പുസ്തക പരിചയം : പോർട്ടോബെല്ലോയിലെ മന്ത്രവാദിനി (“The Witch of Portobello”) -(പൗലോ കൊയിലോ )

ഈ നോവലിലെ നായികയായ അഥീനയെ (ഷെറിൻ ഖലീൽ), അവർക്കു പരിചയമുള്ളവരുടെ വാക്കുകളിലൂടെ വായനക്കാരുടെ ഹൃദയത്തിലേക്ക് / ബോധതലത്തിലേക്ക് എത്തിക്കുന്ന രീതിയാണ് നോവലിൽ അവലംബിച്ചിരിക്കുന്നത് .

1

“No one sacrifices the most important thing she possesses : love
No one places her dreams in the hands of those who might destroy them .
No, one, that is, but Athena .” (“സ്വന്തം സ്വത്തായ സ്നേഹം ആരും ത്യാഗം ചെയ്യുന്നില്ല. ആരും സ്വന്തം സ്വപ്‌നങ്ങൾ, അത് ഉന്മൂലനം ചെയ്യാൻ പോന്ന ആൾക്കാരുടെ കൈകളിൽ വിശ്വസിച്ചു ഏൽപ്പിക്കില്ല. ആരും ചെയ്യില്ല, എന്നാൽ അഥീന അങ്ങനെ ആയിരുന്നു ).

ഹെറോൺ റയാൻ എന്ന പത്ര പ്രവർത്തകന്റെ കണ്ണിലൂടെ അഥീനയുടെ മരണത്തിനു ഏറെ നാൾ ശേഷം അയാൾ അവളുടെ പട്ടണമായ സ്കോട് ലാൻഡിലെ പ്രെസ്റ്റൻപൻസിലേക്കു യാത്രയാവുന്നിടത്തു നോവൽ ആരംഭിക്കുന്നു .

ഈ പട്ടണം ആഭിചാര കർമങ്ങൾക്കു നൂറ്റാണ്ടുകൾക്കു മുന്നേ അറിയപ്പെട്ടതാണെന്നു പരാമർശം. ഫ്യൂഡൽ ശക്തികൾ പ്രസ്തുത കർമങ്ങൾ പ്രചരിപ്പിക്കുന്നവരെ നായാടി കൊലപ്പെടുത്തിയിരുന്നു. പക്ഷെ നിലവിലെ സമ്പ്രദായം ഇപ്രകാരത്തിൽ അരുംകൊല ചെയ്യപ്പെട്ടവരെ ഔദ്യോഗികമായി വിമോചനം നൽകിയതായി പറഞ്ഞിരിക്കുന്നു.

നോവലിസ്റ്റിന്റെ കണ്ണിലൂടെ വെളിപ്പെടുന്നത്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് നാമെന്നിരിക്കെ നാടുവാഴി തമ്പ്രാക്കൻമാരുടെ അനുയായികൾ, നിഷ്കളങ്കരായ കൊലചെയ്യപ്പെട്ട ബലിമൃഗങ്ങൾക്ക് മഹത്തായ മോചനം പ്രഖ്യാപിക്കുന്നത് എന്ത് നീതിയാണെന്നതാണ്.

ഹെറോണിന്റെ ട്രാൻസിൽവാനിയയിലേക്കുള്ള നിയുക്ത യാത്ര, രക്ത രക്ഷസ്സുകളെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കാൻ വേണ്ടിയായിരുന്നു. ഡ്രാക്കുള കൊട്ടാരം സന്ദർശിച്ചപ്പോളൊക്കെ അയാളുടെ മനസ്സിൽ ഉണ്ടായിരുന്ന വിചാരം ചില അന്ധവിശ്വാസങ്ങൾ, മനുഷ്യരുടെ സങ്കൽപ്പത്തിനതീതമായത് ഇപ്പോഴും മുതലാക്കാൻ ശ്രമിക്കുന്ന ചില ആദർശരഹിതരായ മനുഷ്യരുടെ രീതിയെ കുറിച്ചായിരുന്നു.

തുടർന്നൊരു ദിവസം ട്രാൻസിൽവാനിയയിലേക്കുള്ള യാത്ര മദ്ധ്യേ സ്വന്തം മാതാവിനെ (ജന്മം നൽകിയ മാതാവ് ), അന്വേഷിക്കുന്ന അഥീനയെ ഹെറോൺ കാണുന്നു.

മറ്റൊരു ദിവസം വിധി – നിഗൂഢമായ (ഇണക്കാൻ പറ്റാത്ത വിധി എന്ന് തന്നെ പറയണം) അവരെ വീണ്ടും മുഖാമുഖം എത്തിച്ചു. “ഒരു തുച്ഛമായ ഹോട്ടലിന്റെ പ്രവേശന ഭാഗത്തുള്ള വിശ്രമ മുറിയിൽ വച്ച് “. അവിടെ വച്ച് ഹെറോൺ അഥീന ഡെയ്‌ഡർ ഒ ‘നീൽ എഡ്ഡയുമായി സംസാരിക്കുന്നത് ശ്രദ്ധിക്കുന്നു. ആദ്യമായ് സ്വന്തം ഹൃദയം സ്വന്തം പ്രജ്ഞയോടു മല്ലിടുന്നത് അയാൾ അറിഞ്ഞു. തന്റെ ലോകത്തിന്റെ ഭാഗമാകാത്ത ഒരുവളുടെ വശീകരണ ശക്തിയിൽ അയാളുടെ പ്രജ്ഞ തോൽവി സമ്മതിച്ചു.

അയാൾ പ്രണയത്തിൽ ആണെന്ന് തിരിച്ചറിയുന്നത് വളരെ വിശദമായ വിവരണത്തിലൂടെ, മനോഹരമായി നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നു. അവളുമായിട്ടുള്ള പ്രണയം അയാളെ അനുഷ്ടാനങ്ങൾ, ദ്വന്ദമാന ഭൗതികവാദം, മോഹനിദ്ര, തുടങ്ങി അന്യമായിരുന്ന പല അവസ്‌ഥകളിക്കും നയിച്ചു. ഇപ്പോൾ അവൾ ഇല്ലാതായിരിക്കുന്നു. പോർട്ടോബെല്ലോയിൽ വച്ച് അവളുമായുള്ള അവസാനിക്കാത്ത തർക്ക വേളകൾ അയാൾ ഓർത്തു.

നോവലിസ്റ്റിന്റെ മനസ്സ് കഥാപാത്രത്തിന്റെ വികാരത്തിലൂടെ പ്രതിഫലിപ്പിക്കുന്ന ഒരു വരി. “നമ്മൾ ഏറെ സ്നേഹിക്കുന്ന ഒരാളുടെ വിയോഗം സൃഷ്ടിക്കുന്ന നൊമ്പരത്തിനു സാന്ത്വനമുണ്ടെങ്കിൽ, അത് ഒരുപക്ഷെ അനിവാര്യമായതായിരിക്കണം എന്ന പ്രത്യാശയാണ് .”

അഥീനക്ക്, അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള വിചിത്രമായ അനുഭവ പരമ്പര നേടികൊടുത്തത് “പോർട്ടോബെല്ലോയിലെ മന്ത്രവാദിനി” എന്ന വിളിപ്പേരാണ്. അതിനു ശേഷം അവൾക്കു മനസമാധാനം ഒരിക്കലും ഉണ്ടായി കാണില്ല. തുടർന്നുള്ള അവളുടെ ജീവിതം സ്വന്തം സ്വപ്നങ്ങളും യാഥാർഥ്യവും തമ്മിലുള്ള കൊടിയ സംഘട്ടനമായിരുന്നിരിക്കണം .

പല മാർഗ്ഗങ്ങളിലൂടെ അവൾ മരണം ആഗ്രഹിച്ചിരിക്കണം. ഒടുവിൽ അവൾ ക്രൂരമായി കൊല ചെയ്യപ്പെട്ടു. അഥീനയുടെ ലോകം ഉൾകൊള്ളാൻ സാധിക്കാത്തവരായിരുന്നിരിക്കണം ഈ നിലയിൽ അവളെ എത്തിച്ചത്. ഇനി എനിക്ക് സാധാരണ ലോകത്തിൽ ജീവിതത്തിലേക്ക് മടങ്ങണം, കല്യാണം കഴിക്കണം, കുട്ടികളുണ്ടാവണം, ഒടുവിൽ എന്നോട് തന്നെ ചോദിക്കണം, എന്തെ ഞാൻ അന്ധനായി പോയത് ? എന്തായിരിക്കണം എന്നെ ഇത്ര സാമർഥ്യക്കാരനാക്കി മാറ്റുന്നത് ?

പക്ഷെ അതെ സമയം രാത്രിയുടെ യാമങ്ങളിൽ എന്റെ തന്നെ മറ്റൊരു ഭാഗം ശൂന്യാകാശത്ത് സഞ്ചരിക്കും. എന്റെ മുന്നിലുള്ള സിഗരറ്റ് പാക്ക്, ജിൻ എന്നിവ പോലെയുള്ള യഥാർഥ വസ്തുക്കളുമായി സമ്പർക്കം ചെയ്യും. എന്റെ ആത്മാവ് അഥീനയുടെ ആത്മാവുമൊത്തു നൃത്തം ചെയ്യും. ഉറങ്ങുമ്പോൾ ഞാൻ അവളുടെ ഒപ്പം ആയിരിക്കും. ഉണരുമ്പോൾ വിയർത്തൊലിച്ചു ഒരു ഗ്ലാസ് വെള്ളം തേടി അടുക്കളയിലേക്ക്. അപ്പോഴേക്കും പണ്ട് സ്വപ്നത്തിൽ നിന്ന് സത്യത്തിലേക്ക് വരുന്നതിനായി അതിന്റെ രസചരട് കത്രിക്കും. ഇതിനായി പണ്ട് എന്റെ മുത്തശ്ശി പറഞ്ഞു തന്ന മാർഗം ഇപ്പോഴും ചെയ്യുന്നു. ഒരു കത്രിക കിടക്ക സമീപം സൂക്ഷിച്ചു വയ്ക്കും.

