താപമാറ്റാൻ
മണ്ണിൻ മനസ്സിലെ മൗനം
ഘനീഭവിച്ചൂഷരമാകാതെ
ഋതുക്കൾ ചിതറിതെറിച്ച
ഗ്രീഷ്മാതപത്തിൽ
പീതം, പൂക്കാതിരിക്കാനാമോ
കർണ്ണികാരമെനിക്ക്

നിഴലളന്നോരോ ദിനവു-
മകന്നു മറയവേ
ചടുലതാളലയജീവിതങ്ങൾ
ജീവസ്സറ്റിരുട്ടിലേക്കു പായവേ
നിറവിളക്കിൻ നേർശോഭയായ്
പ്രകാശം, പൂക്കാതിരിക്കാനാമോ
കർണ്ണികാരമെനിക്ക്

കനവു നിനവുകൾ
നെടുവീർപ്പിന്നാഴമളക്കുമീ
ജീവിതവിഹ്വലതകളിൽ
ജീവൻ്റെ നിറചിരിപോൽ
വേനൽ മുറ്റത്തൊരു നന്മയോർമ്മ
തെളിമയുമായ്, പുക്കാതിരിക്കാനാമോ
കർണ്ണികാരമെനിക്ക്

അകലമലഞ്ഞെത്തുന്നൊരാ
വിഷുപ്പക്ഷിയും, കൂടെപാടുമാ
കരിങ്കുയിലുമെനിക്കു കൂട്ടണയവേ
ഇത്തിരി പച്ചപ്പിന്മേലൊത്തിരി
നിറപൂങ്കുലചാർത്തുകളായ്
അതിജീവനം,പൂക്കാതിരിക്കാനാമോ
കർണ്ണികാരമെനിക്ക്

ഒരു വിഷുക്കാലത്തിൽ മൃതമായ്
പൂക്കാനാകാതെയാകാം
ഞാനെന്നാലും
വരണ്ടകാലങ്ങളെ മായിച്ചു
വറ്റാത്ത വർണ്ണങ്ങളെ തെളിച്ചു
കണികാണിച്ചുണർത്താൻ
അനന്തതരുക്കളിൽ ജനിച്ചു
വളർന്നു, പുക്കാതിരിക്കാനാമോ
കർണ്ണികാരമെനിക്ക്

വസന്തമീ ജീവനുകളിലണയാൻ
വർണ്ണങ്ങളസ്തമിക്കാകാലമായ്
ശിഥിലവ്യവസ്ഥകളെ തച്ചുടച്ചുണരാൻ
കൺകളിൽ നിറശോഭവിടരാൻ
ഒത്തിരി വെയിലേറ്റിത്തിരി
പച്ചപ്പിലൊരു പൂക്കാലമൊരുക്കു
മേവർക്കും കൂട്ടായ്,
പൂക്കാതിരിക്കാനാമോ
കർണ്ണികാരമെനിക്ക്

ഹരിപ്പാട് സ്വദേശി. ഒരിക്കൽക്കൂടി, സ്നേഹമഴ എന്നീ ചെറുകഥകൾ പ്രവാസി ഭാരതി റേഡിയോ പ്രക്ഷേപണം ചെയ്തിട്ടുണ്ട് . ജീവാമൃതം എന്ന ടെലിഫിലിം കൃഷിവകുപ്പിനു വേണ്ടി തിരക്കഥയും ഗാനങ്ങളുമെഴുതി സംവിധാനം ചെയ്തു. ആകാശവാണിക്കുവേണ്ടി ലളിതഗാനങ്ങൾ എഴുതിയിട്ടുണ്ട്. സ്കൂൾ മുറ്റത്ത് ഒരു ഔഷധത്തോട്ടം ( പഠനം ), ശാന്തായാനം ( നോവൽ ), നിന്റെ ആകാശങ്ങളിൽ ഞാൻ ഹേമന്ദത്തിന്റെ ചിത്രങ്ങൾ കാണുന്നു (കവിതകൾ ) ഇനീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.