അടുത്ത ദിവസം കത്രികയിലേക്കു പശ്ചാത്താപത്തോടെ നോക്കും. എന്റെ മുന്നിൽ രണ്ടു മാർഗങ്ങളെ ഉള്ളു. ഒന്നുകിൽ യാഥാർഥ്യവുമായി പൊരുത്തപ്പെടുക, അല്ലെങ്കിൽ ഭ്രാന്താവസ്‌ഥയിലേക്കു തള്ളപ്പെടുക. ഹെറോണിന്റെ മനസ്സിലെ വേലിയേറ്റവും ഇറക്കവും വായനാക്കാർക്ക് അതെ തീവ്രതയോടെ മനസ്സിലാക്കാൻ സാധിക്കുന്നു


ആൻഡ്രിയ മക് കായൻ, അഭിനേത്രി: “ആർക്കും ഒന്നിലും അവിഹിതമായ സ്വാധീനം ചെലുത്താൻ സാധിക്കില്ല. ഏതു ബന്ധങ്ങളിൽ ആണെങ്കിലും, രണ്ടു കൂട്ടർക്കും കൃത്യമായി അറിയാം എന്താണവർ ചെയ്യുന്നതെന്ന് എന്നിരിക്കിലും അതിൽ ഒരാൾ പിന്നീട് തന്നെ ഉപയോഗിച്ചു എന്ന് പറഞ്ഞേക്കാം. ഇതാണ് അഥീനക്ക് പറയാനുള്ളത്. പക്ഷെ അവൾ സ്വയം മറ്റൊരു വിധത്തിലാണ് പെരുമാറിയിരുന്നത്. അവളുടെ വ്യക്തി പ്രഭാവത്തിന്റെ തീവ്രത ഏകദേശം അടുത്തറിയാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഒരു ദിവസം ബാറിൽ വച്ച് ലൈംഗികത്വത്തിന്റെ മൂന്നാമത്തെ ആചാര ക്രമത്തെ കുറിച്ച് എന്റെ ബോയ് ഫ്രണ്ട് ആയ ഹെറോണിന്റെ മുന്നിൽ വച്ച് പറയുകയുണ്ടായി. എന്നെ ഇതിനെ കുറിച്ച് പഠിപ്പിക്കുന്നു എന്ന വ്യാജേന അവൾ ഞാൻ പ്രണയിക്കുന്ന ആളെ വശീകരിച്ചതാവും എന്ന് ഞാൻ വിശ്വസിക്കുന്നു . അവളുടെ ഉൾപ്രേരണയാൾ പ്രവർത്തിതമായ പ്രകടന പരത ഇല്ലായിരുന്നെങ്കിൽ, ഞങ്ങൾ (ഞാനും , അഥീനയും) തുടങ്ങി വച്ച ദൗത്യം വിജയിക്കുമായിരുന്നു. വിവേകമില്ലാത്ത അവൾ പ്രവർത്തിച്ചു. എല്ലാ സത്യത്തിന്റെയും ഉറവിടം താനാണെന്ന് അവൾ വിശ്വസിച്ചു. അവൾ എന്നും അപകടത്തോടാണ് ശൃംഗരിച്ചു കൊണ്ടിരുന്നത്. അവൾ അവളെ സ്നേഹിച്ച എല്ലാവരെയും, എന്നെ ഉൾപ്പെടെ ക്ലേശിപ്പിച്ചിരുന്നു.”


എഡ്ഡ : അഥീനക്കും എനിക്കും പൊതുവെയുള്ള ഒരു കാര്യം. എനിക്ക് 19 വയസ്സുള്ളപ്പോളാണ് അമ്മയുടെ ആകസ്മിക ദർശനം ലഭിച്ചത്. അതെ പ്രായത്തിലാണ് അഥീനയും നൃത്തത്തിലൂടെ ആദ്യം മോഹനിദ്രയിലേക്കു എത്തിപ്പെട്ടത്.അവളെ ഞാൻ പിന്തുണച്ചെങ്കിലും, ഒരു മുന്നറിയിപ്പ് സുഹൃത്തെന്ന നിലയിൽ ഞാൻ കൊടുത്തിരുന്നു. നീ ഉദ്ദേശിക്കുന്ന പോലെ ഒരു പ്രകോപനത്തിലൂടെ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നതിനു ലോകം ഇത് വരെ തയ്യാറായിട്ടില്ല. അവൾ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന, ഇരുപത്തി രണ്ടാം നൂറ്റാണ്ടിൽ ജീവിക്കേണ്ടവൾ ആയ ഒരുവൾ ആണ്. അതായിരുന്നു അവളുടെ ഏറ്റവും വല്യ കുഴപ്പവും.ഒരു പക്ഷെ അവളുടെ യഥാർത്ഥമായ, സമൃദ്ധമായ ആത്മാവിനെ അടിച്ചമർത്തിയിരുന്നെങ്കിൽ, അവൾ ജീവിതത്തിൽ കൊടുക്കേണ്ടി വരുന്നത് ഇപ്പോൾ സംഭവിച്ചതിനേക്കാൾ വലിയ വിലയായിരിക്കും”.

നമ്മുടെയെല്ലാം ആത്‌മാവിൽ വഹിക്കുന്ന ഉജ്ജ്വലമായ ലോകത്തെ, അതിന്റെ പ്രതലത്തിലേക്ക് കൊണ്ട് വരാനാണ് അവൾ ശ്രമിച്ചത്. പക്ഷെ, അവൾ അറിഞ്ഞില്ല ഏവരും സ്വന്തം ശക്തി തിരിച്ചറിയുന്നതിനു വൈമുഖ്യം കാണിക്കുന്നു എന്ന്. നോവലിസ്റ്റ്, അഥീനയിലൂടെ സ്ത്രീകളുടെ വിവിധ പ്രാഗ്‌രൂപങ്ങളിലേക്കു നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്നു .

അവൾ കന്യകയെന്ന നിലയിൽ – സ്വന്തം സ്വാതന്ത്ര്യമെന്ന സ്രോതസ്സ് – ഏതു സാഹചര്യങ്ങളെയും നേരിടാനുള്ള കരുത്തിൽ നിന്നും പല തരം ജ്ഞാനം അവളാർജ്ജിക്കുന്നു.

രക്തസാക്ഷിയായ് – സ്വന്തം ആത്മാവിനെ കുറിച്ചുള്ള തിരിച്ചറിവ്, വേദന, പരിത്യാഗം, സഹനം ഇവയിലൂടെ കണ്ടെത്തുന്നു.

വിശുദ്ധയായ് – സ്വന്തം ജീവിതത്തിന്റെ നിയോഗം, നിരുപാധികമായ സ്‌നേഹപൂർണമായ മനസ്സോടെ, തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ അങ്ങോട്ട് നൽകി ജീവിക്കുന്നു.

മന്ത്രവാദിനി – അവൾ, സ്വന്തം നിലനിൽപ്പിനെ സാധൂകരിക്കുന്നത്, പൂർണമായ, അനന്തമായ ആനന്ദം കണ്ടെത്തുന്നതിലാണ് .

സാധാരണ ഒരു സ്ത്രീയുടെ ജന്മത്തിൽ ഇതിൽ ഏതെങ്കിലും ഒരു പ്രാഗ് രൂപം സ്വീകരിക്കേണ്ടതായി വരുന്നു.പക്ഷെ, അഥീന; അവൾ ഇതു നാലുമായിരുന്നു.

2

അഥീന , അവൾ ഒരു സൂപ്പർ മാർക്കറ്റ് ചെക്ക് ഔട്ട് ഗേൾ ആയും, ബാങ്ക് ജീവനക്കാരിയായും, വസ്തു കച്ചവടക്കാരിയായും പല വേഷപകർച്ചകളിൽ പ്രത്യക്ഷപ്പെടുന്നു. ഓരോ സ്‌ഥാനങ്ങളിൽ ഇരിക്കുമ്പോഴും , അവൾ സ്വന്തം ഉള്ളിലെ പുരോഹിതയെ പ്രകാശിപ്പിച്ചിരുന്നു.

അവളെ ദത്തെടുത്തു വളർത്തിയ അമ്മയുടെ വാക്കുകളിലൂടെ (സമീറ ആർ ഖലീൽ), ”ചെറുപ്പത്തിലേ അവൾ പ്രത്യേക സ്വഭാവവിശേഷങ്ങൾ പ്രകടിപ്പിച്ചിരുന്നു. അവൾ ധർമാധിഷ്ഠിതമായ ചിന്തയുള്ളവളും, പള്ളിയിൽ അധികം സമയം ചിലവിടുന്നവളുമായിരുന്നു. പള്ളിയിൽ വച്ച് അവൾക്കു മാലാഖമാരുടെയും, പുരോഹിതരുടെയും ദർശനം ലഭിക്കുന്നതായി പറഞ്ഞിരുന്നു. സാധാരണ കുട്ടികളിൽ നിന്നും വേറിട്ട ചിന്താഗതി ഉള്ളതിനാൽ, നമ്മൾ ചിന്തിക്കുന്ന വിധത്തിൽ ലോകത്തെ നോക്കി കാണാൻ അഥീനക്ക് കഴിഞ്ഞിരുന്നില്ല. ഒടുവിൽ എനിക്ക് അവളോട്‌ ആ യാഥാർഥ്യം വെളിപ്പെടുത്തേണ്ടി വന്നു, അവളെ ദത്തെടുത്തതാണെന്ന്.”

അഥീനയുടെ മുൻ ഭർത്താവായ ലൂക്കാസ് ജെസ്സെൻ പീറ്റേഴ്സൺ (എഞ്ചിനീയർ):” ഞങ്ങൾ ഒരേ കോളേജിൽ ആണ് പഠിച്ചിരുന്നത്. അവൾ എപ്പോഴും രണ്ടു ലോകത്തിനിടക്കാണ് ജീവിച്ചിരുന്നത്; എന്ത് അവൾ ശരിയെന്നു വിചാരിച്ചതും, വിശ്വാസം എന്താണോ പഠിപ്പിച്ചതെന്നതും. കോളേജ് പഠനം പകുതി വഴി അവൾ നിർത്തി വച്ചു അതിനെ കുറിച്ച് ചോദിച്ചപ്പോൾ അവൾ റോബർട്ട് ഫ്രോസ്റ്റിന്റെ വരികൾ ഉദ്ധരിച്ചു .” പിന്തിരിഞ്ഞു പോയ രണ്ടു വഴികളിൽ, അധികം സഞ്ചാരമില്ലാത്ത പാത ഞാൻ തിരഞ്ഞെടുത്തു. അത് എല്ലാ തരത്തിലും മാറ്റമുണ്ടാക്കി.”

നോവലിസ്റ്റ് അഥീനയുടെ മനസ്സിൽ ലയിച്ചിറങ്ങുന്ന അനേകം സന്ദർഭങ്ങൾ നോവലിൽ കാണാം.

പ്രായത്തിന്റെ ചോര തിളപ്പിൽ എടുക്കുന്ന തീരുമാനമായി അവർ വിവാഹിതരായി. വിയോറെൽ എന്ന് നാമകരണം ചെയ്യപ്പെട്ട കുഞ്ഞും അവർക്കു ജനിച്ചു. തുടർന്ന് ഏറെ മാറ്റങ്ങളുണ്ടായി അവരുടെ ജീവിതത്തിൽ. അവർക്കു പിരിയേണ്ട വന്ന സാഹചര്യം ഉണ്ടായി. അഥീന സ്വന്തം മകനെ നെഞ്ചോട് ചേർത്ത് പിടിച്ചു. വിപരീത സാഹചര്യങ്ങളൊക്കെ സ്വന്തം മകനെ തരിമ്പും ബാധിക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധ പുലർത്തി. തുടർന്ന് ലുക്കാസ് വീട്ടുകാരുടെ നിർദേശ പ്രകാരം വേറെ വിവാഹം കഴിച്ചു. വിയോറെലിനെ ആഴ്ച്ചാവസാനം കൂട്ടി കൊണ്ട് പോകാൻ ലുക്കാസ് പോകുന്ന കഥ സന്ദർഭം ഏറെ തീവ്രതയോടെയാണ് ആവിഷ്കരിച്ചിരിക്കുന്നത് .

ലുക്കാസ് അഥീനയോട് “പിരിയുന്നതിനെ കുറിച്ച് ഞാൻ ചോദിച്ചപ്പോൾ നീ എന്താണ് വളരെ ശാന്തയായി നില കൊണ്ടത് ?”

അഥീന : “കാരണം ഞാൻ എന്റെ ജീവിതത്തിൽ എന്നും നിശബ്ദതയോടെ സഹിക്കാനാണ് ശീലിച്ചിട്ടുള്ളത്”.
(തുടർന്ന് അഥീന അവളുടെ കരങ്ങൾ ലൂക്കാസിൻ്റെ തോളിൽ ചുറ്റി , അവൾക്കു കരയാനുള്ളതെല്ലാം ആ ദിവസം കരഞ്ഞു തീർത്തു.)

ഫാദർ ജിൻകാർലോ ഫോണ്ടന – അഥീനയുടെ മനസ്സറിഞ്ഞ പുരോഹിതൻ. ലൂക്കാസുമായി പിരിയുന്നതിനു മുന്നേ അവൾ തങ്ങളിലുള്ള പ്രശ്നം പറഞ്ഞിരുന്നു എന്നത് അദ്ദേഹത്തെ അലട്ടി. അന്ന് ശ്രമിച്ചിരുന്നെങ്കിൽ അവരുടെ വേർപിരിയൽ ഒഴിവാക്കാമായിരുന്നു എന്ന് ചിന്തിക്കുന്നു പുരോഹിതൻ.

തുടർന്നൊരു ദിവസം അഥീന വിയോറേലുമായി ഞായറാഴ്ച പള്ളിയിൽ വരുന്ന സന്ദർഭം, ഹൃദയഭേദകമായ ഒരു രംഗമാണ് കാഴ്ച വെക്കുന്നത്. ഫാദർ, അദ്ദേഹം ഭയപ്പെട്ടിരുന്ന ആ നിമിഷം ആഗതമായി എന്ന് മനസ്സിലാക്കി. തിരുവത്താഴ കൂദാശക്ക് തന്റെ മുന്നിൽ വന്നു നിന്ന പ്രിയപ്പെട്ട അഥീനക്ക്, അത് നിഷേധിക്കേണ്ടി വന്നു . കാരണം പള്ളിയുടെ നിയമങ്ങൾ വിവാഹബന്ധം വേർപെടുത്തിയവർക്കു വിശുദ്ധ കുർബാന നല്കാൻ പറ്റുന്നതല്ല എന്ന് അദ്ദേഹത്തിന് പറയേണ്ടി വന്നു. അത് വരെ, ചെറുപ്പത്തിൽ മുതൽ താൻ കണ്ടിരുന്ന, കന്യാമറിയത്തിനെ വാഴ്ത്തി പാടിയിരുന്ന’ അഥീനയെ അദ്ദേഹം കണ്ടില്ല; അവൾ ശപിച്ചു ആ സ്‌ഥലത്തെ. ക്രിസ്തുവിന്റെ സ്തോത്രങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ആ കരിങ്കൽ കെട്ടിടത്തെ. ഇനിയൊരിക്കലും ഞാൻ പള്ളിയിൽ കാല് കുത്തില്ല. ആഴത്തിൽ മുറിവേറ്റു പിടയുന്ന മനസ്സുമായി അവൾ കുഞ്ഞുമൊത്തു മടങ്ങി.

ഫാദർ ചിന്തിക്കുന്നതായി പറയുന്നു. പള്ളിയിൽ നിന്ന് മടങ്ങിയ അവൾ ക്രിസ്തുവിനെ നേരിൽ കണ്ടു കാണും. അവളെ നോക്കി ക്രിസ്തു പറഞ്ഞിട്ടുണ്ടാവണം ” കുഞ്ഞേ , നിന്നെ പോലെ എന്നെയും തഴഞ്ഞിട്ടുള്ളതാണ്… ഏറെ കാലമായി എന്നെയും അവിടെ കടത്തിയിട്ടില്ല “.

അഥീന താമസിച്ചിരുന്ന ഫ്ലാറ്റ് ഉടമസ്‌ഥനായ പൗൾ പോഡിബിൾസ്‌കി അവളെ വ്യത്യസ്തമായ ഒരു ലോകത്തേക്ക് ആനയിക്കുന്നു. ഒരാൾക്ക് സ്വന്തം “പരമമായ നിലയിൽ ” നിന്ന് ഉദ്ഭവിക്കുന്ന ഊർജത്തിനാൽ നയിക്കപ്പെടാം എന്നതായിരുന്നു അയാളുടെ അഭിപ്രായം. ഇതിനു തെളിവായി അയാൾ ഈ വിവരം, സ്വന്തം മുത്തശ്ശനിൽ നിന്നും കൈമാറപ്പെട്ടതാണെന്ന് പറയുന്നു. കോൺസെൻട്രേഷൻ ക്യാമ്പിൽ വച്ച് മരണപ്പെട്ട മുത്തശ്ശൻ, സൈബീരിയയിലെ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു എന്ന് സൂചിപ്പിക്കുന്ന കത്ത് അയാൾ സൂക്ഷിച്ചിരുന്നു. ആ യുവതി പ്രത്യേക തരം നൃത്തസിദ്ധി അഭ്യസിച്ചവൾ ആയിരുന്നു. (പരമോന്നത നിലയിൽ നിന്നും പ്രസരിക്കുന്ന ഊർജത്തെ നൃത്തം ചെയ്യുന്ന ആളുമായി ബന്ധിപ്പിക്കുന്ന സിദ്ധി). തളരുംവരെ നൃത്തം ചെയ്യുക, വിശുദ്ധമായ പർവ്വതം ഏറുന്നത് പോലെ. കൊട്ടു വാദ്യത്തിനനുസരിച്ചു, സ്വതസിദ്ധമായി കണ്ണുകളടച്ചു നൃത്തം ചെയ്യുക, ഉടൻ തന്നെ ഉള്ളിൽ നിന്നും ഒരു വെളിച്ചം വരുന്നതായി വെളിപ്പെടും. അത് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരും. ഉറങ്ങി കിടക്കുന്ന സ്വന്തം കഴിവുകളെ പ്രചോദിപ്പിക്കും.

സ്വന്തം മകനെ ഏറെ സ്നേഹിക്കുന്ന അഥീന ക്രമേണ തന്റെ മറ്റൊരു വശമായി താദാത്മ്യം പ്രാപിക്കുന്നു. പക്ഷെ സ്വന്തം മാറ്റങ്ങൾ മകനെ ബാധിക്കാതിരിക്കാൻ അവൾ ശ്രമിക്കുന്നുമുണ്ട്. അവൾ ഇപ്രകാരം നൃത്തത്തിലൂടെ പുതിയ മാനങ്ങളിലേക്കു എത്തിപ്പെട്ടു.

അവളുടെ ജോലിസ്‌ഥലത്തും നവമാറ്റങ്ങൾ അവൾ വരുത്തി. അവൾ എല്ലാ ജീവനക്കാരോടും താൻ പുനരുജ്ജീവനത്തിന്റെ രഹസ്യം കണ്ടുപിടിച്ചതായി ഉദ്ഘോഷിച്ചു. ഇതെല്ലം അറിയുന്നുണ്ടായിരുന്ന ബാങ്ക്മാനേജർക്ക് അവളെ അവിടെ നിന്ന് തുരത്തണമെന്നുണ്ടായിരുന്നു. പക്ഷെ ക്രമേണ ജീവനക്കാരുടെയല്ലാം ജോലിയോടുള്ള സമീപനം പാടെ മാറി. അവർ അഥീനയുടെ നിർദേശങ്ങൾ സ്വീകരിച്ചു. എല്ലാവരുടെ ഉള്ളിലും പുതിയ ഊർജം നിറഞ്ഞു. പലരും അഥീനയുടെ ഫ്ലാറ്റിൽ പോയി അവളുടെ നൃത്തത്തിനൊത്തു ചുവടു വച്ചു. അഥീനയുടെ സ്വഭാവ തരംഗങ്ങൾ മറ്റുള്ളവരിലേക്കും സംക്രമിച്ചു. ഒടുവിൽ ബാങ്ക് മാനേജർക്ക് തന്റെ തന്ത്രം ഫലിക്കില്ലെന്നു മനസ്സിലായി. അഥീനയുടെ താത്പര്യപ്രകാരം തന്നെ അവൾക്കു ദുബായിലെ ബ്രാഞ്ചിലേക്കു മാറ്റം നൽകുന്നു. അയാളുടെ മനസ്സിൽ അപ്പോളും അഥീനയുടെ സ്കോട്ലാൻഡ് യാർഡിലെ ബോയ് ഫ്രണ്ട്നെ കുറിച്ചുള്ള കഥ സങ്കല്പികമാണോ എന്ന ചോദ്യ ചിഹ്നം ഉണ്ടായിരുന്നു.

ദുബായിൽ, വച്ച് മരുഭൂമിയിൽ അവൾ എത്തപെടുന്നു. അവിടെ നബീൽ അലൈഹി എന്ന പാചകക്കാരനെ (സഞ്ചാരികൾക്കു വേണ്ടി ഭക്ഷണം പാകം ചെയ്യുന്നയാൾ) പരിചയപ്പെടുന്നതാണ് അവളുടെ ജീവിതത്തിലെ അടുത്ത വഴിത്തിരിവ്. അയാളുമായി സ്വന്തം അനുഭവങ്ങൾ അവൾ പങ്കു വെക്കുന്നു. അയാൾ ഒരു ബുദ്ധിമാനാണെന്നു അവൾക്കു തോന്നിയിരുന്നു. അയാൾ, അല്ലാഹുവിനെ സമീപിക്കാനുള്ള മാർഗമായി സ്വീകരിച്ചിരുന്നത് കൈയെഴുത്തു ശാസ്ത്രമായിരുന്നു. (calligraphy).

“ഓരോ വാക്കുകളും അതിലടങ്ങുന്ന ഊർജ്ജത്തെ ശുദ്ധീകരിച്ചെടുക്കുന്ന പ്രക്രിയയാണത്, വാക്കുകളുടെ സാരം കൊത്തുപണി നടത്തി എടുക്കുന്നത് പോലെ.” ഇതൊക്കെ നോവലിസ്റ്റിന്റെ കൈയൊപ്പ്‌ പതിഞ്ഞ സന്ദർഭങ്ങളിൽ ഒന്നാണ്. ഓരോ വരയും വരക്കുന്നത്, അത് ചെയ്യുന്ന ആളിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. അവൾ ഇത് ചെയ്യുമ്പോൾ, വിയോറെൽ അടുത്തിരുന്നു ചിത്രരചന നടത്തുന്നുണ്ടായിരുന്നു, അമ്മ ചെയ്യുന്നത് എന്തെന്നറിയാതെ.

മകനെകുറിച്ച് ഇടയ്ക്ക് ഓർമപ്പെടുത്തൽ, നോവലിസ്റ്റ് അവധാനപൂർവ്വം ചെയ്യുന്നതാണെന്ന് തോന്നി പോകുന്നു. അജ്ഞാതമായ ലോകത്തിലേക്ക് പറത്തിവിടപ്പെട്ട പട്ടം പോലെ സ്വയം നഷ്ടപ്പെടാതിരിക്കാനാവണം മകനെന്ന ബിംബത്തെ(യാഥാർഥ്യത്തെ) ഉപയോഗിച്ചിരിക്കുന്നത്. നബീലിന്റെ പരിശീലനത്തിലൂടെ കയ്യെഴുത്തുശാസ്ത്രത്തിന്റെ നിഗൂഢ തലത്തിലേക്ക് സഞ്ചരിക്കാൻ അവൾ പ്രാപ്തയായി. വാക്കുകളുടെ ഇടക്കുള്ള ബ്ലാങ്ക് സ്പേസ് ഇതിൽ പ്രധാനമായ കാര്യമാണെന്ന് നബീൽ അവളെ ഓർമിപ്പിച്ചു. ഒടുവിൽ അവിടെ നിന്ന് യാത്ര തിരിക്കും മുൻപ് തന്റെ മുൻ ഭർത്താവിനെ കുറിച്ച് അവൾ പറഞ്ഞു. ഒരു വർഷത്തോളമായി ഞാൻ അദ്ദേഹത്തെ കണ്ടിട്ട്. പക്ഷെ ഞാൻ അവളുടെ ആ നിശബ്ദത തന്നെ ആയിരുന്നു വാക്കുകൾക്കിടയിലെ ബ്ലാങ്ക് സ്പേസ്.

അവൾ തുടർന്ന് എവിടേയ്ക്കാവും യാത്രയെന്ന് നബീലിന് ഊഹിക്കാൻ സാധിച്ചു. അവിടെയും നോവലിസ്റ്റിന്റെ കയ്യൊപ്പു കാണാം.

അവൾ വീട്ടുകാരുടെ വാക്കിനെ അവഗണിച്ചു സ്വമാതാവിനെ തേടിയുള്ള യാത്ര ആരംഭിച്ചു. താൻ നൃത്തം പഠിച്ചു, കയ്യെഴുത്തു ശാസ്ത്രം പഠിച്ചു, പക്ഷെ ഇതൊന്നുമില്ലാത്തപ്പോൾ അവൾക്കു ശൂന്യത അനുഭവപെട്ടു. ദത്തെടുത്തതിന്റെ രേഖകൾ വളർത്തച്ഛൻ കൈമാറിയതും അവളുടെ പക്കലുണ്ടായിരുന്നു.

ആരംഭിച്ചപ്പോൾ സൂചിപ്പിച്ച പോലെ ഹെറോൺ റയാൻ എന്ന പത്രപ്രവർത്തകൻ അവളെ കണ്ടു മുട്ടുന്നു. ആദ്യം അവൾ രക്തരക്ഷസ്സുകളുടെ ഇതിഹാസത്തിലെ ഏതോ ഒരു കഥാപാത്രത്തെ പോലെ അയാൾക്ക്‌ അനുഭവപെട്ടു. തനിക്കു പിടിതരാത്ത ആ രഹസ്യത്തെ അയാൾ പിന്തുടർന്നു, അയാളുടെ ജീവിതത്തിൽ മറ്റൊരു സ്ത്രീ ഉണ്ടായിട്ടു പോലും.

അവിടെ വച്ച് എഡ്ഡ അവളെ കണ്ടുമുട്ടുന്നു. അവളുടെയുള്ളിലെ മുറിവുകൾ അവർക്കു കാണാൻ സാധിക്കുമായിരുന്നു. കാരണം അവരും ഭൗതികതലത്തിൽ ജീവിക്കുന്നവരെ അലൗകിക തലത്തിലേക്ക് ഉയർത്തി അവരുടെ വിഷമങ്ങൾ ശമിപ്പിക്കുന്നത്തിനു സഹായിക്കുന്ന ആളായിരുന്നു. “നിന്റെ മുറിവുകൾ നിന്നെ സഹായിക്കും, പ്രിയപ്പെട്ടവളെ” എന്ന് അവളോട് പറയാൻ എഡ്ഡ ആഗ്രഹിച്ചു.

തുടർന്ന് മിർസയ എലിയഡ് എന്ന എഴുത്തകാരനെകുറിച്ചായി അവരുടെ ചർച്ച . ഗുപ്ത വിദ്യ, ആഭിചാര കർമങ്ങൾ, സാംസ്‌കാരിക രീതികൾ തുടങ്ങിയ വിചിത്രമായ വിഷയങ്ങളെ കുറിച്ച് ആണ് അദ്ദേഹം എഴുതുന്നതത്രെ. ഒടുവിൽ പിരിയുന്ന നേരം വളരെ നിർണായകമായ, മനസ്സുകൾ തമ്മിലുള്ള സംവേദനം നടത്തുന്നതായി നോവലിസ്റ്റ് ചിത്രണം ചെയ്തിരിക്കുന്നു.

ഒടുവിൽ അഥീന തന്റെ അമ്മ ഒരു നാടോടിയാണെന്ന് മനസ്സിലാക്കി, അവരുടെ വംശത്തിൽപെട്ട റസ്റ്ററൻറ് നടത്തുന്ന വൊഷോ ബുഷാലോ എന്ന സ്ത്രീയുടെ അടുത്തെത്തുന്നു. ആദ്യമൊക്കെ വിസമ്മതിച്ചെങ്കിലും ഒടുവിലവർ അവളെ സ്വന്തം അമ്മയായ ലിലിയാനയുടെ അടുത്തെത്തിക്കുന്നു.

പല അന്ത:സംഘർഷങ്ങളും അമ്മയുടെയും മകളുടെയും മനസ്സിലൂടെ കടന്നു പോകുന്നത് വളരെ ഹൃദയഹാരിയായിട്ടും തെളിഞ്ഞ ഭാഷയിലുമാണ് വർണിച്ചിരിക്കുന്നത്. അവളുടെ ‘അമ്മ ചെയ്ത ഏക തെറ്റ് വിദേശിയനായ ഒരാളുമായി അന്തിയുറങ്ങി എന്നതാണ്. തുടർന്ന് നിവൃത്തിയില്ലാതെ അവർക്കു സ്വന്തം കുഞ്ഞിനെ അനാഥാലയത്തിൽ ഉപേക്ഷിക്കേണ്ടി വരുന്നു. അഥീന ഒരു സ്നേഹവായ്‌പും അമ്മയോട് പ്രകടിപ്പിച്ചില്ല. അമ്മയും നിശബ്ദമായി മകളെ വീക്ഷിക്കുന്നു.

ഫ്രാൻസിലെ ജിപ്സികളുടെ രക്ഷാധികാരിയായ വിശുദ്ധ സാർഹയുടെ പള്ളി സന്ദർശിക്കണമെന്നതാണ് തന്റെ ഏക ആഗ്രഹം എന്ന് അവളുടെ അമ്മ അറിയിച്ചു.

മകൾ അമ്മയോട് രൂക്ഷമായി ഒരു കാര്യം പറയുന്നതും വായനക്കാരുടെ ഹൃദയത്തിൽ തറയ്ക്കുന്നു.
“എനിക്കറിയേണ്ട എന്തിനാണ് ഒരമ്മ തന്റെ മകളെ ഉപേക്ഷിച്ചതെന്ന്, കാരണം അതിനൊരു ന്യായീകരണം ഇല്ലെന്നത് തന്നെ”. അമ്മയുടെ മനസ്സ് വിങ്ങി. നിനക്ക് നിന്റെ അച്ഛനെ കുറിച്ചറിയണോ എന്നമ്മ ചോദിക്കുമ്പോൾ, തീരെ താത്പര്യമില്ല എന്നായിരുന്നു അവളുടെ മറുപടി. കാരണം അവളെ സംബന്ധിച്ച് ജീവിതത്തിലെ ശൂന്യത നികത്തപ്പെട്ടിരിക്കുന്നു.

അമ്മ രുചിയേറിയ വിഭവങ്ങൾ ഉണ്ടാക്കി മകൾക്കു നൽകുന്നു. അവളെയും കൂട്ടി ഒരു ദിവസം അടുത്തുള്ള കുന്നിൽ ആഘോഷിക്കാൻ പുറപ്പെടുന്നു. രാത്രിയിൽ അമ്മയും മകളും മാത്രം. ഒടുവിൽ അമ്മയും, മകളും ആലിംഗനം ചെയ്തു പിരിയുന്നു. ഒത്തിരി കഥകൾ അതിനോടകം അവർ മനസ്സാലെ കൈമാറിയിരുന്നു. തുടർന്ന് എല്ലാ വർഷവും ക്രിസ്ത്മസ് സമയത്തു ലിലിയാനയുടെ ബാങ്ക് അക്കൗണ്ടിൽ അഥീന ആ വർഷത്തേക്കാവശ്യമുള്ള കാശയക്കുമായിരുന്നു. പക്ഷെ ഒരിക്കൽ പോലും അവർ അത് പിൻവലിച്ചിരുന്നില്ല. ഒടുവിൽ കാശു വരാതെയായി. ഇനി ഒരു പക്ഷെ തന്റെ മകൾ തിരികെ വരില്ല എന്നവർ നിനച്ചു. പക്ഷെ തന്റെ രക്തം ഈ ഭൂമിയിൽ ഉണ്ടാകും, തന്റെ തെറ്റിന് പ്രായശ്ചിത്തമായി.

എഡ്ഡയിലേക്ക് വീണ്ടും അഥീന എത്തുന്നു. വായനക്കാരുടെ സൂക്ഷ്മശ്രദ്ധ ക്ഷണിക്കാനെന്നോണം അവരുടെ ഇടയിലെ അതിതീഷ്ണമായ അന്തരീക്ഷത്തെ കുറിച്ച് നോവലിസ്റ്റ് പ്രതിപാദിക്കുന്നു. മകനെ കാർട്ടൂൺ ചാനൽ കാണാൻ പറഞ്ഞയച്ചിട്ടായിരുന്നു അവർ തമ്മിൽ ഒരു മുറിയിൽ ഒത്തു കൂടിയത്. അവർ തമ്മിൽ സംസാരിച്ചു തുടങ്ങി, സന്തോഷത്തെ കുറിച്ച്, ഉല്ലാസത്തെ കുറിച്ച് (സെക്സ് പോലെ അത് തുടങ്ങും, അവസാനിക്കും), ആനന്ദത്തെ കുറിച്ച്…. അവൾക്കു വേണ്ടത് ആനന്ദമായിരുന്നു.

എഡ്ഡ പറയുന്നു, “നമുക്കും ചുറ്റും ഉള്ളത് സാർവ്വലൗകികമായ അഭിനിവേശമാണ്. അത് സന്തോഷമല്ല. അത് അഭിനിവേശമാണ്. അതൊരിക്കലും തൃപ്തിപ്പെടില്ല, കാരണം ഒരിക്കൽ അത് തൃപ്തിപ്പെട്ടാൽ അത് അഭിനിവേശം അല്ലാതായി മാറുന്നു.”

ജീവിതത്തെ കുറിച്ചുള്ള നോവലിസ്റ്റിന്റെ തത്വചിന്താപരമായ കാഴ്ചപ്പാട് ഒരു സ്ത്രീയുടെ വീക്ഷണ കോണുകളിലൂടെ നോക്കി കാണുകയാണിവിടെ. തുടർന്ന് ഒരു അനുഷ്ടാനം എഡ്ഡ ചെയ്യിക്കുന്നു. ഇരുട്ടത്ത് ഒരു മെഴുകുതിരി വെട്ടത്തിൽ സസൂക്ഷ്മം നോക്കി ഇരിക്കാൻ നിർദേശിക്കുന്നു. തുടർന്ന് ദീർഘ നിശ്വാസം എടുക്കാനും. പിന്നീട് അവളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെ കുറിച്ച് ചോദിക്കുന്നു. അവർ പറയുന്നു “വിശ്വാസം ഒരു അഭിനിവേശം അല്ല. വിശ്വാസം ഒരു തീരുമാനമാണ്‌. അഭിനിവേശം തൃപ്തി തേടുന്നതാണ് മറിച്ചു വിശ്വാസം ഒരു ശക്തി ആണ്. ഇരുട്ടിൽ നമുക്ക് എന്തിനെ വേണമെങ്കിലും പ്രക്ഷേപിപ്പിക്കാം, നമ്മുടെ ആത്മാവിനെ വരെ”. തുടർന്ന് കൈകൾ ഉയർത്തി, പതുക്കെ താഴ്ത്താൻ ആവശ്യപ്പെടുന്നു.

എന്താണ് സംഭവിച്ചതെന്ന അഥീനയുടെ ചോദ്യത്തിന് ഉത്തരമായി അവർ പറഞ്ഞു, ഞാൻ ചെയ്തത് നിന്നെ എല്ലാ ദിവസത്തേയും സത്യാവസ്‌ഥയിൽ നിന്നും വിച്ഛേദിച്ചു എന്നതാണ്. തുടർന്നുള്ള അവളുടെ എല്ലാ ഉദ്യമങ്ങൾക്കും പ്രോത്സാഹനം നൽകി അവർ അവളെയും, മകനെയും യാത്രയാക്കി. വീണ്ടും ഹെറോണിന്റെ മനസ്സിലേക്ക് എത്തി നോട്ടം. എപ്പോൾ അവളെ കാണാൻ പരിശ്രമിക്കുന്നുവോ, അവൾ തന്റെ സ്കോട്ലാൻഡ്ലെ “മായ കാമുകനെ “കുറിച്ച് പറഞ്ഞൊഴിയും.

ആൻഡ്രിയ മക് കൈൻ വീണ്ടും അഥീനയെ സമീപിക്കുന്നു. അവളുടെ ഉള്ളിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ. ഒടുവിൽ അഥീന അവളുടെയൊപ്പം തീയേറ്ററിലേക്ക് ചെല്ലാമെന്നു സമ്മതിക്കുന്നു. ഇതിനു മുൻപായി അവൾ എഡ്ഡയെ സമീപിക്കുന്നു. അവർ അവളെ ഉപദേശം നൽകി വിടുന്നു.. “നിനക്കറിയാവുന്നതെല്ലാം, അമ്മയിലൂടെ നീ വെളിപ്പെടുത്തുക. അതിനുള്ള മാർഗ്ഗമായി നീ വർത്തിക്കുക. ഒരു സംഘമായി പ്രവർത്തിക്കുക “.

അഥീന തീയേറ്ററിലേക്കു എത്തുന്നു. അവിടെ വച്ച് അവൾ അവിടുത്തെ സംഘത്തോട് സംവദിക്കുന്നു. അവരോട്‌ കണ്ണടച്ച് കിടക്കാൻ ആവശ്യപ്പെട്ടിട്ടായിരുന്നു ഇത്.ചെയ്യുക. പല വാക്കുകൾ അവൾ ഉച്ചരിച്ചു . അതനുസരിച്ചു ശരീരം പ്രതികരിക്കണം. ഇപ്രകാരം ഭൂമി എന്ന് പറഞ്ഞപ്പോൾ ആൻഡ്രിയ സ്വയം മണ്ണാകുന്നത് പോലെ തോന്നിച്ചു അനങ്ങാതെ കിടന്നു. മദ്ധ്യം എന്ന വാക്ക് പറഞ്ഞപ്പോൾ തന്റെ നാഭി പൊത്തിപിടിക്കുകയാണവൾ ചെയ്തത്. തുടർന്ന് കണ്ണ് തുറക്കാൻ അവൾ ആവശ്യപ്പെട്ടു. അപ്പോൾ മനസ്സിലായി പലരും ഒരേ പോലെ പ്രതികരിച്ചു എന്ന്. പക്ഷെ തീയേറ്റർഡയറക്ടർക്കു അവളുടെ രീതിയോട് പൊരുത്തപ്പെടാനായില്ല.

തുടർന്ന് ഹെറോന്റെ അന്വേഷണത്തിൽ വെളിപ്പെട്ടു, അഥീന “മദ്ധ്യം “എന്ന വാക്കുപയോഗിച്ചതിനു പിന്നിലെ യുക്തി. ഡെൽഫിയിലെ അപ്പോളോ ക്ഷേത്രത്തിൽ ഒരു മാർബിൾ കല്ല് നാഭി (navel) എന്ന പേരിൽ അറിയപ്പെടുന്നു, കാരണം പുരാതനമായ കാലം മുതലേ, ഡെൽഫി ഗ്രഹത്തിന്റെ മധ്യബിന്ദു ആയി അറിയപ്പെട്ടിരുന്നു. അതിലൂടെ ലോകത്തെ എല്ലാ ഊർജവും സഞ്ചരിക്കുന്നു. ഇതേ പോലെ ജെറുസലേം ലോകത്തിന്റെ നാഭി, (navel) ആയി അറിയപ്പെടുന്നു. പസിഫിക് സമുദ്രത്തിലെ ഒരു തുരുത്തും. അയാൾക്ക്‌ അപ്പോൾ ഓർമ്മ വന്നത്, ട്രാൻസിൽവാനിയയിലെ റെസ്ററൗറന്റിൽ വച്ച് നാഭിയെ കേന്ദ്രികരിച്ചു അഥീനയുടെ ആദ്യ നർത്തനമാണ്. അതെ മദ്ധ്യം പ്രാധാന്യമർഹിക്കുന്നു എന്ന് വീണ്ടും ഒരു സ്ത്രീയുടെ കണ്ണിലൂടെ നോവലിസ്റ്റ് വേർതിരിച്ചു വിവരിക്കുന്നു .

അന്റോയ്‌നെ ലോകദൗർ എന്ന ചരിത്രകാരന്റെ വീക്ഷണവും നോവലിസ്റ്റ് അവതരിപ്പിക്കുന്നു. തുടക്കത്തിൽ “മദ്ധ്യം” എന്ന വാക്കിനെ യുക്തിയുക്തമായി സ്പഷ്‌ടീകരിച്ചപ്പോൾ എതിർക്കാനാണ് അദ്ദേഹത്തിന് തോന്നിയത്. ഇത്തരം അപൂർവതയെ യോഗികൾ ചിഹ്നങ്ങലെന്നും , അവിശ്വാസികൾ അവിചാരിതമെന്നും, മന:ശാസ്ത്രജ്ഞർ കേന്ദ്രികൃത മദ്ധ്യബിന്ദു എന്നും മറ്റും. ഒരു കാലം വരും, ലോകഗോത്രം സൂചകങ്ങളുമായി സമ്പർക്കം വരുന്നതിനായി. ഇപ്പോഴത്തെ തലമുറ പഴയ തലമുറയുടെ അറിവുകളുമായി സംവദിക്കാൻ ശ്രമിക്കും. ഹിന്ദു പുരാണം അനുസരിച്ചു വിഷ്ണു ഭഗവാന്റെ, നാഭിയിൽ ആണ്, കാലചക്രത്തെ നിയന്ത്രിക്കുന്ന ദൈവത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ വിവരങ്ങളെല്ലാം ലോകദൗർ ഹെറോണിന് കൈമാറുന്നു.

ലോകത്തിന്റെ കണ്ണടയിലൂടെ ഒരു ബിന്ദുവിനെ വളർത്തിക്കൊണ്ടു വരുന്ന സൂക്ഷ്മ പ്രക്രിയയാണ് നോവലിസ്റ്റ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അഥീന വീണ്ടും എഡ്ഡയിലേക്ക്. തീയേറ്ററിൽ പോയ ഉദ്യമം പരാജയപ്പെട്ടെന്ന വിഷമത്തിൽ ആയിരുന്നു അവൾ അവരെ സമീപിച്ചത്. അവർ പറയുന്നു…, ‘നമ്മുടെയൊക്കെ സർഗ്ഗശക്തി ചുറ്റുമുള്ള ലോകത്തേക്കാൾ വലുതാണ്, നിയന്ത്രിത രേഖയ്ക്കും അതീതമാണ്. ഒരു കാലത്തു ആഭിചാരകർമങ്ങൾ എന്ന് അറിയപ്പെട്ടത് ഇപ്പോൾ സ്ത്രീകളുടെ ഉന്മാദാവസ്‌ഥ എന്നാണ് അറിയപ്പെടുന്നത്. രസവാദ വിദ്യയിൽ ചില പ്രധാനപ്പെട്ട സൂചകങ്ങളുണ്ട്. ഒരു സർപ്പം ഒരു വൃത്തം ഉണ്ടാക്കി സ്വന്തം വാലിനെ വിഴുങ്ങുന്നത്. അതെ പോലെയാണ് ജീവിതം. സ്‌ഥിരമായി നശിപ്പിച്ചും, പുതുക്കി പണിതും അങ്ങനെ.. നിന്റെ ജീവിതത്തിലും സംഭവിച്ചത് ഇത് തന്നെയാണ്. ഒരു കാര്യം മാത്രം മാറാതെ നിന്നു, നിന്റെ മകൻ. അത് കൊണ്ട് ആ ഇണക്കുന്ന കണ്ണിയെ നീ ബഹുമാനിക്കുക .”

മനുഷ്യനായും ഈശ്വരനായും ജീവിക്കുക എന്നതിന്റെ അനുഭവം അഥീനക്ക് ബോധ്യപ്പെട്ടു. വിശ്രമത്തിൽ നിന്ന് മോഹനിദ്രയിലേക്ക്…., മോഹനിദ്രയിൽ നിന്ന് മറ്റുള്ളവരുമായി ഉൽക്കടമായ അടുപ്പത്തിലേക്ക്…, പിന്നെയും തിരിച്ചു മാനസിക പിരിമുറുക്കത്തിലേക്ക്…., അപ്രകാരം ഒരു സർപ്പം സ്വന്തം വാലിനെ വിഴുങ്ങുന്ന അവസ്‌ഥ.

നോവലിസ്റ്റിന്റെ മനസ്സിലൂടെ തട്ടിചിതറിയ മറ്റൊരു വാക്മുത്ത് – അത് ഒട്ടും എളുപ്പമല്ല. കാരണം അതിനു വേണ്ടത് അപരിമിതമായ സ്നേഹമാണ്, അതായതു അത് ക്ലേശരഹിതവും, നിരാസവും, നഷ്ടപ്പെടലും ഒന്നും ഭയപ്പെടേണ്ടത് അല്ലാത്തതായിട്ടുള്ള ഒന്നാവണം. ഇപ്രകാരം ഉള്ള നീരം രുചിച്ചിട്ടുള്ള ഒരാൾക്ക് സ്വന്തം ദാഹം മറ്റു സ്രോതസ്സുകളിൽ നിന്ന് ശമിപ്പിക്കാൻ സാധിക്കില്ല.

വീണ്ടും അഥീന തീയേറ്ററിലേക്ക് ക്ലാസ് എടുക്കാൻ എത്തുന്നു. ഇത്തവണ അവൾ നിർദേശിച്ചത് സംഗീതത്തിനെതിരെയുള്ള തലത്തിൽ നൃത്തം ചെയ്യാനാണ്. ഇത് കേട്ട് പലരുടെയും നെറ്റി ചുളിഞ്ഞു. പക്ഷെ അവൾ തുടർന്നു. ഒടുവിൽ അനുകൂലിച്ചവർ അപ്രകാരം ചെയ്തു. അഥീന ഓരോ വെളിപാടുകൾ നടത്തുന്നതായി നോവലിസ്റ്റ് ചൂണ്ടി കാട്ടുന്നു. ആ സംഘത്തിൽ ഉള്ള ഓരോരുത്തരെയും കുറിച്ച്, അവരുടെ ദൗർബല്യത്തെ കുറിച്ച്, അവർക്കു ഉടൻ എന്ത് സംഭവിക്കാൻ പോകുന്നുന്നു എന്നും മറ്റും. അത് കേട്ട് അവരവർ അത് ശരിയാണെന്നു മനസ്സിലാക്കി അത്ഭുതപ്പെട്ടു. നിങ്ങൾ ആരാണ് എന്ന ചോദ്യത്തിനുത്തരമായി അഥീന പറഞ്ഞത് ‘ഞാൻ ഹാഗിയ സോഫിയ ആണ്’ എന്നാണ്.

എഡ്ഡയിലേക്ക് – “പലർക്കും ഇത് പോലെ അമ്മയുടെ (great mother) ചൈതന്യം അടിച്ചമർത്തപ്പെട്ട രീതിയിൽ ഉണ്ട്. പക്ഷെ അഥീനയുടെ കാര്യത്തിൽ, നൃത്തം ചെയ്തപ്പോൾ പ്രകാശമായും ലിഖിതങ്ങളായും തീജ്വാലകളിലും കണ്ണാടിയിലും ‘അമ്മ പ്രത്യക്ഷീഭവിച്ചു. പക്ഷെ അവൾക്കു അമ്മയുമൊത്തു എങ്ങനെ ജീവിക്കണം എന്ന് മാത്രം അറിയില്ലായിരുന്നു. അവൾക്കു അവളുടേതായ ഒരു താളം / വേഗത നിയന്ത്രണ സംവിധാനം ഉണ്ടായിരുന്നു.അന്നത്തെ രാത്രി ‘അമ്മ അവളുടെ കാതിൽ മന്ത്രിച്ചു കാണണം, ‘നീ ഇതു വരെ പഠിച്ചതിനു വിരുദ്ധമായി പ്രവർത്തിക്കുക .താളത്തിന്റെ യജമാനത്തിയായ നീ ഇന്ന്, താളത്തെ സ്വന്തം ശരീരത്തിലേക്ക് കടത്തി വിടുക , പക്ഷെ അതിനെ അനുസരിക്കരുത് .” എന്ന്.

അപ്രകാരം അന്ന് അഥീന സംഗീതത്തിന് എതിർ ദിശയിൽ നൃത്തം ചെയ്തു. കുറച്ചു നേരം പിന്നിട്ടപ്പോൾ , അവളുടെ ആത്‌മാവ്‌ ശരീരത്തിൽ നിന്നും വേർപെട്ടുണ്ടായ വിടവിൽ ‘അമ്മ / അമ്മയുടെ ചൈതന്യം പ്രവേശിച്ചു. ഒരു തേജോവലയം അത് അവൾക്കു ചുറ്റും സൃഷ്ട്ടിച്ചു. അങ്ങനെ അന്ന് മുതൽ അഥീന, ഹാഗിയ സോഫിയ, സാർവത്രികമായ ജ്ഞാനമായി മാറി. സ്നേഹത്തിന്റെ തന്മയീഭാവം. വെളിപാടുകൾ നടത്തുമ്പോൾ അവൾ അർദ്ധബോധാവസ്‌ഥയിലാണ്. അവളുടെ തന്നെ അജ്ഞാതമായ ഏതോ സ്രോതസ്സിൽ നിന്നും വരുന്നതാണ്. അമ്മയുടെ അമ്മിഞ്ഞപാൽ ഊറ്റിക്കുടിക്കുന്ന പോലെ. എല്ലാവരുടെയും ആത്മാവിലൂടെ പതഞ്ഞൊഴുകുന്ന പാൽ. ഭൂമിക്കു ചുറ്റുമുള്ള സകലതിനെയും കുറിച്ചുള്ള അറിവിന്റെ അമൃത വാഹിനി രുചിക്കും പോലെ.

നോവലിസ്റ്റിന്റെ ഗഹനമായ ധിഷണ വൈഭവം പ്രകടമാകുന്ന സാധ്യതകളായി മേൽ വരികൾ നിലകൊള്ളുന്നു.

എഡ്ഡയിലൂടെയും, അഥീനയിലൂടെയും നോവലിസ്റ്റ് വരച്ചു കാട്ടുന്നത് അവർ പ്രതിഫലിപ്പിക്കുന്ന ദൈവത്തിനു സ്ത്രൈണഭാവം ഉള്ളതായിട്ടാണ്. ഒരമ്മയുടെ കരുതലും, സ്നേഹവും നിത്യ സാന്ത്വനമായി പലർക്കും നൽകാൻ അവർക്കു ഇതിലൂടെ സാധിക്കുന്നു. എഡ്ഡ പരിചയപ്പെടുന്ന ജിപ്സിയായ കൊല്ലന്റെ അടുത്തു നിന്നും, ഗുപ്തമായ ചില അറിവുകൾ അവർക്കു ലഭിക്കുന്നു. എന്ത് നാം ചെയ്യാൻ ആഗ്രഹിക്കുന്നുവോ, അത് ചെയ്യുക. ദൈവം അമ്മയാണെന്ന് വിശ്വസിക്കുക, സ്വന്തം കുഞ്ഞുങ്ങളെ മാറോട് ചേർത്ത് സംരക്ഷിക്കും എന്ന് വിശ്വസിക്കുക. നമ്മൾ പിരമിഡുകൾ ഉണ്ടാക്കിയിട്ടുണ്ട്, പക്ഷെ സൂചകങ്ങളും.കൊല്ലൻ പറയുന്നു, ചില സമയത്തു അയാളുടെ കയ്യിൽ കിട്ടുന്ന സ്റ്റീൽ, പെരുമാറാൻ കൊള്ളാത്ത ഒന്നായിരിക്കും. കൂടം കൊണ്ട് ഇടിക്കുമ്പോളും, തണുത്ത വെള്ളം ഒഴിക്കുമ്പോളും അത് പൊട്ടുന്നു. വീണ്ടും ഉരുക്കാൻമാത്രം തക്കതായ ലോഹക്കഷണമായി അത് മാറുന്നു. അത് പോലെ ദൈവം നമ്മളെ പലപ്പോഴും പീഡനാഗ്നിയിൽ വെന്തുരുകാൻ വിട്ടിട്ടുണ്ട് പല വിഷമങ്ങളും ഞാൻ നേരിട്ടിട്ടുണ്ട്, പലത്തിനോടും മുഖം തിരിച്ചിരുന്നിട്ടുമുണ്ട് “എപ്രകാരം ജലം സ്റ്റീലിൽ ഏല്പിക്കുന്ന വേദന പോലെ”. പക്ഷെ അമ്മയോടുള്ള പ്രാർഥന എപ്പോളും ഇതായിരുന്നു. ‘അമ്മ ആഗ്രഹിക്കുന്ന അച്ചിൽ സ്വയം വാർന്നെടുക്കാൻ പ്രാപ്തനാക്കാൻ ഉള്ള മനഃസാന്നിധ്യം തരേണമേ എന്നാണ്. ഒരിക്കലും എന്നെ തുരുമ്പിച്ച ആത്മാക്കളുടെ കൂമ്പാരത്തിലേക്കു തള്ളി വിടല്ലേ എന്നാണ് “.

ഇതെല്ലാം എഡ്ഡയ്ക്ക് പുതിയ തിരിച്ചറിവ് നൽകിയിരുന്നു.

ഓരോ അണുവിലും ഉള്ള അനന്ത സാധ്യതയെ കാച്ചികുറുക്കിയെടുത്തിരിക്കുന്നു നോവലിസ്റ്റ്. തുടർന്ന് ലണ്ടൻ ന്യൂസ്പേപ്പറിലെ പ്രധാന വാർത്തയാണ്. റെവ. ബക്ക് എന്ന വികാരിയുടെ പ്രഭാഷണം ആണ്, പോർട്ടോബെല്ലോയിലെ മന്ത്രവാദിനിയെ കുറിച്ച്, ആത്മപ്രശംസകയെ കുറിച്ച്. അവളുടെ നേതൃത്വത്തിൽപള്ളിയിൽ നിന്നും, ക്രിസ്തുവിൽ നിന്നും വേർപെടുന്ന ജനത്തെ കുറിച്ച്. ഇതിനു അടങ്കലിടാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും, തുടർന്ന് അക്രമാങ്ങളുടെ ഒരു പരമ്പര തന്നെ പട്ടണത്തിൽ ഉണ്ടാവുകയും ചെയ്തു . അഥീനയുടെ മകനെ അവളിൽ നിന്നും വേർപെടുത്താൻ ചിൽഡ്രൻ ആക്ട് 1989 ചുമത്തപ്പെട്ട കോടതിയിൽ കേസ് നടന്നു.

3

ഹെറോൺ അഥീനയെ കാണുന്ന കഥ സന്ദർഭം സൂക്ഷ്മമായി വായിക്കേണ്ടതാണ്. അവൾ ഒരു പക്ഷെ കൊല്ലപ്പെട്ടാൽ, സൂക്ഷിക്കാൻ വേണ്ടി മൃത്യു രേഖയായി ഒരു ടേപ്പ് റെക്കോർഡ് ചെയ്യാൻ അയാളോട് ആവശ്യപ്പെട്ടു. അവൾ സ്കോട് ലാൻഡിലെ തന്റെ കാമുകന്റെ കാര്യം പറയുന്നത്, അസഹിഷ്ണുതയോടെ ഹെറോൺ കേൾക്കുന്നു. ഇത്രയൊക്കെ സംഭവങ്ങൾ നടന്നിട്ടും ഒരിക്കൽ പോലും അയാൾ പ്രത്യക്ഷപ്പെടാത്തതെന്താണെന്നു ഹെറോൺ ചിന്തിച്ചു. ഇവൾ എന്താ അസ്‌ഥിരമായ മനസ്സിനുടമയോ,..?! എന്റെ സാന്നിധ്യം ആഗ്രഹിക്കുകയും ഒപ്പം തന്നെ സ്വന്തം മായകാമുകനെ കുറിച്ച് പറയുകയും ചെയ്യുന്നു. ഒരിക്കൽ പോലും തന്നെ ആലിംഗനം ചെയ്യാത്ത, ചുംബിക്കാത്ത അവളെ തള്ളിപ്പറയാൻ അയാൾക്ക്‌ തോന്നി. എല്ലാത്തിലും അവളെ പിന്തുണച്ചു നിന്ന തന്നെ ഒരിക്കൽ പോലും അവൾ കണക്കിലെടുത്തിട്ടില്ല.

അഥീന പറയുന്നു “എനിക്ക് അനവധി വധ ഭീഷണികൾ വരുന്നു. ഞാൻ മനുഷ്യ വംശത്തിനു ഭീഷണിയാണെന്നും, സാത്താന്റെ കാലം തിരികെ കൊണ്ട് വരാൻ ശ്രമിക്കുകയാണെന്നും പ്രചാരണം നടക്കുന്നു. പക്ഷെ എന്റെ മകനെ എന്നിൽ നിന്നും വേർപെടുത്തി എന്നറിയുന്ന മുഹൂർത്തത്തിൽ, ഞാൻ ആയുധമെടുക്കും. ഒരു കുഞ്ഞിനെ അമ്മയിൽ നിന്നും വേർപെടുത്തുന്ന മത ഭ്രാന്തന്മാർക്കെതിരെ. തുടർന്ന് അവൾ സംഗീതമിട്ടു നൃത്തം ചെയ്യാൻ തുടങ്ങി. അമ്മയുടെ ചൈതന്യം കൈ വന്നപ്പോൾ അവൾ ഇപ്രകാരം പറഞ്ഞു.
“എന്റെ മുന്നിലിരിക്കുന്ന ഹെറോൺ, എന്റെ സ്നേഹത്തിനു വേണ്ടി ഒത്തിരി സഹിച്ച വ്യക്തിയാണ്. പക്ഷെ നിങ്ങളുടെ ഉള്ളിലെ ആത്മാവ് അറിയുന്നു, ഇതെല്ലം ബാലിശമായ ചിന്തയാണെന്ന്. ഞാൻ നിന്നെ പ്രണയിക്കുന്നു. നിന്റെ ഭൗതിക ഭാഗം ആഗ്രഹിക്കുന്ന വിധത്തിൽ അല്ല,വിശുദ്ധമായ ചൈതന്യം ആഗ്രഹിക്കുന്ന പോലെ. നമ്മൾ ഒരേ കൂടാരത്തിൽ ആണ് വസിക്കുന്നത്. അപ്പോളാണ് നാം തിരിച്ചറിയുന്നത്, നാം നമ്മുടെ വികാരങ്ങളുടെ അടിമയല്ല, നയിക്കുന്നയാൾ ആണെന്ന്.”

ഹെറോൺ ഹാഗിയ സോഫിയയോട് “പിന്നെന്താണ് പ്രണയം”

ഹാഗിയ : അമ്മയുടെ ആത്മാവ്, രക്തം, ശരീരം. നാട് കടത്തപെട്ട ആത്മാക്കൾ മരുഭൂമിയുടെ നടുവിൽ എത്തുമ്പോൾ പരസ്പരം സ്നേഹിക്കുന്നതു പോലെയാണ് നമ്മൾ. സ്നേഹത്തിന്റെ ഊർജം ഒരിക്കലും നഷ്ടപ്പെടില്ല. അത് പലതരത്തിലും പുറത്തു വരും.

ഹെറോൺ : ഇത്തരം സംഗ്രഹം എന്നെ വിഷാദാവസ്‌ഥയിലേക്കു തള്ളി വിടും.

ഹാഗിയ : ഇതിനെല്ലാം മാറ്റം വരുന്ന ഒരവസ്‌ഥയുടനെ ഉണ്ടാകും. എന്നെ സംബന്ധിച്ച് ഇപ്പോൾ ഏറ്റവും വിലപ്പെട്ടത് എന്റെ സ്നേഹത്തിന്റെ പൂർത്തീകരണമായ മകന്റെ ഭാവിയാണ്. പിന്നെ പ്രണയം / സ്നേഹം അതൊരു ശീലമല്ല, പ്രതിബദ്ധത അല്ല, കടപ്പാടുമല്ല. സ്നേഹിക്കുക.” ഇനി ഒരു പക്ഷെ ഞാൻ ഏറ്റെടുത്ത ഉദ്യമം ആൻഡ്രിയ നിലനിർത്തും.

ഹെറോൺ ചിന്തിച്ചു, ആൻഡ്രിയ, അഥീനയെ വെറുത്തവളോ, അഥീനയെ അഹംഭാവി, ഡംഭുകാരി എന്നൊക്കെ വിശേഷിപ്പിച്ചവളെകുറിച്ചാണോ ഇങ്ങനെ പറയുന്നത്.

അഥീന പറയുന്നു – ആൻഡ്രിയ ഇപ്പോൾ വിവേകമുള്ളവൾ ആയിരിക്കുന്നു. വിജ്ഞാനവിരോധക ചിന്താഗതി എന്ന വന്യമൃഗം ചാവുന്ന ഈ കാലഘട്ടത്തിൽ തന്നെ. ഞാനെന്ന വ്യക്തിയെ അവൾ വെറുക്കുന്നുണ്ടാവും. പക്ഷെ വെറുപ്പ് ഒരാളെ പുരോഗമിക്കാൻ സഹായിക്കുന്നു ഒരു തരത്തിൽ.

പിന്നീട് കുറെ നാൾ ഹെറോണിന് അഥീനയുമായി ബന്ധപ്പെടാൻ സാധിച്ചില്ല. അവളുടെ ടെലിഫോൺവിളിക്കായി അയാൾ കാത്തിരുന്നു. വഴിയേ അയാൾ മനസ്സിലാക്കി, അഥീനയോടുള്ള തന്റെ പ്രണയം വേദനയിൽ നിന്നും മാറി, ആനന്ദത്തിന്റെയും തെളിച്ചത്തിന്റെയും നദി ആയി മാറിയിട്ടുണ്ടെന്ന്. പിന്നീടയാൾ തുടർ ഉണർത്തിപ്പിനെ കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതാൻ തുടങ്ങി. വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിൽ നിന്ദ്യമായ ഭാഷയിലുള്ള കത്തുകൾ അയാൾക്ക്‌ ലഭിക്കുകയും ചെയ്തു.

രണ്ടു മാസത്തിനു ശേഷം ഉച്ചയൂണിനു തുടങ്ങുമ്പോൾ, തന്റെ സതീർഥ്യൻ ഹെറോണിനെ ഫോൺ ചെയ്യുന്നു. ഷെറിൻ ഖലീൽ/പോർട്ടോബെല്ലോയിലെ മന്ത്രവാദിനി, അവളുടെ ജഡം ഹാംപ്സ്റ്റഡിൽ കണ്ടെത്തിയിരിക്കുന്നു. അവൾ അതി ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു.

തുടർന്നുള്ള വിവരണത്തിൽ നോവൽ യഥാർത്ഥമായ ക്ലൈമാക്സിലേക്ക്. അവിടെ പൗലോ കൊയില്ലയോയെന്നമഹാനായ വിശ്വ സാഹിത്യകാരന്റെ പ്രതിഭ വെളിവാകുന്നത്.

എല്ലാം മുൻപേ തയ്യാറാക്കിയ തിരക്കഥ ആയിരുന്നു. അവളുടെ “മായ” കാമുകന്റെ വാക്കുകളിലൂടെ – അവൾ കൊല ചെയ്യപ്പെട്ടു എന്ന് തോന്നിപ്പിക്കണം എന്നത് എന്റെ അഭിപ്രായം അല്ല, മറിച്ചു അഥീനയുടെ ആയിരുന്നു. അവൾ അപ്രത്യക്ഷയാകാൻ ആഗ്രഹിച്ചിരുന്നു. കോടതി അവളുടെ കസ്റ്റഡിയിൽ കുട്ടിയെ വിട്ടു കൊടുക്കാൻ തീരുമാനമായപ്പോൾ ആണ്, പ്ലോട്ട് തയ്യാറാക്കിയത്. അവൾ ആഗ്രഹിച്ചത് പോലെ ഒടുവിൽ നടന്നില്ല എന്ന തിരിച്ചറിവാണ് അപ്രത്യക്ഷയാകാം എന്ന തീരുമാനമെടുക്കാൻ പ്രേരകമായത്. പക്ഷെ, ഒരു വിധത്തിലതിലും കഴമ്പില്ല. അവൾ വിജനതയിൽ ഏകാന്തവാസം തേടി പോയെന്നും, അല്ലെങ്കിൽ വിശുദ്ധ സ്വർഗം പുൽകിയെന്നും മറ്റും പല കിംവദന്തികളും പരക്കുമായിരുന്നു. ഇത് തന്നെ വിശ്വസിക്കുന്നവരെ ആശയകുഴപ്പത്തിൽ ആക്കുമെന്ന തിരിച്ചറിവാണ്, മരണം എന്ന അനിവാര്യത അഥീനയെ തേടിയെത്തി എന്ന് ആൾക്കാരെ ധരിപ്പിക്കാൻ തോന്നിയതിനു കാരണം. മരണം ഒരിക്കലും മതപരമായ കാരണങ്ങളാൽ ആവരുതെന്നും, മരിച്ചയാളുടെ മുഖവും ശരീരവും തിരിച്ചറിയാൻ പാടില്ലാത്തതും, കൊലപാതകിയെ അറസ്റ്റ് ചെയ്യാൻ പാടില്ല എന്നതും ഞങ്ങളുടെ മുന്നിലെ വെല്ലുവിളികൾ ആയിരുന്നു.

അങ്ങനെയിരിക്കെ ഒരു കൊലപാതകിയെ, അതും മരിച്ച വിധത്തിൽ സൗകര്യമായി പോർട്ടുഗലിൽ കണ്ടെത്തി. അയാളുടെ ആത്മഹത്യ കുറിപ്പ് കൃത്രിമമായി ഉണ്ടാക്കി .”അഥീനയെ പ്രണയിച്ചു, വിശ്വാസ വഞ്ചനയിൽ അകപ്പെട്ടതിനാൽ കൊലപ്പെടുത്തി എന്ന്. “തുടർന്ന് ഓക്സ്ഫോർഡിലെ അഥീനയുടെ രഹസ്യ താവളത്തിലെത്തി അവളുടെ കുറച്ചു രക്തവും, കുറച്ചു മുടിയും മുറിച്ചെടുത്തു, കുറച്ചു ഭാഗം കത്തിക്കുകയും ചെയ്തു. എപ്രകാരം മരണത്തിന്റെ തെളിവ് നശിപ്പിച്ചു. അഥീനയുടെ ശരിക്കുള്ള മാതാവിനെയും പിതാവിനെയും കണ്ടെത്താൻ ആവാത്തതിനാൽ DNA തിരിച്ചറിയൽ നടക്കുകയുമില്ല.

അഥീനയുടെ /’പോർട്ടോബെല്ലോയിലെ മന്ത്രവാദിനി’യുടെ ചരമവാർത്തകൾ തുടക്കത്തിൽ ചില പത്രങ്ങളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടുള്ളു. അതു കൊണ്ട് അവളെ തിരിച്ചറിയാൻ സാധ്യത തുലോം കുറവായിരുന്നു. എന്നെ കൂടാതെ അവളുടെ അച്ഛനും അമ്മക്കും വിയോറെലിനും മാത്രമേ ഈ സത്യം അറിയുകയുള്ളൂ. ഞങ്ങൾ അവളുടെ മരണാന്തര ചടങ്ങുകൾക്ക് പങ്കെടുത്തു. ഇപ്പോളും അവളുടെ പേരിലുള്ള കല്ലറയുണ്ട്. അഥീനയുടെ മകൻ മിടുക്കനായി പഠിക്കുന്നു. ഒരു നാൾ ഈ ഏകാന്തവാസം അവസാനിപ്പിച്ച് അവൾ ലണ്ടനിലേക്ക് തിരിച്ചു വരും. അഥീന എന്ത് കൊണ്ടാണെന്നെ പ്രണയിച്ചതെന്നതിനു ഉത്തരമില്ല. ഞങ്ങൾ തമ്മിൽ ഒരു സാമ്യവുമില്ലായിരുന്നു. സ്കോട് ലാൻഡ് ലെ ഡിറ്റക്റ്റീവ് ആയി ജോലി നോക്കുമ്പോൾ വിക്ടോറിയ സ്റ്റേഷനരികെയുള്ള ബാറിൽ വച്ച് അവളെ ആദ്യമായി ചുംബിച്ചതോർക്കുന്നു. കുറെ നാൾ കഴിഞ്ഞു അവൾ ദുബായിൽ പോകാൻ നേരത്തു ഓർമ്മ പ്പെടുത്തിയിരുന്നു, കുറെ നാൾ പിരിഞ്ഞിരിക്കേണ്ടി വരുമെന്നു. പക്ഷെ സത്യമായ പ്രണയം അപ്രകാരമുള്ള പിരിയലിനെ പിടിച്ചു നിർത്തും. അപ്പോഴാണ് എനിക്കവളോടത്‌ ചോദിക്കാൻ ധൈര്യം വന്നത് .”നീയെന്താ എന്നെ പ്രണയിച്ചത് “.അവളുടെ മറുപടി.”എനിക്കറിയില്ല ,ഞാനതു ശ്രദ്ധിച്ചിട്ടില്ല” എന്നായിരുന്നു.

നോവലിസ്റ്റ് കഥ പൂർത്തീകരിക്കുമ്പോൾ വായനക്കാരിലേക്ക് ഒരു ചോദ്യമെറിയുന്നുണ്ട്. അവളും ഹെറോണുമായുള്ള അവസാനത്തെ സംസാര വേളയിൽ ഞാൻ അതിന്റെ ഉത്തരം കണ്ടു അത് .”പ്രണയം തന്നെയാണ് ….”

പൗലോ കൊയിലോയുടെ വിഖ്യാത നോവൽ ആയ “ദി ആൽകെമിസ്റ് ” എന്ന നോവലിനോട് സാമ്യമുള്ളതാണ് “പോർട്ടോബെല്ലോയിലെ മന്ത്രവാദിനി” എന്ന ഈ നോവലും. കാല്പനികതയിൽ നിന്ന് യാഥാർഥ്യത്തിലേക്കും, തിരിച്ചു യാഥാർഥ്യത്തിൽ നിന്നും കാല്പനികതയിലേക്കും, പ്രണയം, അഭിനിവേശം, ഉല്ലാസം, ത്യാഗം തുടങ്ങിയവയെ കുറിച്ച് അവർ ചിന്തിക്കുന്ന തലത്തിൽ വായനക്കാരെ നയിക്കുന്ന ഒരു നോവലാണ് “പോർട്ടോബെല്ലോയിലെ മന്ത്രവാദിനി “.

തിരുവനന്തപുരം ജില്ലയിൽ കാലടി സ്വദേശിനി. സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിണി, പൊതുമരാമത്ത് വകുപ്പിൽ പാലങ്ങൾ വിഭാഗത്തിൽ (പി.എം.ജി) ജോലി ചെയ്തു വരുന്നു. ഓൺലൈൻ /ഓഫ്‌ലൈൻ മാധ്യമങ്ങളിലും സജീവം .